Image

മതോശ്രീയില്‍ താക്കറെയുമായി രണ്ട് അഭിമുഖങ്ങളുടെ ഓര്‍മ്മ

ജിജെ Published on 17 November, 2012
മതോശ്രീയില്‍ താക്കറെയുമായി രണ്ട് അഭിമുഖങ്ങളുടെ ഓര്‍മ്മ
ഗവണ്‍മെന്റും മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെയുണ്ടെങ്കിലും നാലു ദശാബ്‌ദമായി ബോംബെയില്‍ പ്രഥമ പൗരന്‍ ബാല്‍ താക്കറെ ആയിരുന്നു. താക്കറെയുടെ വാക്ക്‌ അവസാന വാക്ക്‌. അല്ലെന്നു പറയുന്നവര്‍ `വിവരമറിയും'.

സ്വാഭാവികമായും ബോംബെയില്‍ സ്ഥലംമാറിച്ചെല്ലുന്ന പത്രക്കാര്‍ താക്കറെയുമായി ഒരു അഭിമുഖം സംഘടിപ്പിക്കാനായിരിക്കും ആദ്യം ശ്രമിക്കുക. ആ വഴക്കമനുസരിച്ച്‌ മനോരമ പ്രതിനിധിയായി എത്തിയ ഈയുള്ളവനും ബാന്ദ്രയിലെ `മതോശ്രീ'യിലേക്ക്‌ വിളിച്ചു. താക്കറെയുടെ വസതി.

കാലം 1990. അക്കാലത്ത്‌ താക്കറെയ്‌ക്ക്‌ പഴയ ശൗര്യം കുറെ കുറഞ്ഞിട്ടുണ്ട്‌. ഇലക്ഷനിലെ പരാജയങ്ങളായിരിക്കണം കാരണമെന്നു തോന്നുന്നു. അതിന്റെ പശ്ചാത്തലത്തില്‍ മലയാള മനോരമയുടെ അനുബന്ധ സ്ഥാപനമായ `ദി വീക്ക്‌' വാരിക `കടലാസു പുലിയുടെ അലര്‍ച്ച' എന്നോ മറ്റോ തലക്കെട്ടില്‍ ഒരു കവര്‍‌സ്റ്റോറി പ്രസിദ്ധീകരിച്ചു. അതിന്റെ പേരില്‍ ശിവസേനക്കാര്‍ വിക്‌ടോറിയ ടെര്‍മിനസിനടുത്തുള്ള മനോരമ ഓഫീസില്‍ അക്രമം അഴിച്ചുവിടുകയും ചെയ്‌തിരുന്നു.

എന്തായാലും അഭിമുഖം അനുവദിക്കപ്പെട്ടു. സംസാരത്തില്‍ ബഹുമാന്യന്‍. ആളുകള്‍ പറയുന്നതുപോലെ ചട്ടമ്പി രാജനൊന്നുമായി തോന്നിയില്ല. ആളുകളെ ഇളക്കി ഒരു സംസ്ഥാനത്തെ കൈപ്പിടിയില്‍ ഒതുക്കുന്ന ആള്‍ ചില്ലറക്കാരനാകാന്‍ വഴിയില്ലല്ലോ.

ശിവസേനയ്‌ക്കെതിരേ ലേഖനമെഴുതിയത്‌ ഞാനാണോ എന്നതായിരുന്നു ആദ്യ ചോദ്യം. അല്ല എന്നു പറഞ്ഞു. പിന്നെ ഒരുപറ്റം കാര്യങ്ങളെക്കുറിച്ച്‌ സൗഹൃദപൂര്‍വ്വം സംസാരിച്ചു.

ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നതായിരുന്നു താക്കറെയുടെ നിലപാട്‌. അതേപ്പറ്റി ചോദിച്ചപ്പോള്‍ 'ബനവലന്റ്‌ ഡസ്‌പോട്ടിസ'ത്തില്‍ ആണ്‌ തനിക്ക്‌ വിശ്വാസമെന്നു പറഞ്ഞു. എന്നുവെച്ചാല്‍ നേതാവ്‌ അനുയായികളുടെ നന്മനോക്കി ഏകാധിപതിയായി പ്രവര്‍ത്തിക്കും. (ബനവലന്റ്‌ ഡിക്‌ടേറ്റര്‍)

മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യക്കാര്‍ക്കും, ഗുജറാത്തികള്‍ക്കും എതിരേയാണ്‌ ശിവസേന തുടങ്ങിയതെങ്കിലും പിന്നീടത്‌ ഹിന്ദുത്വ ചിന്താഗതിയിലേക്കു മാറി. മുസ്ലീം വിരോധം മുഖമുദ്രയായി. പഴയകാലത്ത്‌ മുസ്സീംകള്‍ കാണിച്ചുകൂട്ടിയ അതിക്രമത്തിന്‌ ഇപ്പോത്തെ മുസ്ലീംകളോട്‌ വിരോധം കാണിക്കുന്നത്‌ ശരിയോ എന്നതായിരുന്നു മറ്റൊരു ചോദ്യം. പഴയകാലത്ത്‌ `'മൈറ്റ്‌ ഈസ്‌ റൈറ്റ്‌' (
കയ്യുക്കുള്ളവന്‍ കാര്യക്കാരന്‍ ) എന്നതായിരുന്നു നിയമമെന്നും ചൂണ്ടിക്കാട്ടി. അതിനുള്ള മറുപടി തൃപ്‌തികരമായി തോന്നിയില്ല. ബോംബെയ്‌ക്ക്‌ വേണമെങ്കില്‍ ഊട്ടിയെ ആകമിക്കാം അല്ലേ എന്നോ മറ്റോ ഒരു ഒഴുക്കന്‍  മറുപടി ആയിരുന്നു കിട്ടിയത്‌.

ഓരോ ചെറിയകാര്യത്തിനും ആളുകള്‍ നീണ്ട ക്യൂവില്‍ മണിക്കൂറുകളോളം നില്‍ക്കുന്ന രാജ്യത്ത്‌ എന്തു ജനാധിപത്യമാണെന്നദ്ദേഹം
പരിതപിക്കുകയും ചെയ്‌തു.

താക്കറെയുടെ ചില നിലപാടുകള്‍ ബോംബെയില്‍ താമസിച്ചപ്പോള്‍ പ്രസക്തമായി തോന്നി. ബോംബെയില്‍ വരുന്നതിന്‌ പാസ്‌പോര്‍ട്ട്‌ ഏര്‍പ്പെടുത്തണമെന്നതായിരുന്നു ഒന്ന്‌. സത്യത്തില്‍ ഇന്ത്യയുടെ നാനാഭാഗത്തുനിന്നും മനുഷ്യരാശി ബോംബെയില്‍ ജീവിക്കാന്‍വേണ്ടി
ഒഴുകിയെത്തുകയാണ്.  അവര്‍ക്ക്‌ താമസിക്കാന്‍ വീടും കൂടും ഒന്നും വേണ്ട. പ്ലാസ്റ്റിക്കുകൊണ്ട്‌ ഒരു കൂര എവിടെയും വലിച്ചുകെട്ടി അവര്‍ വീടാക്കും.

നഗരമാകട്ടെ മലീമസം. പൊതു സ്ഥലങ്ങളില്‍ മറ്റു മനുഷ്യര്‍ കാണ്‍കെയാണ്‌ പലരും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്‌. ഇത്തരമൊരു അവസ്ഥയില്‍ ബോംബെക്കാരും മഹാരാഷ്‌ട്രക്കാരുമായവര്‍, ജനം ഇങ്ങനെ ഇടിച്ചുകയറി വരരുതെന്ന്‌ പറഞ്ഞത്‌ തെറ്റായി തോന്നിയില്ല. ഇന്ത്യയുടെ ദാരിദ്ര്യത്തിനു ബോംബെ മാത്രം വില നല്‍കിയാല്‍ പോരല്ലോ.

മറ്റൊന്ന്‌ നഗരത്തിലെ റോഡുകള്‍ക്കിരുവശവുമുള്ള നടപ്പാതകള്‍ മുഴുവന്‍ ചെറുകിട കച്ചവടക്കാര്‍ കൈയ്യേറിയിരിക്കുകയാണ്‌. ഭൂരിപക്ഷം മലയാളികള്‍. അവര്‍ക്കെതിരേയാണ്‌ ശിവസേന ആദ്യകാലത്ത്‌ അതിക്രമം ആരംഭിച്ചത്‌. കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമൊക്കെയുള്ള ഗുണ്ടാസംഘങ്ങള്‍ തിരിച്ചടിക്കുകയും ചെയ്‌തു.

അടുത്തവര്‍ഷം 1991-ല്‍ പൊതു തെരഞ്ഞെടുപ്പ്‌ പ്രമാണിച്ച്‌ വീണ്ടും താക്കറെയെ അഭിമുഖത്തിനുവേണ്ടി വിളിച്ചു. മാതൃഭൂമിയുടെ ലേഖകന്‍ എം.പി. കൃഷ്‌ണദാസുമൊത്ത്‌ പോകാനാണ്‌ തീരുമാനിച്ചത്‌. സമയം രാവിലെ 11 മണി എന്നു പറഞ്ഞു.

പതിവുപോലെ തലേന്ന്‌ ബോംബെ പ്രസ്‌ ക്ലബില്‍ ആണ്‌ അന്നത്തെ ദിവസം അവസാനിച്ചത്‌. പരദൂഷണവും എക്‌സ്‌ക്ലൂസീവ്‌ വാര്‍ത്ത ചമയ്‌ക്കലും സുരപാനവുമൊക്കെയായി നേരം രാത്രി വൈകി.

പിറ്റേന്ന്‌ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ സമയം വല്ലാതെ പോയ തോന്നല്‍. കയ്യോടെ കുളിച്ചൊരുങ്ങി
ട്രെയിനില്‍ ഓടിച്ചെന്നു  കയറി. ലേഖകന്‍ താമസിക്കുന്ന ഡോംബിവിലിയില്‍ നിന്നും ട്രെയിന്‍ മാറിക്കയറി ബാന്ദ്രയിലെത്താന്‍ ഒരു മണിക്കൂറിലേറെ വേണം.

എന്തായാലും ഓടിപ്പിടിച്ച്‌ മതോശ്രീയിലെത്തി. ഇന്റര്‍വ്യൂവിന്റെ കാര്യം സെക്രട്ടറിയോട്‌ പറഞ്ഞപ്പോള്‍ സെക്രട്ടറി അകത്തുപോയിട്ടു വന്നു പറഞ്ഞു: പതിനൊന്നു മണിക്ക്‌ എന്നാണല്ലോ പറഞ്ഞിരുന്നത്‌. അപ്പോഴാണ്‌ വാച്ച്‌ നോക്കുന്നത്‌. മണി ഒമ്പത്‌ ആയിട്ടേയുളളൂ. ഏഴരയ്‌ക്ക്‌ എങ്കിലും പുറപ്പെട്ടിരിക്കണം.

ഉറക്കച്ചടവും തലേന്നത്തെ പ്രസ്‌ ക്ലബിലെ ആഘോഷത്തിന്റേയും കെട്ട്‌ വിട്ടിരുന്നില്ലെന്നര്‍ത്ഥം. പ്രസ്‌ ക്ലബുകള്‍ വരുത്തുന്ന ഓരോരോ വിനകള്‍.

അടിക്കുറിപ്പ്‌: സ്റ്റേറ്റില്‍ 1996-ല്‍ അധികാരത്തിലെത്തിയശേഷം ശിവസേന ഇന്ത്യയിലെ തന്നെ പ്രമുഖ രാഷ്‌ട്രിയ ശക്തികളിലൊന്നായി മാറി. താക്കറേയും മാറി. കേരളീയരെയൊക്കെ ഉപദ്രവിക്കാനുണ്ടാക്കിയ സംഘടനയാണെങ്കിലും ഇന്ന്‌ കേരളത്തിലും താക്കറേയ്‌ക്ക്‌ ആരാധകരുണ്ട്‌.

Also read by TJS George in Mathrubhumi

ബാല്‍ താക്കറെയുടെ നഷ്ടങ്ങളും ലാഭങ്ങളും



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക