Image

നമ്പാടന്റെ വെളിപ്പെടുത്തല്‍?? ബിഷപ്പ് കുണ്ടുകുളത്തിന്റെ മരണം; ബിഷപ്‌ തൂങ്കുഴി

Madhyamam article Published on 05 December, 2012
നമ്പാടന്റെ വെളിപ്പെടുത്തല്‍?? ബിഷപ്പ് കുണ്ടുകുളത്തിന്റെ മരണം; ബിഷപ്‌ തൂങ്കുഴി
http://www.madhyamam.com/content/203501

ഈ വിഷയം നേരിട്ടറിയാവുന്ന ഏക വ്യക്തി ഞാനാണ്. എന്‍െറ മരണശേഷം ഈ രഹസ്യം ഇല്ലാതാവും. അതുകൊണ്ടുതന്നെ അഭയകേസ്പോലെ  ഇതും പുനരന്വേഷണം നടത്തണം.’- ദീനക്കിടക്കയില്‍നിന്ന് ലോനപ്പന്‍ നമ്പാടന്‍ ആഞ്ഞടിക്കുന്നു.

ഇരുട്ടി വെളുത്തപ്പോഴേക്കും ഒരു മന്ത്രിസഭയെ ഒറ്റക്ക് മറിച്ചിട്ടയാളാണ് ലോനപ്പന്‍ നമ്പാടന്‍. തനിക്ക് ശരിയെന്ന് തോന്നുന്നത് വിളിച്ചുപറയാനും പ്രവര്‍ത്തിക്കാനും നമ്പാടന്‍ മാസ്റ്റര്‍ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. 25 വര്‍ഷം എം.എല്‍.എ, അഞ്ചുവര്‍ഷം എം.പി, രണ്ടുവട്ടം മന്ത്രി. വിവാദവും വെല്ലുവിളികളും സമരങ്ങളുമൊക്കെയായി സംഭവ ബഹുലമായിരുന്ന ജീവിതം. താന്‍ നല്ലൊരു വിശ്വാസിയും ഒരേ സമയം നല്ലൊരു കമ്യൂണിസ്റ്റുകാരനുമാണെന്ന്  പ്രഖ്യാപിക്കുമ്പോഴും പൗരോഹിത്യം ഇരുമ്പുമറകള്‍ക്കുള്ളില്‍ അടച്ചുവെച്ച ജീര്‍ണതകളെ തുറന്നുകാട്ടാന്‍ അദ്ദേഹം മടിച്ചിട്ടില്ല. അഭയകേസ് തന്നെ ഉദാഹരണം. അഭയയെ വിശുദ്ധയായി പ്രഖ്യാപിക്കണമെന്നാണ്  ഇദ്ദേഹം ആവശ്യപ്പെടുന്നത്. പക്ഷേ 14 വര്‍ഷമായി മറ്റൊരു ദുരൂഹമരണം തന്നെ വേട്ടയാടുകയാണെന്ന് അദ്ദേഹം പറയുന്നു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും സ്വാധീനമുള്ള വൈദികനായിരുന്ന ബിഷപ്പ് കുണ്ടുകുളത്തിന്‍െറ മരണമാണത്.
അമൃത ആശുപത്രിയില്‍ ഡയാലിസിന് വിധേയനായി കഴിയുമ്പോഴും നമ്പാടന്‍മാഷ് നിലപാടുകളില്‍ കടുകുമണി മാറാന്‍ തയാറല്ല.‘കേരളത്തിലെ കൈസ്ര്തവ വിശ്വാസികള്‍ക്കിടയില്‍ അവസാനവാക്കായിരുന്നു കുണ്ടുകുളം. കുണ്ടുകുളവും ഞാനും പലതവണ ഉടക്കിയിട്ടുണ്ട്. ഇണങ്ങിയിട്ടുണ്ട്.ഞങ്ങള്‍ പരസ്പരംകൊണ്ടും കൊടുത്തും കഴിയുമ്പോഴും അദ്ദേഹത്തിന് എന്നോട് വലിയ സ്നേഹമായിരുന്നു. വിവാഹം ആശീര്‍വദിക്കാനും, ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനും ഉദ്ഘാടനം ചെയ്യാനുമെല്ലാം ബന്ധപ്പെട്ടവര്‍ അദ്ദേഹത്തിന് 5000 രൂപ മുന്‍കൂട്ടി കൊടുക്കണമായിരുന്നു. പിന്നീടത് 10000 രൂപയാക്കി വര്‍ധിപ്പിച്ചു. ഇത് ശരിയല്ലെന്ന് ഞാന്‍ അദ്ദേഹത്തോടു തുറന്നു പറഞ്ഞതാണ് ഞങ്ങള്‍ തമ്മിലെ ഉടക്കിന്‍െറ ഒരു കാരണം.
എന്നാല്‍, കുണ്ടുകുളത്തിന്‍െറ വാദം മറ്റൊന്നായിരുന്നു. ‘കാര്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ നമ്പാടനും വാങ്ങണം. സ്നേഹത്തോടെ അറിഞ്ഞു തരുന്നത് വാങ്ങുന്നതില്‍ തെറ്റില്ല. ഞാന്‍ പാവപ്പെട്ടവര്‍ക്ക് ചെലവഴിക്കാന്‍ വേണ്ടിയാണ് വാങ്ങുന്നത്. അപ്പറഞ്ഞതില്‍ കുറേ സത്യവുമുണ്ടായിരുന്നു. ഒരു പാട് ധാന ധര്‍മ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളാണ് കുണ്ടുകുളം. ഒരു തെരഞ്ഞെടുപ്പില്‍ എന്നെ അദ്ദേഹം പിന്തുണച്ചു. അതിനു പറഞ്ഞ ന്യായം, എല്ലാവരും സ്വന്തം കാര്യത്തിനാണ് മത്സരിക്കുന്നത്, പക്ഷേ നമ്പാടന്‍ ജനങ്ങളുടെ കാര്യത്തിനാണ് എന്നാണ്. ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എനിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റപ്പോള്‍ നേരിട്ട് വന്ന് അദ്ദേഹം സാന്ത്വനിപ്പിച്ചത് മറക്കാന്‍ കഴിയില്ല -നമ്പാടന്‍ മാഷ് ഓര്‍ക്കുന്നു.
 ‘ സഞ്ചരിക്കുന്ന വിശ്വാസി എന്ന എന്‍െറ ആത്മകഥയില്‍ കുണ്ടുകുളത്തിന്‍െറ ദുരൂഹ മരണത്തെക്കുറിച്ച് ഞാന്‍ വിശദമായി എഴുതിയിട്ടുണ്ട്. എന്നിട്ടും ഇതേക്കുറിച്ചൊന്ന് അന്വേഷിക്കാന്‍പോലും സഭ മിനക്കെട്ടില്ല. ഞാന്‍ വിശ്വാസത്തിനോ സഭക്കോ എതിരല്ല. പക്ഷേ കള്ളത്തരങ്ങള്‍, അതെന്നും പൊളിക്കുക തന്നെവേണം’- അദ്ദേഹം പറയുന്നു.

‘സഞ്ചരിക്കുന്ന വിശ്വാസി’ എന്ന ആത്മകഥയില്‍ നമ്പാടന്‍ കുണ്ടുകുളത്തെ കുറിച്ചെഴുതിയതിന്‍െറ പ്രസക്തഭാഗങ്ങള്‍:

ബിഷപ്പ് കുണ്ടുകുളം മരിച്ചത് കെനിയയില്‍ വെച്ചാണ്. മരണത്തില്‍ ദുരൂഹതയുണ്ടായിരുന്നു. 1998 ഏപ്രില്‍ 26നാണ് മരണം. എയ്ഡ്സ് രോഗികളെ ചികിത്സിക്കാന്‍ ഫണ്ട് സ്വരൂപിക്കാന്‍ വേണ്ടിയാണ് ബിഷപ്പ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയത്. സഹായിയായി ഫാ. വര്‍ഗീസ് പാലത്തിങ്കലും ഉണ്ടായിരുന്നു. കുണ്ടുകുളം പിതാവിന് ദുബൈയിലും ധാരാളം ആരാധകരുണ്ട്. അവര്‍ ‘പാവങ്ങളുടെ പിതാവി’ന് ധാരാളം പണവും സ്വര്‍ണവും സംഭാവനയായി നല്‍കി. പിന്നീട് അദ്ദേഹം കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്ക് വിമാനമാര്‍ഗം പോകാന്‍ തീരുമാനിച്ചു.
സ്വര്‍ണം കൊണ്ടുപോയാല്‍ കസ്റ്റംസുകാര്‍ പിടിച്ചെടുക്കാന്‍ സാധ്യത ഉള്ളതിനാല്‍ സ്വര്‍ണമെല്ലാം ഉരുക്കി കുരിശും മാലയും ഉണ്ടാക്കി. ബിഷപ്പുമാരുടെ ഔദ്യാഗിക ചിഹ്നമാണ് കുരിശ്. അതിനാല്‍ കുരിശ് കൊണ്ടുപോകാന്‍ തടസമുണ്ടാകില്ലെന്നും ബിഷപ്പ് കരുതി. കുണ്ടുകുളം സ്വര്‍ണകുരിശ് ധരിക്കാറില്ല. സ്വര്‍ണം കടത്താന്‍ വേണ്ടി മാത്രമാണ് ഈ തന്ത്രം പ്രയോഗിച്ചത്. ബിഷപ്പുമാര്‍ സ്വര്‍ണകുരിശും മാലയും ഔദ്യാഗിക വേഷത്തില്‍ ഉപയോഗിക്കാറുണ്ട്.
ദുബൈയില്‍നിന്നു കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്ക് ബിഷപ്പ് പുറപ്പെട്ടു. വാമ്പയിലേക്കുള്ള നിര്‍മലദാസി കോണ്‍വെന്‍റിലേക്കാണ് പോകേണ്ടിയിരുന്നത്. നെയ്റോബിയില്‍നിന്നു ആറുമണിക്കൂര്‍ ഘോരവനത്തിലൂടെ യാത്ര ചെയ്താലേ വാമ്പയില്‍ എത്താന്‍ കഴിയുകയുള്ളൂ. 400 കി.മീറ്ററോളം ദൂരമുണ്ട്.
കൊള്ളക്കാരുടെ കേന്ദ്രമാണ് ഈ മേഖല. പകല്‍പോലും യാത്രക്കാരെ കൊള്ളയടിക്കുമെന്നത് കൊണ്ട് വാഹനങ്ങള്‍ കൂട്ടമായിട്ടേ ഈ കൊടുംകാട്ടിലൂടെ പോകാറുള്ളൂ. കൊള്ളക്കാരുടെ വിഹാര കേന്ദ്രമായ ഈ മേഖലയില്‍ നാട്ടുകാര്‍ പോലും യാത്ര ചെയ്യാന്‍ ധൈര്യപ്പെടാറില്ല. കുണ്ടുകുളം ബിഷപ്പിന്‍െറ യാത്രയില്‍ വാഹനവ്യൂഹം ഉണ്ടായിരുന്നില്ല. വന്ദ്യവയോധികനും ഹൃദ്രോഗിയുമായ ബിഷപ്പ് യാത്രക്കിടയില്‍ മരണപ്പെട്ടു. അടുത്തൊന്നും ആശുപത്രികള്‍ ഇല്ലായിരുന്നു. ചികിത്സ കിട്ടാതെയായിരുന്നു അദ്ദേഹത്തിന്‍െറ മരണം. 81 വയസ്സായിരുന്നു.
കുണ്ടുകുളം ബിഷപ്പ് എന്തിന് വേണ്ടിയാണ് വാമ്പയിലേക്ക് പോയത്. രണ്ടു കന്യാസ്ത്രീകളെ കാണാന്‍ വേണ്ടി മാത്രം ഇത്രയും ആപത്കരമായ യാത്ര ആരെങ്കിലും നടത്തുമോ? വാമ്പയില്‍ അദ്ദേഹത്തിന് പൊതുപരിപാടികള്‍ ഒന്നും ഇല്ലായിരുന്നു.
കെനിയയില്‍ ബഹുഭൂരിപക്ഷവും ക്രിസ്ത്യാനികളാണ്. ഇവിടെ രണ്ടരകോടി ക്രിസ്ത്യാനികളും,20 ബിഷപ്പുമാരും നാല് ആര്‍ച്ച് ബിഷപ്പുമാരും ഒരു കര്‍ദിനാളും നൂറുകണക്കിന് വൈദികരുമുണ്ട്. സഭാധികാരികളെയൊന്നും അറിയിക്കാതെ അതീവരഹസ്യമായിട്ടാണ് ബിഷപ്പ് വാമ്പയിലേക്ക് പോയത്. യാത്രാ വിവരം എന്തുകൊണ്ടാണ് അദ്ദേഹം കെനിയയിലെ സഭാധികാരികളെ അറിയിക്കാതിരിക്കുന്നത്? കുണ്ടുകുളം ബിഷപ്പിന് കന്യാസ്ത്രീ മഠത്തില്‍വെച്ച് ഹൃദ്രോഗം ഉണ്ടായെന്നും ഉടനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച് ഹൃദയത്തിലേക്ക് നേരിട്ട് ഇന്‍ഞ്ചെക്ഷന്‍ നല്‍കിയെന്നും, രക്ഷപ്പെടുത്താനായില്ലെന്നുമാണ് മരണം സംബന്ധിച്ച് അദ്ദേഹത്തിന്‍െറ കൂടെയുള്ളവര്‍ വീട്ടുകാരെയും അരമനക്കാരെയും നാട്ടുകാരെയും ധരിപ്പിച്ചത്. ഹൃദ്രോഗ ചികിത്സാ സൗകര്യമുള്ള ആശുപത്രികള്‍ ഒന്നും വാമ്പയിലോ സമീപപ്രദേശങ്ങളിലോ ഇല്ല. കുണ്ടുകുളം ബിഷപ്പിന്‍െറ യഥാര്‍ഥ മരണകാരണം എന്തായിരുന്നുവെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. മഠത്തില്‍വെച്ചല്ല മരണം സംഭവിച്ചത് എന്ന് വ്യക്തമാണ്. മൃതദേഹം ദര്‍ശിക്കാനോ പ്രാര്‍ഥിക്കാനോ കെനിയയിലെ സഭാധികാരികള്‍ ആരുംതന്നെ വരികയുണ്ടായില്ല. കെനിയയിലെ ഒരു വൈദികന്‍ പോലും തിരിഞ്ഞുനോക്കിയില്ല. കര്‍ദിനാളിന്‍െറ ആസ്ഥാനം നെയ്റോബിയിലാണ്. അദ്ദേഹം യാതാരു സഹായവും ചെയ്തില്ല. എത്തിനോക്കുകപോലും. ഇന്ത്യയിലെ, കേരളത്തിലെ ആരാധ്യനായ ആര്‍ച്ച് ബിഷപ്പ് ഡോ. കുണ്ടുകുളത്തിന്‍െറ മൃതദേഹം ‘അനാഥപ്രേതം’ കണക്കെ കെനിയയില്‍ കിടക്കേണ്ടി വന്നത് കേരളസഭക്ക് അപമാനമായിരുന്നു. ഇതിന്‍െറ ഉത്തരവാദികള്‍ ആരാണ്?
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് കെനിയക്കാരുടെ ആരുടെയും സഹായം ഉണ്ടായിരുന്നില്ല. ഇതിനായി എല്ലാ സഹായവും ചെയ്തുകൊടുത്തത് എന്‍െറ ബന്ധുക്കളായ ജോര്‍ജ് ജോസഫ് പുത്തന്‍പുരക്കലും ഭാര്യ ഡോ. ആനിയുമായിരുന്നു. ഇവര്‍ നൈറോബിയില്‍ സ്ഥിരതാമസക്കാരാണ്. ഡോ. ആനി നെയ്റോബിയില്‍ സ്വന്തമായി ആശുപത്രി നടത്തുന്നുണ്ട്.
സ്വര്‍ണകുരിശ് മൃതദേഹത്തോടൊപ്പം കൊണ്ടുവരാന്‍ കസ്റ്റംസുകാര്‍ അനുവദിച്ചില്ല. അവര്‍ സ്വര്‍ണകുരിശും മാലയും കണ്ടുകെട്ടി. അവസാനം ജോര്‍ജ് ജോസഫിന്‍െറ സ്വാധീനവും രേഖാമൂലം ഇവര്‍ സര്‍ക്കാറിന് നല്‍കിയ സത്യവാങ്മൂലത്തിന്‍െറയും അടിസ്ഥാനത്തിലാണ് സ്വര്‍ണകുരിശും മാലയും വിട്ടുകിട്ടിയത്. ബിഷപ്പുമാരുടെ ഔദ്യാഗിക ചിഹ്നമാണ് ഇതെന്ന് സ്ഥാപിക്കാന്‍ അവര്‍ക്ക് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. എന്‍െറ മകള്‍ ഷെര്‍ളിയുടെ ഭര്‍ത്താവ് തോമസ് ജോസഫ് പുത്തന്‍പുരക്കലിന്‍െറ ജ്യേഷ്ഠ സഹോദരനാണ് യു.എന്‍ പ്രോജക്ടിലെ പ്രഫസറായ ജോര്‍ജ് ജോസഫ് പുത്തന്‍പുരക്കല്‍. ഡോ. ആനി ഇരിങ്ങാലക്കുട പൊട്ടക്കല്‍ കുടുംബാംഗമാണ്. ബിഷപ്പ് കുണ്ടുകുളത്തിന്‍െറ അമ്മവീട് ഇരിങ്ങാലക്കുടയിലാണ്. ഈ രണ്ട് കുടുംബങ്ങളും തമ്മില്‍ ബന്ധമുണ്ട്. എന്‍െറ മകള്‍ കുറച്ചുകാലം ആഫ്രിക്കയില്‍ സകുടുംബം താമസിച്ചിരുന്നു. മരുമകന്‍ തോമസ് 25 വര്‍ഷമായി അവിടെ ഉദ്യോഗത്തിലാണ്.
ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണകുരിശുമായിട്ടാണ് മൃതദേഹം നൈറോബിയില്‍നിന്ന് നാട്ടിലേക്ക് തിരിച്ചത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ നാട്ടിലെത്തിയപ്പോള്‍ പണവുമില്ല സ്വര്‍ണത്തിന്‍െറ പൊടിപോലുമില്ല.
ലക്ഷക്കണക്കിന് രൂപയും കിലോക്കണക്കിന് സ്വര്‍ണവും എങ്ങനെ നഷ്ടപ്പെട്ടു? തൃശൂര്‍ ബിഷപ്പ് ഹൗസില്‍ ഏല്‍പ്പിച്ചിട്ടില്ല. ബിഷപ്പിന്‍െറ വീട്ടുകാര്‍ക്ക് കൊടുത്തിട്ടുമില്ല. അക്കാലത്തെ തൃശൂര്‍ അരമനയിലെ പ്രൊക്കുറേറ്റര്‍ എന്നോട് പറഞ്ഞത് അരമനയില്‍ ഒന്നുംതന്നെ ലഭിച്ചിട്ടില്ല എന്നാണ്. മൂന്നോ നാലോ പഴയ ളോഹ മാത്രമേ ബിഷപ്പിന്‍െറ ബാഗില്‍ ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റൊന്നും മൃതദേഹത്തോടൊപ്പമുണ്ടായിരുന്നില്ല. കെനിയയില്‍ ഉണ്ടായ സംഭവമൊക്കെ ജോര്‍ജ് ജോസഫ് നാട്ടില്‍ വന്നപ്പോള്‍ എന്നോട് പറയുകയുണ്ടായി. കുണ്ടുകുളം ബിഷപ്പിന്‍െറ മൃതദേഹം നാട്ടിലെത്തി സംസ്കരിച്ചതിന് ശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു വിവരവും അറിയാത്തത് കൊണ്ട് കൂടുതല്‍ അന്വേഷണം നടത്താന്‍ എന്നോട് പറഞ്ഞു. എന്‍െറ അന്വേഷണത്തിലാണ് ഇത്രയും സത്യങ്ങള്‍ അറിയാന്‍ കഴിഞ്ഞത്. തൃശൂര്‍ ബിഷപ്സ് ഹൗസിലെ ഉത്തരവാദപ്പെട്ട ഒരു വൈദികന്‍ എന്നോട് പറഞ്ഞത് കര്‍ദിനാര്‍ വര്‍ക്കി വിതയത്തിലിന് ഒരു പരാതി കൊടുക്കാനാണ് !
അന്നത്തെ ആര്‍ച്ച് ബിഷപ്പായിരുന്ന ഡോ. തൂങ്കുഴിക്കും ഇപ്പോഴത്തെ ആര്‍ച്ച് ബിഷപ്പ് ഡോ. ആന്‍ഡ്രൂസ് താഴത്തിനും എല്ലാ രഹസ്യങ്ങളുമറിയാം. അവര്‍ അത് മൂടിവെച്ചിരിക്കയാണ്. എനിക്ക് ഈ സംഭവത്തില്‍ പരാതി നല്‍കാന്‍ അര്‍ഹതയില്ല. കാരണം ഞാന്‍ ബിഷപ്പിന്‍െറ കുടുംബക്കാരനോ ഇടവകക്കാരനോ അല്ല. രൂപതക്കാരനുമല്ല. ഇടതുപക്ഷക്കാരനാണ്.
സഭയെ മോശമാക്കാന്‍ മന$പൂര്‍വം കെട്ടിച്ചമച്ച കഥയാണിതെന്ന് സഭാധികാരികള്‍ പ്രചരിപ്പിക്കും. അതുകൊണ്ടാണ് ഞാന്‍ ഇതുവരെ ഈ സത്യം പുറത്തുപറയാതിരുന്നത്. ഞാന്‍ സുഖമില്ലാതെ മൂന്നുവര്‍ഷമായി അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. 76 വയസ്സായി. ഇപ്പോഴെങ്കിലും ഈ സത്യം വെളിപ്പെടുത്തിയില്ലെങ്കില്‍ ഭാവിയില്‍ ഈ സംഭവം ആരും അറിയില്ല. കാരണം ജോര്‍ജ് ജോസഫ് മൂന്നുവര്‍ഷം മുമ്പ് മരിച്ചു. സത്യം അറിയണമെന്ന് അദ്ദേഹത്തിന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു.
  പറപ്പൂരുള്ള ബിഷപ്പിന്‍െറ കുടുംബക്കാര്‍ക്ക് അക്കാലത്തുതന്നെ സംശയങ്ങള്‍ ഉണ്ടായിരുന്നു. തെളിവുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ അവര്‍ മൗനം ദീക്ഷിച്ചു. ഇക്കാര്യത്തില്‍ സഭാധികൃതര്‍ ഈ വൈകിയവേളയിലെങ്കിലും സംശയം തീര്‍ക്കണം. മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജേക്കബ് തൂങ്കുഴി  കുര്‍ബാനമധ്യേ ആസിഡ് കൂടിച്ച് അബോധാവസ്ഥയിലായ സംഭവവും അന്വേഷിക്കുന്നത് നല്ലതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക