Image

അമേരിക്കയുടെ ഡോളര്‍ക്കാടുകള്‍ (നിര്‍മ്മലയുടെ കാനഡമരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍)

റീനി മമ്പലം (reenimambalam@gmail.com) Published on 11 December, 2012
അമേരിക്കയുടെ ഡോളര്‍ക്കാടുകള്‍ (നിര്‍മ്മലയുടെ കാനഡമരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍)
കാനഡ മരത്തില്‍ നിന്ന്‌ ഡോളര്‍ പറിക്കുവാന്‍ വന്നവരെക്കുറിച്ച്‌ കാനഡയില്‍ നിന്ന്‌ നിര്‍മ്മല എഴുതിയപ്പോള്‍ ഇവിടെയും അങ്ങനെയൊക്കെ തന്നെ എന്ന്‌ അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന്‌ ഞാനും സമ്മതിക്കുന്നു. ഭൂപടത്തിനെക്കുറിച്ച്‌ വളരെ അറിവില്ലാത്ത, പാഠപ്പുസ്‌തകത്തില്‍ നിന്ന്‌ പണ്ടെ `ഗ്‌ളോബ്‌' ഉരുട്ടിയെറിഞ്ഞ, അമേരിക്കയും ക്യാനഡയും ഒന്നല്ല, അടുത്തടുത്തുള്ള രണ്ടുരാജ്യങ്ങളാണെന്ന്‌ വൈകി അറിഞ്ഞ, ബന്ധുക്കള്‍ സ്‌പോണ്‍സര്‍ ചെയ്‌ത്‌ ജീവിതത്തിന്റെ ഇലകള്‍ കൊഴിയും സമയത്ത്‌ അമേരിക്കയിലും കാനഡയിലും കുടിയേറിപ്പാര്‍ക്കുന്ന കേരളീയര്‍ക്ക്‌ അതൊരു വെളിപാടിന്റെ സമയം കൂടിയാണ്‌. നാട്ടില്‍ പത്രോം വായിച്ച്‌ ചായക്കട രാഷ്ട്രീയവും ചര്‍ച്ച ചെയ്‌ത്‌ ജീവിച്ചവര്‍ക്ക്‌ കടകളില്‍ സാധനങ്ങള്‍ അടുക്കി വെക്കുന്നതും സൂപ്പര്‍ മാര്‍ക്കറ്റില്‍ ക്യാഷ്യര്‍ ആയി ജോലി എടുക്കുന്നതും, പീത്സ ഡെലിവറി ചെയ്യുന്നതും മഹനീയ തൊഴില്‍ ആയി മാറും. അതാണ്‌ ഈ നാടിന്റെ ഗുണം. ആരെയും സ്വാശ്രയരാക്കി തീര്‍ക്കും. ചിലര്‍ കഷ്ടപ്പാടിന്റെ വഴുക്കലില്‍ അടിതെറ്റും.

കേരളത്തിലെ ജീവിത സാഹചര്യങ്ങളും അമേരിക്കയിലെയും കാനഡയിലെയും ഡോളര്‍ മരം കുലുക്കിയാല്‍ കിട്ടുന്ന പച്ചയുടെ തുണ്ടുകളും ആ പച്ചയെ ഗുണിച്ചാല്‍ കിട്ടുന്ന രുപയും സായിപ്പിന്റെ നാട്ടിലെ സുഖസൗകര്യ ജീവിതവും തുലനം ചെയ്‌തിട്ടു തിരഞ്ഞെടുക്കുന്നതല്ലേ ഇവിടത്തെ പ്രവാസ ജീവിതം? കടലുകടന്ന്‌ ഐറ്റി ജോലികള്‍ നാട്ടിലേക്ക്‌ പോയിട്ടും എന്തേ ഐറ്റിക്കുട്ടികള്‍ കുട്ടമായി ഇവിടേക്ക്‌ എത്തുന്നത്‌? അമേരിക്കയില്‍ ഉള്ള മലയാളികളുടെ ജോലിയുടെ പൊതുവെയുള്ള നിലവാരം കൂടുതല്‍ ആണ്‌. ആദ്യകാലങ്ങളില്‍ കുടിയേറിയവര്‍ നല്ലവിദ്യാഭ്യാസം ഉള്ളവര്‍. പിന്നീട്‌ അവര്‍ പൗരത്വം എടുക്കുമ്പോള്‍ അവരുടെ വാല്‍ പിടിച്ച്‌ ബന്ധുക്കള്‍ കുടിയേറുന്നു. ഇവര്‍ അഭ്യസ്ഥവിദ്യര്‍ ആവണമെന്നില്ല. നല്ല ജോലികളില്‍ എത്തിച്ചേരണമെന്നില്ല.


ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജീവിക്കുന്നവരുടെ കഷ്ടപ്പാടുകളെക്കുറിച്ച്‌ പല വിവരണങ്ങളും സിനിമയും ഉണ്ട്‌. അത്‌ അഭ്യസ്ഥവിദ്യരല്ലാത്ത ആള്‍ക്കാരുടെ ഇടയിലാണ്‌. ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവര്‍ ഉയര്‍ന്ന ജോലികളില്‍ ഉയര്‍ന്ന ജീവിത നിലവാരവും പുലര്‍ത്തുന്നു.

കേരളത്തെ മുറുകെപ്പിടിച്ച്‌ മനസില്‍ ധ്യാനിച്ച്‌ നടക്കുന്ന കുടിയേറ്റക്കാര്‍ പള്ളികള്‍ പണിതുയര്‍ത്തി, ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച്‌, സാഹിത്യ സംഘടനകളെ വളര്‍ത്തിയും പിളര്‍ത്തിയും കേരളീയരേക്കാള്‍ കേരളീയരായി ജീവിക്കുവാന്‍ ശ്രമിക്കുന്നു. കേരളം വാടാത്ത ഓര്‍മ്മയും മായാത്ത ഭൂപടവും ആയി നിന്ന്‌ വിഷുവും ഓണവും കൃസ്‌തുമസ്സും ആഘോഷിക്കപ്പെടുന്നു. എല്ലാം മലയാളിത്വത്തെ മുറുകെപ്പിടിക്കാന്‍. മാതൃഭൂമിയും ഭാഷാപോഷിണിയും കലാകൗമുദിയും ഭാഷയോടുള്ള സ്‌നേഹം കൊണ്ട്‌ വരുത്തുന്നു. അതുവഴി ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവും, ബെന്യാമീനും സുസ്‌മേഷ്‌ ചന്ത്രോത്തും ഉണ്ണി ആറും സന്തോഷ്‌ ഏച്ചിക്കാനവും സിതാരയും കെ ആര്‍ മീരയും ധന്യാ രാജും പരിചിതരാകുന്നു. മുന്നോട്ടുള്ള നടത്തത്തില്‍ അവരൊക്കെ വഴിവിളക്കുകളായി. തനിയെ പ്രകാശിക്കാത്തവര്‍ക്ക്‌ എവിടെ നിന്നെങ്കിലും വെളിച്ചം വേണമല്ലോ! ഈയിടെ ഒരു അറുപത്‌ രൂപ വിലയുള്ള ഒരു കവിത പുസ്‌തകം ഒരു സുഹൃത്തിന്‌ വേണ്ടി മെയില്‍ ഓര്‍ഡര്‍ ചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍ പോസ്‌റ്റേജ്‌ അഞ്ഞൂറു രൂപ. `നാട്ടില്‍ ചെല്ലുമ്പോള്‍ വാങ്ങിച്ചു ഭാഷയെ സ്‌നേഹിച്ചോളാം' കേട്ടപ്പോള്‍ സുഹൃത്ത്‌ പറഞ്ഞു.

മലയാളത്തിന്റെ സാംസ്‌കാരീക തലസ്ഥാനം ന്യൂയോര്‍ക്കാണ്‌. അതിനടുത്ത സ്‌റ്റേറ്റിലാണ്‌ താമസിക്കുന്നത്‌ എന്നൊരു ഭാഗ്യം എനിക്കുണ്ട്‌, നാട്ടിലെ ചില വമ്പന്‍ എഴുത്തുകാരുടെ മക്കള്‍ ന്യൂയോര്‍ക്കിലും പരിസരത്തുമായി ജീവിക്കുന്നു. സക്കറിയയും പുനത്തിലും മക്കള്‍ ഇവിടില്ലാതെയും ന്യൂയോര്‍ക്കില്‍ വരുന്നു. കാരണം സാഹിത്യപ്രേമിയും `സര്‍ഗവേദി'യുടെ ചുക്കാന്‍ പിടിക്കുന്നയാളുമായ മനോഹര്‍ തോമസ്‌ അവര്‍ക്ക്‌ എത്രകാലം വേണമെങ്കിലും താമസിക്കുവാന്‍ വീട്‌ തുറന്നുകൊടുക്കുന്നു. ഏതെങ്കിലും സാഹിത്യകാര്‍ ഇവിടെ എവിടെയെങ്കിലും വന്നിട്ടുണ്ടെങ്കില്‍ മനോഹര്‍ അവരെ തേടിപ്പിടിച്ച്‌ സ്വന്തം ചിലവില്‍ കൊണ്ടുവന്ന്‌ സാഹിത്യ ശില്‍പ്പശാല നടത്തിക്കളയും, എന്നാലെങ്കിലും ഇവിടത്തെ എഴുത്തുകാര്‍ കൂടുതല്‍ നല്ല കഥകള്‍ എഴുതട്ടെ എന്ന്‌ വിചാരിച്ചിട്ടാവാം. സഖറിയയും, എം മുകുന്ദനും പുനത്തിലും മാനസിയും ഷിഹാബുദ്ദീനും വരുമ്പോള്‍ റ്റോളും ഒന്നര മണിക്കൂറും ചെലവഴിച്ച്‌ കേള്‍ക്കുവാന്‍ പോകുന്നത്‌ ഭാഷയോടുള്ള സ്‌നേഹം കൊണ്ടാണ്‌.

ഇത്തരം കൂട്ടായ്‌മകള്‍ നഷ്ടമാവുന്നത്‌ ചെറുകുട്ടികള്‍ ഉള്ള സാഹിത്യത്തെ സ്‌നേഹിക്കുന്ന അമ്മമാര്‍ക്കാണ്‌. കൂടെ കൊണ്ടുവന്നാല്‍ കുട്ടികള്‍ക്ക്‌ ബോറടിക്കും ബഹളം വെക്കും. വീട്ടിലാക്കിയിട്ട്‌ പോകാമെന്ന്‌ വിചാരിച്ചാല്‍ അഛനും അമ്മയും കൂട്ടത്തിലില്ല. മണിക്കൂറിന്‌ അഞ്ച്‌ ഡോളര്‍ മുടക്കി ബേബിസിറ്ററെ ഏല്‍പ്പിക്കുന്നതും മുതലാവില്ല. അതുമൂലം അവര്‍ക്ക്‌ എഴുത്തുകാരെ കാണാതെ,കേള്‍ക്കാതെ, എഴുതിമാത്രം സായൂജ്യം അടയേണ്ടിവരും കുട്ടികള്‍ വീട്‌ വിടുംവരെ. ഞാന്‍ ആ ചെറൂപ്രായക്കാരോട്‌ പറയാറുണ്ട്‌ `ഇപ്പോള്‍ നിങ്ങള്‍ വീട്ടിലിരുന്ന്‌ കുട്ടികളെ വളര്‍ത്തി വലുതാക്കി വിടു . അതുവരെ സ്വപ്‌നം കണ്ട്‌ എഴുതു. പിന്നെ സാഹിത്യ ശില്‍പശാലക്കും സാഹിത്യകാരെയും കാണാന്‍ പോകാം' എന്നിട്ടും തീരുന്നില്ല പ്രശ്‌നം, ഒക്ടോബറിലുള്ള ലാന (ലിറ്റററി അസ്സോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക) മീറ്റിങ്ങിന്‌ പോവാന്‍ നേരത്തെ ആലോചിക്കുമ്പോള്‍, പ്‌ളെയിന്‍ ഫെയര്‍, ഹോട്ടല്‍ ചാര്‍ജ്‌, ആ സെപ്‌തംബറില്‍ കുട്ടികളുടെ കോളജ്‌ തുറക്കുമ്പോള്‍ കൊടുക്കേണ്ട ഭാരിച്ച ടൂഷ്യന്‍ ഫീസ്‌ എന്നിവ മുന്നില്‍ തൂങ്ങിയാടും. ഇതില്‍ ഏതുകുടുക്കാണ്‌ കഴുത്തില്‍ കൂടുതല്‍ പാകമാവുന്നത്‌ എന്ന്‌ തീരുമാനിച്ചാല്‍ മതി. ടൂഷ്യന്‍ ഫീസ്‌ പോലുള്ള കുടുക്കുകള്‍ അനിവാര്യമാണ്‌. റ്റെക്‌സസില്‍ നിന്നും ഫ്‌ലോറിഡയില്‍ നിന്നും ന്യൂയോര്‍ക്കില്‍ നടക്കുന്ന ഇത്തരം സാഹിത്യ കൂട്ടായ്‌മകളില്‍ പങ്കെടുക്കണമെങ്കില്‍ ന്യൂയോര്‍ക്ക്‌ വരെയുള്ള പ്ലെയിന്‍ യാത്ര മൂന്നുമണിക്കൂറില്‍ കൂടുതലാണ്‌. അതിലും എളുപ്പം ഗള്‍ഫില്‍ താമസിക്കുന്ന ഒരാള്‍ക്ക്‌ തിരുവനന്തപുരത്തുള്ള ഒരു സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്‌.

കൊച്ചുകുട്ടികള്‍ ഉള്ളവര്‍ സഹായത്തിന്‌ നാട്ടില്‍ നിന്ന്‌ അഛനെയും അമ്മയെയും കൊണ്ടുവരണമെന്ന്‌ വിചാരിച്ചാല്‍ പറന്നു നടക്കുന്ന കിളികളെ കൂട്ടില്‍ അടച്ചതുപോലാവും അഛനമ്മമാര്‍. മക്കള്‍ ജോലിക്ക്‌ പോയാല്‍ കുട്ടികളെയും നോക്കി പാചകം ചെയ്‌ത്‌ പാത്രോം കഴുകി പുറം ലോകത്തെ ജനാലയിലൂടെ നോക്കി കാണേണ്ടി വരും വീക്കെന്റ്‌ വരെ. പബ്‌ളിക്ക്‌ ട്രാന്‍പോര്‍ട്ടേഷന്‍ വളരെ കുറവായുള്ള പട്ടണങ്ങളില്‍ ഒരിടത്തുനിന്നും വേറൊരിടത്തേക്ക്‌ കാറില്ലാതെ കാല്‍നടയായി എത്തുവാന്‍ വിഷമം. കൃസ്‌ത്യാനി അപ്പച്ചനും അമ്മച്ചീം ഞായറാഴ്‌ചകളെ ആഹ്‌ളാദത്തോടെ വരവേല്‍ക്കുന്നു. അന്ന്‌ പള്ളി വരെ പോകാം. സോഷ്യലൈസ്‌ ചെയ്യാം. കുട്ടികള്‍ക്ക്‌ വീക്കെന്റ്‌ തീര്‍ന്നല്ലോ എന്ന വെപ്രാളവും, കുടിശ്ശിക കിടക്കുന്ന ഉറക്കം തീര്‍ന്ന്‌ കിട്ടിയില്ല. ക്‌ളീന്‍ ചെയ്യുവാന്‍ വെച്ചിരുന്ന വീടും തുണികളും മിച്ചം. രഞ്‌ജിനി ഹരിദാസിനെയും പേരറിയാന്‍ വയ്യാത്ത അഭിനേതാക്കളും ഉള്ള മൂവീസും മലയാളം ചാനലുകളില്‍ കണ്ടതുമാത്രം മിച്ചം.

അമേരിക്കയുടെ ഡോളര്‍ക്കാടുകളില്‍ പെട്ടാല്‍ അകപ്പെട്ടതു തന്നെ. പുറത്തേക്കുള്ള വഴി കണ്ടെത്തിയാലും പുറത്തിറങ്ങുവാന്‍ അത്ര എളുപ്പമല്ല. ഇവിടെ വന്നുകഴിഞ്ഞാല്‍ എലിപ്പത്തായത്തിനുള്ളില്‍ വീണതുപോലെ ഇവിടെത്തന്നെ ശിഷ്ടജീവിതം. മടങ്ങിപ്പോകണമെന്ന്‌ ജീവിതത്തിന്റെ സായന്തനങ്ങളില്‍ വിചാരിച്ചാലും കേരളം, വല്ലപ്പോഴും ഒരിക്കല്‍ പോവുമ്പോഴത്തെ അവധിക്കാല കാഴ്‌ചയായിത്തീര്‍ന്ന മക്കളും കൊച്ചുമക്കളും കാന്തശക്തിയോടെ നില്‍ക്കുന്നു. നിര്‍മ്മലയുടെ ആര്‍ട്ടിക്കിളില്‍ പറയുമ്പോലെ മൃഗശാലയിലേക്കും സര്‍ക്കസിലേക്കും പറഞ്ഞയച്ച മൃഗങ്ങള്‍ക്ക്‌ കുറെകഴിയുമ്പോള്‍ കാട്ടില്‍ ഇരപിടിക്കാനറിയാതാവും.

ഇവിടത്തെ കമ്പനികള്‍ രണ്ട്‌ മാസത്തെ അവധിയും കുടുംബത്തിനുള്ള യാത്രക്കൂലിയും തന്നിരുന്നുവെങ്കില്‍, കേരളത്തിന്റെ എക്‌സ്റ്റണ്‍ഷന്‍ പോലെയുള്ള ഗള്‍ഫ്‌ നാടുകള്‍ പോലെ അമേരിക്ക കേരളത്തിന്‌ അടുത്തായിരുന്നുവെങ്കില്‍, ഞങ്ങളും എല്ലാവര്‍ഷവും അവധിക്ക്‌ നാട്ടില്‍ പോവുകയും പുതിയതായി പബ്ലീഷ്‌ ചെയ്‌ത പുസ്‌തകങ്ങള്‍ വാങ്ങുകയും ചെയ്യുമായിരുന്നു. പ്രവാസികളായ ഞങ്ങള്‍ക്ക്‌ കേരളത്തിലെ അനുകാലിക മാസികകളോട്‌ ഒരു അപേക്ഷയുണ്ട്‌. ഇവിടന്ന്‌ പോസ്‌റ്റേജ്‌ ഒട്ടിച്ച കവറുകള്‍ അയക്കുവാനുള്ള സൗകര്യം കുറവായതിനാല്‍ കൃതികള്‍ സ്വീകാര്യമാണോ ഇല്ലയോ എന്ന്‌ ഈമെയിലിലൂടെ ദയവായി ഞങ്ങളെ അറിയിക്കു. സമയത്തിലുള്ള വ്യത്യാസം മൂലം നിങ്ങളുടെ ഓഫീസിലേക്ക്‌ വിളിക്കുവാന്‍ തന്നെ വിഷമം. പിന്നെ ആരാണ്‌, എന്താണ്‌ എന്ന്‌ ജീവചരിത്രം മുഴുവന്‍ പറയുന്നത്‌ പാതി ഉറക്കത്തില്‍ ആയിരിക്കും. അതിനാല്‍ ഞങ്ങള്‍ കുടിയേറ്റക്കാരോട്‌ അല്‍പ്പം കരുണ കാണിക്കു. സംവരണം വേണമെന്നില്ല.

മറുലോകം കണ്ടില്ലെങ്കിലും ഇവിടെയും ഭാഷയുടെ ഒരു വിളക്ക്‌ എരിയുന്നുണ്ട്‌, കുറെ സാഹിത്യതല്‍പ്പരര്‍ അതിനടുത്തേക്ക്‌ പറന്നടുക്കുന്നുണ്ട്‌. ഗള്‍ഫിലെപ്പോലെ മലയാളം ലൈബ്രറികള്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളും പുതിയതായി പബ്‌ളീഷ്‌ ചെയ്‌ത പുസ്‌തകങ്ങള്‍ വായിക്കുമായിരുന്നു. ഇങ്ങനെയുള്ള പരിമിധിക്കുള്ളില്‍ നിന്നു കൊണ്ട്‌ `ആടുജീവിതം' പോലെ ഒരു `അമേരിക്കന്‍ ജീവിതം' ഒരു മലയാളി എഴുതിയെന്നും വരാം. അല്‍പ്പം കൂടി സമയം തരൂ.

റീനി മമ്പലം (reenimambalam@gmail.com)

അമേരിക്കയുടെ ഡോളര്‍ക്കാടുകള്‍ (നിര്‍മ്മലയുടെ കാനഡമരത്തില്‍ ഡോളര്‍ പറിക്കാന്‍ പോയവര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക