Image

വെള്ളിപ്പുഴ കണ്ടപ്പോള്‍ (പരിഭാഷ: കെ.ടി. സൂപ്പി)

Published on 13 December, 2012
വെള്ളിപ്പുഴ കണ്ടപ്പോള്‍ (പരിഭാഷ: കെ.ടി. സൂപ്പി)
വടക്കന്‍ പാതയിലേക്കുള്ള തീര്‍ഥാടനത്തിനിടയില്‍ ഇസുമോ എന്ന സ്ഥലത്ത് ഞാന്‍ താമസിക്കുകയുണ്ടായി. സാഡോ ദ്വീപ് ഇവിടെ നിന്നും നീലത്തിരകള്‍ക്ക് കുറുകെ പതിനെട്ട് കാതങ്ങള്‍ക്കപ്പുറം കിടക്കുന്നു. ഉന്നതശൃംഖത്തില്‍ നിന്നും ഏത് ഭാഗത്ത് നോക്കിയാലും എല്ലായിടവും മനോഹരമായി തൊടാന്‍ പറ്റുന്ന ദൂരത്തിലാണെന്ന് തോന്നും. ഈ ദീപ് ഗുണമേയുള്ള സ്വര്‍ണ്ണത്താല്‍ പുകള്‍പെറ്റതാണ്. എങ്കിലും ചതിയ!ാരും, കുറ്റവാളികളും നാടുകടത്തപ്പെടുന്നത് ഇവിടേക്ക് തന്നെ. അതിനാല്‍ ഭീതി പരത്തുന്ന ഒരിടം കൂടിയാണ് ഈ സ്ഥലം. എത്രമാത്രം ദൗര്‍ഭാഗ്യകരമാണ് ഈ സ്ഥിതിവിശേഷം! യാത്രയുടെ വ്യഥകള്‍ക്ക് ആശ്വാസം തേടി ഞാന്‍ എന്റെ വാതിലുകള്‍ തുറന്നിട്ടു. സൂര്യന്‍ അപ്പോഴേക്കും കടലില്‍ മുങ്ങിയിരുന്നു. ചന്ദ്രന്‍ മങ്ങിയ നിറത്തിലും. വെള്ളിനദിയപ്പോള്‍ ആകാശത്തിന് കുറുകെ തൂങ്ങിക്കിടക്കുകയാണ്. നക്ഷത്രങ്ങള്‍ തണുത്ത് വിറച്ച് കണ്ണ് ചിമ്മി. എന്റെ ആത്മാവ് തകരുകയാണോ? എന്റെ ഉദരകോശങ്ങള്‍ വലിഞ്ഞുമുറുകുമ്പോലെ. ആകെ ഒരു നിരാശ. എനിക്ക് കിടക്കാനെ കഴിയുന്നില്ല. എന്റെ മഷിനിറത്തിലുള്ള ഉടുപ്പുകള്‍ കണ്ണുനീര്‍ തുള്ളികള്‍ നനഞ്ഞു കുതിര്‍ന്നിരുന്നു.

ഇരമ്പുന്ന കടല്‍
സാഡോവിലേക്ക് വരുന്നു.
ആകാശത്തിന്റെ പുഴ

ബാഷോയുടെ യാത്രകള്‍
ദേവദാരുവിനെ ചുംബിക്കുന്ന മഞ്ഞ് കാറ്റ് കെ.ടി. സൂപ്പി

ബാഷോ പ്രകൃതിയിലേക്ക് യാത്ര ചെയ്യുമ്പോള്‍, അത് മനുഷ്യന്റെ ആത്മബോധത്തിലേക്കുള്ള ഒരു വിശുദ്ധ തീര്‍ഥാടനമായി വളര്‍ന്നുപോകുന്നു. ആ യാത്രയില്‍ മലകയറ്റം വെറുമൊരു സാഹസിക കര്‍മമല്ല. മറിച്ച്, ആസക്തികള്‍ വേട്ടയാടുന്ന മര്‍ത്യബോധത്തിലെ അന്ധകാരങ്ങളെ പിഴിഞ്ഞെടുത്ത് വെളിച്ചമുണ്ടാക്കുന്ന മഹായജ്ഞം. ഒരു മല കയറിക്കഴിഞ്ഞാല്‍ മറ്റൊരു മല മാടിവിളിക്കുന്നുണ്ടാവും, ആത്മാവിനെ. ഒഴുകുന്ന നദികളും, പൂത്തുനില്‍ക്കുന്ന ചെടികളും സര്‍ഗ്ഗഹൃദയത്തിലേക്കുള്ള വാതിലുകളുണ്ടാകുന്നുണ്ട് അപ്പോള്‍.

പുരാതനമായ കുളം.
ഒരു തവള,
കുളത്തില്‍ തുള്ളിക്കളിക്കുന്നുണ്ട്.
ജല കുമിളകള്‍!

ബാഷോ മഹാകവിയുടെ ഏറെ പ്രശസ്തമായ ഹൈക്കുവാണിത്. എത്ര വ്യാഖ്യാനിച്ചാലും ബാക്കിയാവുന്ന മനുഷ്യജീവിതത്തിന്റെ മഹാരഹസ്യങ്ങളുണ്ടിതില്‍. മന:ശാസ്ത്രപരമായി സമീപിച്ചാല്‍ മനുഷ്യന്റെ ബോധവും അബോധവും കലര്‍ന്നു നില്‍ക്കുന്ന ഒരിടമാകാം കുളം. അധ്യാത്മിക വായനക്കാരന് ഇക്കവിത അനുഭൂതി സമ്പന്നമായ ആഴങ്ങളെ ധ്യാനിക്കാന്‍ പാഠമാവുന്നുണ്ട്. മതദര്‍ശനത്തിനുമുണ്ട് ഈ കുളത്തില്‍ നിരവധി മുത്തുകള്‍.

വെറും അമ്പത് വര്‍ഷമാണ് ബാഷോവിന്റെ ജീവിതകാലം. കഷ്ടപ്പാടുകളോട് ഏറ്റുമുട്ടിയ ബാല്യത്തില്‍ നിന്നും കവിതയുടെ ലോകത്തിലേക്കുള്ള ഉണര്‍വിന് ഒരു ബോധോദയത്തിന്റെ തെളിച്ചം കാണാം. പ്രകൃതിയെ ധ്യാനിച്ച്, ബോധവും അബോധവും പരസ്പരം സംഭാഷണം നടത്തുകയാണ് ഇദ്ദേഹത്തിന്റെ കൊച്ചുകവിതകളില്‍. ബോധം കുന്നുകളാണെങ്കില്‍ സാഗരങ്ങള്‍ അബോധത്തിന്റെ അറുതിയില്ലാത്ത തിരകള്‍ തീര്‍ക്കുന്നു. കടലുകള്‍ക്കും മലകള്‍ക്കും കുറുകേ ചിത്രം വരച്ചിടുകയാണ് ബാഷോ. പശ്ചാത്തലത്തിലെപ്പോഴും കുയിലിന്റെ പാട്ട് കേള്‍ക്കാം. കുയില്‍ ഇദ്ദേഹത്തിന്റെ ഉറ്റമിത്രം. ബാഷോവിന് പാടാനുള്ള സ്വരം കൊടുക്കുന്നത് കുയിലും, ചിത്രങ്ങല്‍ നെയ്യാനുള്ള വര്‍ണ്ണം പകരുന്നത് പൂനിലാവും. യഥാര്‍ത്ഥത്തില്‍ ബാഷോ പ്രകൃതിയിലേക്ക് പോവുകയല്ല ചെയ്യുന്നത്; പ്രകൃതി അതിന്റെ നിഗൂഢസൗന്ദര്യങ്ങളില്‍ അദ്ദേഹത്തെ വന്ന്‌പൊതിയുകയാണെന്ന് വേണം കരുതാന്‍.

കവിതയിലൂടെ താന്‍ അനുഭവിച്ച സൗന്ദര്യമണ്ഡലത്തെ കൂടുതല്‍ വെളിച്ചത്തില്‍ അറിയാനായിരിക്കാം ആയുസ്സിന്റെ അവസാന ദശകങ്ങളില്‍ ഇദ്ദേഹം വ്യത്യസ്തമായ ഒരു സഞ്ചാരത്തിന് തയ്യാറെടുത്തത്. ക്രിസ്തുവര്‍ഷം 1684 മുതല്‍ 1691 വരെയുള്ള ഈ സഞ്ചാരകാലം പ്രകൃതിയിലേക്കിറങ്ങിയ കവിഹൃദയത്തിന്റെ വസന്തകാലമായിരുന്നു. ജീവിതദര്‍ശനങ്ങളെ അതിമനോഹരമായി ആവിഷ്കരിച്ച സഞ്ചാരക്കുറിപ്പുകള്‍ ആത്മയാനങ്ങളാവുന്നതും അതുകൊണ്ടുതന്നെ. യാത്രതന്നെയാണ് യഥാര്‍ത്ഥ പാര്‍പ്പിടമെന്ന ഒരു അപൂര്‍വ ദര്‍ശനം വടക്കോട്ടുള്ള ഇടുങ്ങിയ പാത എന്ന അധ്യായത്തില്‍ കാണാം. ബാഷോവിന് മുമ്പ് ജീവിച്ചുപോയ ജപ്പാനിലെ നിരവധി മഹാകവികള്‍ യാത്രയില്‍ തന്നെ മരിച്ചുപോയവരത്രെ, ജീവിതത്തിന്റെ അസ്ഥിരത ഈ കവിയില്‍ സജീവമായ ഒരു ആത്മീയപ്രതിഭാസം എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ഒന്നിനും സ്ഥിരവാസമില്ല. മനുഷ്യനുമതെ. ഈ യാഥാര്‍ത്ഥ്യത്തെ അതിന്റെ സകല ഭാവങ്ങളിലും ഉള്ളിലേക്കെടുത്ത് നിങ്ങളൊന്ന് നടന്നുനോക്കൂ എന്നാണ് ബാഷോ പറയുന്നത്. കുന്നുകള്‍ നിലം പതിച്ചേക്കാം; പുഴകള്‍ ഗതിമാറി ഒഴുകിയേക്കാം എങ്കിലും, ആത്മാവിന്റെ സഞ്ചാരക്കുറിപ്പുകള്‍ കവിതയായും, സംഗീതമായും, ചിത്രമായും മാനവബോധത്തെ ഉത്സുകരാക്കിക്കൊണ്ടിരിക്കും. ഭൂതകാലത്തെ കവിതയിലൂടെ തൊട്ട്, വര്‍ത്തമാനത്തില്‍ പൊഴിക്കുന്ന അശ്രുകണങ്ങളില്‍ അസ്ഥിരതയെ പ്രതിരോധിക്കാനുള്ള പ്രപഞ്ചത്തിന്റെ ഉള്‍ക്കിടിലമുണ്ട്. ഈ ദര്‍ശനമറിയാന്‍ ചുവടെയുള്ള വരികള്‍ ധ്യാനിച്ചാല്‍ മതി.

ആയിരം വയസ്സുള്ള
ദേവദാരുവിനെ
ആലിംഗനം ചെയ്യുകയാണ്
ഒരു മഞ്ഞ് കാറ്റ്.

ഇത്തരം കവിതകളെ വിവര്‍ത്തനം ചെയ്യുന്നത് അപരാധമായിരിക്കും. അത്രയും ആഴങ്ങളുണ്ട് അവയില്‍. ജീവിതം ഇതല്ലേയെന്ന് അതിശയംകൊള്ളാനേ നമുക്കിപ്പോള്‍ സാധിക്കുകയുള്ളൂ.
സൗഹൃദത്തിന്റെ ആന്തരിക ശോഭ അറിയണമെങ്കില്‍ ബാഷോവിലേക്ക് പോകണമെന്നുറപ്പ്. ഒരിടത്ത് അദ്ദേഹം എഴുതുന്നു: ഇന്നലെ ഞാന്‍ എന്റെ ഒരു സുഹൃത്തിനെ കണ്ടു. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി ഞങ്ങള്‍ പരസ്പരം കണ്ടിരുന്നില്ല. അതിനിടയിലാണ് ഈ ചെറി മരം വളര്‍ന്ന് വൃക്ഷമായി ഇക്കാണുന്ന രീതിയില്‍ പൂക്കളെ തീര്‍ത്തിരിക്കുന്നത്.

ജീവിതത്തില്‍ സൗഹൃദഭാവത്തിനുള്ള സ്‌നേഹക്കുളിരിനെ ഇതിനേക്കാള്‍ ആഴത്തില്‍ തൊടാന്‍ ഏത് ഇമേജറിക്കാണ് കഴിയുക. ബാഷോ കരയുടെ ചൂടും സമുദ്രത്തിന്റെ തണുപ്പും ഒരേപോലെ അറിഞ്ഞ അപൂര്‍വ തവള. തവളയുടെ പച്ച ഉടലില്‍ തത്തയുടെ ആകാശങ്ങള്‍ കണ്ട് തുടങ്ങണമെങ്കില്‍ ഇദ്ദേഹത്തിന്റെ ഹൈക്കുകള്‍ വായിക്കണം. പ്രകൃതി എന്നത് പുറത്തുള്ളതല്ലെന്നും, പ്രകൃതിയാണ് നാമെന്നുമുള്ള വെളിപാടിന്റെ നീലവെളിച്ചം, സ്‌നേഹത്തിന്റെ ഈ വെളിച്ചം, ഉപയോഗിച്ച് ഇരുട്ടിനെ വായിച്ചാല്‍ തെളിഞ്ഞുവരുന്ന അക്ഷരങ്ങളില്‍ കാണും ബാഷോവിന്റെ ബുദ്ധഹൃദയം.
എ.ഡി. 1684ലെ ശരത്കാലത്തിന്റെ മധ്യദശയില്‍ അദ്ദേഹം തന്റെ സുഹൃത്തും ശിഷ്യനുമായ ചിറിയോടൊപ്പമാണ് യാത്ര ആരംഭിച്ചത്. ബാഷോവിന് ഈ യാത്ര പുതിയ സ്ഥലങ്ങള്‍ കാണാനുള്ള സഞ്ചാരം മാത്രമായിരുന്നില്ല. ഒരര്‍ത്ഥത്തില്‍ ദാര്‍ശനിക പ്രാധാന്യമുള്ള കലാതീര്‍ത്ഥാടനമായിരുന്നു അത്. പ്രശസ്തമായ ആറ് സഞ്ചാരക്കുറിപ്പുകളിലൂടെയാണ് ബാഷോ അനുഭവങ്ങള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ജപ്പാനീസ് ഗദ്യസാഹിത്യത്തിലെ ഒരു ക്‌ളാസിക്കാണ് ബാഷോയുടെ യാത്ര. വയലുകളിലെ വൃത്തിയാക്കിയ എല്ലുകള്‍, കാശിമാ പുസ്തകം, ഓയിനോ കിയോമി, സരോഷിനാ ജേണല്‍, വടക്കോട്ടുള്ള ഇടുങ്ങിയപാത, സാഗാഡയറി എന്നീ ക്രമത്തിലാണ് ഈ യാത്രയുടെ അധ്യായങ്ങളെ തരംതിരിച്ചിരിക്കുന്നത്. വടക്കോട്ടുള്ള ഇടുങ്ങിയ പാത ദീര്‍ഘമായ അധ്യായമാണ്. ഭൂമിയെ വായിക്കുന്ന ഈ ഭാഗം വിശേഷിച്ചും കവിതയും സംഗീതവും ചിത്രങ്ങളും സമന്വയിപ്പിച്ച അനിതര സാധാരണമായ ആത്മീയ നിറവിലേക്ക് ആസ്വാദകനെ ക്ഷണിക്കുന്നുണ്ട്. ഓരോ നിരീക്ഷണങ്ങളിലും ആകാശവും ഭൂമിയും പരസ്പരം സംസാരിക്കുന്നതുപോലെ തോന്നും. പുഴകള്‍ പൂക്കളോട് കിന്നാരം പറയുന്നുണ്ടിതില്‍. സ്ഥലപുരാണങ്ങള്‍, പൂര്‍വസൂരികളായ നിരവധി കലാകാര!ാരുടെ സംഭാവനകള്‍, മിത്തുകള്‍ എല്ലാം ഇദ്ദേഹത്തിനെ പ്രചോദിപ്പിച്ചിട്ടുണ്ട്. മനുഷ്യജീവിതത്തെ പ്രകൃതി എങ്ങനെയാണ് തൊട്ടുണര്‍ത്തുന്നത് എന്നും, വാക്കുകളുടെ ധന്യതയാല്‍ ജീവിതത്തെ വരച്ചിടാന്‍ മാന്ത്രികമായ കാവ്യകുസുമങ്ങളെ എങ്ങനെ, വിടര്‍ത്തണമെന്നും പിശുക്കനായ ഈ വചനപ്രഭു ദര്‍ശനം തരുന്നുണ്ട് ഓരോ താളിലും.

എ.ഡി. 1691 ലെ വേനല്‍കാലത്താണ് ബാഷോവിന്റെ യാത്ര അവസാനിച്ചത്. തുടര്‍ന്ന് 1694 നവംബര്‍ 28ന് അദ്ദേഹം അന്തരിക്കുന്നതുവരെ കവിതകളും യാത്രാക്കുറിപ്പുകളും രചിക്കുയുണ്ടായി ഒസാക്കാ എന്ന സ്ഥലത്തുവെച്ചാണ് മഹാകവി ദിവംഗതനായത്. യാത്രാകുറിപ്പില്‍ ഒരിടത്ത് അദ്ദേഹം കുറിക്കുന്നത് ഇങ്ങനെ, മാസങ്ങളും ദിനങ്ങളും നൂറുതലമുറകളുടെ യാത്രികരാണ്. വര്‍ഷങ്ങളുമതെ. വരുന്നു, പോകുന്നു. എല്ലാവരും അലഞ്ഞു തിരിയുന്നവര്‍ തന്നെ ഓരോ ദിവസവും യാത്രയാണ്. യാത്ര തന്നെയാണ് പാര്‍പ്പിടം.

മറ്റൊരു യാത്ര അവസാനിപ്പിക്കുന്നത് ഒരു കൊച്ചു ഹൈക്കുവിലാണ്.

എന്റെ മനസ്സില്‍ നിറയെ
കഴുകി വെടുപ്പാക്കിയ
എല്ലിന്‍ കഷ്ണങ്ങള്‍.
മാംസത്തിലൂടെ,
ഹൃദയത്തിലേക്ക്
തുളച്ചുകയറുന്ന
തണുത്തകാറ്റ്.

ബാഷോ മലയാളികളിലേക്ക് വന്നത് നിത്യചൈതന്യയതിയുടെ എഴുത്തിലൂടെയാണെന്നാണ് എന്റെ അറിവ്. വ്യത്യസ്തനായ ഈ പൗരസ്ത്യയ കവിയുടെ മൊഴികള്‍ പ്രഭാഷണങ്ങളില്‍ ഗുരു ഉദ്ധരിക്കുന്നത് പലപ്പോഴും കേട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രേമവും ഭക്തിയും എന്ന കൃതിയുടെ ആമുഖത്തില്‍ സ്‌നേഹത്തെ ധ്യാനിക്കുന്നതിന്റെ ഭാഗമായി ഹൈക്കുകള്‍ വിവര്‍ത്തനം ചെയ്തത് കാണാം. സ്‌നേഹത്തിന്റെ ഭാഷ ഇതാണെന്ന അനുഭവം അന്നാളുകളില്‍ തന്നെ എന്റെയുള്ളില്‍ സജീവമായി. പിന്നീട് കിട്ടാവുന്ന ഇടങ്ങളില്‍ നിന്നെല്ലാം ഹൈക്കുവിന്റെ ഇംഗ്‌ളീഷ് മൊഴികള്‍ ഹൃദിസ്ഥമാക്കി. ഏത് കയ്പിലും മധുരിക്കുന്ന നെല്ലിക്കയുടെ സുഖമായിരുന്!ു എനിക്കവ തന്നത്. ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഊട്ടിയിലേക്ക് പോവുകയായിരുന്നു. കോയമ്പത്തൂരില്‍നിന്ന് കയറിയ ഒരു ലക്ഷ്വറി ബസില്‍ ഭംഗിയുള്ള ഒരു കലണ്ടര്‍ തൂക്കിയിട്ടിരിക്കുന്നു. െ്രെഡവര്‍ ഇരിക്കുന്ന സീറ്റിന്റെ പിന്നില്‍ തൂക്കിയിട്ട ആ കലണ്ടറിലെ നവംബര്‍ മാസത്താളില്‍ മനോഹരമായ ഒരു ചിത്രത്തോടൊപ്പം ഒരു ഇംഗ്‌ളീഷ് കവിത ലിഖിതപ്പെടുത്തിയിട്ടുണ്ട്.

‘Wake up, wake up;
My sweet butterfly
Join to me; my Journey
(Basho A.D. 1644 – 94)

നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറത്ത് നിന്നും ഈ ഒറ്റയാന്റെ മൊഴികള്‍ മാതൃഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത് ഒരു നിയോഗമായിരിക്കാം. അദ്ദേഹത്തോടൊപ്പം പൂമ്പാറ്റയുടെ ഹൃദയവുമായി യാത്ര ചെയ്തപ്പോള്‍ വല്ലാത്തൊരു നിര്‍വൃതി. മഞ്ഞുതുള്ളിയുടെ പ്രാര്‍ത്ഥനയുമായി ബാഷോവിനെ മലയാളത്തിന് സമര്‍പ്പിക്കുന്നു.

ചൂടരുവിക്കൊരു സ്തുതിഗീതം

ഉത്തരസമുദ്രതീരത്ത് കൂടെ യാത്രചെയ്ത് കാഗാപ്രവിശ്യയിലുള്ള കുന്നുകളിലെ ചൂടരുവിയില്‍ ഞാന്‍ കുളിച്ചു. ഇന്നാട്ടുകാരെ സംബന്ധിച്ചിടത്തോളം ജപ്പാനിലെ ഏറ്റവും പ്രശസ്തമായ മൂന്ന് സ്ഥലങ്ങളില്‍ ഒന്നാണിത്. കുളി തുടങ്ങിയപ്പോഴേക്കും, വെള്ളം എന്റെ മാംസത്തെ പൊതിഞ്ഞ്, പേശികളിലേക്കും എല്ലുകളിലേക്കും തുളച്ചു കയറി. എന്റെ ഹൃദയമൊന്ന് വിശ്രാന്തിയിലെത്തുകയും മുഖം പ്രസന്നമാവുകയും ചെയ്തു. ഇത് മറ്റൊരു പ്രപഞ്ചം തന്നെ. ഒഴുകുന്ന മറ്റ് ലോകങ്ങളില്‍ നിന്നും ഇത് വേര്‍പെട്ട് നില്‍ക്കുന്നു. ഐതിഹാസികമായ പീച്ച് വസന്തംപോലെ. കാരണം അവിടെ എപ്പോഴും യൗവനകാലമാണ്. ഈ അരുവിയില്‍ കുളിച്ചാല്‍ ദീര്‍ഘായുസ്സ് ലഭ്യമാവും. കിക്കുജിഡോ ചെയ്തത് പോലെ ക്രിസാന്തമം പൂവ് പറിച്ചെടുക്കുകയോ, മഞ്ഞ് തുള്ളി കുടിക്കുകയോ, ഒന്നും ചെയ്യേണ്ട.

വിശുദ്ധിയുടെ ഇടം

മലനിരകള്‍ ശാന്തവും ഒരാളുടെ പ്രകൃതത്തെ കിളച്ചുമറിക്കുന്നവയുമാണ്. ജലമൊഴുകി വേദനകളെ സാന്ത്വനിപ്പിക്കുന്നു. പരമശാന്തിക്കും ചലനത്തിനും ഇടയില്‍ സ്വഗേഹം പണിത ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര്‍ ഹമാദ ചിന്‍സേക്കി. തന്റെ കണ്ണ്‍കൊണ്ട് ദൃശ്യങ്ങളെല്ലാം അദ്ദേഹം കോരിയെടുക്കുന്നു. നാവിനാല്‍ സുന്ദരമായ ആവിഷ്കാരങ്ങളെ പുറത്തേക്ക് തരുന്നു. സ്വയം മ്‌ളേഛതകളെ പവിത്രീകരിച്ച്, ലോകത്തിന്റെ കരടുകളെ അയാള്‍ കഴുകിക്കളയുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ താമസസ്ഥലം അറിയപ്പെടുന്നത് ശുദ്ധമായി കഴുകിയെടുത്ത ഇടം എന്നാണ്. തന്റെ വീട്ടിലേക്കുള്ള കവാടത്തിന്നരികില്‍ ഒരു വാചകം എഴുതിയിട്ടുണ്ട്. ഇതിലൂടെ കടന്നുവരുന്ന ആരും തന്നെ വിവേചനം കാണിക്കരുത് – സോകാന്റെ കവിതയില്‍ നിന്നും കടമെടുത്ത മനുഷ്യോചിത മുന്നറിയിപ്പ്. ലളിതമായ രണ്ടു മുറികളുള്ള വീട്ടില്‍ റിക്‌യ്ക്കുവിന്റേയും ജൂയുടെയും ലാളിത്യം അദ്ദേഹം കാണിച്ചു തരുന്നു. എങ്കിലും പ്രാഥമിക മര്യാദകള്‍ക്ക് പ്രത്യക്ഷത്തില്‍ വലിയ ശ്രദ്ധ കൊടുക്കുന്നില്ലെന്ന മട്ടില്‍. അദ്ദേഹം വൃക്ഷങ്ങള്‍ നടുന്നു. ശിലകള്‍ ക്രമീകരിച്ച് വയ്ക്കുന്നു. ഇതെല്ലാം താല്‍ക്കാലികമായ ഇഹലോകജീവിത്തിലെ സന്തോഷങ്ങളായി അദ്ദേഹം കാണുകയും ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക