Image

കരുതിയിരിക്കുക....നിങ്ങള്‍ ചാരവലയത്തിലാണ്‌ (മൊയ്‌തീന്‍ പുത്തന്‍ചിറ)

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 25 November, 2012
കരുതിയിരിക്കുക....നിങ്ങള്‍ ചാരവലയത്തിലാണ്‌ (മൊയ്‌തീന്‍ പുത്തന്‍ചിറ)
ആഗോളവല്‍ക്കരണത്തിന്‌ സമാന്തരമായി സൈബര്‍ ലോകത്ത്‌ നടക്കുന്ന `ഗൂഗോളവല്‍ക്കരണം' എല്ലാ സീമകളും അതിലംഘിച്ച്‌ അനുദിനം വളരുകയാണ്‌. ഗൂഗിളെന്ന മഹാപ്രതിഭാസത്തെ സംബന്ധിച്ച്‌ നേരത്തെ കൗതുകപൂര്‍വ്വം ഉറ്റുനോക്കിയിരുന്നവര്‍ ഇപ്പോള്‍ അതുയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. സെര്‍ച്ച്‌ എഞ്ചിന്‍ സേവനത്തിലൂടെ തുടങ്ങി ജിമെയിലിലൂടെയും ഗൂഗിള്‍ എര്‍ത്തിലൂടെയും സൈബര്‍ ലോകം കീഴടക്കിയ ഗൂഗിള്‍, ട്വിറ്റര്‍, യൂട്യൂബ്‌, ബ്ലോഗര്‍.കോം തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സേവനങ്ങളിലൂടെ നെറ്റിലെ ഗൂഗോളവല്‍ക്കരണത്തിന്‌ ആക്കം കൂട്ടി. മൊബൈല്‍ ഫോണ്‍, സ്‌മാര്‍ട്ട്‌ ഫോണ്‍, ടാബ്‌ലെറ്റ്‌ പിസി തുടങ്ങിയ ഉപകരണങ്ങള്‍ക്കായി `ആന്‍ഡ്രോയ്‌ഡ്‌' ഓപ്പറേറ്റിംഗ്‌ സിസ്റ്റം പുറത്തിറക്കി ഇപ്പോള്‍ മൊബൈല്‍ ഉപകരണങ്ങളും ഗൂഗിള്‍ കീഴ്‌പ്പെടുത്തുകയാണ്‌.

ഇന്റര്‍നെറ്റ്‌, മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക്‌ ഒരിക്കലും ഒഴിവാക്കാനാവാത്ത സേവനങ്ങള്‍ ഒന്നിച്ച്‌ നല്‍കാന്‍ ഗൂഗിള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. ഇതുതന്നെയാണ്‌ കുഴപ്പത്തിന്റെ കാരണവും. നിങ്ങള്‍ ഗൂഗിള്‍ ഉപയോക്താവാണോ? എങ്കില്‍ കരുതിയിരിക്കുക, ആധുനിക ലോകത്തെ ഏറ്റവും വലിയ ചാര ഏജന്‍സിയായി ഗൂഗിള്‍ രൂപപ്പെട്ടിരിക്കുന്നു. ഗൂഗിള്‍ നിങ്ങളുടെ സ്വകാര്യതക്ക്‌ തന്നെ ഭീഷണി ഉയര്‍ത്തുകയാണ്‌.

മൈക്രോസോഫ്‌റ്റിനേയും യാഹുവിനെയുമൊക്കെ പിന്നിലാക്കി ഗൂഗിള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ അധിപന്മാരായി മാറിയിരിക്കുകയാണ്‌. നെറ്റില്‍ നടക്കുന്ന സെര്‍ച്ചുകളുടെ സിംഹഭാഗവും നടക്കുന്നത്‌ ഗൂഗിള്‍ മുഖേനയാണല്ലോ. വ്യത്യസ്ഥ സേവനങ്ങള്‍ സമര്‍പ്പിക്കുന്ന ഗൂഗിള്‍, തങ്ങളുടെ ഉപയോക്താക്കളുടെ നെറ്റിലെ പ്രവര്‍ത്തനങ്ങള്‍ മുഴുക്കെ രേഖപ്പെടുത്തുന്നുണ്ടെന്നാണ്‌ ഇതു സംബന്ധിച്ച പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നത്‌. ഏതെല്ലാം വിഷയങ്ങളില്‍ ആരെല്ലാം സെര്‍ച്ച്‌ ചെയ്യുന്നു, ഓരോരുത്തരുടേയും താത്‌പര്യങ്ങളെന്ത്‌, സെര്‍ച്ചിനു ശേഷം ഏതെല്ലാം വെബ്‌സൈറ്റുകളാണ്‌ ഓരോരുത്തരും ഉപയോഗപ്പെടുത്തുന്നത്‌, ഇ-മെയില്‍ ഉപയോക്താവ്‌ കൂടുതലായി ഉപയോഗിക്കുന്ന പദങ്ങളേത്‌ തുടങ്ങിയ എല്ലാ കാര്യങ്ങളും അതിസൂക്ഷ്‌മമായി ഗൂഗിള്‍ രേഖപ്പെടുത്തുന്നു.

ഈ വിവരങ്ങളൊക്കെ ഇപ്പോള്‍ ഗൂഗിള്‍ സ്വന്തം ആവശ്യങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്തുന്നില്ലെങ്കിലും ഭാവിയില്‍ തങ്ങളുടെ ഷെയര്‍ മൂല്യം നിലനിര്‍ത്താനും ബിസിനസ്‌ വിപുലീകരിക്കാനും ഉപയോഗപ്പെടുത്താന്‍ നിര്‍ബ്ബന്ധിതരാവുമെന്നാണ്‌ മുന്നറിയിപ്പ്‌. ലോകത്തുള്ള ഓരോ നെറ്റ്‌ ഉപയോക്താവിനെ സംബന്ധിച്ച സ്വകാര്യ വിവരങ്ങള്‍ മാത്രമല്ല അവരുടെ ലൊക്കേഷന്‍ വരെ ഗൂഗിളിന്റെ ഡാറ്റാബെയ്‌സിലുണ്ട്‌. ഗൂഗിള്‍ എര്‍ത്ത്‌, ജി-മെയില്‍ തുടങ്ങിയ സേവനങ്ങള്‍ സൗജന്യമായി നല്‍കി അതുമുഖേന സമ്പാദിച്ച വിവരങ്ങളാണിത്‌. അതിന്റെയൊക്കെ ഉടമസ്ഥത ഗൂഗിളിനാണെന്നതാണ്‌ വസ്‌തുത. അത്‌ പരസ്യപ്പെടുത്തുന്നതിന്‌ പ്രത്യേക നിയമവിലക്കുകളും ഗൂഗിളിന്റെ മുമ്പിലില്ലെന്നത്‌ അതീവ ഗൗരവത്തോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പേജ്‌ റാങ്കിംഗ്‌ പോലുള്ള സംവിധാനങ്ങള്‍ മുഖേന ഗൂഗിള്‍ ലിസ്റ്റു ചെയ്യുന്ന സെര്‍ച്ച്‌ റിസല്‍ട്ടുകളിലൂടെ കമ്പനികള്‍ക്കും ബിസിനസ്‌ സ്ഥാപനങ്ങള്‍ക്ക്‌ ലഭിക്കുന്ന മുന്‍ഗണനാക്രമം, ഗൂഗിളിലൂടെ ലഭിക്കുന്ന പരസ്യങ്ങള്‍ എന്നിവ സാമ്പത്തിക രംഗത്ത്‌ വലിയ സ്വാധീനം ചെലുത്തുന്നുവെന്നാണ്‌ പഠനം തെളിയിക്കുന്നത്‌. ഇതും ഭാവിയില്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കായി ഗൂഗിള്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സൈബര്‍ ലോകത്തെ ഗൂഗിളിന്റെ ആധിപത്യം ഈ നിലയില്‍ തുടരുന്നത്‌ ലോകത്ത്‌ വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന്‌ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

തീര്‍ന്നില്ല, ഡമ്മി എന്ന പേരുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പദ്ധതികളെക്കുറിച്ച്‌ ബ്രിട്ടനിലെ ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ കാണുക. ഫെയ്‌സ്‌ ബുക്ക്‌, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഇവര്‍ക്ക്‌ അനുമതിയുണ്ടത്രേ. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വിവിധ പേരുകളില്‍ സൈറ്റുകളില്‍ നിരന്തരമായി ഇടപെടുകയും ഇലക്ട്രോണിക്‌ മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്താനുമുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്ന്‌ പറയുന്നു.

ഗൂഗിളിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌ പ്രകാരം 2012 ല്‍ ആദ്യത്തെ ആറുമാസം (ജനുവരി മുതല്‍ ജൂണ്‍ വരെ) ഏകദേശം 20,939 പേരുടെ വ്യക്തിപരമായ വിവരങ്ങളാണ്‌ വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നതത്രേ. മനുഷ്യ ചരിത്രത്തില്‍ ചൂഴ്‌ന്നന്വേഷണത്തിനായുള്ള സാധ്യതകള്‍ വളരെയധികമുള്ള വെബ്‌സൈറ്റാണ്‌ ഫെയ്‌സ്‌ബുക്ക്‌. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‌ ഇന്റര്‍നെറ്റിലെ ഏത്‌ വലിയ സംവിധാനങ്ങളില്‍ നിന്നും ഉദ്ദേശിക്കുന്ന സമയത്ത്‌ വിവരങ്ങള്‍ ലഭിക്കാനുള്ള സൗകര്യങ്ങളുണ്ട്‌. ലോകത്ത്‌ മനുഷ്യരെക്കുറിച്ചുള്ള വിവരശേഖരണം ലഭിക്കുന്ന ഏറ്റവും വലിയ സൈറ്റാണ്‌ ഫെയ്‌സ്‌ബുക്ക്‌. വ്യക്തികള്‍, അവരുടെ അടുത്ത ബന്ധുക്കള്‍, അവരുടെ സഹപ്രവര്‍ത്തകര്‍, ജോലികള്‍, അഡ്രസ്സുകള്‍, മറ്റു വിശദാംശങ്ങള്‍ എല്ലാം എളുപ്പത്തില്‍ ഫെയ്‌സ്‌ബുക്കിലൂടെ ലഭ്യമാക്കുന്നതാണ്‌. ഗൂഗിളിനാകട്ടേ ഈ ഏജന്‍സികളുടെ ആവശ്യം നിറവേറ്റിക്കൊടുക്കാനുള്ള ബാദ്ധ്യതയുമുണ്ട്‌. 90 ശതമാനം ആവശ്യങ്ങളും അവര്‍ പൂര്‍ത്തീകരിക്കുന്നുണ്ടെന്ന്‌ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 949 അപേക്ഷകളാണ്‌ ലഭിച്ചതെങ്കില്‍ 2012 ജൂണ്‍ വരെ 17,746 അപേക്ഷകളാണ്‌ ഓരോരുത്തരുടേയും വ്യക്തിഗത അക്കൗണ്ടുകളിലെ വിവരങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. അമേരിക്കയാണ്‌ ഏറ്റവും കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നതത്രേ.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ 7969 പ്രാവശ്യം ഗൂഗിള്‍ ഉപഭോക്താക്കളുടെ പെഴ്‌സണല്‍ ഇന്‍ഫര്‍മേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌ എന്ന്‌ ഗാര്‍ഡിയന്‍ പറയുന്നു. ഫ്രാന്‍സ്‌, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, യു.കെ., ഇന്ത്യ മുതലായ രാജ്യങ്ങളാണ്‌ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന്‌ പറയുന്നു.

http://www.guardian.co.uk/technology/2012/nov/13/google-transparency-report-government-requests-data
കരുതിയിരിക്കുക....നിങ്ങള്‍ ചാരവലയത്തിലാണ്‌ (മൊയ്‌തീന്‍ പുത്തന്‍ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക