Image

കേരളാ സെന്റര്‍ അവാര്‍ഡ്‌ ബാങ്ക്വറ്റ്‌ വര്‍ണ്ണാഭമായി

Published on 10 December, 2012
കേരളാ സെന്റര്‍ അവാര്‍ഡ്‌ ബാങ്ക്വറ്റ്‌ വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്‌: ശക്‌തമായ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം മൂലം കേരളത്തില്‍ സാമ്പത്തിക സമതുലിതാവസ്‌ഥ ഉണ്ടെന്ന്‌ കരുതുന്നത്‌ ശരിയല്ലെന്നു മാത്രമല്ല ഇന്ത്യയില്‍ പണക്കാരും പാവങ്ങളുംതമ്മില്‍ ഏറ്റവുമധികം വിടവുളള മുന്നു സ്റ്റേറ്റുകളിലൊന്നാണ്‌ കേരളമെന്നും പ്രൊഫ. അരവിന്ദ്‌ പാനാഗാരിയ. കേരള സെന്ററിന്റെ ഇരുപതാമത്‌ അവാര്‍ഡ്‌ ബാങ്ക്വറ്റില്‍ മുഖ്യപ്രസംഗം നടത്തുുകയായിരുന്നു കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ജഗദീഷ്‌ ഭഗവതി ചെയര്‍ കൂടിയായ പാനാഗാരിയ.

വ്യവസായവും അനുബന്ധ വരുമാനവും കുറവാണെങ്കിലും കേരളം സമ്പന്നമായ സ്റ്റേറ്റാണ്‌. ഏറ്റവും കുറഞ്ഞ ദാരിദ്ര്യം കാണപ്പെടുന്നതും കേരളത്തിലാണ്‌. മറ്റു സ്റ്റേറ്റുകളെ വെച്ചു നോക്കുമ്പോള്‍ ഏറ്റവുമധികം ചെലവിടുന്ന സ്റ്റേറ്റാണിത്‌. സ്വത്തുക്കള്‍ പണക്കാരില്‍ നിന്നെടുത്ത്‌ പാവങ്ങള്‍ക്കു വിതരണം ചെയ്യുന്നതുകൊണ്ടല്ല ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നിരിക്കുന്നത്‌. ആരോഗ്യം, വിദ്യാഭ്യാസം എന്നീ സംരങ്ങളില്‍ ഗവണ്‍മെന്റ്‌ മികച്ച സേവനമാണ്‌ ചെയ്‌തിട്ടുള്ളത്‌. കേരളീയന്റെ ആയുര്‍ദൈര്‍ഘ്യം മറ്റ്‌ സ്റ്റേറ്റുകളിലുള്ളവരേക്കാള്‍ 8,9 വര്‍ഷം കൂടുതലാണ്‌. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടുമ്പോള്‍ തന്നെ കേരളത്തിന്റെ സ്ഥിതി മെച്ചപ്പെട്ടതായിരുന്നു. മറ്റു ഭാഗങ്ങളില്‍ അഞ്ചലൊരാള്‍ മാത്രം വിദ്യാസമ്പന്നരായിരുന്നു അക്കാലത്ത്‌. കേരളത്തിലത്‌ ബഹുഭൂരിപക്ഷമായിരുന്നു. പിന്നീടത്‌ നൂറു ശതമാനത്തിലേക്ക്‌ മാറി. ചുരുക്കത്തില്‍ സ്വാതന്ത്ര്യാനന്തരകാലത്ത്‌ കേരളത്തില്‍ കുതിച്ചുകയറ്റമൊന്നും ഉണ്ടായിട്ടില്ല. പ്രജകള്‍ക്ക്‌ വിദ്യാഭ്യാസം എത്തിക്കുന്നത്‌ രാജാക്കന്മാരും ഭരണാധികാരികളും നേരത്തെതന്നെ ദൗത്യമായി കണ്ടത്‌ ജനജീവിതത്തില്‍ പ്രതിഫലിച്ചു. കേരളത്തിലെ വരുമാനത്തില്‍ 23 ശതമാനം പുറത്തുനിന്നുള്ളതാണ്‌. ഇന്ത്യുടെ മൊത്തം വരുമാനത്തില്‍ (ജി.ഡി.പി) എട്ടു ശതമാനം ജനസംഖ്യയില്‍ മൂന്നുശതമാനം വരുന്ന കേരളീയരുടേതാണ്‌. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ പ്രൈവറ്റ്‌ സ്‌കൂളുകളില്‍ പോകുന്ന സ്റ്റേറ്റും കേരളം തന്നെ- അദ്ദേഹം പറഞ്ഞു.

കേരളത്തെപ്പറ്റി പുറത്തുനിന്നുള്ളവര്‍ നല്ലത്‌ പറയുന്നത്‌ കേള്‍ക്കാന്‍ സന്തോഷമുണ്ടെന്ന്‌ എം.സിയായിരുന്ന ഡോ. തോമസ്‌ ഏബ്രഹാം പറഞ്ഞു.

കീറിപ്പറിഞ്ഞ ഒരു ഷര്‍ട്ട്‌ സഹോദരര്‍ മാറിമാറി ഉപയോഗിച്ച്‌ സ്‌കൂളില്‍ വരുന്ന സ്ഥിതി ഇപ്പോഴും ചുരുക്കമായെങ്കിലും ഉണ്ടെന്ന്‌ പ്രൊഫ. സോമസുന്ദരന്‍ ചൂണ്ടിക്കാട്ടി. ദാരിദ്ര്യവും മലിനീകരണവുമാണ്‌ കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങള്‍. സംഘടിതമായി നമുക്ക്‌ പലതും ഇതിനെതിരെ ചെയ്യാനാകും. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ അവര്‍ സന്തോഷിക്കുന്നതുപോലെ തന്നെ നമ്മലും സന്തോഷിക്കുന്നു.- അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടു പതിറ്റാണ്ട്‌ പിന്നിട്ട കേരളാ സെന്റര്‍ പുതിയ തലമുറയിലേക്ക്‌ കൈമാറാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച്‌ പുതിയ തലമുറ രംഗത്തു വരണമെന്നും കേരളാ സെന്റര്‍ സ്ഥാപക പ്രസിഡന്റ്‌ ഇ.എം. സ്റ്റീഫന്‍ പറഞ്ഞു. ഗോപാലന്‍ നായര്‍, വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റ്‌ എം.വി. ശ്രീധരന്‍ നായര്‍, മനോഹര്‍ തോമസ്‌, വര്‍ഗീസ്‌ പോത്താനിക്കാട്‌, മിസിസ്സ്‌ എം.ടി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ്‌ തമ്പി തലപ്പള്ളില്‍ സ്വാഗതം ആശംസിച്ചു. സനോജ്‌ സ്റ്റീഫന്‍ എം.സിയായി പ്രവര്‍ത്തിച്ചു.

രണ്ടു ദശാബ്‌ദം പ്രമാണിച്ച്‌ ഡോ. സോമസുന്ദരന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന്‌ കേക്ക്‌ മുറിച്ചു. ബോളിവുഡ്‌ ഡാന്‍സ്‌ ചടങ്ങുകള്‍ക്ക്‌ ചാരുത പകര്‍ന്നു. സാന്‍ഡി ചുഴലിക്കാറ്റ്‌ മൂലം ബാങ്ക്വറ്റ്‌ മാറ്റിവെയ്‌ക്കുകയായിരുന്നു. മുഖ്യാതിഥികളായി പങ്കെടുക്കേണ്ടിയിരുന്ന അംബാസിഡര്‍ വിജയ്‌ നമ്പ്യാര്‍, ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റിയിലെ ലിയനാര്‍ഡ്‌ സ്റ്റേണ്‍ സ്‌കൂള്‍ ഓഫ്‌ ബിസിനസിലെ അണ്ടര്‍ ഗ്രാജ്വേറ്റ്‌ സ്റ്റഡീസ്‌ ഡീന്‍ ആയ ഡോ. ഗീതാ മേനോന്‍ എന്നിവര്‍ക്ക്‌ എത്താനായില്ല. ഇരുവരേയും ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കാനിരുന്നതാണ്‌. മറ്റ്‌ അവാര്‍ഡ്‌ ജേതാക്കളായ ജോയി കുറ്റിയാനി, വിജു മേനോന്‍, ഡോ. നാരായണന്‍ നെയ്‌ത്തലത്ത്‌, റോയ്‌ തോമസ്‌ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

കമ്യൂണിറ്റി സര്‍വീസിനുള്ള അവാര്‍ഡ്‌ നേടിയ ജോയി കുറ്റിയാനി കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ പ്രസിഡന്റാണ്‌. അമേരിക്കയിലെ ആറാമത്തെ ഗാന്ധി പ്രതിമ ഡേവിയിലെ ഫാല്‍ക്കണ്‍ലിയ പാര്‍ക്കില്‍ സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ജോയി നിയമത്തില്‍ മാസ്റ്റര്‍ ബിരുദധാരിയാണ്‌. അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധി സ്‌ക്വയര്‍ ഈ ഗാന്ധിജയന്തി ദിനത്തില്‍ മുന്‍ പ്രസിഡന്റ്‌ ഡോ. എ.പി.ജെ. അബ്‌ദുള്‍ കലാമാണ്‌ അനാച്ഛാദനം ചെയ്‌തത്‌.

അപ്ലൈഡ്‌ സയന്‍സില്‍ അവാര്‍ഡ്‌ നേടിയ വിജു മേനോന്‍ വെറൈസണില്‍ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്‌ വൈസ്‌ പ്രസിഡന്റാണ്‌. എം.ഐ.ടിയില്‍ നിന്ന്‌ എന്‍ജിനീയറിംഗിലും, മാനേജ്‌മെന്റിലും ബിരുദം നേടിയിട്ടുള്ള വിജു മേനോന്‍ എം.ഐ.ടിയുടെ ലീഡേഴ്‌സ്‌ ഫോര്‍ ഗ്ലോബല്‍ ഓപ്പറേഷന്‍സ്‌ പ്രോഗ്രാം ഫെലോയുമാണ്‌. വെറൈസണിലെത്തുംമുമ്പ്‌ ഇന്റല്‍ കോര്‍പ്പറേഷന്റെ വേള്‍ഡ്‌ വൈഡ്‌ സപ്ലൈ പ്ലാനിംഗ്‌ കോര്‍പ്പറേഷന്‍ മേധാവിയായിരുന്നു. വിവിധ ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജു വ്യവസായ കോണ്‍ഫറന്‍സുകളില്‍ പ്രസംഗത്തിനും ക്ഷണിക്കപ്പെടുന്നു. ഡൈവേഴ്‌സിറ്റി എം.ബി.എ മാഗസിന്റെ ടോപ്പ്‌ 100 അണ്ടര്‍ 50 ആയി തെരഞ്ഞെടുത്തിട്ടുണ്ട്‌.

എന്‍ജിനീയറിംഗില്‍ പുരസ്‌കാരം നേടിയ ഡോ. നാരായണന്‍ നെയ്‌ത്തലത്ത്‌ അരിസോണ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ്‌ സസ്റ്റെയിനബിള്‍ എന്‍ജിനീയറിംഗ്‌ അസോസിയേറ്റ്‌ പ്രൊഫസറാണ്‌. അതിനു മുമ്പ്‌ ന്യൂയോര്‍ക്കില്‍ പോട്‌സ്‌ഡാം ക്ലാര്‍ക്ക്‌സ്‌ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഫാക്കല്‍റ്റി അംഗമായിരുന്നു. ദീര്‍ഘകാലം നിലനില്‍ക്കുന്നതും പരിസ്ഥിതിക്ക്‌ ദോഷം വരാതെയുമുള്ള പ്രത്യേക വസ്‌തു രൂപപ്പെടുത്തുന്നതിന്‌ അംഗീകാരങ്ങള്‍ നേടി. നൂറില്‍പ്പരം പ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തെ നാഷണല്‍ സയന്‍സ്‌ ഫൗണ്ടേഷനും കരിയര്‍ അവാര്‍ഡ്‌ നല്‍കി ആദരിച്ചു.

സോഷ്യല്‍ സര്‍വീസിനുള്ള അവാര്‍ഡ്‌ നേടിയ റോയി തോമസ്‌ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ മെന്റല്‍ ഹെല്‍ത്ത്‌ ഡെവലപ്‌മെന്റ്‌ ഡപ്യൂട്ടി ഡയറക്‌ടറാണ്‌. ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമയാണ്‌ നിയമനം നടത്തിയത്‌. ബ്രോങ്ക്‌സ്‌ സൈക്യാട്രിക്‌ സെന്ററിന്റെ ചീഫ്‌ ഓഫ്‌ സര്‍വീസായി അഞ്ചു വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹോസ്‌പിറ്റലിനെ സ്‌റ്റേറ്റിലെ പ്രധാന ഹോസ്‌പിറ്റലുകളിലൊന്നാക്കി. ഈ നേട്ടത്തിനുള്ള അംഗീകാരം കൂടിയായിരുന്നു ഡപ്യൂട്ടി ഡയറക്‌ടറായുള്ള നിയമനം.
കേരളാ സെന്റര്‍ അവാര്‍ഡ്‌ ബാങ്ക്വറ്റ്‌ വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക