Image

നിലവിളിയ്ക്കുന്ന തൈമരം(കഥ)-ശ്രീപാര്‍വതി

ശ്രീപാര്‍വതി Published on 11 December, 2012
നിലവിളിയ്ക്കുന്ന തൈമരം(കഥ)-ശ്രീപാര്‍വതി
കനകാംബാളിനു കരയാന്‍ തോന്നിയില്ല, നീരുണങ്ങി പാടുകള്‍ നഷ്ടപ്പെട്ടിട്ടില്ലാത്തതു കൊണ്ട് കണ്ണിനു മുകളില്‍ നേര്‍ത്തൊരു പാട കെട്ടിയതു പോലെ തോന്നിയതേയുള്ളൂ. അപ്പുറത്തെ മുറിയില്‍ നിന്നുയരുന്ന മണികണ്ഠന്‍ സ്വാമിയുടെ നിലവിളി ഇപ്പോള്‍ രത്നംബാളിന്‍റെ ചെവികളെ മരവിപ്പിക്കാതെ വെറുതെ കര്‍ണപുടങ്ങളെ കമ്പനം ചെയ്യിപ്പിച്ച് കയറിയിറങ്ങിപ്പോയി. മരവിച്ച ചെവികള്‍ക്ക് ഇനി ശബ്ദങ്ങളൊന്നും കേട്ടൂടാ. അടുപ്പില്‍ തിളയ്ക്കുന്ന വെള്ളത്തിലേയ്ക്ക് നോക്കി ചായപ്പൊടിയുടെ കുപ്പി തേടി രത്നംബാള്‍ കയ്യെത്തുന്ന റാക്കില്‍ വെറുതേ പരതി. പിന്നെയാണോര്‍ത്തത് ചായപ്പൊടി ഗ്യാസടുപ്പിന്‍റെ തൊട്ടടുത്തുണ്ടല്ലോ. മൌനം കൊണ്ട് മരവിച്ചു പോയ അടുക്കള പുറത്തെ തൈമാവിലേയ്ക്ക് കനകാംബാള്‍ വെറുതേ നോക്കി. കഴിഞ്ഞ തവണ അനിക്കുട്ടന്‍ ലീവിനു വന്നപ്പോള്‍ നഴ്സറിയില്‍ നിന്ന് വാങ്ങി വച്ചതാണ്, രണ്ടടിപ്പൊക്കത്തില്‍ ഒട്ടുമാവിന്‍ തൈ. ഇപ്പോള്‍ എട്ടടിയായിരിക്കുന്നു. പത്തടിയാകുമ്പോള്‍ അത് കായ്ക്കുമത്രേ...

പക്ഷേ ആ തൈമാവ് തന്നെ നോക്കി വിളിച്ചു പറയുന്നു, "കനകാംബാള്‍ ഇത് നിനക്കുള്ളതാണ്, എന്‍റെ ശരീരം നിന്‍റെ ബലിയ്ക്കായി കാത്തിരിക്കുന്നു. നമുക്കൊരുമിച്ചുരുകാം. എന്നില്‍ നീ അലിഞ്ഞു തീരുമ്പോള്‍ ഏകാന്തതയ്ക്കപ്പുറമുള്ള തുരുത്തിലേയ്ക്ക് ഞാന്‍ നിന്നെ കൊണ്ടു പോകാം..."

കനകാംബാള്‍ പേടിച്ചു. ഒരു നിലവിളിയോടെ തിരിഞ്ഞപ്പോള്‍ മുന്നില്‍ വാര്‍ദ്ധക്യത്തിന്‍റെ ചുളിഞ്ഞു കയറ്റത്തില്‍ ശരീരവും മനസ്സും നഷ്ടപ്പെട്ട മുത്തിയമ്മ കനകാംബാളിനെ പ്രാകി.

തിളച്ചു പൊന്തിയ ചായയുടെ ആവിമണം ഓര്‍മ്മകളെ മടക്കി നല്‍കി മണികണ്ഠന്‍ സ്വാമിയുടെ നിലവിളിയില്‍ കനകാംബാളിനെ എത്തിച്ചിരുന്നു. മധുരമില്ലാത്ത കട്ടന്‍ ചായ സ്വാമിയ്ക്കു നീട്ടുമ്പോള്‍ മുട്ടിനു താഴെ ഇല്ലാത്ത മുറിവിനെ ഓര്‍ത്ത് സ്വാമി പിടയ്ക്കുകയായിരുന്നു.

"എനിയ്ക്ക് പാദം വേദനിയ്ക്കുന്നു കനകം , ഇനി എന്നാ ഈ വേദന മാറിയിട്ട് ഈ അഗ്രഹാരത്തില്‍ ഞാന്‍ വേഷം കെട്ടിയാടുക? , കനകം ഇനിയെന്നാ ഡോക്ടറെ കാണാന്‍ പോവുക?"
മണികണ്ഠന്‍ സ്വാമിയുടെ ചോദ്യത്തിനു മറുപടി പറയാതെ ഒരു സ്ത്രീയുടെ പരമാവധി നിസ്സംഗതയോടെ കനകംബാള്‍ സ്വാമിയുടെ മുട്ടിനു താഴെ മുറിച്ച ശാന്തതയിലേയ്ക്ക് കണ്ണോടിച്ചു. കാലുകളില്ലാത്ത സ്വാമിയുടെ അരയില്‍ പിടിച്ച് കനകംബാള്‍ സ്വാമിയെ ഉയര്‍ത്താന്‍ ശ്രമിച്ചു.

"കുറച്ചു നേരം കസേരയില്‍ ഇരിക്കൂ സ്വാമി, എന്നെ മുറുകെ പിടിച്ചോളൂ."

ഒറ്റയ്ക്ക് തനിക്ക് എത്തിപ്പിടിയ്ക്കാവുന്ന ഉയരമല്ലാതിരുന്നിട്ടും കനകംബാളിനു സ്വാമി തന്‍റെ കുട്ടിയാണെന്നു തോന്നി, താന്‍ അമ്മയാണെന്നും .മകനെ എടുത്ത് താലോലിച്ച് കസേരയിലിരുത്താനുള്ള ആധിയോടെ കനകംബാള്‍ സ്വാമിയെ എടുത്തുയര്‍ത്തി. എണ്ന തേയ്ക്കാത്ത സ്വാമിയുടെ മിനുത്ത ശരീരം കൈകളില്‍ നിന്ന് ഊര്‍ന്നു പോയത് കനകംബാളിനു മനസ്സിലായപ്പോഴേക്കും മുറിഞ്ഞ മനസ്സുമായി മുത്തിയമ്മ ഓടി വന്നിരുന്നു. 
"നീയെന്‍റെ മകനെ എന്തു കാണിക്കാ കനകം ... കൊല്ലാനൊരുങാ....?"
മുത്തിയമ്മ യുടെ മകനാണോ ഇത്, അപ്പോള്‍ തന്‍റെ മകനായിരുന്നില്ലേ, രണ്ടു ദശകങ്ങള്‍ക്കു മുന്‍പ് കഴുത്തിലേറിയ മഞ്ഞ നിറമുള്ള ചരടില്‍ മുറുകെ പിടിച്ചു കനകംബാള്‍ .

മണികണ്ഠ സ്വാമിയെ ഇരുവരുമ്- കൂടി പൊക്കി എഴുന്നേല്‍പ്പിക്കുമ്പോള്‍ അടര്‍ന്നു പോയൊരു തേങ്ങലിനെ കുറിച്ചു മാത്രം കനകംബാള്‍ ഓര്‍ത്തു. മനസ്സിന്‍റെ വക്കുകളില്‍ പിടിച്ചു കയരാനാകാതെ മുത്തിയമ്മ പ്രാകി തുടങ്ങിയപ്പോഴും ഇതു പോലെ തേങ്ങല്‍ എവിടെയോ നഷ്ടപ്പെട്ടിരുന്നു. പിന്നീട് രണ്ടു ആഴ്ച്ച മുന്‍പ് പഴുപ്പിന്‍റെ തുളച്ചു കയറുന്ന ഗന്ധത്തെ മരുന്നിട്ട വെളുത്ത പഞ്ഞി കൊണ്ട് തുടച്ചൊതുക്കി ആശുപത്രീയിലെ മാലാഖകുഞ്ഞ് മുറിച്ചെടുത്ത കാല്‍വണ്ണയുടെ നെടുവീര്‍പ്പിനെ കുറിച്ചു പറഞ്ഞപ്പോള്‍ , അപ്പോഴും തന്നില്‍ നിന്ന് ഒരു തേങ്ങല്‍ ആശുപതിര്‍ വരാന്തയിലെങ്ങോ ചിതറിയൊടുങ്ങിയിരുന്നു.

പിന്നെയിപ്പോള്‍ സ്വാമിയുടെ ശരീരം വിരല്‍പ്പിടിയില്‍ നിന്ന് വഴുതിയൊഴുകിയപ്പോള്‍ അവശേഷിച്ച തേങ്ങല്‍ കൂടി നിലത്തു വീണ്, നുറുങ്ങിപ്പോയി.

"മുത്തിയ്മ്മ പോയി കിടന്നോളൂ, സ്വാമിയെ ഞാന്‍ നോക്കിക്കോളാം. അനിക്കുട്ടനെ ഒന്നു വിളിയ്ക്കണം ഒന്ന് പെട്ടെന്ന് ലീവെടുത്ത് ഒന്ന് ഇവിടെ വരെ അവനോട് വന്നിട്ടു പോകാന്‍ പറയണം . മുറ്റത്തെ തൈമാവിനു വല്ലാത്ത കൊതിയാണു സ്വാമി... അതെന്നെ പറഞ്ഞു പേടിപ്പിക്കുന്നു..."

പ്രാകി കൊണ്ട് മുത്തിയമ്മ നടന്നു മറഞ്ഞപ്പോള്‍ സ്വാമിയുടെ മിനുത്ത നെഞ്ചിലേയ്ക്ക് കനകംബാള്‍ ചേര്‍ന്നു കിടന്നു. 

"തനിച്ചാക്കാന്‍ മോഹമുണ്ടായിട്ടല്ല സ്വാമീ, വിളിച്ചാല്‍ ഇപ്പോള്‍ എങ്ങനെയാ പോകാതിരിക്ക്യാ... അനിക്കുട്ടന്‍ മിടുക്കനാ, ഞാനില്ലെങ്കിലും അവനുണ്ട് സ്വാമിയ്ക്ക്... ഇനി നിലവിളിയ്ക്കണ്ടാട്ടോ..."

അങ്ങനെ കിടന്നപ്പോള്‍ കനകംബാള്‍ ഒരു കൌമാരക്കാരിയായതു പോലെ സ്വയം പിടഞ്ഞു. മാറു വേദനിക്കുന്നു. ച്രന്നു പോകാത്ത സ്നേഹത്തിന്‍റെ നറുംപാലിന്‍റെ ഗന്ധം അവിടെമാകെ നിരയുന്നത് കനകംബാള്‍ അറിഞ്ഞു. ആ ആനന്ദത്തിന്‍റെ തീവ്രതയില്‍ മയങ്ങിപ്പോയ സ്വാമിയുടെ മുഖത്ത് ഒന്നമര്‍ത്തി ഉമ്മ വച്ച് കനകംബാള്‍ എഴുന്നേറ്റു,  പണിയിനിയും ബാക്കി കിടക്കുന്നു. പണിയൊഴിഞ്ഞ് തൈമാവിനോട് ചോദിക്കണം എന്നാണ്, ആ ദിവസമെന്ന്, ഉരുകിച്ചേരുന്ന ദിവസം. ഏകാന്തതയുടെ അവധി തീരുന്ന ദിവസം.
കനകംബാള്‍ മെല്ലെയെഴുന്നേറ്റ് അടുക്കളയിലേയ്ക്ക് നടന്നു. അപ്പോള്‍ നിലവിളിയുയര്‍ന്നത് സ്വാമിയുടെ ആയിരുന്നില്ല, എരിയാനായി വെമ്പുന്ന ഒരു പച്ചമരത്തിന്‍റെ നിലവിളിയായിരുന്നു അത്...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക