Image

മേയര്‍ മൈക്കിള്‍ നട്ടര്‍ 2014-ലെ ഫോമാ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയിലേക്ക്‌ ക്ഷണിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 31 August, 2011
മേയര്‍ മൈക്കിള്‍ നട്ടര്‍ 2014-ലെ ഫോമാ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയിലേക്ക്‌ ക്ഷണിക്കുന്നു
ഫിലാഡല്‍ഫിയ: അമേരിക്കയിലെ നാലാമത്തെ ഏറ്റവും വലിയ നഗരമായ ഫിലാഡല്‍ഫിയയുടെ മേയര്‍ മൈക്കിള്‍ നട്ടര്‍, ഈ നഗരത്തിലേക്ക്‌ ഫോമയുടെ 2014-ലെ കണ്‍വെന്‍ഷന്‍ ക്ഷണിക്കുകയും അതിന്റെ വിജയത്തിനായി എല്ലാ സഹായസഹകരണങ്ങളും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.

നഗരത്തിലെ പ്രമുഖ മലയാളി സംഘടനയായ കലയുടെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷിക്കാന്‍ ഓഗസ്റ്റ്‌ 27-ന്‌ സെന്റ്‌ തോമസ്‌ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്ന അഞ്ഞൂറിലധികം മലയാളികളെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോമാ പ്രസിഡന്റ്‌ ജോണ്‍ ഊരാളിയേയും മറ്റ്‌ ഭാരവാഹികളേയും തന്റെ ക്ഷണം അറിയിക്കണമെന്ന്‌ മേയര്‍ കലയുടെ പ്രസിഡന്റിനോട്‌ ആവശ്യപ്പെട്ടു.

ഓണസദ്യയ്‌ക്കുമുമ്പ്‌ നടന്ന യോഗത്തില്‍ കേരളത്തില്‍ നിന്നെത്തിയ എന്‍.എസ്‌.എസ്‌ ബോര്‍ഡ്‌ മെമ്പര്‍ കലഞ്ഞൂര്‍ മധുവും, ഫിലാഡല്‍ഫിയ സിറ്റി കൗണ്‍സിലിലേക്ക്‌ മത്സരിക്കുന്ന ഡേവിഡ്‌ ഓയും ആശംസാ പ്രസംഗംനടത്തി.

തീര്‍ത്തും അനുകൂലമല്ലാത്ത കാലാവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട്‌ ഓണാഘോഷത്തിനെത്തിയ മലയാളികളെ അഭിനന്ദിച്ചുകൊണ്ടാണ്‌ കലയുടെ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു സി.പി.എ തന്റെ സ്വാഗത പ്രസംഗം ആരംഭിച്ചത്‌. കേരളത്തിലെ ഏതെങ്കിലും ഒരു നഗരത്തെ ഫിലാഡല്‍ഫിയയുടെ സഹോദരീ നഗരമാക്കിത്തീര്‍ക്കണമെന്ന ആഗ്രഹം അദ്ദേഹം മേയര്‍ നട്ടറെ അറിയിച്ചപ്പോള്‍ ശ്രോതാക്കള്‍ കരഘോഷം മുഴക്കി സമ്മതം രേഖപ്പെടുത്തി.

ഫിലാഡല്‍ഫിയയിലെ മറ്റ്‌ പ്രമുഖ മലയാളി സംഘടനകളായ മാപ്പ്‌, സിറാ എന്നിവയുടെ പ്രസിഡന്റുമാരും ഭാരവാഹികളും, ഇന്ത്യന്‍ സംഘടനകളുടെ ഫെഡറേഷനായ സി.ഐ.ഒയുടെ പ്രവര്‍ത്തകരും വിവിധ സാമുദായിക സംഘടനകളുടെ അംഗങ്ങളും ആഘോഷങ്ങളില്‍ സംബന്ധിച്ചു.

വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്കുശേഷം നടന്ന കലാവിരുന്നില്‍ കേരളത്തനിമ പ്രകടിപ്പിക്കുന്ന മനോഹരമായ പരിപാടികളാണ്‌ നൂപുര ഡാന്‍സ്‌ അക്കാഡമിയും നൃത്തശ്രീ, ഭരതം എന്നീ ഡാന്‍സ്‌ സ്‌കൂളുകളും തരംഗം മ്യൂസിക്‌ ട്രൂപ്പും ചേര്‍ന്ന്‌ അവതരിപ്പിച്ചത്‌.

ചെറിയാന്‍ ഫിലിപ്പിന്റെ മഹാബലി വേഷം കാണികളെ ആകര്‍ഷിച്ചു. ജോസ്‌ ജോസഫ്‌ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
മേയര്‍ മൈക്കിള്‍ നട്ടര്‍ 2014-ലെ ഫോമാ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയിലേക്ക്‌ ക്ഷണിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക