Image

എയര്‍ ഇന്ത്യയുടെ അമിത നിരക്ക്‌ നിയന്ത്രിക്കും: കേന്ദ്രമന്ത്രി വേണുഗോപാല്‍

Published on 16 November, 2012
എയര്‍ ഇന്ത്യയുടെ  അമിത നിരക്ക്‌ നിയന്ത്രിക്കും: കേന്ദ്രമന്ത്രി വേണുഗോപാല്‍
ദുബായ്‌: എയര്‍ ഇന്ത്യ തിരക്കേറിയ സീസണില്‍ അമിത നിരക്ക്‌ ഈടാക്കുന്നത്‌ നിയന്ത്രിക്കുമെന്ന്‌ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഗള്‍ഫില്‍ അറിയിച്ചു. വിമാനങ്ങള്‍ റദ്ദാക്കുന്നതും വൈകുന്നതും തടയാന്‍ നടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങള്‍ മന്ത്രാലയം ഓരോ ദിവസവും നേരിട്ട്‌ വിലയിരുത്തും. ജനുവരി ഒന്ന്‌ മുതല്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍െറ ആസ്ഥാനം കൊച്ചിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിമാനങ്ങള്‍ റദ്ദാക്കുന്നതും വൈകി പറക്കുന്നതും സംബന്ധിച്ച വിശദാംശങ്ങള്‍ യാത്രക്കാരെ അറിയിക്കാന്‍ ഗള്‍ഫിലും കേരളത്തിലും സംവിധാനമൊരുക്കുമെന്ന്‌ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച്‌ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. അടിയന്തര സാഹചര്യത്തിലെ റദ്ദാക്കല്‍ മാധ്യമങ്ങള്‍ വഴിയും അറിയിക്കും. യാത്രക്കാര്‍ക്ക്‌ പരാതികള്‍ അറിയിക്കാന്‍ ഓണ്‍ലൈന്‍ പരാതി ഡെസ്‌ക്‌ തുറക്കും. കേരളത്തിലെ മൂന്ന്‌ വിമാനത്താവളങ്ങളിലും ഗള്‍ഫിലെ പ്രധാന കേന്ദ്രങ്ങളിലും പി.ആര്‍.ഒമാരെ നിയമിക്കുമെന്നും അദ്ദംഹം പറഞ്ഞു.

ജീവനക്കാരുടെ യാത്രക്കാരോടുള്ള പെരുമാറ്റവും സമീപനവും സംബന്ധിച്ച്‌ ഏറെ പരാതികള്‍ ലഭിച്ചിട്ടുള്ളതിനാല്‍ അവര്‍ക്ക്‌ ഇതുസംബന്ധിച്ച പരിശീലനം നല്‍കും. പൈലറ്റുമാര്‍ അടക്കം ആവശ്യമായ ജീവനക്കാരെ നിയമിച്ച്‌ ആള്‍ക്ഷാമമെന്ന പരാതി അവസാനിപ്പിക്കും. എയര്‍ ഇന്ത്യയില്‍ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷയില്‍ അനൗണ്‍സ്‌മെന്‍റ്‌ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ പങ്കജ്‌ ശ്രീവാസ്‌തവ, എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ഡപ്യൂട്ടി സി.ഇ.ഒ കാപ്‌റ്റന്‍ പുഷ്‌പീന്ദര്‍, എയര്‍ ഇന്ത്യ റീജ്യണല്‍ മാനേജര്‍ (ഗള്‍ഫ്‌, മിഡിലീസ്റ്റ്‌, ആഫ്രിക്ക) സീമ ശ്രീവാസ്‌തവ, എയര്‍ ഇന്ത്യ യു.എ.ഇ കണ്‍ട്രി മാനേജര്‍ റാം ബാബു, അബൂദബി എയര്‍പോര്‍ട്ട്‌ കൗണ്ടര്‍ മാനേജര്‍ സമിത മജുംദാര്‍, ഷാര്‍ജ എയര്‍പോര്‍ട്ട്‌ കൗണ്ടര്‍ മാനേജര്‍ കൃഷ്‌ണകുമാര്‍, സെയില്‍സ്‌ മാനേജര്‍ ആഷ്‌ലി റബല്ലോ, റീജ്യണല്‍ ഫിനാന്‍സ്‌ മാനേജര്‍ മിലന്‍ ഷാ എന്നിവരുമായാണ്‌ വേണുഗോപാല്‍ കൂടിക്കാഴ്‌ച നടത്തിയത്‌.
എയര്‍ ഇന്ത്യയുടെ  അമിത നിരക്ക്‌ നിയന്ത്രിക്കും: കേന്ദ്രമന്ത്രി വേണുഗോപാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക