Image

പബ്ലിസിറ്റിക്ക് എന്തും ചെയ്യില്ല: ശ്വേതാ മേനോന്‍

Published on 10 December, 2012
പബ്ലിസിറ്റിക്ക് എന്തും ചെയ്യില്ല: ശ്വേതാ മേനോന്‍
തിരുവനന്തപുരം: പ്രസവരംഗം ചിത്രീകരിക്കാന്‍ അനുദിച്ചതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയവര്‍ക്ക് നടി ശ്വേതമേനോന്റെ മറുപടി. പ്രസവരംഗത്തില്‍ അഭിനയിച്ച് പബ്ലിസിറ്റി നേടേണ്ട ഗതികേട് തനിക്കില്ലെന്നും ചെയ്യുന്ന കാര്യത്തില്‍ പുര്‍ണത ആഗ്രഹിക്കുന്ന ഒരു തികഞ്ഞ കലാകാരിയാണ് താനെന്നും ശ്വേത പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ദേശീയ തലത്തില്‍ അറിയപ്പെടുന്ന മോഡലായതാണ് ഞാന്‍. മോഡലിംഗ് ആയാലും അഭിനയമായാലും ചെയ്യുന്ന കര്‍മ്മം നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിക്കണമെന്നാണ് ആഗ്രഹം. ഒരു തികഞ്ഞ കലാകാരിയാണ് ഞാന്‍. തൊഴിലിനോട് എനിക്ക് അത്രയ്ക്ക് ആത്മാര്‍ഥതയുണ്ട്. എന്നെയും എന്റെ പ്രസവരംഗം ചിത്രീകരിച്ച സിനിമയെയും വിമര്‍ശിക്കുന്നവര്‍ ഞാന്‍ മുമ്പ് അഭിനയിച്ച സിനിമകള്‍ ആദ്യംകാണുക. എന്നിട്ട് വിമര്‍ശിക്കുന്നതായിരിക്കും നല്ലത്.

ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് ഇപ്പോഴും ഗര്‍ഭാവസ്ഥയിലായ സിനിമയാണ്. അത് തിയേറ്ററിലെത്തി കണ്ട്, അതില്‍ വിവാദ പരാമര്‍ശമായ സംഭവങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം മതിയായിരുന്നു ബഹുമാനപ്പെട്ട സ്പീക്കര്‍ ജി. കാര്‍ത്തികേയനും മുന്‍ മന്ത്രി ജി. സുധാകരനും ആരോപണങ്ങള്‍ ഉന്നയിക്കേണ്ടിയിരുന്നത്. എന്തായാലും സമൂഹത്തിലെ ഉന്നതരായ ഈ രണ്ട് വ്യക്തികളുടെ പരാമര്‍ശങ്ങളാണ് എനിക്കും സിനിമയ്ക്കും കൂടുതല്‍ പ്രശസ്തി ഉണ്ടാക്കിത്തന്നിരിക്കുന്നത്. സത്യത്തില്‍ ഈ പബ്‌ളിസിറ്റി നല്‍കിയതിന് ഇരുവര്‍ക്കും നന്ദിയുണ്ട്.

സംവിധായകന്‍ ബ്ലെസ്സിക്ക് എന്റെ പ്രസവം ചിത്രീകരിക്കാന്‍ അനുവാദം നല്‍കിയതില്‍ വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ടാകും. ഓരോരുത്തരും അവരവര്‍ക്ക് തോന്നിയ രീതിയില്‍ അഭിപ്രായം പറയുന്നതിനു മുമ്പ് സിനിമ കാണേണ്ടിയിരുന്നു. എന്നാല്‍ അഭിപ്രായം പറഞ്ഞ ആര്‍ക്കും തന്നെ ഈ സിനിമ എന്താണെന്നറിയില്ല. രണ്ടേകാല്‍ മണിക്കൂര്‍ സിനിമയില്‍ വെറും 30 സെക്കന്റ് മാത്രമാണ് പ്രസവവുമായി ബന്ധപ്പെട്ട് കാണിക്കുന്ന രംഗങ്ങള്‍.. കച്ചവടത്തിനു വേണ്ടിയാണ് പ്രസവം ചിത്രീകരിച്ചത് എന്നു പറയുന്നവര്‍ ആദ്യം ചെയ്യേണ്ടത് ബ്ലെസ്സി ഇതുവരെ ചെയ്ത ആറു സിനിമകള്‍ കാണുകയും അതിലെ കച്ചവടം എത്രയുണ്ടെന്ന് കണ്ടെത്തുകയുമാണ്. യഥാര്‍ത്ഥത്തില്‍ സത്യമറിയാതെ പ്രതികരിച്ചതല്ലേ മനുഷ്യാവകാശ ലംഘനം-ശ്വേത ചോദിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക