Image

ശാലോം മീഡിയാ യു എസ്‌ എ ഇംഗ്ലീഷ്‌ ടി വി ചാനലും, മാസികയും ആരംഭിക്കുന്നു

ജോസ്‌ മാളേയ്‌ക്കല്‍/ ഫിലാഡല്‍ഫിയ Published on 29 August, 2011
ശാലോം മീഡിയാ യു എസ്‌ എ ഇംഗ്ലീഷ്‌ ടി വി ചാനലും, മാസികയും ആരംഭിക്കുന്നു
മാധ്യമശുശ്രൂഷയിലൂടെ സുവിശേഷവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്ന ശാലോം മീഡിയാ യു എസ്‌ എ യുവജനങ്ങളെയും, കൗമാരക്കാരെയും ലക്ഷ്യംവച്ച്‌ ഇംഗ്ലീഷ്‌ ടി വി ചാനലും, ഇംഗ്ലീഷിലുള്ള മാസികയും തുടങ്ങുമെന്ന്‌ ശാലോം ശുശ്രൂഷകളുടെ ചെയര്‍മാനും, സണ്‍ഡേ ശാലോമിന്റെ ചീഫ്‌ എഡിറ്ററുമായ ബെന്നി പുന്നത്തറ അറിയിച്ചു. 2011 ജൂണ്‍ മുതല്‍ ആഗസ്റ്റ്‌ വരെ വടക്കേ അമേരിക്കയിലുടനീളം 7 സ്ഥലങ്ങളില്‍ നടന്നുവന്ന ഫെസ്റ്റിവലിന്റെ അവസാനം ലോസ്‌ ആന്‍ജലസില്‍ നടന്ന സമാപനചടങ്ങിലാണു യുവജനങ്ങളുള്‍പ്പെടെ ആയിരങ്ങളെ സാക്ഷി നിര്‍ത്തി അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്‌.

ശാലോം ശുശ്രൂഷകളുടെ രണ്ടു പതിറ്റാണ്ടിന്റെ ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ലുകുറിച്ചുകൊണ്ട്‌ ഇംഗ്ലീഷ്‌ ഭാഷയിലുള്ള ചാനലിന്റെയും ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പുതുതലമുറക്കായുള്ള ഇംഗ്ലീഷ്‌ മാസികയുടെയും പ്രഖ്യാപനം ശാലോം ശുശ്രൂഷകരും, പ്രവര്‍ത്തകരും, അഭ്യുദയകാംക്ഷികളും ആകാംക്ഷയോടെ കാത്തിരുന്ന ഒരു സന്തോഷവാര്‍ത്തയായിരുന്നു.

ശാലോം മീഡിയാ യു എസ്‌ എ യുടെ നേതൃത്വത്തില്‍ രണ്ടു വര്‍ഷത്തിനകം ടി വീ യുടെ ഇംഗ്ലീഷ്‌ ചാനലും, ഇംഗ്ലീഷിലുള്ള മാസികയും അമേരിക്കയില്‍ നിന്നുമാരംഭിക്കും. കേരളത്തിനു പുറത്തുള്ള മലയാളം അറിയാത്ത കുട്ടികളെയും യുവജനങ്ങളെയും ലക്ഷ്യം വച്ചുകൊണ്ടാണു ചാനലും മാസികയും തുടങ്ങുന്നത്‌. അമേരിക്കന്‍ മലയാളികളുടെ പുതുതലമുറക്കൊപ്പം അമേരിക്കന്‍ സമൂഹത്തെക്കൂടി ഇതു ലക്ഷ്യം വക്കുന്നു. കരിസ്‌മാറ്റിക്‌ നവീകരണത്തിലൂടെ കേരള സഭയിലുണ്ടായ ആല്‍മീയ ഉണര്‍വ്‌ മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്കും സമ്മാനിക്കുന്ന തരത്തിലാവും ഇതിലെ പരിപാടികള്‍ ക്രമീകരിക്കുക.

1989 ല്‍ കുടിയേറ്റഭൂമിയായ മലബാറിലെ പെരുവണ്ണാമൂഴി എന്ന ചെറിയ ഗ്രാമത്തില്‍ ഒരു ചെറിയ പ്രാര്‍ത്ഥനാഗ്രൂപ്പായി തുടക്കമിട്ട ശാലോം ഇന്ന്‌ മാസ്‌ മീഡിയ ഉപയോഗിച്ച്‌ ദൈവവചനവും, സാന്മാര്‍ഗികോപദേശങ്ങളും ജനങ്ങളിലെത്തിക്കുന്ന മുന്‍നിര ചാനലായി മാറി. ശാലോം ടൈംസ്‌, ശാലോം ടൈഡിംഗ്‌സ്‌, സണ്‍ഡേ ശാലോം എന്നിങ്ങനെ നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളും ആല്‍മീയവരം ലഭിച്ച സുവിശേഷപ്രഘോഷകര്‍ എഴുതിയ നിരവധി ആല്‍മീയ പ്രസിദ്ധീകരണങ്ങളും ഇന്നു ശാലോം ജനഹൃദയങ്ങളിലെത്തിക്കുന്നു. അച്ചടിപ്രസിദ്ധീകരണങ്ങളിലോ, ശാലോം ടിവി യിലോ യാതൊരു പരസ്യവുമില്ലാതെ പ്രേക്ഷകരുടെയും, വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും സംഭാവനകൊണ്ടു മാത്രം നിലനിന്നു പോരുന്ന ഒരു ദൈവിക ശുശ്രൂഷയാണു ശാലോം നിര്‍വഹിക്കുന്നത്‌.

2010 ലെ ശാലോം ഫെസ്റ്റിവലിനൊടുവില്‍ പ്രഖ്യാപിച്ച രണ്ടു കാര്യങ്ങളായ ശാലോമിന്റെ അമേരിക്കന്‍ ഓഫീസും, സണ്‍ഡേ ശാലോം പത്രത്തിന്റെ അമേരിക്കന്‍ എഡിഷനും ഒരു വര്‍ഷത്തിനുള്ളില്‍ സാധിതമായി. ഈ വര്‍ഷത്തെ പ്രഖ്യാപനവും സമയ പരിധിക്കുള്ളില്‍തന്നെ നടപ്പിലാവുമെന്നൂ നമുക്ക്‌ പ്രതീക്ഷിക്കാം. ശാലോം ശുശ്രൂഷകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന വിലാസത്തില്‍ ബന്ധപ്പെടുക.

Address:

Shalom Media U.S
P.O. Box No. 4677
McAllen TX 78502
Phone: 215-366-3031
Web: www.shalomus.org
Email: info@shalomus.org
ശാലോം മീഡിയാ യു എസ്‌ എ ഇംഗ്ലീഷ്‌ ടി വി ചാനലും, മാസികയും ആരംഭിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക