Image

ശബരിമലയില്‍ വ്രതവിശുദ്ധിയുടെ പുണ്യകാലം (വി.എസ്‌.ശിവകുമാര്‍)

Published on 15 November, 2012
ശബരിമലയില്‍ വ്രതവിശുദ്ധിയുടെ പുണ്യകാലം (വി.എസ്‌.ശിവകുമാര്‍)
സമഭാവനയുടെയും സര്‍വ്വമതസാഹോദര്യത്തിന്റെയും സംഗമവേദിയായ ശബരിമല മണ്ഡലം, മകരവിളക്ക്‌ മഹോത്സവത്തിനായി അണിഞ്ഞൊരുങ്ങി. തീര്‍ത്ഥാടനം അപകടരഹിതവും മാലിന്യരഹിതവും ചൂഷണരഹിതവും ആയിരിക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയത്‌. പരിമിതികളുടെ പ്രതികൂല സാഹചര്യങ്ങള്‍ ഏറെയുണ്ടെങ്കിലും ഭക്തജനങ്ങള്‍ക്കുവേണ്ടി മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ തികഞ്ഞ സംതൃപ്‌തിയുണ്ട്‌.

കഴിഞ്ഞവര്‍ഷത്തെ മണ്ഡലം-മകരവിളക്ക്‌ മഹോത്സവം അതിനുമുമ്പുള്ള വര്‍ഷങ്ങളേക്കാള്‍ വിജയകരമായി നടത്താന്‍ സാധിച്ചു. ഇത്തവണത്തെ മഹോത്സവം അതിലും നന്നായിനടത്തണം എന്ന ദൃഢനിശ്ചയത്തോടെയാണ്‌ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്‌. ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും ഇതിനായി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി പതിനൊന്ന്‌ അവലോകനയോഗങ്ങള്‍ എന്റെ അധ്യക്ഷതയിലും അഞ്ച്‌ യോഗങ്ങള്‍ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സാന്നിധ്യത്തിലും സംഘടിപ്പിച്ചു. പ്രധാന ഇടത്താവളങ്ങളായ പന്തളം, എരുമേലി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ ക്രമീകരണങ്ങള്‍ക്കായി പ്രത്യേക അവലോകനയോഗങ്ങള്‍ വിളിച്ചുചേര്‍ത്തു.

പമ്പ, സന്നിധാനം, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ സീസണുശേഷം നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങളെല്ലാം നീക്കം ചെയ്‌തു. മാതാ അമൃതാനന്ദമയി മഠത്തിലെ മൂവായിരത്തിലധികംപേരുടെയും സത്യസായി സേവാസമിതി, അഖില ഭാരത അയ്യപ്പസേവാസംഘം, എന്‍.എസ്‌.എസ്‌, മുതലായവയിലെ സന്നദ്ധ പ്രവര്‍ത്തകരുടെയും നിസ്വാര്‍ത്ഥസേവനത്തോടെയാണ്‌ ഇത്‌ സാധ്യമായത്‌. അവരുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ എത്ര അഭിനന്ദിച്ചാലും മതിവരികയില്ല. സീസണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‌ ആയിരത്തോളം പേരടങ്ങുന്ന വിശുദ്ധിസേനയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ശബരിമലയിലേക്കുള്ള റോഡുകളെല്ലാം 67 കോടിരൂപ ചെലവില്‍ നവീകരിച്ചു. സ്വാമി അയ്യപ്പന്‍ റോഡിന്റെ പുനരുദ്ധാരണം 5 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കി. ജസ്റ്റിസ്‌ ഹരിഹരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള ഒട്ടേറെ സരുക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

തീര്‍ത്ഥാടകര്‍ക്ക്‌ വെയിലുംമഴയുംകൊള്ളാതെ മല കയറുന്നതിന്‌ പമ്പ മുതല്‍ മരക്കൂട്ടംവരെയുള്ള കാനനപാതയില്‍ നടപ്പന്തലുകള്‍ നര്‍മ്മിച്ചു. ശബരിപീഠത്തിനുസമീപവും ശരംകുത്തിയിലും രണ്ട്‌ ക്യൂ കോംപ്ലക്‌സുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. പമ്പയില്‍നിന്നും സന്നിധാനത്തേക്ക്‌ സമാന്തര കുടിവെള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭൂരിഭാഗം ജോലികളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്‌. മറ്റ്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്‌ നിലയ്‌ക്കലില്‍ ഹെല്‍പ്‌ ഡെസ്‌ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ശബരിമലയിലേക്കുള്ള റോഡുകളില്‍ അപകടനിയന്ത്രണത്തിന്‌, കഴിഞ്ഞ സീസണിലേതുപോലെ, മോട്ടോര്‍ വാഹനവകുപ്പിന്റെ സേഫ്‌ സോണ്‍ പദ്ധതി ഉടന്‍ ആരംഭിക്കും. സന്നിധാനത്ത്‌ വെര്‍ച്വല്‍ ക്യൂ സമ്പ്രദായം ശക്തമാക്കി.

പോലീസ്‌ സുരക്ഷാസംവിധാനം പൂര്‍വ്വാധികം മെച്ചപ്പെടുത്തിയിട്ടുണ്ട്‌. സുരക്ഷാ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്‌. ആര്‍.എ.എഫ്‌, എന്‍.ഡി.ആര്‍.എഫ്‌ സേനാവിഭാഗങ്ങളുടെ സേവനം ലഭ്യമാക്കാനുള്ള നടപടികളും പൂര്‍ത്തിയായി. സന്നിധാനത്ത്‌ ഡ്യൂട്ടിക്കെത്തുന്ന ആയിരക്കണക്കിന്‌ പോലീസ്‌ സേനാംഗങ്ങള്‍ക്ക്‌ മെസ്‌ അലവന്‍സിനായി 85 ലക്ഷം രൂപ അനുവദിച്ചു. ഇവര്‍ക്കായി ഇത്തവണ ലഗേജ്‌ അലവന്‍സ്‌ നല്‍കാനും തീരുമാനമായിട്ടുണ്ട്‌.. ചെങ്ങന്നൂരിലും പത്തനംതിട്ടയിലും കുമളിയിലും സ്‌പെഷ്യല്‍ പോലീസ്‌ സേനയെ വിന്യസിപ്പിക്കും.

ആരോഗ്യവകുപ്പ്‌ വിപുലമായ ക്രമീകരണങ്ങളാണ്‌ ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. ബന്ധപ്പെട്ട ആശുപത്രികളിലെല്ലാം വേത്ര ഡോക്‌ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിച്ചിട്ടുണ്ട്‌. റാന്നി, പത്തനംതിട്ട, ചെങ്ങന്നൂര്‍ മുതലായ ആശുപത്രികളിലെല്ലാം അഡീഷണല്‍ ഡോക്‌ടര്‍മാരെയും സ്റ്റാഫിനെയും ഏര്‍പ്പെടുത്തി. ശബരിമലയിലേക്കും പമ്പയിലേക്കുമായി അസിസ്റ്റന്റ്‌ സര്‍ജന്മാര്‍ക്കു പുറമേ 44 ഫിസിഷ്യന്‍മാര്‍, 44 കാര്‍ഡിയോളജിസ്റ്റുകള്‍ മുതലായവരെ നിയമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. മരുന്ന്‌ സംഭരണവും അതത്‌ ആശുപത്രികളില്‍ പൂര്‍ത്തിയായി. 13 ആംബുലന്‍സുകളുടെ സേവനം സീസണിന്റെ തുടക്കത്തില്‍ത്തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. തുടര്‍ന്ന്‌ 20 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കും. പമ്പ-സന്നിധാനം കാനനപാതയില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ സ്ഥാപിച്ചു. സംസ്ഥാനത്തുടനീളം, പ്രത്യേകിച്ച്‌ ശബരിമലയില്‍ ഇത്തവണ ഭക്ഷ്യസുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്‌. പമ്പയിലും സന്നിധാനത്തുമായി 48 ഫുഡ്‌സേഫ്‌റ്റി ഓഫീസര്‍മാരെ ഇതിനായി നിയമിച്ചുകഴിഞ്ഞു. അവശ്യവസ്‌തുക്കളുടെ വിലനിലവാര നിയന്ത്രണം ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി.

കുടിവെള്ള വിതരണം 24 മണിക്കൂറും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഡാമില്‍നിന്നും പമ്പയിലേക്കുള്ള ഒഴുക്ക്‌ എല്ലാദിവസവും മോണിറ്റര്‍ചെയ്യാനും നടപടികള്‍ സ്വീകരിച്ചു. കെഎസ്‌ആര്‍ടിസി ഇത്തവണ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ ബസ്സുകള്‍ സര്‍വ്വീസിനിറക്കും. ആദ്യഘട്ടത്തില്‍ പമ്പ-നിലയ്‌ക്കല്‍ ചെയിന്‍ സര്‍വ്വീസുകള്‍ക്കുമാത്രമായി 100 ബസ്സുകളാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. പമ്പയില്‍ നിന്നും തെങ്കാശി, കോയമ്പത്തൂര്‍, പളനി, നാഗര്‍കോവില്‍ എന്നിവിടങ്ങളിലേക്ക്‌ മുപ്പതോളം ബസ്സുകള്‍ സര്‍വ്വീസ്‌ നടത്തും. നിലയ്‌ക്കലില്‍ ര്‌ പാര്‍ക്കിംഗ്‌ ബേകളുടെയും ഇന്റേണല്‍ റോഡുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്‌. ശബരിമലയുമായി ബന്ധപ്പെട്ട പതിനൊന്ന്‌ പഞ്ചായത്തുകള്‍ക്കും ചെങ്ങന്നൂര്‍, പത്തനംതിട്ട മുനിസിപ്പാലിറ്റികള്‍ക്കുമായി ശുചീകരണത്തിനും മറ്റ്‌ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി 1.35 കോടി രൂപ അനുവദിച്ചു. ഈ വിധം സര്‍ക്കാര്‍ തലത്തിലും വിവിധ വകുപ്പുകള്‍, ദേവസ്വം ബോര്‍ഡ്‌ എന്നിവ മുഖേനയും തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി പരമാവധി പരിശ്രമിച്ചിട്ടുണ്ട്‌.

മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള വിവിധ പദ്ധതികള്‍ പല ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്‌. ഇതിനായി കഴിഞ്ഞ വര്‍ഷം 15 കോടി രൂപയും ഈ വര്‍ഷം 25 കോടി രൂപയുമാണ്‌ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്‌. മകരവിളക്ക്‌ മഹോത്സവം കഴിഞ്ഞാലുടന്‍ മാസ്റ്റര്‍പ്ലാനിലെ മറ്റ്‌ പല പദ്ധതികള്‍ക്കും തുടക്കം കുറിക്കും. പമ്പയിലെയും സന്നിധാനത്തെയും സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകള്‍ സന്നിധാനത്തെ വലിയ നടപ്പന്തലിന്‌ രണ്ടാം നില, പുതിയ അരവണ പ്ലാന്റ്‌ എന്നിവയുടെ നിര്‍മ്മാണവും കുന്നാര്‍ ഡാമിന്റെ വിപുലീകരണവുമാണ്‌ ഉടന്‍ ആരംഭിക്കുക. പമ്പയില്‍ 15 കോടി രൂപ ചെലവില്‍ ആശുപത്രി സമുച്ചയം നിര്‍മ്മിക്കും. 14.5 കോടി രൂപ ചെലവില്‍ ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന ആശുപത്രികള്‍ ശബരിമലയിലേക്കുള്ള പ്രധാനപാതയിലെ കണമല പാലത്തിന്റെ നിര്‍മ്മാണവും തുടങ്ങും. എരുമേലി ടൗണ്‍ഷിപ്പാക്കുന്നതിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. തീര്‍ത്ഥാടകര്‍ക്ക്‌ കൂടുതല്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ പന്തളവും ചെങ്ങന്നൂരും ടൗണ്‍ഷിപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്‌.
ശബരിമലയില്‍ വ്രതവിശുദ്ധിയുടെ പുണ്യകാലം (വി.എസ്‌.ശിവകുമാര്‍)
ശബരിമലയില്‍ വ്രതവിശുദ്ധിയുടെ പുണ്യകാലം (വി.എസ്‌.ശിവകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക