Image

വെളിച്ചം വിളിക്കുന്നു (ചെറുകഥ)-ജോണ്‍ വേറ്റം

ജോണ്‍ വേറ്റം Published on 20 November, 2012
വെളിച്ചം വിളിക്കുന്നു (ചെറുകഥ)-ജോണ്‍ വേറ്റം
കാറ്റും കുളിരും കൂട്ടുനിന്ന വിഭാതം വിശുദ്ധമായിരുന്നു! അത് പുതിയപ്രകാശത്തില്‍ പ്രസന്നമാണ്. അനന്താനുഭൂതികളുടെ വേള ഉച്ചവരെ നീണ്ടു. കൃതാന്തര ബഹുലതയിലൂടെ നേരം പോയി. അപരാഹ്നത്തിനുമുമ്പേ ആകാശം മങ്ങി. മേഘങ്ങള്‍ കറുത്തു, ഇടിയും മിന്നലും, അന്ധകാരം പടരുകയാണ്. വിഭിന്നതകളുടെ ആ ദിനം തന്റെ ഭൂതകാലത്തിനു സമാനമാണ് എന്നു ദാനിയേലിനു തോന്നി. അയാള്‍ മോഹഭംഗം മുറ്റിനില്‍ക്കുന്ന മനസ്സുമായി ജാലകം തുറന്നു.

ഠയാഹോവ മനുഷ്യനുവേണ്ടി മിടഞ്ഞ മഴ പെയ്യുന്നു. വിളിപ്പാട് അകലം, വിഷാദാത്മകയില്‍, ശിമിത്തേരി കുളിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ കൊഴിഞ്ഞുവീണ് മനുഷ്യര്‍ പൊടിഞ്ഞുകിടക്കുന്ന ആ ഭൂമി ഭീതിപ്പെടുത്തുന്നു. ആരും ഇഷ്ടപ്പെടാത്ത ആ മണ്ണിന്റെ സന്ദേശം: 'മനുഷ്യാ നീ മണ്ണാകുന്നു.!'

ദാനിയേല്‍ സ്വയം പറഞ്ഞു: മരണം ദാരുണമാണ്! പക്ഷേ, അത് പ്രകൃതിപരമാണ്. മറ്റൊന്നുമല്ലാ.” എണ്ണ തീര്‍ന്ന ഒരു വിളിക്കിന്റെ അന്തിമകിരണംപോലെ ഞാന്‍ മിന്നുകയാണ്, എന്നും തോന്നി. മരണം മനുഷ്യജീവിതത്തിന്റെ വികൃതമായ ഒരന്ത്യമാണ്! അതില്‍ ജീവനും ജീവിതവും ഒരു പോലെ അവസാനിക്കുന്നുവെന്നും.

"ലോകം സ്വയംഭൂവാണ്. മതം ഒരു മയക്കുമരുന്നാണ്. ദൈവം ഒരു മിത്ഥ്യയാണ്." പണ്ട്, വിദ്യാര്‍ത്ഥി സംഘടനയില്‍നിന്നുകിട്ടിയ നിരര്‍ത്ഥകമായ യുക്തിവാദം അപ്പോഴും മനസില്‍ ധ്വനിച്ചു. അത് തെറ്റായ സിദ്ധാന്തമാണെന്നും ദൈവീക നിയമത്തിനു വിരുദ്ധമായ പ്രവണതയാണെന്നും വിശ്വസിച്ചില്ല! ലൗകിക സുഖത്തിനും ഭൗതിക സമ്പത്തിനും വേണ്ടി ഓടിപ്പോയത് മാനസികവും സദാചാരപരവുമായ സര്‍വ്വത്ര നശിച്ച അവസ്ഥയിലേക്കാണെന്നും സംശയിച്ചില്ല.

ആന്തരിക സംതൃപ്തിക്കുവേണ്ടി ഏത് പ്രവൃത്തിയും ആവാമെന്ന സ്ഥാപിത താല്‍പ്പര്യമാണ് അന്നോളം നയിച്ചത്. സ്വാര്‍ത്ഥതയുടെ സ്വാധീന ശക്തി ഉപയോഗിക്കുവാന്‍, എവിടെയും മിടുക്കനും നല്ലവനുമായി അഭിനയിച്ചു. “മനുഷ്യന്‍ കണ്ണുകള്‍ക്കു പ്രത്യക്ഷമായതു കാണുന്നു. യഹോവ ഹൃദയം എന്താണെന്നു കാണുന്നു” എന്ന വചനം കേട്ടെങ്കിലും, മനസ് ഒരു വിചാരണയ്ക്ക് തയ്യാറായില്ല.

ഉദരം കുത്തിപ്പറിക്കുന്ന നൊമ്പരം! അസഹനീയമാണ് വിശപ്പു ദാഹവും! പക്ഷെ. ഭക്ഷണം കഴിച്ചാല്‍ വേദന കൂടും! വെള്ളം കുടിച്ചാല്‍, ഛര്‍ദ്ദിക്കും! രോഗം എന്താണെന്നറിയാനുള്ള വ്യഗ്രത. ശരീരം തളരുകയാണ്! ആശങ്കയും അസ്വസ്ഥതയും. ജീവിതത്തോടൊരു വെറുപ്പ്.

ജാലകം അടച്ചു. കട്ടിലില്‍ വന്നുകിടന്നു. മരുന്നിന്റേയും മലമൂത്രങ്ങളുടെയും നാറ്റം! വിദ്വേഷത്തോടെ അതു ശ്വസിച്ചു. അടുത്തിരിക്കാനും, ആശ്വസിപ്പിക്കാനും ആരും ഇല്ല. ഒരു ഭാര്യ ഉണ്ടായിരുന്നെങ്കില്‍. മുമ്പ് മനസില്‍ മുരടിച്ചുനിന്ന മോഹം ഇനി തളിര്‍ക്കില്ല; ആവശ്യബോധം നിര്‍ബന്ധിച്ചാലും. നിസാഹായത ആശയങ്ങളെ അഴിച്ചുപണിഞ്ഞേക്കാം. സാഹചര്യം നിശ്ചയത്തെ തിരുത്താം. വികാരങ്ങള്‍ ഉരുകുന്നവയാണ്!

വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, യൗവ്വനം കരളില്‍ കുറിച്ച അനുരാഗാത്മകമായ ഒരു അനുഭവകഥയുടെ മായാരംഗങ്ങള്‍ മാത്രമേ മനസില്‍ തെളിയൂ. അവ, വേര്‍പാടിന്റെ വേദന ചിന്തുന്ന, ഇന്നത്തെ ഓര്‍മ്മയായി. ജീവിതലക്ഷ്യം തെറ്റിയത് മറ്റൊരു കാരണത്താലുമല്ല. ആന്തരികനേത്രങ്ങള്‍ അന്ധമായതും വേറൊരു നേരത്തല്ല.

പിന്നീട്, ഭാവന- ആ മനോദര്‍ശനം- ലോകത്തെ വിലാസരംഗമാക്കി. ഒരു ചിത്രശലഭത്തിന്റെ ചിത്തവൈഭവത്തോടെ സഞ്ചരിച്ചു.

ഇഷ്ടമുള്ളതെല്ലാം കിട്ടണമെന്ന് അഭിലഷിച്ചു. അതോടെ വ്യക്തിത്വത്തില്‍ ഇറ്റുനിന്ന നിര്‍മ്മലത സമ്പര്‍ക്കങ്ങളുടെ ഇമ്പങ്ങളില്‍ അറ്റുപോയി. തന്നെ നയിക്കുന്ന ആശയങ്ങള്‍ മോശമാണെന്ന ധാരണ ഉണ്ടായതുമില്ല. നന്‍മയിലേക്കു ക്ഷണിക്കുന്ന അവസരങ്ങളെ അവഗണിക്കുന്നത് വിനോദമായിരുന്നു. ദൈവവിശ്വാസത്തിന് വിപരീതമായ അജ്ഞത അന്ന് ഒരു അലങ്കാരമായി. അതു പകര്‍ന്ന വികാരതീവ്രത നുകര്‍ന്നതു വിഷം പുരണ്ട മാധുര്യമാണ്.

ഒരിക്കലും രോഗിയാകുമെന്ന് കരുതിയില്ല. അഴകും ആരോഗ്യവും കാത്തുസൂക്ഷിക്കുവാന്‍ എത്രയോ ശ്രദ്ധിച്ചു. രോഗം- ആ ദുഃഖവും ദുരിതവും- ദൈവത്തിന്റെ ശിക്ഷയോ? അഥവാ നാശത്തിന്റെ മുന്നറിയിപ്പോ?
ഇരിക്കാനും, നില്‍ക്കാനും, നടക്കാനും വയ്യാത്ത ഒരു ദുരവസ്ഥ! മലര്‍ന്നു കിടുക്കുമ്പോള്‍ മാത്രം അല്‍പ്പം ആശ്വാസം. പക്ഷെ, എത്രനേരം അങ്ങനെ അനങ്ങാതെ കിടക്കും.

സ്രാമ്പിക്കല്‍ അച്ചന്‍, സന്ധ്യയാകുമ്പോള്‍ രോഗികളെ കാണാനും ആശ്വസിപ്പിക്കാനും വേണ്ടി വാര്‍ഡില്‍ ചെല്ലും. എന്നാല്‍, അദ്ദേഹം ദാനിയേലിന്റെ കിടക്കയുടെ മുന്‍പിലെത്തുമ്പോള്‍, അയാള്‍ കണ്ണടച്ച് ഉറക്കം നടിച്ചു കിടക്കുമായിരുന്നു; അച്ചന്റെ സമീപനവും പ്രാര്‍ത്ഥനയും ഒഴിവാക്കാന്‍ വേണ്ടി.

അച്ചന്‍ അന്നും ദാനിയേലിന്റെ മുറിയുടെ മുന്നിലെത്തി. ദാനിയേല്‍ അദ്ദേഹത്തെ കണ്ടു. പെട്ടെന്ന് കണ്ണടച്ചു. ഉറക്കം നടിച്ചു കിടന്നു. എന്നിട്ടും, മറ്റാരും മുറിയില്‍ ഇല്ലാത്തതിനാല്‍, അച്ചന്‍ രോഗിയുടെ അടുത്തുചെന്നുനിന്നു. പതിഞ്ഞ സ്വരത്തില്‍ പ്രാര്‍ത്ഥിച്ചു. കുരിശ് വരച്ചു, മടങ്ങിപ്പോയി.

ദാനിയേല്‍ മിഴി തുറന്നു. അപ്പോള്‍ അശാരണമായ അസ്വസ്ഥത! ഉറക്കംനടിച്ചത് വലിയ ഒരു തെറ്റായി എന്ന ധാരണ. സഹോദരങ്ങളാകുന്ന മനുഷ്യരെ സ്‌നേഹത്താല്‍ ശുശ്രൂഷിക്കാനും, സഹാനുഭൂതിയോടെ ആശ്വസിപ്പിക്കാനു അച്ചന്- ആചാര്യന്- കഴിയുന്നു. ദോവാര്‍പ്പണത്തിന്റെ മഹത്വം ചിന്തയില്‍ പൊന്തിവന്നു.

പിറ്റേന്നാള്‍, അടുക്കുന്തോറും അകന്നു പോകുന്ന ചക്രവാളത്തില്‍ സൈന്ദുരീകരിക്കുന്ന സന്ധ്യ. സൂര്യന്‍ അസ്തമിക്കുന്നതോടെ മാനത്തു മായുന്ന ശുക്രനക്ഷത്രം മറയാറായി. സ്രാമ്പിക്കല്‍ അച്ചനെ കാണാനുള്ള ഒരാഗ്രഹത്തോടെ, ദാനിയേല്‍ വിചാരത്തില്‍ മുഴുകി. ആ ദൈവീക ശിഷ്യന്‍ വരുമെന്ന പ്രതീക്ഷ, ക്രമേണ, വലിയ ഇച്ഛാഭംഗമായി. അച്ചന്‍ വന്നില്ല. ശരീരവും അന്തഃകരണവും നൊന്തു. ആത്മസംയമം ഇല്ലാതായി. സമാധാനത്തിന്റെ കണ്ണീരിന്നു വേണ്ടി ദാഹിച്ചു. ഏകാന്തതയുടെ ക്ലേശം!

കഷ്ടത കൂട്ടുനിന്ന രാത്രിയും, കുത്തിനോവിച്ച വിഭാതവും വന്നുപോയി. മദ്ധ്യാഹ്നമായപ്പോള്‍ വേദന സഹിക്കാനാവാതെ ദാനിയേല്‍ നിലവിളിച്ചു! ഡോക്ടര്‍ വന്നു. മരുന്നുകൊടുത്തു. അതു കഴിച്ചതോടെ അയാള്‍ ഉറങ്ങിപ്പോയി.

ഉണര്‍ന്നപ്പോള്‍ സ്രാമ്പിക്കലച്ചന്‍ മുന്നില്‍ നില്‍ക്കുന്നതുകണ്ടു. ഒരു നടുക്കമാണ് അനുഭവപ്പെട്ടത്. പെട്ടെന്നുള്ള വിചാരവിപ്ലവം; ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ കണ്ണില്‍ നോക്കി മൗനമായി കിടന്നു. പരിചയപ്പെടാന്‍ മടിച്ചു. അച്ചന്‍ അതുമനസിലാക്കി. എങ്കിലും, സ്‌നേഹാദരവോടെ ചോദിച്ചു; വിനീതസ്വരത്തില്‍; "ഞാനൊന്നു പ്രാര്‍ത്ഥിച്ചോട്ടെ." വിരോധമില്ല- അലസമായിരുന്നില്ലെ ആ മറുപടി.

അച്ചന്‍ ദാനിയേലിന്റെ നെറ്റിയില്‍ കൈവച്ചു, അനുതാപത്തോടെ പ്രാര്‍ത്ഥിച്ചു. ആദ്യം സുറിയാനിയില്‍. പിന്നെ മലയാളത്തിലും. അതുകേട്ടപ്പോള്‍ ദാനിയേലിന്റെ ആത്മാവ് തണുത്തു. വിചാരഗതി വികസ്വരമായി. അച്ചനോട് തന്നെക്കുറിച്ചുള്ള കാര്യങ്ങളൊന്നും പറയരുതെന്നു കരുതിയതാണ്. പക്ഷെ, സാന്ത്വനീയമായ സമീപനത്തിനുമുമ്പില്‍ വഴങ്ങാത്ത, പരുപരുത്ത പെരുമാറ്റം സാദ്ധ്യമായില്ല. പരസ്പരം സംസാരിച്ചു. അപ്പോള്‍ പുഞ്ചിരിച്ചുകൊണ്ടാണെങ്കിലും, ഗൗരവത്തോടെ പുരോഹിതന്‍ പറഞ്ഞു.

"ദാനിയേല്‍ രക്ഷയുടെ മരുന്നുകൂടെ കഴിക്കണം."

"മനസ്സിലായില്ല."

മാനസന്തരപ്പെടണം. അതു മരണത്തെ ജയിക്കുന്ന ആത്മീയമായ മരുന്നാണ്. ഒരു വേദപുസ്തകം നീട്ടികൊണ്ട് അച്ചന്‍ തുടര്‍ന്നു. "ഇതു ദൈവത്തിന്റെ വചനമാണ്. വായിക്കണം."

പ്രാര്‍ത്ഥിക്കാന്‍ അനുവദിച്ചതിനു നന്ദി പ്രകടിപ്പിച്ചിട്ട് സ്രാമ്പിക്കലച്ചന്‍ മറ്റൊരു രോഗിയുടെ അടുത്തേക്കുപോയി. ദാനിയേല്‍ വേദപുസ്തകം തുറന്നില്ല. വായിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. എങ്കിലും, അതു നെഞ്ചത്തു വച്ചു കിടന്നു. അപ്പോള്‍, പട്ടക്കാരന്റെ ഉപദേശം അരുന്തുതശബ്ദം പോലെ മനസില്‍ മുഴങ്ങി.
 
(തുടരും.
)
വെളിച്ചം വിളിക്കുന്നു (ചെറുകഥ)-ജോണ്‍ വേറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക