Image

കുരിശുണ്ടോ കുഞ്ഞൂഞ്ഞേ ഒരാണിയടിക്കാന്‍! ഷോളി കുമ്പിളുവേലി

ഷോളി കുമ്പിളുവേലി Published on 11 December, 2012
കുരിശുണ്ടോ കുഞ്ഞൂഞ്ഞേ ഒരാണിയടിക്കാന്‍! ഷോളി കുമ്പിളുവേലി
ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍ , എന്നത് അടിയന്തിരാവസ്ഥ കാലത്ത് ഒളിവില്‍ കഴിഞ്ഞ കമ്മ്യൂണിസ്റ്റുകാര്‍ പരസ്പരം തിരിച്ചറിയുന്നതിനുപയോഗിച്ച കോഡ് ഭാഷയാണന്നു പറയപ്പെടുന്നു. അല്ലെങ്കിലും "കോഡ് " ചോദിക്കുന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ പണ്ടേ വിരുതന്മാരാണ്; പ്രത്യേകിച്ച് മാര്‍ക്‌സിസ്റ്റുകാര്‍. ഖദറില്‍ ചെളിപ്പറ്റും എന്നുള്ളതുകൊണ്ട്, കോണ്‍ഗ്രസുകാര്‍ക്ക് കോഡിനോട് നേരത്തേ മുതലേ അത്ര പഥ്യം പോരാ. അങ്ങനെ ഒരു കോഡും ഇല്ലതെ, വെറുതേ “കോട്ടുവായ്യും”ഇട്ടുകൊണ്ട് കാലം കഴിച്ച കോണ്‍ഗ്രസുകാര്‍ക്ക് ഇപ്പോഴാണ് നല്ലൊരു കോഡു ഭാഷ സ്വന്തമായി കിട്ടുന്നത്, “കുരിശുണ്ടോ ഒരാണിയടിക്കാന്‍”. അതും കൊല്ലാനും വളര്‍ത്താനും അധികാരമുള്ള ഹജൂര്‍ കച്ചേരിയിലെ ജഡ്ജിയദ്ദേഹം കല്‍പ്പിച്ചു കൊടുത്തത്!!

ഈ ജഡ്ജി ഏമാന്‍ ആളൊരു പുലിയാണു കേട്ടോ! കുഞ്ഞാലികുട്ടിയെപ്പോലെ റോഡരുകിലെ ഫ്‌ളക്‌സ് ബോര്‍ഡില്‍ തൂങ്ങിക്കിടക്കുന്ന വെറും പേപ്പര്‍ പുലിയല്ല; ഇത് ആള്‍ പുപ്പുലി. അല്ലെങ്കില്‍ നാടുവാഴുന്ന പൊന്നു തമ്പുരാന്‍ ഉമ്മന്‍ചാണ്ടി കല്പിച്ചരുളി ഒരു “ഭീകരനെ” തുറങ്കലിലടക്കാന്‍ അയച്ചിട്ട്, മുഖത്ത് നോക്കി പറ്റത്തില്ലാ എന്നു പറയുമോ? അതുകൊണ്ടാണ് പൂഞ്ഞാര്‍ പുള്ളിപ്പുലി ശ്രീമാന്‍ പി.സി. ജോര്‍ജ് അന്വേഷിച്ച്, ഈ ജഡ്ജി സുരേഷ് കുറുപ്പിന്റെ ബന്ധുവാണെന്ന് കണ്ടെത്തിയത്. ഭാഷാപ്രയോഗം കേട്ടിട്ട് സുരേഷ്‌കുറുപ്പിന്റെ അല്ല, സുരേഷ് ഗോപിയുടെ ബന്ധുവാണെന്നാണ് നമ്മള്‍ക്കു തോന്നുന്നത്. ഇനി ജി.സുധാകരന്റേയോ, കെ.സുധാകരന്റേയോ, സാക്ഷാല്‍ ജയരാജന്മാരുടെ ബന്ധു ആയാലും പ്രശ്‌നമില്ല; ഡയലോഗ് അടിപൊളിയായിരുന്നു. നമ്മുക്ക് അതുമതി.

“കുരിശുമുണ്ടാക്കി, ആളേയും കണ്ടെത്തി,
റക്കാന്‍ ആണിയും അന്വേഷിച്ചു നടക്കുകയാണ്.” എന്തൊരു ഭാഷാ ശൈലി. നമ്മുടെ സാഹിത്യകാരന്മാര്‍ ലജ്ജിച്ചു തലകുനിക്കണം. വര്‍ഷാവസാനത്തെങ്കിലും ഇതുപോലൊന്നു കേള്‍ക്കാന്‍ സാധിച്ചല്ലോ! ഏതായാലും 2012 ധന്യമായി. ഇതു വലതും ആ രഞ്ജീ പണിക്കര്‍ക്കെങ്ങാനും കിട്ടിയിരുന്നെങ്കില്‍, സുരേഷ്‌ഗോപിയെ വച്ച് ഒരു അടിപൊളി ഡയലോഗ് കാച്ചിയേനെ! വെറും 'ഷിറ്റ് 'പറയുന്നതിലും എന്തുഭേദം.

അധികാരത്തില്‍ വന്നതുമുതല്‍, കാര്യമായി ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട്, ഉമ്മന്‍ചാണ്ടി കുറേ കുരിശുകളും ഉണ്ടാക്കി, ആളേയും കണ്ടുവച്ച്, അടിക്കുവാന്‍ ആണിയും അന്വേഷിച്ചു നടക്കുകയായിരുന്നു. കൂടെ ചുറ്റികയുമായി തിരുവഞ്ചൂരും ഉണ്ട്. അരിയില്ല, ഉപ്പില്ല, മണ്ണെണ്ണയില്ല, ഗ്യാസില്ല, കറന്റില്ല, റോഡില്ല, അങ്ങനെ ഇല്ലായ്മകളില്‍ കിടന്ന് പാവം ജനം നട്ടം തിരിയുകയാണ്. എല്ലാ പ്രശ്‌നവും തീര്‍ക്കാന്‍ ഒറ്റമൂലിയായി 'എമേര്‍ജിംഗ് കേരള'കൊണ്ടു വന്നു.

ബലിയിട്ടിട്ട് കൈകൊട്ടി കാക്കയെ വിളിക്കുന്നതു പോലെ, കുറേ കോടികള്‍ മുടക്കി കൈയ്യിട്ടടിച്ചിട്ടും ഒരു കാക്കപ്പോലും തിരിഞ്ഞു നോക്കിയില്ല. അങ്ങനെ എല്ലാം കൊണ്ടും ഭരണം ഒരു “വന്‍ വിജയമായി” മുന്നോട്ടു പോകുമ്പോള്‍, ഇനി നാട്ടില്‍ പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുള്ള ചില അഴിമതിക്കാരെ കുരിശില്‍ തറക്കണമെന്നു തോന്നിയാല്‍ തെറ്റു പറയാനൊക്കുമോ? അങ്ങു മുകളില്‍, ഡല്‍ഹിയില്‍ മാഡവും മക്കളും അതാണല്ലോ കാണിച്ചും കൊടുക്കുന്നതും.

ഏതായാലും അതിവേഗം ബഹുദൂരത്തിനു സമയം നന്നല്ല. ആദര്‍ശത്തിന്റെ മൊത്തക്കച്ചവടക്കാരന്‍ അറക്കപ്പറമ്പില്‍ അന്തോണിച്ചന്‍, കൊട്ടാരക്കര ബാലന്‍ സാറിന്റെ കൈയില്‍ നിന്നും കടംവാങ്ങിയ പാര കൊണ്ടടിച്ച ബ്രോഹ്മോസ് മിസൈല്‍ കൊണ്ടതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല. മറ്റുള്ളവരുടെ വേദനകാണുമ്പോള്‍ നമ്മുടെ വേദന മറന്നു പോകുമെന്ന പൊതു തത്വത്തിന്റെ അടിസ്ഥാനത്തിലാണ് അച്ചുമാമനെ തറക്കാന്‍ പുറപ്പെട്ടത്. അപ്പോഴാണ് ജഡ്ജി ഏമാന്റെ ചുറ്റിക കൊണ്ടുള്ള പ്രയോഗം തലക്കിട്ടു കിട്ടിയത്. സാധാരണ മാര്‍കിസ്റ്റുകാരുടെ കൊടിയില്‍ മാത്രം കാണാറുള്ള ചുറ്റിക എന്ന സാധനം എങ്ങനെ ഹജൂര്‍ കച്ചേരിയിലെ ജഡ്ജിയദ്ദേഹത്തിനു കിട്ടി എന്നതാണഅ തിരുവഞ്ചൂരിന്റെ വിജിലന്‍സ് ഇപ്പോള്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്!! അന്വേഷിക്കൂ, കണ്ടെത്തും, ഇന്നല്ലെങ്കില്‍ നാളെ!
കുരിശുണ്ടോ കുഞ്ഞൂഞ്ഞേ ഒരാണിയടിക്കാന്‍! ഷോളി കുമ്പിളുവേലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക