Image

കുന്നുംപുറത്തു മാതാവും ന്യായവിധിയും (കഥ)-നീനാ പനയ്ക്കല്‍

നീനാ പനയ്ക്കല്‍ Published on 07 December, 2012
കുന്നുംപുറത്തു മാതാവും ന്യായവിധിയും (കഥ)-നീനാ പനയ്ക്കല്‍
"കുട്ടപ്പായി കള്ളു കുടിക്കും", കുന്നുംപുറത്തു പള്ളിമുറ്റത്തെ കുരിശടിയുടെ മുന്നില്‍ നെഞ്ചത്തു കൈകള്‍ കൂപ്പിനിന്നു കുട്ടപ്പായി മാതാവിനോടു പറഞ്ഞു, "എന്റെ ഭാര്യ ഏല്യാമ്മ ചൊറിയുന്ന വര്‍ത്തമാനം പറയുമ്പോള്‍ അവള്‍ക്കിട്ടു രണ്ടു തൊഴിക്കേം ചെയ്യും. പക്ഷേ, മാതാവിന്റെ മുമ്പില്‍ കുട്ടപ്പായി ഡീസന്റാ. അല്ലെങ്കി മാതാവു പറ".

കുട്ടപ്പായി മാതാവിന്റെ മുഖത്തേക്കു ഉറ്റുനോക്കി. കത്തിച്ചു വെച്ച മെഴുകുതിരി വെളിച്ചത്തില്‍ ആ കണ്ണുകള്‍ക്ക് നല്ല പ്രകാശം, ദയയും പ്രസന്നതയും തുളമ്പുന്ന കണ്ണുകള്‍ .

“മാതാവേ…"അയാള്‍ വീണ്ടും വിളിച്ചു. അത്യാവശ്യമായി കുറച്ചു കാശുണ്ടാക്കേണ്ടി വന്നിരിക്കുന്നു. നമ്മുടെ പള്ളിലച്ചന്‍ പറഞ്ഞത് മാതാവും കേട്ടില്ല്യേ… ഈ ക്രിസ്തുമസിന് ഇടവകയിലെ ഓരോ കുടുംബവും ഏറ്റവും കുറഞ്ഞത് അഞ്ഞൂറു രൂപായെങ്കിലും പള്ളി ഫണ്ടിലേക്ക് കൊടുക്കണമെന്ന്. പെണ്ണിനെ കെട്ടിക്കാനെന്നോ പെരവച്ചുകൊടുക്കാനെന്നോ ഒക്കെ പറേന്ന കേട്ടു. കുട്ടപ്പായിക്കെവിടുന്നാ അഞ്ഞൂറു രൂപ? ഇങ്ങനെ പള്ളിപ്പിരിവു വന്നാല്‍ കുട്ടപ്പായിക്ക് കക്കാന്‍ പോകേണ്ടിവരും. മാതാവ് കേക്കണാണ്ടോ?”

സംസാരം നിര്‍ത്തി കുട്ടപ്പായി മാതാവിന്റെ മുഖത്തേക്കു വീണ്ടും സൂക്ഷിച്ചു നോക്കി.

മാതാവെന്താ ഒന്നു മിണ്ടാത്തത്? മൗനം സമ്മതമെന്നെടുത്തോട്ടെ?

കത്തിക്കൊണ്ടിരുന്ന മെഴുകുതിരി ഊതി അണച്ചിട്ട് അയാള്‍ മടിയില്‍ തിരുകി. നാളെയും കത്തിക്കാം.

“ശരി, എന്നാ ഞാന്‍ പോവാ. കട്ടെടുക്കുന്ന കാശു മുഴുവന്‍ അച്ചനു കൊടുത്തേക്കാം. ഒരു ചില്ലി കുട്ടപ്പായിക്കു വേണ്ട.”

നടക്കുന്നതിനിടയില്‍ അയാള്‍ തിരിഞ്ഞ് മാതാവിന്റെ നേര്‍ക്ക് കൈ കൂപ്പി. "മാതാവെനിക്കൊരു ഉപകാരം ചെയ്യണം. എന്നെ പോലീസിനെക്കൊണ്ടു പിടിപ്പിക്കാന്‍ സമ്മതിക്കരുത്”

കുട്ടപ്പായി നടന്നു. എവിടെപ്പോയി എന്തു മോഷ്ടിച്ചാല്‍ കൃത്യം രൂപയുണ്ടാക്കാം? കട്ടും മോഷ്ടിച്ചും ശീലമില്ല. അച്ചന്മാരിങ്ങനെ തുടങ്ങിയാല്‍ പിന്നെ എന്തോ ചെയ്യും?

ആലോചിച്ചാലോചിച്ച് വളരെ ദൂരം താണ്ടി. പൊള്ളുന്ന വെയില്‍ . പൊരിയുന്ന വയറും തൊണ്ടയും. അടുത്തെങ്ങും ഒരു മുറുക്കാന്‍കട പോലും കാണാനില്ല.

നടന്നു തളര്‍ന്നപ്പോള്‍ കുട്ടപ്പായി നിന്നു. ചുററുംനോക്കി.

മനോഹരമായ ഒരു പുത്തന്‍ ബംഗ്ലാവിന്റെ മുന്നിലാണ് താന്‍ നില്‍ക്കുന്നത്. ഗേറ്റ് തുറന്നു കിടക്കുന്നു.
അകത്തേക്കു കയറി നോക്കിയാലോ. വീടിനരികിലെങ്ങാന്‍ ചെടിനനയ്ക്കുന്ന പൈപ്പുണ്ടെങ്കില്‍ ഇറ്റുവെള്ളം കുടിക്കാമായിരുന്നു.

ശബ്ദമുണ്ടാക്കാതെ ഗേറ്റ് കടന്ന് അകത്തുകയറി. ചെടികള്‍ക്കരികില്‍ ഒരു പിച്ചളപൈപ്പ് ഒറ്റക്കാലന്‍ കൊക്കിനെപ്പോലെ നില്‍ക്കുന്നു.

പൈപ്പുതുറന്നു. ചൂടുവെള്ളമൊഴുകി. പിന്നെ ചൂടില്ലാത്ത വെള്ളം. കൈകള്‍ കുമ്പിളാക്കി വയറു നിറയെ കുടിച്ചപ്പോള്‍ കണ്ണു തെളിഞ്ഞു. അമൃതിന്റെ രുചി വെള്ളത്തിന്.

ആരേയും കാണാനില്ലല്ലോ.

വീടിനു ചുറ്റും അലസഗമനം നടത്തിയ കണ്ണുകള്‍ സിറ്റൗട്ടില്‍ ചെന്നുനിന്നു. ചിത്രപണികള്‍ ചെയ്ത കസേരകള്‍ സിറ്റൗട്ടിനെ അലങ്കരിക്കുന്നു. ചൂരല്‍ക്കസേരകള്‍. പുത്തന്‍പോലിരിക്കുന്നു.

എണ്ണി നോക്കി. എട്ടെണ്ണമുണ്ട്.

ഒരു കൊച്ചു ചൂരല്‍മേശമേല്‍ പേപ്പറുകളും ആഴ്ചപ്പതിപ്പുകളും ഭംഗിയായി അടുക്കിവെച്ചിരിക്കുന്നു.
ഇത്ര ഭംഗിയുള്ള ചൂരല്‍ക്കസേരകള്‍ക്ക് ഈ വീട്ടുകാര്‍ എത്ര രൂപ കൊടുത്തു കാണും…!!

പെട്ടെന്നു കുട്ടപ്പായിക്കു ബോധോദയം. എന്തു കിട്ടും ഈ കസേരകള്‍ക്കും മേശക്കും കൂടി?

കസേരകളും മേശയും അടുക്കി, തലയില്‍ കയറ്റി പുറത്തിറങ്ങി. ഗേറ്റിനു കുറ്റിയിട്ടതും വീടിന്റെ ടെറസ്സില്‍നിന്നും ഒരു ചോദ്യം ഉച്ചത്തില്‍ .

“ആരാ, എന്താ വേണ്ടത്?”

കുട്ടപ്പായി സ്തംഭിച്ചു പോയി. നാവനങ്ങുന്നില്ല. 'മാതാവേ…' മനസ്സില്‍ ഉറക്കെ വിളിച്ചുകൊണ്ട് കുട്ടപ്പായി ആ സ്ത്രീയെ തുറിച്ചു നോക്കി.

വീട്ടുടമസ്ഥയായിരിക്കണം.

കഴുത്തും കൈകളും പൊന്നകൊണ്ട് മൂടിയിട്ടുണ്ട്.

ഉമിനീര്‍ ശബ്ദത്തോടെ ഇറക്കി, പിടയുന്ന നെഞ്ചുമായി വിക്കിവിക്കി അയാള്‍ പറഞ്ഞു: “ചൂരക്കസേര. വേണോ…അമ്മാ…”

“വേണ്ട…ഇവിടെങ്ങും വേണ്ട…കൊണ്ടുപോ…”

അവര്‍ തല വെട്ടിത്തിരിച്ചു. വന്നു കേറും ശല്യങ്ങള്‍ എന്ന മട്ടില്‍.

കേള്‍ക്കേണ്ട താമസം കുട്ടപ്പായി ഓടി. കസേരകള്‍ തലയിലും പ്രാണന്‍ കൈയിലും പിടിച്ചുകൊണ്ട്.

ജഡ്ജിയുടെ കാര്‍ വീടിനരികില്‍ എത്തിയത് ബെഡ്‌റൂമില്‍ നിന്നു കണ്ട വീട്ടുടമസ്ഥ ഭര്‍ത്താവിനെ സ്വീകരിക്കാന്‍ സിറ്റൗട്ടിലെത്തി.

“അയ്യോ….എന്റെ ദൈവമേ. എന്റെ കസേരകള്‍ … എന്റെ സിറ്റൗട്ട്…” തലയില്‍ കൈ വെച്ച് അവര്‍ അലറി.

“എന്താ എന്താ?” ജഡ്ജി കാറില്‍നിന്നും ചാടിയിറങ്ങി.

“അവന്‍ ആ കള്ളന്‍ എന്റെ കസേരകള്‍ മോഷ്ടിച്ചു തലയില്‍ വെച്ചിട്ടാണ് കസേര വേണോ എന്നു ചോദിച്ചതെന്ന് ഞാനറിഞ്ഞില്ലാ…” ഉച്ചത്തില്‍, ശ്വാസം വിടാതെ താന്‍ കസേരക്കള്ളനാല്‍ കബളിപ്പിക്കപ്പെട്ട കാര്യം അവര്‍ ഭര്‍ത്താവിനോടു പറഞ്ഞു.

ജഡ്ജിയുടെ കണ്ണുകള്‍ ഒഴിഞ്ഞ സിറ്റൗട്ടിലേക്ക്, തൊണ്ടയിലിരുന്ന് വിങ്ങുന്ന മുള്ളുകളായിരുന്നു ആ ചൂരല്‍ക്കസേരകള്‍. തന്റെ അറിവോ സമ്മതമോകൂടാതെ, ഏതോ പാവത്തിന്റെ കൈയില്‍ നിന്നും പാരിതോഷികം എന്ന പേരില്‍ ഭാര്യ വാങ്ങിയ കൈക്കൂലി!

പോയപ്പോള്‍ എന്തൊരു ഐശ്വര്യം സിറ്റൗട്ടിന്. “അവനെ വെറുതെ വിടരുത്.” അവര്‍ ആജ്ഞാപിച്ചു. “പോലീസിനെക്കൊണ്ടു പിടിപ്പിക്കണം. കസ്റ്റഡിയിലെടുക്കണം. ക്വസ്റ്റ്യന്‍ ചെയ്യണം. നിങ്ങളവനെ ശിക്ഷിക്കുന്നത് എനിക്കു കാണണം.”

“ബംഗ്ലാവിലെ കൊച്ചമ്മ പറഞ്ഞിട്ടാ അവന്‍ കസേരകള്‍ കൊണ്ടുപോയ
ത്”. ജഡ്ജിയുടെ കണ്ണുകള്‍ തിളങ്ങി. “പോലീസിനെക്കൊണ്ട് പിടിപ്പിക്കാനും കൊസ്റ്റ്യന്‍ ചെയ്യാനും വകുപ്പില്ല”.

കുന്നുംപുറത്തു പള്ളിമുറ്റത്തെ കുരിശടിയില്‍നിന്ന് മാതാവ് കുട്ടപ്പായിയെ നോക്കി പുഞ്ചിരിച്ചു.

കുന്നുംപുറത്തു മാതാവും ന്യായവിധിയും (കഥ)-നീനാ പനയ്ക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക