Image

മലങ്കര ആര്‍ച്ച്‌ ഡയോസിസിന്‌ മെസ്‌ക്വീറ്റില്‍ (ടെക്‌സാസ്‌) പുതിയ ദേവാലയം

Published on 30 August, 2011
മലങ്കര ആര്‍ച്ച്‌ ഡയോസിസിന്‌ മെസ്‌ക്വീറ്റില്‍ (ടെക്‌സാസ്‌) പുതിയ ദേവാലയം
ടെക്‌സാസ്‌: ടെക്‌സാസ്‌ സംസ്ഥാനത്തെ മെസ്‌ക്വീറ്റിലുള്ള മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭാമക്കളുടെ ചിരകാല അഭിലാഷമായിരുന്ന സ്വന്തമായ ദേവാലയം എന്ന സ്വപ്‌നത്തിന്‌ സാക്ഷാത്‌കാരമാകുന്നു. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത തിരുമനസ്സിന്റെ ശ്രേഷ്‌ഠാനുമതി കല്‍പ്പനയോടെ രൂപീകൃതമായ മോര്‍ ഗ്രിഗോറിയോസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ പ്രഥമ ദിവ്യബലിയും പ്രതിഷ്‌ഠാകര്‍മ്മവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സെപ്‌റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്‌ച നടത്തും.

6500 നോര്‍ത്ത്‌ വെസ്റ്റ്‌ ഡ്രൈവിലുള്ള ആരാധനാകേന്ദ്രത്തില്‍ വെച്ച്‌ നടത്തപ്പെടുന്ന വിശുദ്ധ ശുശ്രൂഷകള്‍ക്ക്‌ മലങ്കര അതിഭദ്രാസനാധിപന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. ഭദ്രാസനത്തിലെ വന്ദ്യ കോര്‍എപ്പിസ്‌കോപ്പമാര്‍, വൈദീക ശ്രേഷ്‌ഠര്‍, ശെമ്മാശന്മാര്‍, ഭക്തസംഘടനാ ഭാരവാഹികള്‍, ആര്‍ച്ച്‌ ഡയോസിസ്‌ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയ വന്‍ ജനാവലി പങ്കെടുക്കും.

ഡാളസ്‌ സെന്റ്‌ മേരീസ്‌ പള്ളി മുന്‍ വികാരിയും, സീനിയര്‍ വൈദീകനുമായ റവ.ഫാ. വി.എം. തോമസിനെ പുതിയ ഇടവകയുടെ വികാരിയായി നിയമിച്ചുകൊണ്ട്‌ ഭദ്രാസനാധിപന്‍ മോര്‍ തീത്തോസ്‌ യല്‍ദോ മെത്രാപ്പോലീത്ത കല്‍പ്പന പുറപ്പെടുവിച്ചു. നവ ഇടവകയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന്‌ ഷെറി ജോര്‍ജ്‌, വല്‍സലന്‍ ടി. വര്‍ഗീസ്‌ (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെട്ട മാനേജിംഗ്‌ കമ്മിറ്റി നിലവില്‍വന്നു.

അതിപുരാതനമായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പാരമ്പര്യവും വിശ്വാസവും കാത്തുസൂക്ഷിക്കുന്ന മലങ്കര സഭയില്‍ നിന്നും ഉപജീവനാര്‍ത്ഥം കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ അമേരിക്കയിലേക്കും കാനഡയിലേക്കും കുടിയേറ്റമാരംഭിച്ച വിശ്വാസി സമൂഹത്തിനായി 1993-ല്‍ രൂപീകൃതമായ ഭദ്രാസനമാണ്‌ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌. ന്യൂയോര്‍ക്കില്‍ ഭദ്രാസനാസ്ഥനമായി പ്രവര്‍ത്തിക്കുന്ന ആര്‍ച്ച്‌ ഡയോസിസ്‌ ഏറെ പുരോഗതിപ്രാപിച്ചുകഴിഞ്ഞു. അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത തിരുമനസുകൊണ്ട്‌ ഭദ്രാസനാധിപനും, പാത്രിയര്‍ക്കാ വികാരിയുമായി ആത്മീയ അജപാലന ദൗത്യം വഹിക്കുന്നു. മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനിയുടെ (ചാത്തുരുത്തില്‍ ഗീവര്‍ഗീസ്‌ മോര്‍ ഗ്രിഗോറിയോസ്‌ ബാവ) പുണ്യനാമത്തില്‍ ഭദ്രാസനത്തില്‍ രൂപീകൃതമായ മൂന്നാമത്‌ ദേവാലയമാണ്‌ മെസ്‌ക്വീറ്റില്‍ സെപ്‌റ്റംബര്‍ മൂന്നിന്‌ ആരംഭംകുറിക്കുന്നത്‌. വിശ്വാസി സമൂഹത്തിന്റെ അപേക്ഷപ്രകാരം ആര്‍ച്ച്‌ ബിഷപ്പ്‌ നിയമിച്ച കമ്മീഷന്‍ അംഗങ്ങളുടെ പഠന റിപ്പോര്‍ട്ടിനെ പരിഗണിച്ചാണ്‌ ഇടവക രൂപീകരിച്ചുകൊണ്ടുള്ള ശ്രേഷ്‌ഠാനുമതി ആര്‍ച്ച്‌ ബിഷപ്പ്‌ മോര്‍ തീത്തോസ്‌ തിരുമനസുകൊണ്ട്‌ പുറപ്പെടുവിച്ചത്‌. മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ സൗത്ത്‌ വെസ്റ്റ്‌ റീജിയന്‍ കൗണ്‍സില്‍ അംഗങ്ങളായ ബാബു വടക്കേടത്ത്‌ (ഹൂസ്റ്റണ്‍), സാജു സക്കറിയ (അരിസോണ) എന്നിവര്‍ കമ്മീഷന്‍ അംഗങ്ങളായിരുന്നു. മെസ്‌ക്വീറ്റിലും സമീപ പ്രദേശങ്ങളിലുമുള്ള വിശ്വാസികളുടെ ആത്മീയ പുരോഗതിക്ക്‌ പുതിയ ഇടവക രൂപീകരണം സഹായകമാകുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

അനുഗ്രഹീതമായ ശുശ്രൂഷകളില്‍ ഏവരും പങ്കുചേര്‍ന്ന്‌ സഹകരിക്കണമെന്ന്‌ ഇടവക വികാരി റവ.ഫാ. വി.എം. തോമസ്‌ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഫാ. വി.എം. തോമസ്‌ (വികാരി) 972 983 4956, ഷെറി ജോര്‍ജ്‌ (സെക്രട്ടറി) 214 770 6195, വല്‍സലന്‍ ടി. വര്‍ഗീസ്‌ (ട്രഷറര്‍) 972 974 8491.

വിലാസം: Mor Gregorios Syriac Orthodox Church, 6500 North West DR, Mesquite TX 75150.

ബിജു ചെറിയാന്‍ (മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) അറിയിച്ചതാണിത്‌.

മലങ്കര ആര്‍ച്ച്‌ ഡയോസിസിന്‌ മെസ്‌ക്വീറ്റില്‍ (ടെക്‌സാസ്‌) പുതിയ ദേവാലയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക