Image

സന്നിധാനത്തിലേക്ക്‌ (കവിത: വാസുദേവ്‌ പുളിക്കല്‍)

Published on 29 November, 2012
സന്നിധാനത്തിലേക്ക്‌ (കവിത: വാസുദേവ്‌ പുളിക്കല്‍)
വനത്തിനുള്ളില്‍ പടികള്‍ക്കുമേല്‍ വാഴും
ഹരിഹരസുതനെയൊരു നോക്കു കാണാന്‍
കഴുത്തില്‍ രുദ്രാക്ഷമാലയണിഞ്ഞ്‌
ശരണം വിളിച്ചു ഞാന്‍ നോയമ്പു നോറ്റു.

ഭക്‌തന്മാര്‍ക്കൊപ്പം ശരണം വിളിയുമായ്‌
തലയില്‍ പള്ളിക്കെട്ടുമേന്തി മകരക്കുളിരില്‍
നിബിഡമാം വനത്തിലൂടെ പോകവെ
പൂത്തു നില്‍ക്കും വൃക്ഷലതാതികളെന്‍
മനം കവര്‍ന്നു, കാടെത്രെ മനോഹരം.
ഓടക്കുഴല്‍ നാദം പോല്‍ പൊങ്ങിയ
കുയിലിന്‍ കൂജനം കര്‍ണ്ണാനന്ദകരം
നിരുപമീ ഗാനസുധ, ഈശ്വരവൈഭവം!
കാര്‍വണ്ടുകള്‍ ചൂളമിട്ട്‌ ചുറ്റിക്കളിച്ച്‌
പൂവിനെ പുല്‍കി രമിക്കുന്നതും കണ്ട്‌ ഞാന്‍
പ്രകൃതിയുടെ പ്രതിഭാസമോര്‍ത്തോര്‍ത്ത്‌ നടന്നു.

ചക്രവാളസീമയില്‍ സൂര്യനൊളിച്ചു
കൂരിരുട്ടില്‍ കാടതി ഭയാനകമായ്‌
യാത്രയിനി പുലര്‍ച്ചെക്കെന്ന്‌ പെരിയസ്വാമി
പക്ഷെ, വന്യമൃഗങ്ങള്‍ തന്‍ ഭീകരമാം മുരളല്‍
നടപ്പിന്‌ വേഗതയായ്‌, ശരണം വിളിക്ക്‌ വിറയല്‍
കൊമ്പന്റെ ഞെട്ടിപ്പിക്കും ചിന്നംവിളി
ഭക്‌തജനങ്ങള്‍ അങ്ങുമിങ്ങും വിരണ്ടോടി
കൊമ്പന്റെ കാടുകുലുക്കും ഗര്‍ജ്‌ജനത്തില്‍
ശരണം വിളികള്‍ വിലീനമായ്‌
കൊമ്പന്റെ കൊമ്പില്‍ കുരുങ്ങിയതാരോ?
സ്വാമിയെ ശരണമയ്യപ്പാ, ഭക്‌തിയോടീ മന്ത്രം
ഉരുവിട്ടുകൊണ്ടു ഞാന്‍ പതുങ്ങിക്കിടന്നു.

`സ്വാമീകടാക്ഷം, കൊമ്പന്‍ നിരുപദ്രവകാരി'
പെരിയസ്വാമി തന്‍ പരുപരുത്ത ശബ്‌ദം.
പ്രഭാതം പൊട്ടി വിടര്‍ന്നു, മാനത്ത്‌ കുങ്കുമപ്പൂക്കള്‍
മനസ്സില്‍ സന്തോഷത്തിന്‍ കതിര്‍ക്കുലകള്‍
ആനന്ദസ്വരൂപ, സ്വാമിയെ ശരണമയ്യപ്പ
ശരണമന്ത്രവും ചൊല്ലി യാത്രയായ്‌ വീണ്ടും.
സന്നിധാനത്തിലേക്ക്‌ (കവിത: വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക