Image

മങ്ങുന്ന ജേര്‍ണലിസം (മീട്ടു റഹ്മത്ത്‌ കലാം)

Published on 23 November, 2012
മങ്ങുന്ന ജേര്‍ണലിസം (മീട്ടു റഹ്മത്ത്‌ കലാം)
ലോകത്തിന്റെ നാഡീസ്‌പന്ദനം ഓരോ നിമിഷത്തിലും അറിയാനുള്ള ജിജ്ഞാസ മനുഷ്യ സഹജമാണ്‌.അത്‌ കൊണ്ടു തന്നെ Right to know (അറിയുവാനുള്ള അവകാശം) നമ്മുടെ ഭരണഘടന അനുശാസിച്ചിട്ടുണ്ട്‌. ജനാധിപത്യത്തിന്‍റെ നാലാം തൂണായി നിന്ന്‌ ആ അവകാശം സഫലീകരിക്കുക എന്നത്‌ മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്‌.വിശ്വാസയോഗ്യമായ ശ്രോതസ്സില്‍ നിന്ന്‌ ലഭിക്കുന്നതിനെക്കുറിച്ച്‌ പുനര്‍ചിന്തനം നടത്താതെ ഉള്‍ക്കൊള്ളുന്നതായിരുന്നു ഇത്‌ വരെ നമ്മുടെ രീതി.എന്നാല്‍,ഇന്ന്‌ ചുരുങ്ങിയത്‌ രണ്ട്‌ പത്രങ്ങള്‍ വായിച്ചും മൂന്ന്‌! ചാനലുകളിലെ എങ്കിലും ന്യൂസും കണ്ട ശേഷമേ ഒരു വാര്‍ത്തയുടെ നിച സ്ഥിതിയെക്കുറിച്ച്‌ സാധാരണക്കാരന്‌ ഏകദേശ ധാരണ ലഭിക്കൂ.നടത്തിപ്പുകാര്‍ക്ക്‌ അടിമപ്പെടുകയാണ്‌ മാധ്യമധര്‍മ്മം. വടക്കുനോക്കിയന്ത്രം എങ്ങോട്ട്‌ തിരിച്ചുവച്ചാലും `വടക്ക്‌' എന്ന ദിശ കാണിക്കും പോലെ ചായ്‌വുള്ള ചേരികള്‍ക്കനുകൂലമായും മറ്റുള്ളവരെ വിമര്‍ശിച്ചും വാര്‍ത്തകള്‍ ജനങ്ങളിലേയ്‌ക്ക്‌ എത്തിക്കുമ്പോള്‍ നഷ്ടമാകുന്നത്‌ കാലങ്ങളായി അര്‍പ്പിച്ചു വരുന്ന വിശ്വാസമാണ്‌.

സര്‍ഗപ്രതിഭയുള്ള പത്രാധിപന്മാരുടെ കസേരയില്‍ എം.ബി.എ. ബിരുദധാരികളും പത്രപ്രവര്‍ത്തനത്തെ അഭിനിവേഷത്തോടെ കണ്ടിരുന്നവരുടെ സ്ഥാനത്ത്‌ ജേര്‍ണലിസം കോഴ്‌സ്‌ പാസ്സായെത്തുന്ന പ്രോഫഷണല്‍സും എത്തപ്പെട്ടതോടെ മാധ്യമരംഗം വാണിജ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.എഡിറ്ററെക്കാള്‍ അധികാരം ബിസിനസ്‌ എക്‌സിക്യൂട്ടീവുകള്‍ക്കായതും മാധ്യമബോധത്തിന്റെ വഴിതിരിയാന്‍ കാരണമായി. സാമൂഹിക ക്ഷേമത്തിനുതകുന്ന സംഭവങ്ങളുടെ വേര്‌ തേടിയുള്ള അന്വേഷണത്തിനൊടുവില്‍ ഒപ്പിയെടുക്കുന്ന സത്യത്തിന്റെ കണ്ണാടി ജനങ്ങളുടെ നേര്‍ക്ക്‌ പിടിക്കുന്ന യഥാര്‍ത്ഥ പത്രപ്രവര്‍ത്തനം അസ്‌തമിച്ചുവരുന്നു. വ്യക്തികളുടെ സ്വകാര്യത പകര്‍ത്തി സര്‍ക്കുലേഷന്‍ ഇരട്ടിപ്പിക്കാന്‍ പത്രമാധ്യമങ്ങളും റേറ്റിംഗ്‌ കൂട്ടാന്‍ ദൃശ്യമാധ്യമങ്ങളും വാശിയോടെ മത്സരിക്കുമ്പോള്‍ പരാജയപ്പെടുന്നത്‌ അതിനിരയായ കുറേ പാവങ്ങളും കെട്ടിച്ച്‌ചംയ്‌ക്കപ്പെട്ട വാര്‍ത്തകള്‍ക്കുമുന്നില്‍ സമയം പാഴാക്കിയ പൊതുജനവുമാണ്‌.

സമൂഹത്തിന്‌ നന്മയുണ്ടാകുന്ന ചലനം സൃഷ്ടിക്കുക എന്നതാണ്‌ പത്രപ്രവര്‍ത്തനത്തിന്റെ ആത്യന്തിക ലക്ഷ്യം.അതൊരിക്കലും മത്സരബുദ്ധിയോടെ എക്‌സ്‌ക്ലുസീവുകള്‍ തേടിപ്പിടിക്കല്‍ ആകരുത്‌. കണ്മുന്‍പിലുള്ളതെന്തും വിപണന വസ്‌തുവായി കാണുന്ന വകതിരിവില്ലാത്ത ക്യാമറകള്‍,കോടതി പ്രതിയായി വിധിക്കും വരെ നിരപരാധിയായി കാണാന്‍ ക്ഷമ കാണിക്കാതെ ആദ്യം പകര്‍ത്തിയെന്ന ക്രെഡിറ്റിനു വേണ്ടി നിരാലംബരായ സ്‌ത്രീകളെയും കുട്ടികളെയും അവരുടെ കണ്ണിലൂടെ പൊഴിയുന്ന കണ്ണീരും സംപ്രേഷണം ചെയ്യാന്‍ മടിക്കുന്നില്ല.സെലിബ്രിറ്റി മരണങ്ങളും വിവാഹവും എന്തിനേറെ പ്രസവം പോലും മാധ്യമങ്ങള്‍ക്ക്‌ ചൂടപ്പങ്ങളാണ്‌.

പത്രമാധ്യമങ്ങള്‍ ദൃശ്യമാധ്യമങ്ങളെക്കാള്‍ ഒട്ടും പിന്നിലല്ലം.ടി.പി. വധം പോലുള്ളവ രണ്ടരമാസക്കാലം അവര്‍ തിമിര്‍ത്താഘോഷിച്ചു.പൊലീസുകാരനെ കൊന്ന്‌! ഒളിവില്‍ പോയ മോഷ്ടാവ്‌ ആട്‌ ആന്‍റണിയുടെ രണ്ടു ഭാര്യമാര്‍ പിടിയിലായി എന്നതും ഇടക്കാലത്ത്‌ വലിയ വാര്‍ത്തയായിരുന്നു.പത്രക്കാര്‍ വരച്ചുകാട്ടിയ ചിത്രത്തിലൂടെ പൊതുജനം അവരെ അറിയുന്നത്‌ കള്ളനു കൂട്ടുനിന്ന ഭീകരതയുടെയും വഞ്ചനയുടെയും പ്രതീകങ്ങളായിട്ടാണ്‌.അക്ഷരത്തിന്‍റെ തീച്ചൂളയില്‍ കിടന്ന്‌ വെന്തുരുകിയ ആ ജന്മങ്ങള്‍ക്ക്‌ തങ്ങള്‍ തെറ്റ്‌ ചെയ്‌തിട്ടില്ലെന്ന്‌ ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു.ഒരു സ്വകാര്യ ചാനല്‍ വനിതാ ജയിലില്‍ നടത്തിയ സംവാദത്തിലൂടെയാണ്‌ പ്രതികളായി മുദ്രകുത്തപ്പെട്ട അവരുടെ സത്യാവസ്ഥ പുറംലോകം അറിയുന്നത്‌.ഒരാള്‍ പൂര്‍ണ്ണ ഗര്‍ഭിണിയായി ജയിലില്‍ എത്തപ്പെടുകയും അവിടെക്കിടന്ന്‌! പ്രസവിക്കുകയും ചെയ്‌ത കഥ നിറകണ്ണുകളോടെ വിശദീകരിച്ചപ്പോള്‍ മറ്റേ സ്‌ത്രീയ്‌ക്ക്‌ പറയാനുണ്ടായിരുന്നത്‌ വിവാഹാലോചന എന്നാ വ്യാജേന നടന്ന ചതിയുടെ ഇരയാണ്‌ താനെന്ന നഗ്‌നസത്യം.നിയമം പോലും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വരുന്ന തരത്തിലാണ്‌ ആ ജയിലറയില്‍ മുഴങ്ങുന്ന കണ്ണീര്‍ക്കടലിന്‍റെ ഇരമ്പലുകള്‍.മാധ്യമങ്ങള്‍ തൊടുത്തു വിടുന്ന അമ്പിന്‍റെ മൂര്‍ച്ചയില്‍ എത്രയോ നിരപരാധികളുടെ ജീവിതങ്ങള്‍ ഇതുപോലെ ഹോമിക്കപ്പെട്ടിരിക്കാം.

അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള നമ്മുടെ നാട്ടില്‍ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നടിക്കാന്‍ ജനപ്രതിനിധികള്‍ പോലും ഇന്ന്‌ രണ്ടാമതൊന്ന്‌ ചിന്തിക്കുന്നു.ഏത്‌ വാക്കാണ്‌ കീറിമുറിച്ച്‌ മണിക്കൂറുകളോളം തര്‍ക്കിക്കാന്‍ ചാനലുകള്‍ വിഷയമാക്കി വിളമ്പുക എന്ന ഭയം പലരെയും മൌനം ഭജിക്കാന്‍ പ്രേരിപ്പിക്കുന്നു.ആ ബോധം ഇടയ്‌ക്കൊന്ന്‌ പാളിയതിന്‍റെ പേരില്‍ പ്രത്യാഘാതങ്ങള്‍ നേരിട്ട ആരും പിന്നീടതിന്‌ ധൈര്യപ്പെട്ട ചരിത്രമില്ല.ജനങ്ങളുടെ അഭിപ്രായ വോട്ടെടുപ്പും ഓണ്‍ലൈന്‍ പ്രതികരണങ്ങളുമായി ടോക്ക്‌ ഷോകള്‍ കൊഴുക്കുമ്പോള്‍ ഉദ്ദേശിക്കുന്നതിന്‍റെ പകുതിപോലും പറയാന്‍ വിടാതെ വിവാദത്തിനു സ്‌കോപ്പ്‌ ചികഞ്ഞ്‌ ഉടനെ തിരിച്ച്‌ വരാമെന്ന്‌ പറഞ്ഞ്‌ മറ്റു പ്രതികരണങ്ങളിലേയ്‌ക്കും പരസ്യങ്ങളിലേയ്‌ക്കും പോകുന്ന അവതാരകരെക്കുറിച്ച്‌ സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ പരാമര്‍ശിച്ചത്‌ ശ്രദ്ധേയമാണ്‌.അവരെ തെറ്റ്‌ പറഞ്ഞിട്ട്‌ കാര്യമില്ല.വിഷ്വല്‍ മീഡിയ ആയാലും പ്രിന്‍റ്‌ മീഡിയ ആയാലും അവര്‍ക്ക്‌ ലഭിക്കുന്ന പരിശീലനം അത്തരത്തിലാണ്‌.എന്തിനെയും സെന്‍സേഷണലൈസ്‌ ചെയ്യുക എന്ന ഉപദേശമാണ്‌ അവരെ നയിക്കുന്നത്‌.

വാര്‍ത്തകള്‍ ആകര്‍ഷണീയമാക്കുക എന്നതാണ്‌ സെന്‍സേഷണലൈസിംഗ്‌ കൊണ്ട്‌ അര്‍ത്ഥമാക്കുന്നതെങ്കില്‍ അത്‌ തികച്ചും സ്വാഗതാര്‍ഹാമാണ്‌.തീരെ പ്രാധാന്യമര്‍ഹിക്കാത്ത ഒന്നിനെ പര്‍വതീകരിച്ച്‌ കാണിക്കുന്നതാണ്‌ തെറ്റ്‌.പണ്ടൊക്കെ സായാഹ്ന പത്രങ്ങളും മറ്റും അവലപിച്ചിരുന്ന 'യെല്ലോ ജേര്‍ണലിസത്തിന്‍റെ ' സ്വാധീനം ഇന്നത്തെ പ്രമുഖ പത്രങ്ങളിലും വാര്‍ത്താചാനലുകളിലും പ്രകടമാണെന്ന്‌ പറയാതെ വയ്യ.

മാധ്യമരംഗത്തേയ്‌ക്ക്‌ കടന്നുവരാന്‍ അക്കാഡമിക്ക്‌ യോഗ്യത മാനദണ്ഡമാക്കുന്നത്‌ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ചിരിക്കണമെന്ന്‌ പറയും പോലെയാണ്‌.ഡിഗ്രി എടുത്ത്‌ വരുന്ന എല്ലാവരും പത്രപ്രവര്‍ത്തനത്തോട്‌ ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും ഉള്ളവരാകണമെന്നില്ല.സര്‍ഗാത്മകതയുള്ളവരെ തിരിച്ചറിഞ്ഞ്‌ പരിശീലിപ്പിക്കുന്നതാന്‌ ഇതിനുള്ള ഏക പരിഹാരം .കെ.എം.റോയിയെപ്പോലെയുള്ള പ്രമുഖ പത്രപ്രവര്‍ത്തകര്‍ മാധ്യമരംഗത്ത്‌ തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ചത്‌ ജേര്‍ണലിസം ബിരുദത്തിന്‍റെ പിന്‍ബലത്തോടെയല്ലെന്ന്‌! ഓര്‍ക്കണം.കലര്‍പ്പില്ലാതെ ശുദ്ധമായ രീതിയില്‍ അതിന്‍റെ എല്ലാ പൂര്‍ണ്ണതയോടെയും വാര്‍ത്തകള്‍ ലഭിക്കുക എന്നത്‌ മാത്രമാണ്‌ ജനങ്ങളുടെ ആവശ്യം.

നടത്തിപ്പുകാര്‍ കച്ചവടക്കാരും വായനക്കാര്‍ ഉപഭോക്താക്കളും ആകുമ്പോള്‍ ആവശ്യമറിഞ്ഞ്‌ നല്‍കുക എന്ന കച്ചവടധര്‍മ്മം പാലിക്കപ്പെടുന്നു എന്നാണു മാധ്യമങ്ങളുടെ പക്ഷം.സദാചാര പരിധി കടന്നുകൊണ്ടുള്ള വാര്‍ത്തകള്‍ വായിക്കാന്‍ ആളുകള്‍ കാണും.എന്നാല്‍ ജനങ്ങളുടെ താല്‌പര്യം ദുരന്തങ്ങള്‍ അറിയാന്‍ മാത്രമാണെന്ന ധാരണ തിരുത്തേണ്ടിയിരിക്കുന്നു.പത്രം തുറക്കുമ്പോള്‍ തന്നെ പീഡനപരമ്പരകളും കൊലപാതകങ്ങളും അപകടമരണങ്ങളുമൊക്കെ കാണുമ്പോള്‍ ദിനചര്യയുടെ ഭാഗമായ പത്രവായന ഉപേക്ഷിച്ചാലോ എന്ന്‌ പോലും ആളുകള്‍ ചിന്തിക്കുന്നു.പഠനത്തിന്‍റെ ഭാഗമായി വാര്‍ത്തകള്‍ ശേഖരിക്കാന്‍ കുട്ടികള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ സെന്‍സറിംഗ്‌ നടത്തേണ്ട ഗതികേടിലാണ്‌ രക്ഷിതാക്കള്‍.ഭാഷ പഠിക്കാനും പദസമ്പത്തുണ്ടാക്കാനും വായനയുടെ ലോകത്തേയ്‌ക്ക്‌ പല തലമുറകളായി ആളുകളെ കൈപിടിച്ചാനയിച്ചതില്‍ പത്രമാധ്യമങ്ങള്‍ക്ക്‌ വലിയൊരു പങ്ക്‌ അവകാശപ്പെടാം.പരസ്യമല്ലാതെ വായിക്കാന്‍ കൊള്ളാവുന്ന ഒന്നും പത്രത്തിലില്ലെന്ന പരാതിയോടെ മലര്‍ക്കെത്തുറന്ന വാതില്‍ കൊട്ടി അടയ്‌ക്കപ്പെടുമ്പോള്‍ വായനയെ പുതിയ തലമുറ നിരാകരിക്കാന്‍ അത്‌ കാരണമാകുന്നതിന്‍റെ ഉത്തരവാദിത്തവും പത്രങ്ങള്‍ ഏറ്റെടുത്തേ മതിയാകൂ.

വാര്‍ത്തയെന്ന പേരില്‍ എന്ത്‌ കൊടുത്താലും ജനം വാങ്ങുമെന്ന തോന്നല്‍ മാറ്റാന്‍ ഇനിയും വൈകരുത്‌.യുവത്വത്തിന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളിലൂടെയും ബ്ലോഗുകളിലൂടെയും മാത്രം ഒതുങ്ങാനുള്ളതല്ല.മാധ്യമധര്‍മ്മം പാലിച്ചുകൊണ്ട്‌ സത്യം വെളിച്ചം കാണാന്‍ പുതിയ ഊര്‍ജം ഈ മേഖലയ്‌ക്ക്‌ കരുത്ത്‌ പകരുമെന്ന്‌! നമുക്ക്‌ പ്രത്യാശിക്കാം.
മങ്ങുന്ന ജേര്‍ണലിസം (മീട്ടു റഹ്മത്ത്‌ കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക