Image

സേവന അവകാശ നിയമം

Published on 30 August, 2011
സേവന അവകാശ നിയമം

സമയബന്ധിതമായി മെച്ചപ്പെട്ട സേവനം സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നും ലഭ്യമാകുക എന്നത് പൗരന്റെ അവകാശമാണ്. പക്ഷേ, ഈ സേവനം നല്‍കുക എന്നത് തങ്ങളുടെ ഔദാര്യമായി കരുതുന്ന ഉദ്യോഗസ്ഥരുടെ എണ്ണം സംസ്ഥാനത്ത് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുമ്പോള്‍ ചുവപ്പുനാട നമ്മുടെ ബ്യൂറോക്രസിക്ക് അലങ്കാരമായി മാറും. സര്‍ക്കാര്‍ ഓഫിസുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ 'പേപ്പര്‍ വെയ്റ്റ്' വെക്കാതെ കാര്യങ്ങളൊന്നും നടക്കില്ലെന്നത് കൈക്കൂലി നല്‍കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നു. അതിനു കഴിയാത്തവരുടെ അപേക്ഷകള്‍ ഓഫിസുകളില്‍ കെട്ടിക്കിടക്കുന്നു. കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥര്‍ ഓഫിസിലും അവരുടെ വീടുകളിലും 'കാശിനു കൊള്ളാത്തവരായി' മാറുന്നു. ഈ ദൂഷിതവലയത്തില്‍ നിന്നും നമ്മുടെ നാടിനെ മോചിപ്പിക്കേണ്ട ബാധ്യത പൗരസമൂഹത്തെപ്പോലെ തന്നെ ബ്യൂറോക്രസിയിലെ അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ നഗരസഭകളില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍, വര്‍ഷങ്ങള്‍ പഴക്കമുള്ള അപേക്ഷകള്‍ ഉദ്യോഗസ്ഥരുടെ തീര്‍പ്പിനായി കാത്തുകിടക്കുന്ന നിരവധി സംഭവങ്ങളും പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ ഓഫിസില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പിക്കാത്തത് ഗൗരവമുള്ള മനുഷ്യാവകാശ ലംഘനം തന്നെയാണ്. ഗുരുതരമായ ഈ പ്രശ്‌നം പരിഹരിക്കാനുള്ള അന്വേഷണമാണ് പൗരാവകാശ രേഖയുടെ രൂപവത്കരണത്തിന് കാരണമായത്.

http://www.madhyamam.com/news/113521/110830


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക