Image

ന്യൂജനറേഷന്‍ സിനിമ. (തമ്പി ആന്റണി)

Published on 20 November, 2012
ന്യൂജനറേഷന്‍ സിനിമ. (തമ്പി ആന്റണി)
എന്താണ്‌ ന്യൂ ജനറേഷന്‍ സിനിമ, എന്തിനാണ്‌ എന്നൊക്കെ ഇനി ചിന്തിച്ചിട്ട്‌ ഒരു കാര്യവുമില്ല. അതൊക്കെ എല്ലാ കാലത്തും എല്ലായിടത്തും സംഭവിക്കുന്നതാണ്‌. പുതിയ തലമുറ പുതിയ രീതിയില്‍ ചിന്തിക്കുന്നു പ്രവര്‍ത്തിക്കുന്നു. അത്‌ മനസ്സിലാകാത്തതിനാണ്‌ ജെനറേഷന്‍ ഗ്യാപ്‌ എന്നു പറയുന്നത്‌.
പഴയ മാമ്മുലുകളിലും നാലുകെട്ടുകളിലും ഒതുങ്ങി നിന്ന മലയാളം സിനിമ അന്നത്തെ ന്യൂ ജെനറേഷന്‍ സിനിമയായിരുന്നു എന്നതില്‍ തര്‍ക്കമില്ല. സിനിമക്ക്‌ സാഹിത്യ ഭാഷ പോലും ഇന്നാവശ്യമില്ല. തിരക്കഥകള്‍ സിനിമക്കുവേണ്ടി മാത്രം എഴുതപ്പെടുന്ന ടെകിനിക്കല്‍ നോട്ടു മാത്രമാണ്‌. അല്ലാതെ പ്രസിദ്ധികരിക്കാനുള്ള സാഹിത്യ പുസ്‌തകങ്ങളല്ല എന്ന കാര്യം നമ്മള്‍ മനസ്സിലാക്കുന്നില്ല എന്നതാണ്‌ സത്യം.

ഈ അടുത്തകാലത്ത്‌ റിലീസായ സിനിമകളിലും ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന വിവാദ സിനിമകളായ പറുദീസയിലും ട്രിവാന്‍ഡ്രം ലോഡ്‌ജിലും പറയുന്നതു സത്യമാണെന്നു വിശ്വസിക്കാന്‍ ആരും തയാറാകുന്നില്ല. അതുപോലെ തന്നെ പ്രഭുവിന്റെ മക്കളിലും. പപ്പീലിയോ ബുദ്ധയിലെത്തുബോള്‍ സിനിമ ശക്തമായി പ്രതികരിക്കുകയും ചെയുന്നു. എല്ലാത്തിനുപരി കലയെ കലയായി തന്നെ കാണുക.

ന്യൂജെനറേഷന്‍ സിനിമ എന്നു പറഞ്ഞു തരം
തിരിക്കാതിരിക്കുകയോ  തരം താഴ്‌തത്താതിരിക്കുകയോ ചെയുക. സിനിമയും ഒരു മീഡിയമാണ്‌, കലയാണ്‌. ഒരു എഴുത്തുകാരന്‌ എന്തും എഴുതാനുള്ള സ്വാതന്ത്ര്യമുള്ളതുപോലെ. സിനിമക്കുവേണ്ടി അതാണ്‌ ന്യൂജെനറേഷന്‍ ആവശ്യപെടുന്നത്‌. നായകന്‍മാര്‍ നായികമാരോടൊപ്പം  ഗ്രൂപ്പ്‌ ഗ്രൂപ്പ്‌ ഡാന്‍സ്‌ കളിക്കുകയോ ഭര്‍ത്താക്കന്മാരെ പേടിച്ചു ഒളിച്ചോടുകയോ ചെയ്‌താല്‍  മാത്രമേ വിനോദ സിനിമയാകു, കലയാകു എന്നൊക്കെ തെറ്റിദ്ധരിക്കപ്പെട്ട പ്രേഷകരോട്‌ ഇതൊക്കെ പറഞ്ഞിട്ട്‌ എന്തു കാര്യം?.

അറുപതുകളില്‍ ഹോളീവുഡ്‌ തുടങ്ങിവെച്ച മേരി പോപ്പിന്‍സ്‌ പോലെയുള്ള സംഗീത സിനിമകളുടെ ചുവടു പിടിച്ചാണ്‌ നമ്മുടെ ബോളീവുഡ്‌ സിനിമ. അതിനെ വികലമായി അനുകരിക്കുന്ന നമ്മുടെ മലയാളസിനിമ. എഴുപതുകളില്‍ അടൂരും അരവിന്ദനും എംടിയും ഷാജിയും തുടങ്ങിവെച്ച ന്യൂജെനെറേഷന്‍ സിനിമയില്‍ നിന്ന്‌ അല്‌പം പോലും മുന്നോട്ടു പോകാതിരുന്നതിന്റെ കാരണം ബോളിവുഡ്‌ തമിഴ്‌ സിനിമകളുടെ സ്വാധീനമല്ലാതെ മറ്റൊന്നുമല്ല. തെറ്റിദ്ധരിക്കപ്പെട്ട
പ്രേക്ഷകരുടെ  മുന്നിലോ വിതരണക്കാരുടെ മുന്നിലോ ഇതൊക്കെ പറഞ്ഞാല്‍ പോത്തിന്റെ ചെവിയില്‍ വേദാന്തമോതുന്നതിനു തുല്യമാണ്‌.

തീയറ്ററുകാരെ സംബന്ധിച്ചിടത്തോളം നല്ല ഷയര്‍ കിട്ടിയാല്‍ നല്ല സിനിമ. അവരേയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. നല്ല സിനിമ എന്താണന്നു മനസ്സിലാക്കുകയോ കലയെ ഉദ്ധരിക്കുകയോ എന്നുള്ളതല്ല അവരുടെ പണി. സിനിമ റിലീസായാല്‍ പത്തു കാശുണ്ടാക്കുക അത്രതന്നെ. സ്വന്തമായി സിനിമ നിര്‍മ്മിക്കുബോള്‍ പോലും പല പരിമിതികളിലും പെട്ടു പോകുന്നു എന്നുള്ളതാണ്‌ ഏറ്റവും പരിതാപകരം. പറുദീസാ എന്ന സിനിമ പോലും പരിമിതികളില്‍ നിന്നുകൊണ്ട്‌ തന്നെ ഒരു നല്ല സിനിമ ഉണ്ടാക്കാനാണ്‌ ശ്രമിച്ചിരിക്കുന്നത്‌. ഒരു പരിധിവരെ അത്‌ വിജയിച്ചിട്ടുമുണ്ട്‌ എന്ന്‌ പ്രേഷകരുടെ പ്രതികരണത്തില്‍നുന്നും മനസ്സിലാകുന്നു. ഇപ്പോള്‍ നിലവിലുള്ള ഒരു നല്ല സിനിമ എടുത്തു പ്രേഷകരില്‍ എത്തിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്‌ ഉള്‍പെടെ പല
കടമ്പകളും കടക്കേണ്ടതുണ്ട്‌.

ഇതിനൊരു പരിഹാരമായി പല വിദേശ രാജ്യങ്ങളിലേതു പോലെ കൂടുതല്‍ ആര്‍ട്ട്‌ ഹൗസുകള്‍ സര്‍ക്കാരുകള്‍ തന്നെ സ്ഥാപിക്കുക. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ വളരെ ചിലവു കുറച്ചു കൊച്ചു കൊച്ചു തീയറ്ററുകള്‍ എല്ലാ സിറ്റിയിലും ഉണ്ടാക്കാന്‍ കഴിയും. അവിടെ സെന്‍സര്‍ ചെയ്യാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. അങ്ങനെ നല്ല നല്ല ലോകോത്തര സിനിമകള്‍ കാണാനുള്ള അവസരം ഉണ്ടാക്കുക. നമ്മുടെ സിനിമകള്‍ ലോകസിനിമയില്‍ ഒന്നുമാകാതെ പോകുന്നത്‌ ഇപ്പോഴും പഴയ മാമൂലുകളില്‍ കെട്ടിപ്പിടിച്ചു കിടക്കുന്നതുകൊണ്ടാണ്‌. പുതുതായി ചിന്തിക്കുന്ന ഒരു തലമുറ നമുക്കിന്നു ആവശ്യമായി വന്നിരിക്കുന്നു. അതിനായി മുന്നോട്ടു വരുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്‌ വേണ്ടത്‌. അതിനായി ഒരു ശ്രമമെങ്കിലും ഉണ്ടാകുന്നതു നമ്മുടെ സിനിമക്കു തീര്‍ച്ചയായും ഗുണം ഉണ്ടാകുമെന്ന്‌ പ്രതീഷിക്കാം
ന്യൂജനറേഷന്‍ സിനിമ. (തമ്പി ആന്റണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക