Image

സദാചാര കേരളീയനെ കളിമണ്ണ്‌ കളിപ്പിയ്‌ക്കരുത്‌ (അഷ്ടമൂര്‍ത്തി)

Published on 06 December, 2012
സദാചാര കേരളീയനെ കളിമണ്ണ്‌ കളിപ്പിയ്‌ക്കരുത്‌ (അഷ്ടമൂര്‍ത്തി)
ഈ വെളിപാടിന്‌ എന്താണിത്ര താമസമുണ്ടായത്‌ എന്നു മനസ്സിലായില്ല. കേരളത്തിനെ എന്തിന്‌ ഭാരതത്തെത്തന്നെ വലയം ചെയ്‌തു നില്‍ക്കുന്ന വലിയൊരു വിപത്തിനേപ്പറ്റിയായിരുന്നല്ലോ അത്‌. അതും ആലപ്പുഴയില്‍ ഏതോ സമ്മേളനത്തിനിടയില്‍ വളരെ സാന്ദര്‍ഭികമായിട്ടായിരുന്നു പരാമര്‍ശം. ബഹുമാനപ്പെട്ട സ്‌പീക്കര്‍ ഇത്ര കാലവിളംബംവരുത്താമോ?

ബ്ലെസ്സിയുടെ `കളിമണ്ണ്‌' തന്നെയാണ്‌ വിഷയം. ഇതുപോലൊരു നീചസംരംഭത്തെ മഹിളാസംഘടനകള്‍ അടക്കം ആരും എന്തുകൊണ്ട്‌ എതിര്‍ത്തില്ല എന്നായിരുന്നു സ്‌പീക്കറുടെ ചോദ്യം. പേറ്‌ ഒരു പെണ്ണിന്റെ ഏറ്റവും പവിത്രമായ കര്‍മ്മമാണെന്നും അത്‌ വാണിജ്യപരമായി ചൂഷണം ചെയ്യപ്പെടേണ്ടതല്ലെന്നും കാര്‍ത്തികേയന്‍ പ്രഖ്യാപിച്ചു. കൂട്ടത്തില്‍ ഈ ചിത്രം വേണോ എന്ന്‌ സമൂഹമാണ്‌ തീരുമാനിയ്‌ക്കേണ്ടതെന്നും സ്‌പീക്കര്‍ റൂളിങ്ങ്‌ നല്‍കി.

നിയമസഭയില്‍ എന്തെല്ലാമാണ്‌ നടക്കാറുള്ളത്‌ എന്ന്‌ ഏകദേശം എല്ലാവര്‍ക്കും ബോദ്ധ്യമുള്ളതാണല്ലോ. ചില സംസ്ഥാനങ്ങളിലെ നിയമസഭകളില്‍ സ്വല്‍പം നീലനിറമുള്ള ചിത്രങ്ങളൊക്കെ കണ്ടുകൊണ്ടാണ്‌ സഭാനടപടികള്‍ പുരോഗമിയ്‌ക്കാറുള്ളത്‌. കേരള നിയമസഭയില്‍ നിര്‍ഭാഗ്യവശാല്‍ അതിനുള്ള സൗകര്യങ്ങളൊന്നും ഇതുവരെ ആയിട്ടില്ല. അങ്ങനെയിരിയ്‌ക്കുമ്പോഴാണ്‌ നിയമസഭയ്‌ക്കു പുറത്ത്‌ വെറും അലവലാതി വോട്ടര്‍മാര്‍ക്ക്‌ ഒരു നടിയുടെ പ്രസവം കാണാനുള്ള അവസരം കൈവന്നിരിയ്‌ക്കുന്നത്‌. നിയമസഭാംഗങ്ങള്‍ക്കുള്ള പ്രിവിലേജ്‌ മറികടക്കുകയോ! അസ്സലായി. ഇത്‌ വെച്ചുപൊറു പ്പിയ്‌ക്കാമോ? സ്‌പീക്കര്‍ രോഷാകുലനായതില്‍ അത്ഭുതപ്പെടാനില്ല.

സാധാരണയായി ഭരണപക്ഷത്തുള്ള സ്‌പീക്കറെ അനുസരിയ്‌ക്കാനോ അംഗീകരിയ്‌ക്കാനോ പ്രതിപക്ഷസഭാംഗങ്ങള്‍ക്ക്‌ കുറച്ചു മടിയാണ്‌. പക്ഷേ ഈ വിഷയത്തില്‍,അത്ഭുതം, പ്രതിപക്ഷത്തുള്ളവരായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, ശ്രീ: ജി. സുധാകരന്‍, ശ്രീമതി ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സ്‌പീക്കറുടെ പ്രസ്‌താവനയെ അനുകൂലിയ്‌ക്കുകയാണുണ്ടായത്‌. ശോഭാ സുരേന്ദ്രന്‍ ഒരു പടി കൂടി മുന്നോട്ടു പോയി `കളിമണ്ണ്‌' കളിയ്‌ക്കുന്ന തീയറ്ററുകള്‍ മഹിളാമോര്‍ച്ച ഉപരോധിയ്‌ക്കുമെന്ന്‌ അറിയിയ്‌ക്കുക കൂടി ചെയ്‌തു.ബ്ലെസ്സി പടം പൂര്‍ത്തിയാക്കുകയും അത്‌ കണ്ണും കാതുമില്ലാത്ത സെന്‍സര്‍ ബോഡ്‌പാസ്സാക്കുകയും പടം തീയറ്ററുകളില്‍ എത്തുകയും ചെയ്‌താലോ? നമ്മള്‍ ഈ നിമിഷം വരെ കണ്ണിലെ കൃഷ്‌ണമണി പോലെ കാത്തുസൂക്ഷിച്ച സദാചാര്യമൂല്യം ഇടിഞ്ഞുപൊളിഞ്ഞു വീഴില്ലേ? ശോഭാ സുരേന്ദ്രന്റെ ഉറപ്പു കിട്ടിയപ്പോഴേ ആശ്വാസമായുള്ളു. എന്നിട്ടും ശങ്ക ബാക്കിയായി: ശോഭാ സുരേന്ദ്രനും കൂട്ടര്‍ക്കും എത്ര കാലം തടയാ നാവും ഒരു ചലച്ചിത്രം? ഇത്രയും ഹരം കൊള്ളിയ്‌ക്കുന്നതാണെങ്കില്‍ ജനം കാണാതിരിയ്‌ക്കുമോ? ആ ജനക്കൂട്ടത്തെ തടുക്കാന്‍ മാത്രം ആള്‍ബലമുണ്ടോ കേരളത്തിലെ മഹിളാ മോര്‍ച്ചയ്‌ക്ക്‌?

ആ ആശങ്കയും താമസിയാതെത്തന്നെ തുടച്ചുനീക്കപ്പെട്ടു. സെന്‍സര്‍ ബോര്‍ഡ്‌ അനുവദിച്ചാല്‍ത്തന്നെ ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്റെ പ്രസിഡന്റ്‌ ലിബര്‍ട്ടി ബഷീര്‍ ഈ ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിയ്‌ക്കാന്‍ അനുവദിയ്‌ക്കില്ല എന്ന്‌ അസന്നിഗ്‌ധമായി പ്രഖ്യാപിച്ചു. അതിനുള്ള ലിബര്‍ട്ടി ബഷീറിനുണ്ട്‌. ആ പ്രഖ്യാപനം കേട്ടപ്പോഴേ ശ്വാസം നേരെ വീണുള്ളു. പരശുരാമന്‍ മഴുവെറിഞ്ഞ്‌ ഉയര്‍ത്തിയ കേരളം ഒന്നോടെ ധര്‍മ്മച്യുതിയുടെ പുടുകുഴിയില്‍ വീണ്‌ നശിയ്‌ക്കാറായിട്ടില്ല.

അപ്പോഴേയ്‌ക്കും വന്നു പതിവു പോലെ ആവിഷ്‌ക്കാരസ്വാതന്ത്ര്യക്കാര്‍. ആറു മാസം മുമ്പാണത്രേ ബ്ലെസ്സി ഈ ആശയം പുറത്തു വിട്ടത്‌. ശ്വേതാ മേനോന്‍ പ്രസവിച്ചിട്ട്‌ മൂന്നു മാസത്തിലധികമാവുകയും ചെയ്‌തു. അപ്പോഴൊന്നും ഇല്ലാതിരുന്ന എതിര്‍പ്പ്‌ ഇപ്പോഴെന്തേ തോന്നാന്‍ എന്നായിരുന്നു അവരുടെ ആദ്യത്തെ ചോദ്യം. പിന്നെ എല്ലായ്‌പ്പോഴും പ്രതികരിയ്‌ക്കാന്‍ നില്‍ക്കാന്‍ നിങ്ങളേപ്പോലെ അവരൊന്നും സാംസ്‌കാരികനായകര്‍ അല്ലല്ലോ. ധര്‍മ്മത്തിന്‌ ഗ്ലാനി സംഭവിയ്‌ക്കും എന്ന്‌ ഉറപ്പായപ്പോള്‍ അവര്‍ അവതരിച്ചു. അത്ര തന്നെ. എല്ലായ്‌പ്പോഴും അവതാരം എടുക്കാന്‍ സമയമുണ്ടാവുമോ വലിയ വലിയ ആളുകള്‍ക്ക്‌? വേറെ പണികളുള്ളവരല്ലേ? അല്ലെങ്കില്‍ത്തന്നെ അതിനൊക്കെ സമയവും സന്ദര്‍ഭവുമുള്ളതല്ലേ.

ഇത്‌ കേരളത്തില്‍ മാത്രം സംഭവിയ്‌ക്കുന്നതാണ്‌ എന്നാണ്‌ ബുദ്ധിജീവികളുടെ വാദം. 1976-ല്‍ ഹംഗറിയില്‍ ഒരു സിനിമ നിര്‍മ്മിയ്‌ക്കപ്പെട്ടിട്ടുണ്ടത്രേ. `നയന്‍ മന്ത്‌സ്‌' എന്നാണത്രേ അതിന്റെ പേര്‌. മാര്‍ത്താ മെസാരോ എന്നായിരുന്നു സംവിധായികയുടെ പേര്‌. അതിലെ നായിക കാമറയ്‌ക്കു മുമ്പില്‍ പ്രസവിയ്‌ക്കുന്നുണ്ടത്രേ. അതു കാണാന്‍ ജനങ്ങള്‍ തള്ളിക്കയറിയിട്ടില്ലത്രേ. അതിലെ നായിക നടിയായ ലില്ലി മനോറിയ്‌ക്ക്‌ നല്ല നടിയ്‌ക്കുള്ള നിരവധി പുരസ്‌ക്കാരങ്ങള്‍ കിട്ടിയിട്ടുണ്ടത്രേ. നമ്മളിതൊക്കെ കേട്ടാല്‍ വിരണ്ടു പോവുമെന്നാണോ വിചാരിച്ചത്‌? അതു ഹംഗറി, ഇതു കേരളം. അതല്ലേ കാര്‍ത്തികേയന്‍ പറഞ്ഞത്‌ ഏറെ പാശ്ചാത്യവല്‍ക്കരണം വേണ്ടാ എന്ന്‌. നമ്മളൊന്നും അത്രഎത്തിയിട്ടില്ല. ഹംഗറിയില്‍ അതിന്റെ പേരില്‍ ഒരു കോലാഹലവും നടന്ന ിട്ടില്ല എന്ന വാദവുമുമ്പ്‌. അവിടെ ജി. കാര്‍ത്തികേയനും ജി. സുധാകരനും സെബാസ്റ്റ്യന്‍ പോളും ശോഭാ
സുരേന്ദ്രനുമില്ലാത്തത്‌ നമ്മുടെ കുറ്റമാണോ?

ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ എന്തുകൊണ്ട്‌ ജസ്‌ലോക്‌ ആശുപത്രിയില്‍ ഇരച്ചെത്തി ശ്വേതാമേനോന്റെ പ്രസവം ചിത്രീകരിയ്‌ക്കുന്നതു തടഞ്ഞില്ല എന്നാണ്‌ അവരുടെ മൂന്നാമത്തെ ചോദ്യം. ഇത്തരം നെറികെട്ട ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാന്‍ പ്രയാസമാണ്‌. എന്തുകൊണ്ട്‌ അവര്‍ ശ്വേതാമേനോന്റെ പ്രസവം തടഞ്ഞില്ല എന്നു ചോദിയ്‌ക്കുകയായിരുന്നു ഇതിലും ഭേദം. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ പറയിന്‍! അന്ന്‌ കയ്യോടെ ബ്ലെസ്സിയെ തടഞ്ഞെങ്കില്‍ എന്തു വാര്‍ത്താമൂല്യമാണ്‌ ഉണ്ടാവുക? പടം പകുതിയായി, വൈകാതെ തീയറ്ററുകളില്‍ എത്തുന്നു എന്ന്‌ ഉറപ്പാവുമ്പോഴല്ലേ തടയേണ്ടത്‌. അതല്ലേ അതിന്റെ സമയം? അതല്ലേ അതിന്റെ രസം? കഷ്ടം, ഇതൊന്നും ആവിഷ്‌ക്കാരക്കാര്‍ക്കു പറഞ്ഞാല്‍ മനസ്സിലാവില്ല. ബുദ്ധിജീവികള്‍ക്ക്‌ ആ സംജ്ഞയില്‍ മാത്രമല്ലേ ബുദ്ധി ഉള്ളൂ? ബ്ലെസ്സിയുടെ ഇതഃപര്യന്തമുള്ള ചിത്രങ്ങള്‍ കണ്ടാല്‍ അദ്ദേഹം അശ്ലീലമുള്ള പടം എടുക്കില്ല എന്ന്‌ ഉറപ്പു വരുമത്രേ. അതു തീരുമാനിയ്‌ക്കാന്‍ ബ്ലെസ്സി ഉണ്ടാക്കിയ പടങ്ങള്‍ മുഴുവന്‍ കാണണമത്രേ. അതു കുറച്ചു ക്രൂരമായിപ്പോയി. അവരെല്ലാം തിരക്കുള്ള ആളു കളല്ലേ? ഭരണചക്രം തിരിയ്‌ക്കുന്നതിനിടയില്‍ പടം കാണാനൊക്കെ അവര്‍ക്കെവിടെയാണ്‌നേരം? പോരാത്തതിന്‌ പടം കണ്ട്‌ അഭിപ്രായം പറയാന്‍ അവരെന്താ നമ്മുടെ ആപ്പ-ഊപ്പ നിരൂപകരാണോ?

സിനിമാക്കാര്യത്തില്‍ രാഷ്ടീയക്കാര്‍ ഇടപെടുന്നത്‌ ഇതാദ്യമായിട്ടാണത്രേ. അതു ശരിയാണ്‌. ഇതിനു മുമ്പ്‌ സാമുദായികസംഘടനകളായിരുന്നു. സത്യന്‍ അന്തിക്കാട്‌ `പൊന്മുട്ടയിടുന്ന തട്ടാന്‍' എന്ന്‌ ഒരു പടത്തിനു പേരിട്ടു. അത്‌ ആ പ്രത്യേകസമുദായത്തെയാകെ അവഹേളിയ്‌ക്കുന്നതാണെന്നും പേരു മാറ്റണമെന്നും വിധിയുണ്ടായപ്പോള്‍ തട്ടാന്‍ പെട്ടെന്ന്‌ താറാവായി. അപ്പോഴും വന്നു ആവിഷ്‌ക്കാരക്കാര്‍. അത്‌ അനുവദിയ്‌ക്കരുതെന്നും എന്തു പേരും ഇടാനുള്ള സ്വാതന്ത്ര്യം സംവിധായകനുണ്ടെന്നും ഈ പേരു മാറ്റം കൊണ്ട്‌ എത്ര മനോവേദന കലാകാരന്മാര്‍ക്കുണ്ടായെന്നും മറ്റുമായിരുന്നു അവരുടെ വാദം. അതിന്‌ ചുട്ട മറുപടിയായിരുന്നു കേരളത്തിലെ ഒരു പ്രശസ്‌ത കവയിത്രിയുടേത്‌. `നായര്‌ പിടിച്ച പുലിവാല്‌' എന്ന സിനിമയുടെ പേര്‌ അങ്ങനെയായതുകൊണ്ട്‌ നായരായ താന്‍ എത്രയോ അവമതി സഹിച്ചാണ്‌ ഇത്രയും കാലം ജീവിച്ചതെന്നും ഇപ്പോഴാണ്‌ തനിയ്‌ക്കു സമാധാനമായത്‌ എന്നുമായിരുന്നു അവര്‍ ഒരു കത്തിലൂടെ വ്യക്തമാക്കിയത്‌. കലാകാര ന്മാര്‍ സിനിമാക്കാര്‍ മാത്രമല്ലല്ലോ. കവികള്‍ക്കുമുണ്ടാവില്ലേ വികാരങ്ങള്‍? അവര്‍ക്കുമില്ലേ മാനാഭിമാനങ്ങള്‍?

സൂക്ഷിച്ചു നോക്കൂ. ഈ `കളിമണ്ണ്‌' എന്ന പേരില്‍ത്തന്നെയില്ലേ ദുസ്സൂചനകള്‍?കളിമണ്ണുപയോഗിച്ച്‌ ഉപജീവനം നടത്തുന്ന വലിയൊരു ജനവിഭാഗത്തെ അവഹേളിയ്‌ക്കുന്നതല്ലേ അത്‌? അതെന്തേ ത്രികാലജ്ഞാനിയായ സ്‌പീക്കര്‍ പോലും കാണാതെപോയത്‌?

വിവാദങ്ങള്‍ക്കു വേണ്ടിയല്ല ജനം സിനിമ കാണാന്‍ പോവുന്നത്‌. പകലന്തി വേലചെയ്‌ത്‌ തളര്‍ന്നാല്‍ അല്‍പം ആശ്വാസത്തിനു വേണ്ടി നൂറു മില്ലി പൂശും. പിന്നെ ഒരുസിനിമയ്‌ക്കു കേറും. അപ്പോള്‍ അവിടെ പോലീസും പട്ടാളവുമായാല്‍ ശരിയാവില്ല.മോര്‍ച്ചയും മാര്‍ച്ചുമൊന്നും പടം കാണാന്‍ തടസ്സമാവരുത്‌.

കൊട്ടകകളില്‍ സമാധാനം പുലരാന്‍ എന്താണ്‌ വഴി എന്ന്‌ അതിഗാഢമായി ചിന്തിച്ചപ്പോള്‍ കിട്ടിയ ചില പോംവഴികളാണ്‌ താഴെപ്പറയുന്നത്‌. സര്‍ക്കാരിന്‌ പരിഗണിയ്‌ക്കാവുന്നതാണെന്ന്‌ തോന്നുന്നു.

1. ഇപ്പോഴത്തെ സെന്‍സര്‍ ബോഡ്‌ പിരിച്ചുവിടുക. പകരം എല്ലാ രാഷ്ട്രീയകക്ഷികളില്‍നിന്നും ഒരാളെ വീതം തിരഞ്ഞെടുത്ത്‌ അംഗങ്ങളാക്കുക. എല്ലാ ഗ്രൂപ്പുകള്‍ക്കും പ്രാതിനിധ്യം ഉറപ്പു വരുത്തണം. ഇപ്പോഴത്തെ സ്‌പീക്കറെ വ്യക്തിപരമായിത്തന്നെ സ്ഥിരം ചെയര്‍മാനാക്കാവുന്നതാണ്‌. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ജി. സുധാകരന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരെ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കണം. ഇപ്പോഴത്തെ വനിതാക്കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടിയ്‌ക്കും അംഗത്വം വേണം. നല്ല നല്ല അശ്ലീലപദങ്ങള്‍ഫലപ്രദമായി ഉപയോഗിയ്‌ക്കുന്നതിനു വേണ്ടി ഇപ്പോഴത്തെ ചീഫ്‌ വിപ്പ്‌ പി. സി.ജോര്‍ജ്ജിനെ വിശിഷ്ടാംഗമാക്കുന്ന കാര്യം പരിഗണിയ്‌ക്കണം.

2. പേരിടുന്നതിന്റെ ഇപ്പോഴത്തെ രീതി മാറ്റുക. പകരം അത്‌ നമ്പറുകളാക്കുക.ഉദാഹരണത്തിന്‌ 2013 ജനുവരി മാസം ഒന്നാം തീയതി സെന്‍സറിങ്ങിനു വരുന്ന പടത്തിന്‌1/1/2013 എന്ന്‌ പേര്‍ കൊടുക്കുക. അതിന്‌ തരം തിരിച്ച്‌ കുട്ടികള്‍ക്കുള്ളതാണെങ്കില്‍ ഇ എന്നും മുതിര്‍ന്നവര്‍ക്കുള്ളതാണെങ്കില്‍ അ എന്നും എല്ലാവര്‍ക്കും കാണാവുന്നതാണെങ്കില്‍ U എന്നും കൊടുക്കാം. കുറച്ച്‌ പ്രശ്‌നമുള്ളതാണെങ്കില്‍ UA കൊടുക്കാം. 13 അശുഭസംഖ്യയായതിനാല്‍ 13-ാമത്തെ പടത്തിന്‌ 12A എന്നു പേരു കൊടുക്കുന്നതിനും വിരോധമില്ല.റീമെയ്‌ക്കുകള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമായതുകൊണ്ട്‌ അവയ്‌ക്ക്‌ (R) എന്നു കൊടുത്താല്‍ മതി. അപ്പോള്‍ 2013 ജനുവരിയില്‍ പതിമൂന്നാമത്തെ ചിത്രം രജിസ്റ്റര്‍ ചെയ്യപ്പെടുകയും അത്‌ റീമെയ്‌ക്ക്‌ ആണെന്നു വരികയും ചെയ്‌താല്‍ അതിന്റെ പേര്‌ 12A/1/2013/ U/(R)എന്നായിരിയ്‌ക്കും. ഒറ്റനോട്ടത്തില്‍ അത്‌ ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ആണെന്നു തോന്നാമെങ്കിലും പെട്ടെന്ന്‌ പടത്തിന്റെ സ്വഭാവം നമുക്കു മനസ്സിലാവും എന്ന
താണ്‌ അതിന്റെ മേന്മ. അതോടെ ഏതെങ്കിലും മതവിഭാഗത്തെ വ്രണപ്പെടുത്തുന്നു എന്നഅപകടം തീരെയില്ലാതാവും. ഇപ്പോള്‍ത്തന്നെ സിനിമാപ്പേരുകള്‍ക്ക്‌ ക്ഷാമമനുഭവപ്പെടുന്നതുകൊണ്ട്‌ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഈ രീതി വലിയ ആശ്വാസമാകും.

3. നിലവിളക്ക്‌, ഓട്ടുകിണ്ടി, അള്‍ത്താര, മരക്കുരിശ്‌, മിനാരം, പച്ചബ്ലൗസ്‌ എന്നിവരംഗങ്ങളില്‍നിന്ന്‌ തീരെ വര്‍ജ്ജിയ്‌ക്കുക. അവയെല്ലാം ചില പ്രത്യേകമതവിഭാഗങ്ങളുടെവികാരങ്ങളെ വ്രണപ്പെടുത്തുന്നവയാണ്‌. ആ വാക്കുകള്‍ തിരക്കഥയിലും കടന്നു വരാതെനോക്കേണ്ടതാണ്‌. പാട്ടുകളില്‍ നിന്ന്‌ അവ ഒഴിവാക്കണമെന്ന്‌ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.കഥാപാത്രങ്ങള്‍ക്ക്‌ പേരിടുമ്പോഴും ശ്രദ്ധിയ്‌ക്കണം. കൃഷ്‌ണന്‍, രാമന്‍, യേശു, മറിയമ്മ, നബി, മുഹമ്മദ്‌ തുടങ്ങിയവ വര്‍ജ്ജിയ്‌ക്കണം. പടത്തിന്‌ മേല്‍പ്പറഞ്ഞ രീതിയില്‍പേരിടുകയും തിരക്കഥയും പാട്ടുകളും തയ്യാറായാവുകയും ചെയ്‌തുകഴിഞ്ഞാല്‍ അവസെന്‍സര്‍ ബോഡിനു സമര്‍പ്പിയ്‌ക്കേണ്ടതാണ്‌. അവര്‍ വെട്ടിമാറ്റുകയും തിരുത്തുകയുംചെയ്‌ത പാഠം വേണം ഒടുക്കത്തെ ചിത്രീകരണത്തിനുള്ള അസംസ്‌കൃതവിഭവമാവേണ്ടത്‌.എങ്കില്‍ ഇപ്പോള്‍ ബ്ലെസ്സി അകപ്പെട്ടിരിയ്‌ക്കുന്നതു പോലുള്ള അപകടത്തിനുള്ള സാദ്ധ്യതകള്‍തനിയെ ഇല്ലാതാവുന്നതാണ്‌.

4. ഇത്രയൊക്കെ വെട്ടിമാറ്റിയിട്ടും പടത്തില്‍ മേല്‍പ്പറഞ്ഞവയിലേതെങ്കിലുംഘടകം ഉള്‍പ്പെട്ടാല്‍ ഒന്നേ വഴിയുള്ളു. സംവിധായകന്റെ കയ്യോ കാലോ വെട്ടിമാറ്റുക.അതിനുതകുന്ന നിയമനിര്‍മ്മാണം നടത്താന്‍ സെന്‍സര്‍ ബോഡ്‌ അംഗങ്ങള്‍ തന്നെ മുന്‍കയ്യെടുക്കണം. ഏതോ വാക്ക്‌ ഒരു പരീക്ഷക്കടലാസ്സില്‍ ചേര്‍ത്തതുകൊണ്ട്‌ അദ്ധ്യാപകന്റെകൈപ്പത്തി വെട്ടിമാറ്റിയവരുടെ സാങ്കേതികോപദേശം ഇക്കാര്യത്തില്‍ തേടാവുന്നതാണ്‌.പ്രതിസന്ധി നേരിടുന്ന ചലച്ചിത്രവ്യവസായം അഭിവൃദ്ധിപ്പെടുന്നതിനു വേണ്ടി ചിലഎളിയ നിര്‍ദ്ദേശങ്ങളാണ്‌ മേല്‍ക്കൊടുത്തത്‌. ഇനിയും ഉചിതമായ നിര്‍ദ്ദേശങ്ങളുണ്ടാവാം.അവ പടിപടിയായി നടപ്പാക്കണം. `കളിമണ്ണ്‌' നിരോധിച്ചുകൊണ്ടാവട്ടെ അതിന്റെ തുടക്കം. എന്തും ഐശ്വര്യമായി തുടങ്ങണമല്ലോ.
സദാചാര കേരളീയനെ കളിമണ്ണ്‌ കളിപ്പിയ്‌ക്കരുത്‌ (അഷ്ടമൂര്‍ത്തി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക