Image

പ്രണയിനി (കവിത)-വാസുദേവ് പുളിക്കല്‍

വാസുദേവ് പുളിക്കല്‍ Published on 19 November, 2012
പ്രണയിനി (കവിത)-വാസുദേവ് പുളിക്കല്‍
സ്‌നേഹം കണ്ണിലൂടെ മുളക്കുന്നു...
ബന്ധങ്ങള്‍ രക്തത്തിലൂടെ
സൗഹ്രുദ ബന്ധങ്ങള്‍ വിരല്‍ തുമ്പിലൂടെ
ഫെയ്‌സ് ബൂക്കും, ഓര്‍ക്കൂട്ടും, ഇമെയിലും
അനേകരെ കൂട്ടിയിണക്കുന്നു...

എന്റെ വിരല്‍ തുമ്പു കൊണ്ട് 'ഒരുവള്‍'
എന്റെ പ്രണയിനിയായ്
വാക്കുകള്‍ കൊണ്ടവള്‍ എന്നെ ബന്ധിച്ചു
സ്‌നേഹത്തിന്റെ വൈറസ്സുകള്‍ വിട്ടവള്‍
എന്നെ പ്രേമരോഗിയാക്കി

എനിക്കവളെ കാണാന്‍ കൊതിയായി
ഞാന്‍ അവളോട് അപേക്ഷകള്‍ നടത്തി
അവള്‍ക്കെന്നെ അറിയാമെന്നും കണ്ടിട്ടുണ്ടെന്നും
അവള്‍ എഴുതി, എഴുതികൊണ്ടിരുന്നു

അവള്‍ എന്റെ ചുറ്റിലുമുണ്ടെന്ന് എനിക്ക് തോന്നി
ഞാന്‍ പലയിടത്തും നോക്കി
പലരും അവളാണെന്ന് തെറ്റിദ്ധരിച്ചു
അപ്പോഴൊക്കെ ഞാന്‍ അവള്‍ക്ക് നീണ്ട കത്തുകള്‍ എഴുതി

ഇനി തമ്മില്‍ കാണാതെ എഴുതില്ലെന്ന്
കുട്ടികളെപോലെ ഞാന്‍ വാശിപിടിച്ചു
ഒരമ്മയെപോലെ അവള്‍ എന്നെ ആശ്വസിപ്പിച്ചു
ഉടനെ കാണാമെന്ന് ഉറപ്പു നല്‍കി

ഞാന്‍ കാത്തിരുന്നു, അക്ഷമനായി കാത്തിരുന്നു
അവസാനം അവള്‍ എഴുതി - ദൈവത്തെ കണ്ടിട്ടുണ്ടൊ?
കാണാതെ സ്‌നേഹിക്കുന്നില്ലേ, വിശ്വസിക്കുന്നില്ലേ?
ഞാനും ദേവിയാണ്, അനശ്വരമായ അനുരാഗത്തിന്റെ

വരം തരാതെ അവള്‍ അപ്രത്യക്ഷയായി
എന്റെ വിരലുകള്‍ വെറുതെ പരതി നടന്നു
കീബോര്‍ഡിലെ അക്ഷരങ്ങള്‍ക്ക് പരിഹാസം
ഞാന്‍ അവയെ കുത്തി നോവിപ്പിച്ചുകൊണ്ടിരുന്നു.

**************
പ്രണയിനി (കവിത)-വാസുദേവ് പുളിക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക