Image

വിസിറ്റിംഗ് വിസ: 60 ദിവസത്തിനുള്ളില്‍ പോകാന്‍ റീ എന്റര്‍ പെര്‍മിറ്റ്‌ ഇനി ആവശ്യമില്ല

ബിനോയി തോമസ്‌ Published on 02 December, 2012
വിസിറ്റിംഗ് വിസ: 60 ദിവസത്തിനുള്ളില്‍ പോകാന്‍ റീ എന്റര്‍ പെര്‍മിറ്റ്‌ ഇനി ആവശ്യമില്ല
വാഷിംഗ്‌ടണ്‍ ഡി.സി: ടൂറിസ്റ്റ്‌ വിസ ഉപയോഗിച്ച്‌ ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍, ആദ്യ സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയ ശേഷം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കണമെങ്കില്‍ രണ്ട്‌ മാസത്തെ (60 ദിവസം) ഇടവേള (ഗ്യാപ്‌) വേണമെന്ന നിബന്ധന ഇന്ത്യാ ഗവണ്‍മെന്റ്‌ എടുത്തുമാറ്റിയതായി ഇന്ത്യന്‍ എംബസി, ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്ക (ഫോമ)യുടെ മുന്‍ ജനറല്‍ സെക്രട്ടറി ബിനോയി തോമസിനെ അറിയിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്‌ ഉടന്‍ ഉണ്ടാകും.

2008-ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന്‌ രാജ്യരക്ഷയെ മുന്‍നിര്‍ത്തിയാണ്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ ഇത്തരത്തിലൊരു നിബന്ധന കൊണ്ടുവന്നത്‌. എന്നാല്‍, അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്ക്‌ ഈ നിബന്ധന ഉണ്ടാക്കിയ തലവേദന കുറച്ചൊന്നുമല്ല. നാട്ടിലുള്ള ബന്ധുക്കളുടെ ശവസംസ്‌കാര കര്‍മ്മങ്ങളില്‍ പോലും പങ്കെടുക്കാനാവാതെ, എയര്‍പോര്‍ട്ടില്‍ നിന്ന്‌ മടങ്ങേണ്ടിവന്നവരുടെ കദന കഥകള്‍ നാം കേട്ടതാണ്‌.

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകനായ പാക്കിസ്ഥാന്‍ വംശജന്‍ റിച്ചാര്‍ഡ്‌ ഹെഡ്‌ലി, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ്‌ വിസ ഉപയോഗിച്ച്‌ നിരവധി തവണ ഇന്ത്യ സന്ദര്‍ശിച്ച്‌ ആക്രമണത്തിനുള്ള ഒത്താശകള്‍ ചെയ്‌തുകൊടുത്തുവെന്ന വസ്‌തുതയാണ്‌ ഇത്തരത്തിലുള്ള ഒരു നിബന്ധന കൊണ്ടുവരാന്‍ ഇന്ത്യാ ഗവണ്‍മെന്റിനെ നിര്‍ബന്ധിതമാക്കിയത്‌.

ആദ്യ സന്ദര്‍ശനത്തിനുശേഷം, 60 ദിവസത്തിനുള്ളില്‍ റീ -എന്റര്‍ ചെയ്യണമെങ്കില്‍ എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റ്‌ ജനറല്‍ എന്നിവടങ്ങളില്‍ നിന്ന്‌ പെര്‍മിറ്റ്‌ വാങ്ങണമെന്ന നിബന്ധയ്‌ക്കെതിരേ ഫോമ അടക്കമുള്ള ഇന്ത്യന്‍ സംഘടനകള്‍ ശക്തമായ പ്രതിക്ഷേധം ഉയര്‍ത്തിയിരുന്നു. ബന്ധുക്കളുടെ മരണം, ഗുരുതര നിലയില്‍ കഴിയുന്ന അടുത്ത ബന്ധുക്കളെ സന്ദര്‍ശിക്കുക എന്നീ രണ്ട്‌ വിഷയങ്ങളില്‍ മാത്രമായിരുന്നു റീ എന്റര്‍ പെര്‍മിറ്റ്‌ നല്‍കി വന്നിരുന്നത്‌. ജനരോഷം ശക്തമായപ്പോള്‍, ഇന്ത്യന്‍ വംശജര്‍ക്കായി എന്‍ട്രി വിസ എന്നൊരു പുതിയ വിസാ കാറ്റഗറി ഉണ്ടാക്കിയത്‌, ഫോമ അടക്കമുള്ള ഇന്ത്യന്‍- അമേരിക്കന്‍ സംഘടനകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു. ഇന്ത്യന്‍ വംശജര്‍ക്കും, അവരുടെ മക്കള്‍ക്കും മാത്രം അപേക്ഷിക്കാവുന്ന എന്‍ട്രി വിസ കൈവശമുള്ളവര്‍ക്ക്‌ റീ എന്‍ട്രി പെര്‍മിറ്റ്‌ ആവശ്യമില്ലായിരുന്നു.

ടൂറിസ്റ്റ്‌ വിസ കൈവശമുള്ളവര്‍ക്ക്‌ റീ എന്റര്‍ പെര്‍മിറ്റ്‌ വേണമെന്ന നിബന്ധന എടുത്തുമാറ്റുന്നത്‌ തികച്ചും ആശ്വാസകരമായ ഒരു നടപടിയാണെന്ന്‌ ബിനോയി തോമസ്‌ അഭിപ്രായപ്പെട്ടു.
വിസിറ്റിംഗ് വിസ: 60 ദിവസത്തിനുള്ളില്‍ പോകാന്‍ റീ എന്റര്‍ പെര്‍മിറ്റ്‌ ഇനി ആവശ്യമില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക