Image

കേരളത്തിലെ വൈദ്യുതിപ്രതിസന്ധി -കൃഷ്‌ണ

കൃഷ്‌ണ Published on 15 December, 2012
 കേരളത്തിലെ വൈദ്യുതിപ്രതിസന്ധി -കൃഷ്‌ണ

    തുലാവര്‍ഷം കൂടി ശരിക്ക് ലഭിക്കാതെ വന്നതോടെ കേരളത്തിലെ വൈദ്യുതിപ്രതിസന്ധി അതീവ ഗുരുതരമായിരിക്കുന്നു. അത് നേരിടാന്‍ ഉയര്‍ന്ന ചാര്‍ജ്ജില്‍ വൈദ്യുതിവാങ്ങേണ്ടിവരും എന്നുകൂടി അര്‍ത്ഥം കാണുമ്പോള്‍ നാടിനും നാട്ടുകാര്‍ക്കും നഷ്ടമുണ്ടാക്കുന്നത് എന്ന് ഈ സാഹചര്യത്തെ വിലയിരുത്തേണ്ടിവരും. വൈദ്യുതി ഉപഭോക്താക്കള്‍ വളരെ ഉയര്‍ന്ന ചാര്‍ജ്ജ് നല്‍കേണ്ടിയും വരും. ഒരിക്കല്‍ ഉയര്‍ത്തുന്ന ചാര്‍ജ്ജ് പിന്നീട് എത്ര മഴപെയ്താലും കുറയാനും പോകുന്നില്ല. അപ്പോള്‍ ഇതിനു പരിഹാരം നമ്മളും ചിന്തിക്കേണ്ടേ?

വലിയ ഉപഭോക്താക്കള്‍ ബില്ലില്‍ വരാത്തവണ്ണം വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നും അതിന്‍റെ ചാര്‍ജ്ജ് ശരിയായരീതിയില്‍ ഇടാക്കിയാല്‍ പ്രശ്നം പരിഹരിക്കാനാകും എന്ന് ഒരാള്‍ അഭിപ്രായം പറഞ്ഞു. അതായത് അങ്ങനെകിട്ടുന്ന പണം കൊണ്ട്‌ പൊതുജനങ്ങള്‍ക്ക് ഭാരമാകാത്ത വിധത്തില്‍ വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനാകുമെന്നാണ് കക്ഷി ഉദ്ദേശിക്കുന്നത്. അതുശരിയാകാം. പക്ഷെ ഇന്നത്തെ കൂട്ടുകക്ഷിഭരണസംവിധാനത്തില്‍, രാഷ്ട്രിയം സ്വാര്‍ത്ഥതയുടെ വിളഭൂമിയായിരിക്കുന്ന ഈ കാലഘട്ടത്തില്‍ അത് നടന്നുകിട്ടുന്നത് ക്ഷിപ്രസാദ്ധ്യമല്ലതന്നെ. ഇത്തരുണത്തില്‍ മറ്റെന്താണ് പ്രതിവിധിയെന്നു നമുക്കൊന്ന് ചിന്തിച്ചുനോക്കാം.

ഒരു സര്‍ക്കാരോഫിസിലെക്കോ ബാങ്കിലേക്കോ ഒരു വലിയ കമ്പനിയിലേക്കോ കടന്നുചെന്നാല്‍ അപ്പോള്‍ തന്നെ മനസ്സിലാകുന്ന ഒരു സംഗതിയുണ്ട്. അനേകം ഫാനുകളും ലൈറ്റ്, എയര്‍കണ്ടീഷനര്‍ മുതലായ ഉപകരണങ്ങളും ഒരാവശ്യവുമില്ലാത്തപ്പോഴും പ്രവര്‍ത്തിച്ചു- കൊണ്ടേയിരിക്കുന്നു. എത്രമാത്രം വൈദ്യുതിയാണ് ഇങ്ങനെ നഷ്ടമായിക്കൊണ്ടിരിക്കുന്നത്? വൈദ്യുതിചാര്‍ജ്ജ് വര്‍ദ്ധനവിനെപ്പറ്റി അസംബ്ലിയില്‍ ചൂടേറിയ ചര്‍ച്ച നടക്കുമ്പോഴും അതിനോട് ബന്ധപ്പെട്ട ഓഫീസുകളില്‍ ലൈറ്റും ഫാനും വെറുതെ കത്തിക്കിടക്കുകയായിരിക്കും. വൈദ്യുതിചാര്‍ജ്ജ്‌ സര്‍ക്കാര്‍ അടയ്ക്കുന്ന വീടുകളിലെയും നില ഇങ്ങനെയൊക്കെത്തന്നെയാകാനേ വഴിയുള്ളൂ. 

ഓഫീസുകളുടെ ചുമതലവഹിക്കുന്ന ആള്‍ ക്യാബിനിലില്ലെങ്കിലും ഫാനും എയര്‍കണ്ടീഷനറും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന എത്രയെത്ര രംഗങ്ങള്‍ക്ക് നമ്മള്‍ സാക്ഷികളാകുന്നു? വലിയ വലിയ സ്ഥാപനങ്ങളില്‍ അങ്ങനെ എത്രയേറെ വൈദ്യുതിയാണ് വെറുതെ ചിലവായിക്കൊണ്ടി- രിക്കുന്നത്?

ആ ഓഫീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടത്. തന്‍റെ ക്യാബിനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന നിമിഷം ലൈറ്റ്, ഫാന്‍ മുതലായവ ഓഫ് ചെയ്യുക. പെട്ടെന്ന് തിരിച്ചുവരാന്‍ സാധ്യതയില്ലെങ്കില്‍ എ.സി.യും ഓഫ് ചെയ്യുക. സ്വാഭാവികമായി മറ്റു ജീവനക്കാരില്‍ കുറേപ്പേരെങ്കിലും അദ്ദേഹത്തെ അനുകരിക്കും. പിന്നീട് ഒരു സ്റ്റാഫ്‌ മീറ്റിങ്ങിലൂടെ അവതരിപ്പിച്ചാല്‍ മറ്റുള്ളവരും അനുകരിക്കും.

എല്ലാവരും സ്റ്റാഫ്‌ റൂമില്‍ /കാന്റീനില്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍, അവിടെയിരുന്ന് വര്‍ദ്ധിച്ചുവരുന്ന വൈദ്യുതിബില്ലിനെപ്പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ അവരുടെ ഓഫീസുകളില്‍ ഫാനും ലൈറ്റും എ.സി.യും വെറുതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചിത്രം ഒന്ന് സങ്കല്‍പ്പിച്ചുനോക്കൂ. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? ഒന്നുകില്‍ അറിവുകേടുകൊണ്ട്. അല്ലെങ്കില്‍ ഓഫീസില്‍ നിന്ന് പുറത്തേക്ക്‌ പോകുമ്പോള്‍ സ്വിച്ചുകളില്‍ ഒന്ന് കയ്യമര്‍ത്താനുള്ള മടികൊണ്ട്. അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്നത് തന്‍റെ സ്റ്റാറ്റസിനു മോശമാണെന്നുള്ള ചിന്തകൊണ്ട്. അത് ഓഫ്‌ ചെയ്യാതിരിക്കലാണ് ഒരു ഉത്തരവാദിത്വമുള്ള പൌരനെന്ന നിലയില്‍ തന്‍റെ സ്റ്റാറ്റസിനു മോശമെന്നുള്ള തിരിച്ചറിവ് ഓരോ മന്ത്രിമാര്‍ക്കും അവരുടെ സ്റ്റാഫിനും കേരളത്തിലെ ഓരോ ഉദ്യോഗസ്ഥനും, എന്തിനേറെ, പൊതുഖജനാവില്‍നിന്നോ പ്രൈവറ്റ് പാര്‍ട്ടിയില്‍ നിന്നോ ശമ്പളവും അലവന്‍സും പറ്റുന്ന ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന നിമിഷം കേരളം വളരെയേറെ വൈദ്യുതി ലാഭിക്കാന്‍ തുടങ്ങും. വൈദ്യുതി അമൂല്യമാണ്, അത് പാഴാക്കരുത് എന്ന് പലയിടത്തും എഴുതിവച്ചുകണ്ടിട്ടുണ്ട്. അത് മദ്യക്കുപ്പിയുടെ പുറത്ത് “മദ്യപാനം ആരോഗ്യത്തിനു ഹാനികരം” എന്ന് എഴുതിവച്ചിരിക്കുന്നതുപോലെ അര്‍ത്ഥഹീനമായി മാറുന്നു. കുപ്പിയുടെ പുറത്ത് എഴുതിയിരിക്കുന്നത് വായിച്ച് അതുകൊണ്ട് മദ്യപാനം നിര്‍ത്തിയ ആരെയെങ്കിലും ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇത്തരം അര്‍ത്ഥഹീനമായ പ്രവര്‍ത്തികള്‍ ഉപേക്ഷിച്ചു സമൂഹത്തിനാകെ ഗുണമാകുന്നത് ചെയ്യാന്‍ ഇനിയും താമസിച്ചാല്‍ അത് ആപത്താണ്.         

ഇനി വീടുകളുടെ കാര്യമെടുക്കാം. പല വീടുകളിലും ഫാന്‍, ലൈറ്റ്, എയര്‍കണ്ടീഷനര്‍, ഇലക്ട്രിക്‌ മോട്ടോര്‍, ഇലക്ട്രിക്‌ അയണ്‍ (തേപ്പുപെട്ടി) മുതലായവ വെറുതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് നമ്മള്‍ ദിവസവും കാണാറുണ്ടല്ലോ? ഇവ ആവശ്യം കഴിയുമ്പോള്‍ ഓഫ് ചെയ്യുകയാണെങ്കില്‍ എത്രമാത്രം വൈദ്യുതി ലാഭിക്കാന്‍ കഴിയും?

ഒരു വീട്ടില്‍ ചെന്ന അതിഥി തന്നെ യാത്രയാക്കാന്‍ ഗൃഹനാഥനും ഭാര്യയും മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങുന്നതു കണ്ടപ്പോള്‍ മുറിയിലെ ഇലക്ട്രിക്‌ ലൈറ്റും ഫാനും ഓഫ് ചെയ്തു. അതുകണ്ട ഗൃഹനായിക പറഞ്ഞതിങ്ങനെയാണ്: “അത് സാരമില്ല. ഇവിടുത്തെ മീറ്റര്‍ പ്രവര്‍ത്തിക്കാത്തതാണ്.”

അപ്പോള്‍ പ്രശ്നം അവിടെയാണ്. സ്വന്തം പോക്കറ്റില്‍ നിന്ന് പണം തല്‍ക്കാലം നഷ്ടപ്പെടുന്നില്ലെങ്കിലും വൈദ്യുതി ദുരുപയോഗം കൊണ്ടുണ്ടാകുന്ന നഷ്ടം ആത്യന്തികമായി തന്നെയും ബാധിക്കുമെന്ന് പൊതുജനം തിരിച്ചറിയുന്നില്ല. ആ നഷ്ടം ഓഫീസിലോ വീട്ടിലോ എവിടെയുമാകട്ടെ, അതുബാധിക്കുന്നത് സംസ്ഥാനത്തെ, രാജ്യത്തെതന്നെ മുഴുവന്‍ ജനങ്ങളെയുമാണ്.

ഈ സത്യം അറിയുന്ന നിമിഷം ജനങ്ങള്‍ വൈദ്യുതിയുടെ ദുരുപയോഗം – ദുരുപയോഗമെന്നല്ല വൈദ്യുതി വെറുതെ ഒഴുക്കിക്കളയല്‍ എന്നാണിതിനു പറയേണ്ടത് – ഒഴിവാക്കും. തീര്‍ച്ച.

അപ്പോള്‍ ഇന്നത്തെ വൈദ്യുതിപ്രതിസന്ധി നേരിടാന്‍ നമ്മള്‍ - സര്‍ക്കാര്‍ ഉള്‍പ്പടെ - ചെയ്യേണ്ടതെന്താണ്?

ബോധവത്കരണം. വൈദ്യുതി മരുഭൂമിയില്‍ ജലമെന്നപോലെ വിലതീരാത്തതാണെന്നും അത് ദുരുപയോഗം ചെയ്യുന്നത് നമ്മളോടുതന്നെ ചെയ്യുന്ന തെറ്റാണെന്നും എല്ലാവരെയും ബോധ്യപ്പെടുത്തുക. സ്വന്തം പോക്കറ്റിനെ തല്ക്കാലം ബാധിക്കില്ലെന്കിലും വൈദ്യുതിയുടെ ദുരുപയോഗം, അടുത്ത് വെട്ടുകത്തി കിടക്കുന്നതുകണ്ട് അതെടുത്ത്‌ സ്വന്തം കാല്‍ വെട്ടുന്നതുപോലെയാകുമെന്നു പൊതുജനത്തെ മനസ്സിലാക്കുക. ഭരിക്കുന്നവര്‍ ഭരണീയര്‍ക്ക് മാതൃകയാകുക. പവര്‍കട്ട്, വൈദ്യുതിചാര്‍ജ്ജ് വര്‍ധിപ്പിക്കല്‍ എന്നീ വാക്കുകള്‍ നാം മറന്നേപോകും.   

&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&

                                                                                                                                   കൃഷ്ണ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക