Image

മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ ഓസ്‌ട്രേലിയയില്‍ പര്യടനം ആരംഭിച്ചു

തോമസ്‌ ടി. ഓണാട്ട്‌ Published on 30 November, 2012
മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ ഓസ്‌ട്രേലിയയില്‍ പര്യടനം ആരംഭിച്ചു
സിഡ്‌നി: സീറോ മലബാര്‍ സഭ തലവന്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‌ തുടക്കമായി.

എമിറേറ്റ്‌സ്‌ വിമാനത്തില്‍ എത്തിയ കര്‍ദിനാളിന്‌ സീറോ മലബാര്‍ സഭ ഓസ്‌ട്രേലിയ - ന്യൂസിലാന്‍ഡ്‌ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരിയുടെ നേതൃത്വത്തില്‍ ഉഷ്‌മള വരവേല്‍പ്പ്‌ നല്‍കി.

ഫാ. തോമസ്‌ കൂറന്താനം, ഫാ. തോമസ്‌ ആലുക്ക, കമ്മിറ്റി ഭാരവാഹികളായ കെ.പി. ജോസ്‌, ബെന്നി ചാക്കോ, സി.സി. സോജന്‍ തുടങ്ങിയവര്‍ സ്വീകരണത്തിന്‌ നേതൃത്വം നല്‍കി. ആന്‍ജലിന ബെന്നി ഹാരാര്‍പ്പണം നടത്തി.

മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ ബാവയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തശേഷമാണ്‌ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സിഡ്‌നിയില്‍ എത്തിയത്‌.

റോമില്‍ പ്രത്യേക വിഐപി പരിഗണന നല്‍കിയാണ്‌ എമിറേറ്റ്‌സ്‌, സീറോ മലബാര്‍ തലവനെ വിമാനത്തില്‍ സ്വീകരിച്ചത്‌. ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരി അറിയിച്ചതനുസരിച്ച്‌ മാര്‍ ആലഞ്ചേരിക്ക്‌ ഓസ്‌ട്രേലിയയിലെ കര്‍ക്കശക്കാരായ എമിഗ്രേഷന്‍ വിഭാഗവും വിഐപി പരിഗണന നല്‍കി.

സിഡ്‌നി, ബ്രിസ്‌ബെന്‍, ടൗണ്‍സ്‌ വില്‍, കാന്‍ബറ, മെല്‍ബണ്‍, പെര്‍ത്ത്‌, ഡാര്‍വിന്‍, അഡലൈഡ്‌ എന്നിവിടങ്ങളിലാണ്‌ കര്‍ദിനാളിന്റെ പൊതു സ്വീകരണവും വി. കുര്‍ബാനയും നടക്കുക. ഓസ്‌ട്രേലിയയിലെ മുഴുവന്‍ കത്തോലിക്ക ബിഷപ്പുമാരും പങ്കെടുക്കുന്ന ബിഷപ്‌ കൗണ്‍സില്‍ യോഗത്തില്‍ മുഖ്യാതിതിയായി മാര്‍ ആലഞ്ചേരി പങ്കെടുക്കും.

മന്ത്രിമാര്‍, പൊതുപ്രവര്‍ത്തകര്‍, വിവിധ സഭാതലവന്‍ന്മാര്‍ എന്നിവരുമായും കൂടിക്കാഴ്‌ച നടത്തുന്ന സീറോ മലബാര്‍ സഭാതലവന്‍ ഡിസംബര്‍ ഏഴിന്‌ നാട്ടിലേക്ക്‌ മടങ്ങും.
മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ ഓസ്‌ട്രേലിയയില്‍ പര്യടനം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക