Image

മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌: സത്യം മുറുകെപ്പിടിച്ച സന്യാസി

എം എന്‍ ഉണ്ണിക്കൃഷ്‌ണന്‍ Published on 10 December, 2012
മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌: സത്യം മുറുകെപ്പിടിച്ച സന്യാസി
കൊച്ചി: സത്യത്തെ മുറുകെപ്പിടിച്ച സന്യാസി. അതായിരുന്നു ഞായറാഴ്‌ച അന്തരിച്ച മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ മെത്രാപോലീത്ത. രണ്ടു പതിറ്റാണ്ടുമുമ്പ്‌ പ്രായോഗിക പത്രപ്രവര്‍ത്തനത്തിന്റെ ആദ്യചുവടുവച്ച ഈ ലേഖകന്‌ തിരുമേനി എഴുതിത്തന്ന കുറിപ്പും കൂടെ പ്രസിദ്ധീകരിക്കാനുള്ള ചിത്രവും ഇതിന്റെ സാക്ഷ്യപത്രമാണ്‌. 1991ലെ പൊതുതെരഞ്ഞെടുപ്പിന്‌ ഏതാനും ദിവസംമുമ്പ്‌ ദേശാഭിമാനിയില്‍ തിരുമേനിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചു. തിരുമേനിയുടെ അറിവോ സമ്മതമോ ഇല്ലാതെ ചിലര്‍ അദ്ദേഹത്തിന്റെ പേരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നിഷേധക്കുറിപ്പിറക്കുകയും ഹൈറേഞ്ചില്‍ കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയുംചെയ്‌തു.

തെരഞ്ഞെടുപ്പിന്റെ തലേന്നാള്‍ വരത്തക്കവിധമായിരുന്നു ആസൂത്രണം. എന്നാല്‍, രാജീവ്‌ഗാന്ധിയുടെ വധത്തെത്തുടര്‍ന്ന്‌ തെരഞ്ഞെടുപ്പ്‌ മാറ്റിവച്ചു. എങ്കിലും റിപ്പോര്‍ട്ടിങ്‌ മേഖലയിലെ തുടക്കക്കാരനായ ലേഖകന്റെ അപേക്ഷ പരിഗണിച്ച്‌ ദേശാഭിമാനിയില്‍ വന്ന അഭിമുഖം താന്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണെന്ന്‌ പത്രാധിപര്‍ക്ക്‌ ലെറ്റര്‍പാഡില്‍ കത്തെഴുതി നല്‍കി. `ആളുകള്‍ പല ആശയക്കാരാകാം. പക്ഷെ, സത്യം പറയണം.` എന്ന്‌ എല്ലാവര്‍ക്കുമായി ഒരു ഉപദേശവും. തിരുമേനിയെ അടുത്തറിയാന്‍ ഇടയാക്കിയ അഭിമുഖത്തിന്റെയും തുടര്‍സംഭവങ്ങളുടെയും ചുരുക്കം ഇങ്ങനെ: പത്രപ്രവര്‍ത്തനപരിശീലനത്തിന്റെ അവസാനകാലത്ത്‌ ഇടുക്കി ജില്ലാ ലേഖകനായി നിയമനം.

കട്ടപ്പനയിലെ ഒറ്റമുറി ഓഫീസില്‍ അവിടുത്തെ ലേഖകന്‍ കെ ജെ മാത്യുവിനൊപ്പം താമസം (മാത്യു കഴിഞ്ഞവര്‍ഷം അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞു). അണക്കരയിലെ അരമനയില്‍ താമസിക്കുന്ന സ്വന്തമായി കാറില്ലാത്ത ആളാണെന്നും, സാക്ഷരതാ പ്രവര്‍ത്തനത്തില്‍ സഹകരിച്ചിരുന്നെന്നുമെല്ലാം തിരുമേനിയെക്കുറിച്ചു കേട്ടപ്പോള്‍ കാണാന്‍ താല്‍പ്പര്യം. അനുവാദം വാങ്ങി അവിടെയെത്തി. ഇതാണോ അരമന എന്നു തോന്നിക്കുന്ന കെട്ടിടം. പരുത്തിത്തുണിയിലുള്ള വേഷത്തില്‍പ്പോലും ലാളിത്യം. തിരുമേനിയുടെ കൈകൊണ്ടുതന്നെ പ്രകൃതിക്കാപ്പിയും കേക്കും.

തെരഞ്ഞെടുപ്പു കാലമായതുകൊണ്ട്‌ സംഭാഷണത്തില്‍ അതും കടന്നുവന്നു. വടകരയിലെയും ബേപ്പൂരും കോലീബി സഖ്യവും ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കുന്ന ഭരണഘടനയുടെ മുപ്പതാം വകുപ്പ്‌ നീക്കംചെയ്യുമെന്ന ബിജെപിയുടെ പ്രഖ്യാപനവും അക്കാലത്ത്‌ സജീവ ചര്‍ച്ചയായിരുന്നു. കക്ഷിരാഷ്ട്രീയത്തിനു പുറത്തുള്ളവരും സമുദായനേതാക്കളുംവരെ ഇക്കാര്യത്തില്‍ പത്രങ്ങളിലൂടെ അഭിപ്രായം പറയുന്നു.

ഒരു രാഷ്ട്രീയ പാര്‍ടിക്കുവേണ്ടിയും വാദിക്കാത്ത തിരുമേനി പക്ഷേ, സംവരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സുചിന്തിതമായ അഭിപ്രായം വ്യക്തമാക്കി. വിവിധ മതക്കാര്‍ തമ്മിലും വിശ്വാസിയും നിരീശ്വരവാദിയും തമ്മിലും സൗഹൃദം പുലര്‍ത്തണമെന്ന്‌ നിര്‍ദേശിച്ചു. എന്നാല്‍, മെയ്‌ 16നു വന്ന അഭിമുഖത്തില്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ കേരളത്തില്‍ അഴിമതി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞെന്ന പരാമര്‍ശമാണ്‌ കുഴപ്പമായത്‌. തിരുമേനിയെക്കൊണ്ടുതന്നെ നിഷേധക്കുറിപ്പിറക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായി. പിന്നെ കുടിലതന്ത്രമായി. തിരുമേനി പറഞ്ഞതിന്‌ കടകവിരുദ്ധമായ പ്രസ്‌താവനയാണ്‌ ദേശാഭിമാനിയില്‍ വന്നതെന്ന്‌ സഭയുടെ ചുമതലക്കാരന്‍ എന്ന പേരില്‍ ഒരാളുടെ വാര്‍ത്താസമ്മേളനമായി നിഷേധക്കുറിപ്പ്‌ രൂപംകൊണ്ടു.

അത്‌ തെരഞ്ഞെടുപ്പിന്റെ തലേദിവസമായ 22ന്‌ വരത്തക്കവിധം പത്രലോകത്ത്‌ കറങ്ങാന്‍ തുടങ്ങി. വിവരമറിഞ്ഞ്‌ ഞാനും മാത്യുവും ഏറെ വൈകി അരമനയിലെത്തി. ``ആ അഭിമുഖം വായിച്ചവര്‍ക്കെല്ലാം അത്‌ എന്റെ ഭാഷയാണെന്നു മനസ്സിലാകും``തിരുമേനി സമാധാനിപ്പിച്ചു. ഏറെ വൈകിയിരുന്നെങ്കിലും ട്രങ്ക്‌ ബുക്കുചെയ്‌ത്‌ മണിക്കൂറുകള്‍ കാത്തിരുന്ന്‌ തിരുമേനി പത്രംഓഫീസുകളില്‍ വിളിച്ചു. താന്‍ നിഷേധിച്ചിട്ടില്ലെന്ന്‌ അറിയിക്കുകയുംചെയ്‌തു. എന്നാല്‍, പിറ്റേദിവസം നിഷേധക്കുറിപ്പ്‌ പത്രങ്ങളില്‍ വന്നത്‌ ഞങ്ങളെ നിരാശരാക്കി. പലരും പരിഹസിച്ചു. ഞങ്ങള്‍ വിഷമിച്ച്‌ അരമനയിലെത്തി. തുടക്കക്കാരന്റെ ബുദ്ധിമുട്ടും ആശങ്കകളും പറഞ്ഞു. ഒരു മടിയുമില്ലാതെ ലെറ്റര്‍പാഡില്‍ പത്രാധിപര്‍ക്ക്‌ കത്തെഴുതി. ദേശാഭിമാനിയില്‍ വന്നത്‌ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ്‌. ``നിഷേധക്കുറിപ്പ്‌ ആരോ വ്യാജമായി നല്‍കിയതും എന്റെ അറിവോ സമ്മതമോ ഇല്ലാതെ ചെയ്‌തിട്ടുള്ളതുമാണ്‌``. ഞങ്ങള്‍ സമാധാനത്തോടെ അരമനയില്‍നിന്നിറങ്ങി. തിരുമേനിയുടെ കത്തും അതുസംബന്ധിച്ച വാര്‍ത്തയും 23ന്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ചതോടെ രാഷ്ട്രീയലക്ഷ്യത്തോടെ വ്യാജ നിഷേധക്കുറിപ്പിറക്കിയവര്‍ പത്തിമടക്കി. ദേശാഭിമാനിയിലെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഞങ്ങളുടെയൊക്കെ ഗുരുനാഥന്‍ പി ജിയെ പിന്നീട്‌ നേരില്‍ കണ്ടപ്പോഴാണ്‌ പെരുമ്പാവൂര്‍ മേഖലയിലുള്ള എനിക്ക്‌ തിരുമേനി നാട്ടുകാരനാണെന്ന പുതിയ അറിവ്‌ കിട്ടിയത്‌. സസ്യശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള കുറുപ്പംപടി എംജിഎം ഹൈസ്‌കൂളിലെ ശാസ്‌ത്രാധ്യാപകന്‍ ഡീക്കന്‍ മാത്തുക്കുഞ്ഞെന്ന പഴയകാല സുഹൃത്തിനെക്കറിച്ച്‌്‌ പി ജിയാണ്‌ ഏറെ പറഞ്ഞുതന്നത്‌.
മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌: സത്യം മുറുകെപ്പിടിച്ച സന്യാസി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക