Image

ചീനച്ചിന്തകള്‍ (ഡി. ബാബുപോള്‍)

ഡി. ബാബുപോള്‍ Published on 05 December, 2012
ചീനച്ചിന്തകള്‍ (ഡി. ബാബുപോള്‍)
ചൈനയില്‍ അധികാരം കൈമാറുന്ന കാലമാണ്. പത്തുവര്‍ഷം കൂടുമ്പോള്‍ തലമുറകള്‍ മാറിമാറി വരിക എന്നതും ചൈനീസ് വിവേകം തന്നെ ആയിരിക്കാം എന്ന് നിരീക്ഷിക്കാതെ വയ്യ. അതിവേഗം ബഹുദൂരം പായുന്ന ലോകത്തിന് കടല്‍ക്കിളവന്മാര്‍ ഭാരമാണ് എന്ന തിരിച്ചറിവിന്‍െറ സൂചനയാണല്ലോ ഈ സമ്പ്രദായം.
ലോകത്തിലെ അതിപ്രാചീനസംസ്കൃതികളില്‍ ഒന്നാണ് ചൈന എന്ന് നമുക്കറിയാം. ആ പാരമ്പര്യം മുറിഞ്ഞിട്ടില്ല എന്നതാണ് അവരുടെ പ്രത്യേകത. കഷ്ടിച്ച് ഈജിപ്ത് മാത്രമാണ് അവര്‍ക്ക് കൂട്ട് ഇക്കാര്യത്തില്‍. എന്നാല്‍, ഈജിപ്തും വിദേശാധിപത്യത്തിന് കീഴ്പ്പെടുകയുണ്ടായല്ലോ. ചൈനയിലാകട്ടെ വൈദേശിക സ്വാധീനം അല്ലാതെ വൈദേശിക ഭരണം ഉണ്ടായില്ല. ക്രി.മു. രണ്ടാം സഹസ്രാബ്ദം മുതല്‍ എഴുതപ്പെട്ട ചരിത്രം അവകാശപ്പെടുന്നുണ്ട് ചൈന. അത് അപൂര്‍ണവും അപര്യാപ്തവും ആകാം. എങ്കിലും ഒരു സംഗതി ശ്രദ്ധിക്കണം. ഒരു പത്തുനാനൂറ് കൊല്ലത്തിലേറെ ഒരു രാജവംശവും ചൈന ഭരിച്ചില്ല. സ്റ്റാലിന്‍െറയും ഇപ്പോള്‍ പുട്ടിന്‍െറയും ഭരണശൈലി നിസ്സംഗതയോടെ അംഗീകരിക്കാന്‍ റഷ്യന്‍ ജനതയെ സാര്‍ ചക്രവര്‍ത്തിമാര്‍ പരിശീലിപ്പിച്ചു എന്ന് പറയാറുണ്ട്. അതുപോലെ അധികാരികള്‍ മാറിമാറി വരണം എന്ന പാഠം ചീനര്‍ പഠിച്ചത് ചരിത്രത്തില്‍നിന്നാണ് എന്ന് ആരെങ്കിലും വാദിച്ചുകൂടായ്കയില്ല.
ഭാരതത്തെ അപേക്ഷിച്ച് ചൈനക്ക് പല സൗകര്യങ്ങളും അധികമായുണ്ട്. ഒന്ന് ഭാഷ. നമ്മുടെ രാജമാണിക്യമലയാളവും കുന്ദംകുളം മലയാളവും ഒക്കെ പോലെ ചില ഭാഷാഭേദങ്ങള്‍ ഉണ്ടെങ്കിലും മാന്‍ഡറിന്‍ എന്ന ഒരൊറ്റ ഭാഷയാണ് അവര്‍ക്ക് പ്രധാനമായി ഉള്ളത്. രണ്ടാമത് വംശീയത. നമുക്ക്  ദ്രാവിഡരും ആര്യന്മാരും മംഗളോയ്ഡ് രക്തംകലര്‍ന്നവരും എല്ലാം ഉണ്ട്. ചൈനയില്‍ തൊണ്ണൂറ് ശത മാനവും ഹാന്‍ വംശജരാണ്. മൂന്നാമത് മതം. മുസ്ലിംകളും ക്രിസ്ത്യാനികളും സൂക്ഷ്മം എന്നോ അതിസൂക്ഷ്മം എന്നോ വിവരിക്കാവുന്നത്ര അഗണ്യമായ ഒരു വിഭാഗമാണ് ജനസംഖ്യയില്‍. കണ്‍ഫ്യൂഷനിസവും  ടാവോയിസവും ബുദ്ധമതവും ചേര്‍ന്നാല്‍ ഭൂരിപക്ഷം ചീനരുടെയും മതം നിര്‍വചിക്കപ്പെടും. ഇന്ത്യയും ചൈനയും തുല്യരാണ് എന്ന മട്ടില്‍ നാം പ്രതികരിക്കേണ്ടതില്ല. ചൈന നമ്മേക്കാള്‍ വലിയ ഒരു രാജ്യമാണ്. പണ്ട് പണ്ട് ചൈനയും ഇന്ത്യയും ആണ് അന്താരാഷ്ട്രവ്യാപാരത്തില്‍ മുന്നില്‍നിന്നത്. ഈ നൂറ്റാണ്ടിന്‍െറ രണ്ടാംപാതിയില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളായി വീണ്ടും ഈ രണ്ട് രാജ്യങ്ങളും സ്ഥാനം പിടിച്ചേക്കാം. എങ്കിലും അവരാണ് വല്യേട്ടന്‍ എന്നത് മറക്കേണ്ട. അത്തരം ചില അപ്രിയസത്യങ്ങള്‍ ഓര്‍മവെക്കുന്നത് നമ്മുടെ നന്മക്ക് ഉതകും.
ദെങ് സാമ്പത്തികനയങ്ങളില്‍ മാറ്റം വരുത്തിയേടത്താണല്ലോ ആധുനികചൈനയുടെ മുന്നേറ്റം തുടങ്ങുന്നത്. ഹൂ ജിന്‍റാഓ സ്ഥാനം ഒഴിയുമ്പോള്‍ ഡോളര്‍ കണക്കില്‍ നാലിരട്ടിയായി വര്‍ധിച്ചിരിക്കയാണ് അവരുടെ മൊത്തം ആഭ്യന്തരോല്‍പാദനം. ലോകത്തെമ്പാടും അമേരിക്കയോട് മത്സരിക്കാന്‍ ചൈന എന്ന ധാരണ പരന്നിരിക്കുന്നു.
ചൈനയിലെ പുതിയ നേതൃത്വം നേരിടുന്ന വെല്ലുവിളി ഘടനാപരമാണ് എന്ന് എനിക്ക് തോന്നുന്നു. മാവോയുടെ കാലത്തെ പട്ടാളച്ചിട്ടകള്‍ അന്യമായിട്ടുണ്ടെങ്കിലും ഇപ്പോഴും ചൈനയില്‍ ഒരു രാഷ്ട്രീയകക്ഷി മാത്രമാണ് ഭരണം നടത്തുന്നത്. ജനാധിപത്യം അവര്‍ക്ക് അന്യമാണ്.
മാവോയുടെ വന്‍കുതിപ്പ് കാലത്തും (The Great Leap Forward) സാംസ്കാരികവിപ്ളവകാലത്തും അചിന്ത്യമായിരുന്ന ചെറുത്തുനില്‍പാണ് ടിയാനന്‍മെന്‍ ചത്വരത്തില്‍ ചിതറിവീണ രക്തബിന്ദുക്കള്‍ കുറിച്ച ചരിത്രം. ഏകാധിപത്യത്തിലും ഏകകക്ഷി സംവിധാനത്തിലും മൃഗീയമായ മനുഷ്യാവകാശധ്വംസനം അസ്വാഭാവികമല്ലല്ലോ.
ശേഷം നാം കണ്ടത് സാമ്പത്തിക പുരോഗതിയാണ്. വ്യക്തികളും കുടുംബങ്ങളും സമ്പന്നരായി. മുമ്പ് അറിഞ്ഞിട്ടില്ലാത്ത ആഡംബരങ്ങളും ജീവിതസൗകര്യങ്ങളും കൈപ്പിടിയിലായതിന്‍െറ ഉത്സാഹത്തില്‍ ഘടനാപരമായ സംഗതികള്‍ ആരും ശ്രദ്ധിച്ചില്ല. എന്നാല്‍, ഇപ്പോള്‍ ദീപസ്തംഭം അത്ര മഹാശ്ചര്യം ആകണമെന്നില്ല എന്ന് ഒരു തലമുറക്ക് തോന്നാന്‍ തുടങ്ങിയിരിക്കുന്നു.
രണ്ട് കൊല്ലം മുമ്പ് ഫ്രാങ്ക് ഡില്‍കോട്ടര്‍ എന്നൊരു സായ്വ് മാവോയുഗത്തിലെ മഹാക്ഷാമത്തെക്കുറിച്ച് ഒരു കൃതി നിര്‍മിച്ചിരുന്നു. ഇപ്പോള്‍ യാങ് ജിഷെങ് എന്ന ചൈനക്കാരന്‍ അതിനു മുമ്പ് എഴുതിയ ഒരു പുസ്തകത്തിന്‍െറ ഇംഗ്ളീഷ് പരിഭാഷ ലഭ്യമാണ്. ചീനച്ചട്ടികള്‍ ഉരുക്കി സ്റ്റീല്‍ ഉണ്ടാക്കാം എന്ന മാവോസൂക്തം 1958-62 കാലത്ത് വ്യാപകമായ കെടുതിക്കാണ് വഴിവെച്ചത്. പതിനഞ്ച് കൊല്ലം കൊണ്ട് ബ്രിട്ടനെ അതിശയിക്കുന്ന വ്യാവസായിക ശക്തിയായി വളരാം എന്നായിരുന്നു മാവോ 1957ല്‍ പ്രഖ്യാപിച്ചത്. അങ്ങനെയാണ് വീടുകളുടെ പിന്നാമ്പുറങ്ങളില്‍ ചീനച്ചട്ടികള്‍ ഉരുക്കാന്‍ തുടങ്ങിയത്. കൃഷി അവഗണിക്കപ്പെട്ടു. മൂന്നരക്കോടി ജനങ്ങള്‍ ഈ മാവോയുഗമഹാക്ഷാമത്തില്‍ മരിച്ചു എന്നാണ് ജിഷെങ്ങിന്‍െറ സൂചന. ഈ വിദ്വാന്‍ ഇനിയും തടവിലാക്കപ്പെട്ടിട്ടില്ല. അതാണ് കാലം മാറുന്നതിന്‍െറ സൂചനയായി കാണേണ്ടത് എന്നാണ് എന്‍െറ പക്ഷം. ചരിത്രം ചര്‍ച്ചചെയ്യപ്പെടാം എന്നത് ഒടുവില്‍ കിട്ടുന്ന വാര്‍ത്തയാണല്ലോ ഏകാധിപത്യ-ഫാഷിസ്റ്റ് ഭരണസംവിധാനങ്ങളില്‍.
ഇതിന്‍െറ തുടര്‍ച്ചയായാണ് അഴിമതി, ഭൂമാഫിയ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ ജനം പ്രതികരിക്കുന്നതിനെ കാണേണ്ടത്. ഇന്ത്യയെക്കാള്‍ അഴിമതി നിറഞ്ഞതാണ് ചൈന. ആണ്ടിലൊരിക്കല്‍ ഏതെങ്കിലും ഒരു ശശിയെയോ ഗോപി കോട്ടമുറിക്കലിനെയോ ബലിയാടാക്കി വെടിവെച്ചുകൊല്ലുന്ന സമ്പ്രദായം വിരല്‍കൊണ്ട് മറ സൃഷ്ടിച്ച് ഉരല്‍ വിഴുങ്ങുന്ന ഏര്‍പ്പാടായിരുന്നു എന്ന് ജനം വ്യാപകമായി പരാതിപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഷി ജിന്‍പിങ് എന്ന പുതിയ കപ്പിത്താന്‍ നേരിടേണ്ടിവരുന്ന ഒരു പ്രധാനപ്രശ്നം ഇതാണ്. അഴിമതിയല്ല, അഴിമതി ആച്ഛാദനം ചെയ്യാനാവുന്നില്ല എന്ന അവസ്ഥയാണ് ഈ പ്രശ്നത്തിന്‍െറ കാതല്‍.
പടിയിറങ്ങുന്ന പ്രധാനമന്ത്രി വെന്‍ ജിയബാഓ തന്നെ കുമ്പസാരിച്ചിട്ടുള്ളതാണ് ചൈനയുടെ വികസനം അസന്തുലിതവും വേണ്ടത്ര ഏകോപനം കൂടാതെ നടപ്പിലാക്കിയതും അതുകൊണ്ട് ഹ്രസ്വായുസ്സിന് വിധിക്കപ്പെട്ടതുമാണ് എന്ന്. സായിപ്പിന്‍െറ ഭാഷയില്‍ അണ്‍ബാലന്‍സ്ഡ്, അണ്‍കോഓര്‍ഡിനേറ്റഡ്, അണ്‍സസ്റ്റയിനബിള്‍. ഒരു കുടുംബത്തില്‍ ഒരു കുട്ടി മതി എന്ന സമ്പ്രദായം വരുംവരായ്കകള്‍ വേണ്ടത്ര വിലയിരുത്താതെ വിജയകരമായി നടപ്പാക്കി; അത് മൗഢ്യമായി എന്ന് ഇന്ന് തിരിച്ചറിയുന്നു. ഇപ്പോള്‍ നാല്, രണ്ട്, ഒന്ന് എന്ന പിരമിഡാണ് ചൈനയില്‍ ഉണ്ടാവുന്നത്. അപ്പൂപ്പനും അമ്മൂമ്മയും ഗുണം രണ്ട്, മാതാപിതാക്കള്‍, എല്ലാവര്‍ക്കും സംരക്ഷകനായി ഒരേയൊരു പേരക്കുട്ടി. ഇതാണ് നാല്-രണ്ട്-ഒന്ന്. വെന്‍ പറഞ്ഞതിന്‍െറ തെളിവായി പലരും അവതരിപ്പിക്കാറുള്ള ഒരു നയമാണ് ഈ ഒറ്റക്കുട്ടിപരിപാടി.
ചൈനക്ക് ഇന്ന് വേണ്ടത് ഒരു പെരിസ്ട്രോയിക്കയാണ്. ഗ്ളാസ്നസ്ത് നടപ്പാക്കേണ്ട സംവിധാനത്തെ ഗോര്‍ബച്ചേവ് പെരിസ്ട്രോയിക്കയിലൂടെ ദുര്‍ബലപ്പെടുത്തിയതാണ് സോവിയറ്റ് യൂനിയന്‍െറ വിനാശത്തില്‍ കലാശിച്ചത് എന്ന് ഹോബ്സ്വാം സൂചിപ്പിച്ചിട്ടുണ്ട്. ഇന്ന് ചൈനയില്‍ ഗ്ളാസ്നസ്ത് കുറേയൊക്കെ യാഥാര്‍ഥ്യമായിക്കഴിഞ്ഞു. ഇനി പെരിസ്ട്രോയിക്കയിലേക്ക് തിരിയാം, അപകടഭീതി കൂടാതെ. പക്ഷേ, അപ്പോള്‍ പാര്‍ട്ടിയുടെ പ്രാധാന്യം കുറയും. നാം അറിയുന്ന തരം ഉടമസ്ഥാവകാശം ഭൂമിയിന്മേലും വോട്ടവകാശം രാഷ്ട്രീയത്തിലും ഉണ്ടാകേണ്ടിവരും. പ്രവാചകദൃഷ്ടി ഉണ്ടായിരുന്ന ദെങ് എന്ന പഴയ നേതാവ് അന്നേ പറഞ്ഞതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍െറ ഉത്തരാര്‍ധത്തില്‍ ചൈനയിലെ കേന്ദ്രനേതൃത്വം ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്നതായിരിക്കുമെന്ന്. ചുരുക്കിപ്പറഞ്ഞാല്‍ രാഷ്ട്രീയമായ ദീര്‍ഘവീക്ഷണവും അതില്‍നിന്ന് ജനിക്കുന്ന പ്രായോഗിക സമീപനങ്ങളും ആണ് പുതിയ നേതൃത്വത്തില്‍നിന്ന് ചരിത്രം പ്രതീക്ഷിക്കുന്നത്. ഷി ജിന്‍പിങ്ങിന് നന്മ നേരുക നാം.
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക