ന്യൂഡല്‍ഹി: രാജ്യത്തെ എം.പിമാരില്‍ ഏകദേശം 150 പേര് ക്രിമിനലുകളാണെന്നും
ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസുണ്ടെന്നും, ജനങ്ങള്‍ക്ക് പ്രയോജനമില്ലാത്തവരെ
തിരഞ്ഞെടുത്തു പാര്‍ലമെന്റിലേക്ക് അയയ്ക്കരുതെന്നും ശക്തമായ ലോക്പാല്‍
ബില്ലിനുവേണ്ടി സമരം നടത്തുന്ന അണ്ണാ ഹസ്സാരെ അഭിപ്രായപ്പെട്ടു.
ജനപ്രതിനിധികളില്‍ നിന്നു ജനങ്ങള്‍ക്കു വലിയ പ്രതീക്ഷകളുണ്ട്. എന്നാല്‍,
പ്രതീക്ഷകള്‍ പാലിക്കാന്‍ പ്രതിനിധികള്‍ക്കു കഴിയുന്നില്ല. അടുത്ത തിരഞ്ഞെടുപ്പില്‍
കാര്യപ്രാപ്തിയില്ലാത്തവര്ക്കു വോട്ടു ചെയ്യരുത്. നിയമനിര്മാതാക്കള്ക്കു
മുകളിലാണു ജനങ്ങളുടെ അധികാരം. പ്രവര്‍ത്തിക്കാത്തവരെ പടിക്കുപുറത്തു നിര്‍ത്തണം.
ജനാധിപത്യത്തിന്റെ പരിശുദ്ധ ക്ഷേത്രത്തിലേക്ക് അയയ്ക്കുന്ന ജനപ്രതിനിധികളുടെ
തെറ്റുകള്‍ കണ്ടില്ലെന്നു നടിക്കരുത്. ദൈവനിയോഗമായാണ് അഴിമതിക്കെതിരായുള്ള
പോരാട്ടത്തെ കാണുന്നതെന്നും ഹസാരെ പറഞ്ഞു.