Image

നിശ്ശബ്ദതയെക്കുറിച്ചും നഗ്‌നതയെക്കുറിച്ചും (വി. ജി. തമ്പി)

(വി .ജി. തമ്പി) Published on 29 November, 2012
നിശ്ശബ്ദതയെക്കുറിച്ചും നഗ്‌നതയെക്കുറിച്ചും (വി. ജി. തമ്പി)
നമ്മുടെ കാലത്ത് നിശ്ശബ്ദരായിരിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്ന നിശിതമായ നീതിബോധത്തോടെ വാദിക്കുന്ന മനുഷ്യാവകാശശബ്ദം ശക്തമാണ്. തീര്‍ച്ചയായും അനീതികള്‍ പേമാരിപോലെ പെയ്യുമ്പോള്‍ ആര്‍ക്കാണ് അതിനെതിരെ ശബ്ദിക്കാതിരിക്കാനാവുക. ജീര്‍ണ്ണവ്യവസ്ഥിതിയെ നിലനിര്‍ത്തുവാന്‍ അനുവദിച്ചുകൊടുക്കുന്ന നമ്മുടെ പ്രതികരണരാഹിത്യത്തെ ചോദ്യം ചെയ്യുകതന്നെ വേണം. ധാര്‍മ്മികമായ അലസതയാണ് ജീവിതത്തെ വിരൂപമാക്കുന്നത് എന്ന സത്യം ഇരുതലവാള്‍ മൂര്‍ച്ചയോടെ നമ്മുടെ കുറ്റപങ്കിലമായ മൗനത്തെ പിളര്‍ത്തുക തന്നെ വേണം. എന്നാല്‍ നമ്മുടെ ശബ്ദങ്ങള്‍ കാലത്തിന്റെ നാണക്കേടുകളായി മാറുന്നുണ്ടോ?

ആത്മനിന്ദയുണ്ടാക്കുന്നുണ്ടോ എന്നും കഠിനമായ ആത്മവിമര്‍ശനത്തോടെ സ്വയം ചോദിക്കാനും സമയമായിരിക്കുന്നു. നമ്മുടെ ശബ്ദങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും അണുബാധ ഏറ്റിട്ടുണ്ടോ? സ്വന്തം പാര്‍ട്ടിക്കും പള്ളിക്കും സ്വകാര്യ അഹന്തകള്‍ക്കുമപ്പുറം നമ്മുടെ ശബ്ദങ്ങള്‍ നീതിയുടെ സ്വരം കേള്‍പ്പിക്കുന്നുണ്ടോ? ഒളിപ്പിച്ചുവച്ച എത്രയോ അശ്‌ളീലങ്ങളാണ് നമ്മുടെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ചീഞ്ഞുനാറുന്നത്. ശബ്ദങ്ങളെ കഴുകി വെടുപ്പാക്കാന്‍ അര്‍ത്ഥമുള്ള നിശ്ശബ്ദതയും നമുക്കാവശ്യമായിരിക്കുന്നു. ശബ്ദത്തെക്കാള്‍ നിശ്ശബ്ദതക്കാണ് സത്യം പറയാന്‍ ഇന്ന് ഏറെ കഴിയുക എന്നായിരിക്കുന്നു. നിശ്ശബ്ദതക്കുള്ളിലെ ആഴമുള്ള ശബ്ദങ്ങളെ ഉണര്‍ത്തിയെടുക്കേണ്ട കാലം കൂടിയല്ലേ നമ്മുടേത്. ഇത്തരം ചില നിശ്ശബ്ദവിചാരങ്ങളടങ്ങിയ എന്റെ ഒരു പുസ്തകം ഗ്രീന്‍ബുക്‌സ് ഈ മാസം പ്രസിദ്ധീകരിക്കുന്നുണ്ട്. നിശ്ശബ്ദനായിരിക്കാന്‍ എനിക്ക് അവകാശമുണ്ട് എന്നാണ് ആ പുസ്തകത്തിന്റെ ശീര്‍ഷകം. അതോടൊപ്പം എന്റെ മുപ്പത്തിമൂന്നുവര്‍ഷത്തെ എഴുത്തുകാലത്തില്‍ നിന്നും തെരെഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരവും നഗ്‌നന്‍ എന്ന പേരില്‍ ഡി.സി. ബുക്‌സ് ഈ മാസം തന്നെ പ്രസിദ്ധീകരിച്ചു.

2012 നവംബര്‍ അങ്ങനെ വ്യക്തിപരമായ എനിക്ക് വലിയ ആനന്ദവും പ്രതീക്ഷയും കൊണ്ടുവന്നു. ശ്രദ്ധയുടെ പ്രിയ വായനക്കാര്‍ ഈ പുസ്തകങ്ങള്‍ക്കൂടി ശ്രദ്ധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. നിശ്ശബ്ദതയെ ഭയപ്പെടുന്ന കാലമാണിത്. ശബ്ദാസുര!ാരുടെ കശാപ്പുകളാണെങ്ങും. ആരേയും മൗനിയായി ഇരിക്കാന്‍ സമ്മതിക്കാത്ത കാലം. മനുഷ്യന്‍ ഇന്നൊരു ശബ്ദമൃഗമായി മാറിയിരിക്കുന്നു. തേറ്റയും കൊമ്പും മുളച്ച ശബ്ദത്തിന്റെ ഹിംസാവതാരങ്ങള്‍ തെരുവില്‍ മാത്രമല്ല വീടിന്റെ അകത്തളങ്ങളിലും വിദ്യാലയങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും പകര്‍ന്നാടുകയാണ്. ശബ്ദത്തിന്റെ ഈ രക്തദാഹത്തില്‍ ഒരു സംസ്കൃതി തന്നെ മുങ്ങിപ്പോകുമോ എന്നാണ് ആകുലപ്പെടേണ്ടത്. നിശ്ശബ്ദതക്കുള്ളിലാണ് ഏറ്റവും അര്‍ത്ഥവത്തായ ശബ്ദങ്ങള്‍ നാം കേള്‍ക്കുന്നത്. ഒരു മനുഷ്യന്‍ തന്റെ നിശ്ശബ്ദതയിലാണ് ശ്രദ്ധയും ജാഗ്രതയും സൂക്ഷ്മതയും ആഴവും അതിരറ്റ രീതിയില്‍ അനുഭവിക്കുന്നത്. ജീവിതത്തിന് നിഗൂഢതയുടെ ആന്തരിക സാധ്യതകള്‍ വെളിപ്പെടുത്തിക്കൊടുക്കുന്നത് അയാള്‍ക്കുള്ളിലെ നിശ്ശബ്ദതയാണ്.

നിശ്ശബ്ദത ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് എങ്ങനെയാണ് പ്രവേശിക്കുന്നത്. നിരപ്പായ വഴികളിലൂടെ നടക്കുന്ന ഒരാള്‍ ആഴങ്ങളറിയുന്നത് അപ്പോഴാണ്. ഉച്ചരിച്ച വാക്കുകളുടെ പൊള്ളത്തരങ്ങളില്‍ നിന്ന് ഒരിക്കലും ഉച്ഛരിക്കാതെപോയെ തനിക്കുള്ളിലെ പ്രണയസ്വരം കേള്‍ക്കുന്നതപ്പോഴാണ്. നിശ്ശബ്ദതയാണ് ഒരാള്‍ക്ക് വായിക്കാന്‍ കൊടുക്കാവുന്ന ഏറ്റവും നല്ല പുസ്തകം. അയാള്‍ക്കുള്ളിലെ ആകാശങ്ങള്‍ സംസാരിക്കുന്നത്, ആളിക്കത്തുന്നത്, മഴവില്ലുകള്‍ വിരിയുന്നത് എല്ലാം അയാള്‍ നിശ്ശബ്ദതയില്‍ വായിക്കട്ടെ. നിശ്ശബ്ദത ഒരു ആത്മശുശ്രൂഷയായി ഉള്ളകങ്ങളെ വെടുപ്പാക്കിക്കൊണ്ടിരിക്കും. വ്യക്തിപരമായ നിശ്ശബ്ദതകള്‍ മാത്രമല്ല സമൂഹവും ചിലപ്പോള്‍ നിശ്ശബ്ദതയുടെ സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. യോജിപ്പില്ലാത്ത ദുര്‍നീതികളെ വിമര്‍ശിക്കുവാനും വിയോജിക്കുവാനും ജൈന സന്യാസികള്‍ അധികാരികളുടെ മുന്നില്‍ മൗനത്തിന്റെ കോട്ടകള്‍ കെട്ടുകയാണ് ചെയ്യുന്നത്. ഏതൊരു ശബ്ദായമാനമായ വിയോജനത്തെക്കാളും അധികാരികളുടെ സ്വാസ്ഥ്യം കെടുന്നതപ്പോഴാണ്.

സര്‍വ്വതും ആദ്യം കാണുന്ന ഒരാളെപ്പോലെയാണ് ഞാന്‍ ലോകത്തെ നോക്കുന്നതെന്ന് ഫ്രാന്‍സീസ് അസീസ്സിയെന്ന നഗ്‌നനായ വിശുദ്ധന്‍ പറയുകയുണ്ടായി. അയാളും കൂട്ടുകാരും ദൈവത്തിന്റെ കിറുക്ക!ാരായി എട്ടു നൂറ്റാണ്ടുമുമ്പേ നഗ്‌നരായി പാട്ടും നൃത്തവുമായി നടന്ന ഇറ്റലിയിലെ അസ്സീസ്സി പട്ടണത്തില്‍ ഇയ്യിടെ ഞാന്‍ പോയിരുന്നു. വിശുദ്ധ തുല്യമായ നഗ്‌നതകൊണ്ടും നിഷ്കളങ്കതകൊണ്ടും ഫ്രാന്‍സീസും അയാളുടെ പന്ത്രണ്ട് സഖാക്കളും ലോകത്തെ കഴുകിവെടുപ്പാക്കുകയായിരുന്നു. അതിശയകരമായ അനുഭവം അതെനിക്ക് തന്നു. നിശ്ശബ്ദതക്കൊപ്പം നഗ്‌നതയുടെയും നാനാര്‍ത്ഥങ്ങള്‍ വായിക്കാന്‍ നമുക്ക് ഇനിയും ഒരു ഇന്ദ്രിയം ആവശ്യായി വന്നേക്കും സത്യത്തെ നിവര്‍ന്നു നോക്കുവാനുള്ള ധീരതയുടെ ഇന്ദ്രിയം.
നിശ്ശബ്ദതയെക്കുറിച്ചും നഗ്‌നതയെക്കുറിച്ചും (വി. ജി. തമ്പി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക