Image

വെസ്റ്റ്‌ നയാക്‌ സെന്റ്‌ മേരീസ്‌ പള്ളി കൂദാശാ കര്‍മ്മം നടന്നു

ജോയിച്ചന്‍ പുതുക്കുളം Published on 01 September, 2011
വെസ്റ്റ്‌ നയാക്‌ സെന്റ്‌ മേരീസ്‌ പള്ളി കൂദാശാ കര്‍മ്മം നടന്നു
ന്യൂയോര്‍ക്ക്‌: പുതുക്കിപ്പണിത വെസ്റ്റ്‌ നയാക്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ വിശുദ്ധ മൂറോനഭിഷേക കൂദാശയും പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും സംയുക്തമായി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഓഗസ്റ്റ്‌ 19,20 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെട്ടു. ആദ്ധ്യാത്മിക ചൈതന്യവും പ്രാര്‍ത്ഥനാമന്ത്രവും നിറഞ്ഞുനിന്ന വിശുദ്ധ ശുശ്രൂഷകള്‍ക്ക്‌ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഭദ്രാസനാധിപനും, പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.

വന്ദ്യ കോര്‍എപ്പിസ്‌കോപ്പമാര്‍, വൈദീക ശ്രേഷ്‌ഠര്‍, ശെമ്മാശന്മാര്‍, ഭക്തസംഘടനാ ഭാരവാഹികള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട വിശ്വാസിസമൂഹം ചടങ്ങുകളില്‍ ഭക്തിപുരസരം പങ്കെടുത്തു.

വെള്ളിയാഴ്‌ച വൈകുന്നേരം 5.30-ന്‌ ദേവാലയ കവാടത്തില്‍ എത്തിച്ചേര്‍ന്ന ഇടവക മെത്രാപ്പോലീത്തയ്‌ക്ക്‌ ഉജ്വലസ്വീകരണം നല്‌കി. ഇടവക വികാരി റവ.ഫാ. ഗീവര്‍ഗീസ്‌ തോമസ്‌ ചട്ടത്തില്‍ കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ചാനയിച്ചു. സഹവികാരി വെരി റവ. വര്‍ക്കി മുണ്ടയ്‌ക്കല്‍ കോര്‍എപ്പിസ്‌കോപ്പ സന്നിഹിതനായിരുന്നു.

സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന്‌ ദേവാലയ കൂദാശയുടെ പ്രഥമഘട്ടം മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. ശനിയാഴ്‌ച രാവിലെ 8.30-ന്‌ പ്രഭാത പ്രാര്‍ത്ഥന ആരംഭിച്ചു. തുടര്‍ന്ന്‌ കൂദാശാകര്‍മ്മ ശുശ്രൂഷകള്‍ നടത്തപ്പെട്ടു. അഭിവന്ദ്യ തീത്തോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയില്‍ വന്ദ്യ ഡേവിഡ്‌ ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പ, വന്ദ്യ വര്‍ക്കി മുണ്ടയ്‌ക്കല്‍ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ സഹകാര്‍മ്മികരായി.

ദൈവമഹത്വം സകല ചരാചരങ്ങളിലും പ്രകൃതിയിലെങ്ങും കാണാമെങ്കിലും തന്റെ നാമം സ്ഥാപിക്കുമെന്ന്‌ ദൈവ വാഗ്‌ദത്തമുള്ള അതിവിശുദ്ധി സ്ഥാനമാണ്‌ ദൈവാലയം. വിശുദ്ധ കൂദാശാ കര്‍മ്മത്തിലൂടെ ശ്രേഷ്‌ഠസ്ഥാനമായി ഉയര്‍ത്തപ്പെട്ടിട്ടുള്ള ഈ അനുഗ്രഹീത ദേവാലയം വിശ്വാസികള്‍ക്കും ദേശവാസികള്‍ക്കും അനുഗ്രഹ പ്രഭയുടെ ഉറവിടമായി പരിലസിക്കട്ടെയെന്ന്‌ മെത്രാപ്പോലീത്ത ആശീര്‍വദിച്ചു. വിശുദ്ധ കുര്‍ബാനാനന്തരം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസ്‌.

വെരി റവ. ഐസക്‌ പൈലി കോര്‍എപ്പിസ്‌കോപ്പ (യോങ്കേഴ്‌സ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളി വികാരി), റവ.ഫാ. രാജന്‍ പീറ്റര്‍ (സ്റ്റാറ്റന്‍ഐലന്റ്‌ പള്ളികളുടെ വികാരി), റവ.ഫാ. ജോസി അട്ടച്ചിറ (കോട്ടയം), റവ.ഡീക്കന്‍ ജോസഫ്‌ വര്‍ഗീസ്‌, റവ. ഡീക്കന്‍ മാര്‍ട്ടിന്‍ ബാബു, റവ.ഡീക്കന്‍ ജോയല്‍ ജേക്കബ്‌ എം.ഡി എന്നിവരും വിശുദ്ധ ശുശ്രൂഷകളില്‍ പങ്കാളികളായി. ഇടവക ഗായകസംഘം കൂദാശാ കര്‍മ്മത്തിലും, വിശുദ്ധ കുര്‍ബാനയിലും ഗാനശുശ്രൂഷ നിര്‍വഹിച്ചു. മീനാ തമ്പി, ബിജി ജോയി, ലേഖാ സാബി, യുവജനാംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മുത്തുക്കുടകള്‍, കൊടി എന്നിവയേന്തി നടത്തപ്പെട്ട ആഘോഷമായ പ്രദക്ഷിണം ഉജ്വലമായി. ഇടവകാംഗങ്ങള്‍ നേതൃത്വം കൊടുത്ത ചെണ്ടമേളം ഗൃഹാതുരത്വമുണര്‍ത്തി. ആശീര്‍വാദം, നേര്‍ച്ച വിളമ്പ്‌, സ്‌നേഹവിരുന്ന്‌ എന്നിവയോടെയാണ്‌ ചടങ്ങുകള്‍ അവസാനിച്ചത്‌. വിശുദ്ധ ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുകയും പൈതൃകമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തയോടും, പള്ളിയുടെ പുനര്‍നിര്‍മ്മാണം എന്ന ബഹൃത്തായ പദ്ധതി സാക്ഷാത്‌കാരത്തിനായി കഠിന യത്‌നം ചെയ്‌ത അംഗങ്ങളോടും സഹായ സഹകരണങ്ങള്‍ നല്‍കിയ ഏവരോടും ഇടവക വികാരി റവ. ഫാ. ഗീവര്‍ഗീസ്‌ തോമസ്‌ ചട്ടത്തില്‍ നന്ദി പ്രകാശിപ്പിച്ചു. അലക്‌സ്‌ മേലേത്ത്‌ (സെക്രട്ടറി), ജോസഫ്‌ ഐസക്ക്‌ (ട്രസ്റ്റി) എന്നിവര്‍ ഉള്‍പ്പെട്ട വിവിധ കമ്മിറ്റികള്‍ കൂദാശാ ശുശ്രൂഷയുടെ വന്‍ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ ചെയ്‌തിരുന്നു. ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ വിവിധ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയങ്ങളില്‍ നിന്നായി ഒട്ടനവധി വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
വെസ്റ്റ്‌ നയാക്‌ സെന്റ്‌ മേരീസ്‌ പള്ളി കൂദാശാ കര്‍മ്മം നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക