ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന
ഈവര്‍ഷത്തെ തിരുവോണാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ഷാജന്
ആനിത്തോട്ടം, ആഘോഷ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ ഏബ്രഹാം എന്നിവര്‍ അറിയിച്ചു.
സെപ്റ്റംബര്‍ മൂന്നാംതീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഷിക്കാഗോയിലെ
താഫ്റ്റ് ഹൈസ്കൂളില്‍ വെച്ചാണ് ആഘോഷങ്ങള്‍ നടക്കുന്നത്. വൈകുന്നേരം 5 മണിക്ക്
ഓണസദ്യയോടുകൂടി പരിപാടികള്‍ ആരംഭിക്കും. ഐ.എം.എ വനിതാ വേദി പ്രവര്‍ത്തകരോടൊപ്പം
മുഖ്യാതിഥി ചലച്ചിത്രതാരം കനിഹ ഓണസദ്യ വിളമ്പുന്നതിന് നേതൃത്വം നല്‍കും. 6
മണിക്ക് വര്‍ണ്ണാഭമായ ഘോഷയാത്ര ആരംഭിക്കും.
തുടര്‍ന്ന് നടക്കുന്ന
പൊതുസമ്മേളനത്തില്‍ വെച്ച് ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഇരുപതാം
വാര്‍ഷികാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സ്കോക്കി മേയര്‍ ജോര്‍ജ് വാന്ഡ്യൂസണ്
നിര്‍വ്വഹിക്കും. ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന കനിഹ,
കലാസ്നേഹികള്‍ക്കായി സംഗീതവിരുന്നും ഒരുക്കുന്നതാണ്. തുടര്‍ന്ന് `മാവേലി
മാട്രിമോണി ഡോട്ട്കോം' എന്ന രണ്ടരമണിക്കൂര്‍ നോണ്‍സ്റ്റോപ്പ് നൃത്ത-സംഗീത-ഹാസ്യ
പരിപാടിയും നടത്തപ്പെടും.
ആഘോഷപരിപാടികളുടെ വിജയകരമായ നടത്തിപ്പിന് വിവിധ
സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഷിക്കാഗോ ലാന്‍ഡിലെ എല്ലാ പ്രമുഖ
നൃത്ത്യാധ്യാപകരുടേയും സഹകരണത്തോടെ നടത്തപ്പെടുന്ന കലാസന്ധ്യയില്‍ മൂന്നൂറില്‍പ്പരം
കുട്ടികളും യുവതീ യുവാക്കളുമാണ് പങ്കെടുക്കുന്നത്. ഓണാഘോഷങ്ങളില്‍
പങ്കെടുക്കാനെത്തുന്ന മലയാളി കുടുംബങ്ങള്‍ക്ക് അവിസ്മരണീയമായൊരു കലാവിരുന്നും
രുചികരമായൊരു ഓണസദ്യയുമാണ് ഈവര്‍ഷത്തെ ഓണാഘോഷങ്ങളോടനുബന്ധിച്ച് ഐ.എം.എ
ഒരുക്കിയിരിക്കുന്നത്. ഓണസദ്യയ്ക്കുള്ള സൗജന്യ നിരക്കിലുള്ള ടിക്കറ്റുകള്‍ ഇനിയും
കരസ്ഥമാക്കാത്തവര്‍ എത്രയും വേഗം ഐ.എം.എ ഭാരവാഹികളില്‍ നിന്നോ, ഷിക്കാഗോ ലാന്‍ഡിലെ
പ്രമുഖ മലയാളി ഗ്രോസറി കടകളില്‍ നിന്നോ വാങ്ങാവുന്നതാണെന്ന് ഫിനാന്‍സ് കമ്മിറ്റി
ചെയര്മാന് അറിയിച്ചു.
കേരളത്തനിമയില്‍ വസ്ത്രങ്ങള്‍ അണിഞ്ഞ്, നമ്മുടെ
നാടിന്റെ മണവും രുചിയും അനുസ്മരിപ്പിക്കുന്ന ഓണസദ്യയുണ്ട്, മലയാളത്തിന്റെ ശാലീന
സുന്ദരി കനിഹ നയിക്കുന്ന കലാവിരുന്നിലും പങ്കെടുത്ത് സന്തോഷകരമായ ഒരു
സായാഹ്നമാസ്വദിക്കാന്‍ ഷിക്കാഗോ ലാന്‍ഡിലെ എല്ലാ മലയാളി കുടുംബങ്ങളേയും ഇല്ലിനോയി
മലയാളി അസോസിയേഷന് പ്രവര്‍ത്തകര്‍ ക്ഷണിക്കുന്നു.