Image

നോര്‍വേയില്‍ മാതാപിതാക്കളെ ശിക്ഷിച്ചതു പാശ്ചാത്യന്റെ വികല മനസ്?

Published on 07 December, 2012
നോര്‍വേയില്‍ മാതാപിതാക്കളെ ശിക്ഷിച്ചതു പാശ്ചാത്യന്റെ വികല മനസ്?

ബാലപീഡനവും പാശ്ചാത്യ മന:ശാസ്ത്രവും


സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

സ്വന്തം കുട്ടിയെ ശാസിച്ചതിന്റെപേരില്‍ ഇന്ത്യക്കാരനായ ചന്ദ്രശേഖര്‍ വല്ലഭനാനിക്കും പത്നിഅനുപമക്കും നോര്‍വെ കോടതി ജയില്‍ശിക്ഷ വിധിച്ചത് അല്‍പം ഞെട്ടലോടെയാണ് ലോകം ശ്രദ്ധിച്ചത്. ആന്ധ്രപ്രദേശില്‍ നിന്നുമുളള ഈ മാതാപിതാക്കള്‍ക്ക് യഥാക്രമം പതിനെട്ടും പതിനഞ്ചും മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. കുട്ടിയെ സ്പൂണ്‍കൊണ്ട് പൊളളിച്ചുവെന്നും ബെല്‍റ്റ് കൊണ്ട് അടിച്ചുവെന്നുമാണ് ഓസ്ലോ പോലീസ് ഡിപ്പാര്‍ട്ട്മെന്‍്റ് പ്രോസിക്യൂഷന്‍ തലവന്‍ കുര്‍ട് ലീര്‍ ആരോപിക്കുന്നത്. സത്യാവസ്ഥ എന്തുതന്നെയായാലും കുട്ടികള്‍ പലപ്പോഴും പീഡനത്തിന് ഇരയാകുന്നുവെന്നുളളത് നിസ്തര്‍ക്കമാണ്. കുട്ടികള്‍ അവരുടെ വയോസംബന്ധമായ നിസഹായവസ്ഥമൂലം മുതിര്‍ന്നവരില്‍ നിന്നും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സഹിക്കേണ്ടിവരുന്നു. ശിശുസംരക്ഷണത്തിനും കുട്ടികള്‍ക്കെതിരായ ഹിംസകള്‍ തടയുന്നതിനും ഒട്ടനവധി നിയമങ്ങളും വകുപ്പുകളും ഇന്ത്യയില്‍ നിലവിലുണ്ട്.
എന്നിട്ടും ബാലപീഡനങ്ങള്‍ തുടര്‍ന്നുവരുന്നത് സാംസ്കാരികമായ അപചയത്തിന്റെഭാഗമായിട്ടുവേണം കാണാന്‍. കുട്ടികളില്‍ കുറച്ച് ഭയഭക്തിയും വിശ്വാസവും വളര്‍ത്തിയെടുക്കാന്‍ അല്‍പം ശാസനയും പ്രഹരവുമെല്ലാം ഭാരതത്തിന്റെഒരു പാരമ്പര്യമാണ്. പക്ഷെ അതിന്റെപേരില്‍ മാതാപിതാക്കളെ കാരാഗൃഹത്തില്‍ അടക്കുന്നത് സാമാന്യമായ അവസ്ഥയില്‍ ഭാരതീയരെ ഞെട്ടിപ്പിക്കുന്ന ഒന്നാണ്. ഇവിടെ വിഷയം പീഡനത്തിന്റേുമാത്രമല്ല, ധാര്‍മ്മികമൂല്യങ്ങളുടെ അടിത്തറ തന്നെ തുരങ്കം വെക്കുന്ന പാശ്ചാത്യരുടെ മന:ശാസ്ത്രത്തിന്റേുകൂടിയാണ്. പാശ്ചാത്യസംസ്കാരവും മന:ശാസ്ത്രവും ആത്മീയ സംസ്കാരമൂല്യങ്ങളെ ഉള്‍ക്കോളളാനോ മാനിക്കാനോ വേണ്ടവിധത്തില്‍ ശ്രമിച്ചിട്ടില്ല എന്ന് വേണം പറയാന്‍. പ്രയോജനാത്മകവാദത്താല്‍ ആത്മീയത ചവിട്ടി ത്താഴ്ത്തുന്ന അവര്‍ സമൂഹത്തിന്റെസംസ്കാരത്തെയല്ല, രാഷ്ട്രത്തെയും വ്യക്തിയെയുമാണ് വലുതായി കാണുന്നത്. പാശ്ചാത്യരുടെ നിയമസംഹിതകള്‍ രൂപപ്പെട്ടിട്ടുളളത് ഇങ്ങനെയൊരു മന:ശാസ്ത്രത്തില്‍ നിന്നാണ്. സ്വതന്ത്രമായ സമൂഹവും വ്യക്തിയും എന്ന ആപത്കരമായ ആശയത്തെ പിന്‍പറ്റി പാശ്ചാത്യര്‍ വയസന്മാരുടെ ചിന്തയും ധാരണയും പുലര്‍ത്തി ശിശുത്വത്തിനെയും സ്ഥാപനവത്കരിക്കാന്‍ ശ്രമിച്ചിരിക്കുന്നു. സ്വാതന്ത്രത്തിന് വികലമായ രൂപകല്പന നല്കി വ്യക്തിക്ക് മാത്രം പ്രാധാന്യം കൊടുത്തുളള ഈ തത്വസംഹിത പാശ്ചാത്യമനുഷ്യനെ കൂടുതല്‍ കൂടുതല്‍ അണ്വീകരിക്കുകയാണ് ചെയ്തിട്ടുളളത്. ഏകാന്തത അവരുടെ ജീവിതത്തെ ഗ്രസിച്ചിരിക്കുന്നു. മാതാ-പിതാ-ഭാര്യാ-ഭര്‍തൃ ബന്ധങ്ങളുടെ പവിത്രതയെ കണ്ടെത്തുവാന്‍ സയന്‍സിലും മത്സരാത്മകമായ വികാസത്തിലും ഉത്പാദന സംസ്കാരത്തിലും അധിഷ്ഠിതമായ അവന്റെമന:ശാസ്ത്രം അവനെ അനുവദിക്കുന്നില്ല. ഭാരതീയ സംസ്കാരത്തില്‍ മാതാ-പിതാ-പുത്ര ബന്ധം വളരെ വലുതാണ്. ഈശ്വരനെ പിതാവും ഗുരുവുമായി ഭാരതീയ ഋഷിമാര്‍ സങ്കല്പിക്കുന്നു.
പൂര്‍വ്വപിതാക്കന്മാരുടെ ആത്മശാന്തിയ്ക്കുവേണ്ടി ഗംഗയെ പൃഥ്വിയില്‍ ആനയിച്ച ഭഗീരഥന്റെകഥ എല്ലാവരും കേട്ടിരിക്കും. ഈശ്വരന്‍ തന്നെയാണ് പിതാവായും പുത്രന്മാരായും ഹൃദയത്തിലും ഗര്‍ഭത്തിലും പ്രവേശിക്കുന്നതെന്ന് അഥര്‍വ്വവേദം പറയുന്നു. കുടുംബത്തിലെ എല്ലാ അംഗങ്ങളും വാക്കില്‍പ്പോലും ഹിംസവരാതെ പരസ്പരം സ്നേഹമസൃണമായി പെരുമാറണമെന്ന് അഥര്‍വ്വവേദം ഉത്ബോധിപ്പിക്കുന്നു. (അ.വേ. 3.30-2-4) മാതാ-പിതാ-ഗുരു-ദൈവം എന്ന സങ്കല്പം ഭാരതത്തില്‍ പ്രസിദ്ധമാണ്. ഒരു കുട്ടി തന്റെമാതാവില്‍ക്കൂടി പിതാവിനെയും പിതാവില്‍ക്കൂടി ഗുരുവിനെയും ഗുരുവില്‍ക്കൂടി ദൈവത്തെയും അറിയുന്ന പ്രക്രിയയാണ് ഈ സങ്കല്പം. അപ്പോള്‍ മാതാ പിതാ ഭാര്യാ ഭര്‍തൃബന്ധങ്ങള്‍ക്കു പിന്നില്‍ ആത്മീയമായ ഒരു തലമുണ്ടെന്നുളളത് വ്യക്തം. ഭാരതീയ പാരമ്പര്യം വിവാഹത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട്.


പരസ്പരം പൊരുത്തമില്ലാത്ത ജീവന്‍ അതായത് ഗോത്രപരമായും പിതൃപരമായും സാംസ്കാരികമായും ആത്മീയമായും ഐക്യപ്പെടാത്ത വ്യക്തികള്‍ തമ്മിലുളള വിവാഹം കുടുംബത്തില്‍ അനൈക്യവും ഛിദ്രവും സൃഷ്ടിക്കുന്നു. ഇത് മാതാപിതാക്കളില്‍ നിന്ന് കുട്ടികളിലേക്കും കുട്ടികളില്‍ നിന്ന് തലമുറകളിലേക്കും വ്യാപിക്കുന്നു. പാശ്ചാത്യരുടെ ഇടയില്‍ കുടുംബജീവിതം ഇത്രമാത്രം താറുമാറാകാന്‍ കാരണം ഈ ആദ്ധ്യാത്മിക സത്യങ്ങളെ അവഗണിച്ചുകൊണ്ടുളള ജീവിതരീതി അവലംബിച്ചതുകൊണ്ടാണ്. എല്ലാ ആചാര്യന്മാരും കുടുംബബന്ധത്തിന് വളരെയധികം പ്രാധാന്യം നല്കിയിട്ടുണ്ട് എന്ന് കാണാം. പ്രവാചകനായ മുഹമ്മദ് നബി പറഞ്ഞു, ഈ ലോകത്തിലെ ഏറ്റവും സുകൃതമായ കാര്യങ്ങളില്‍ ഒന്ന് പുണ്യവതിയായ ഒരു ഭാര്യയാണ് എന്ന്. ഭഗീരഥന്റെകഥ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ ഒരിക്കല്‍ പ്രവാചകനോട് ഒരാള്‍ ഒരു ചോദ്യം ചോദിച്ചു. “അല്ലാഹുവിന്റെദൂതനെ, എന്റെമാതാപിതാക്കളുടെ മരണശേഷം അവരുടെ നന്മയ്ക്കായി എന്തെങ്കിലും ചെയ്യാനുണ്ടോ?’’. പ്രവാചകന്‍ പറഞ്ഞു, “ ചെയ്യാനുണ്ട്. അവരുടെമേല്‍ അല്ലാഹുവിന്റെകൃപയുണ്ടാകുവാന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. അവരുടെ വാഗ്ദാനങ്ങളെ പാലിക്കുന്നതില്‍ക്കൂടിയും അവരുമായി ബന്ധമുണ്ടായിരുന്നവരോട് കൃപാപൂര്‍വ്വവും ആദരവോടുംകൂടി പെരുമാറുന്നതിലൂടെയും അവര്‍ക്ക് നന്മ ലഭിക്കും’.
എല്ലാ മഹാത്മാക്കളും ദൈവത്തെ പിതാവായി തന്നെ വാഴ്ത്തിയിരിക്കുന്നു. “ഞാന്‍ എന്റെപിതാവിലും എന്റെപിതാവ് എന്നിലും വസിക്കുന്നു”വെന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നല്ലോ. പിതാമാതാ പുത്രന്‍ എന്ന ത്രികോണാത്മകമായ സങ്കല്പം ദൈവത്തെ പ്രതിനിധാനം ചെയ്യന്നു. മാതാ-പിതാ-പുത്ര ബന്ധത്തിന്റെആത്മീയതയും പവിത്രതയും മാനവരാശിയുടെ ഈ വിശ്വാസപ്രമാണത്തോട് ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. ആത്മീയതയുടെ ഈ ബാലപാഠങ്ങളാല്‍ അനുഗ്രഹീതരായാല്‍ മാത്രമെ മാതാപിതാക്കളെ കാരാഗൃഹത്തിലടയ്ക്കേണ്ടിവരുന്ന സാഹചര്യങ്ങളില്‍ നിന്നും നമുക്ക് രക്ഷപ്പെടാന്‍ സാധിക്കുകയുളളൂ.

http://www.madhyamam.com/news/203800/121207

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക