Image

അഡലെയ്ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു

ബിജു കുര്യാക്കോസ് Published on 15 November, 2012
അഡലെയ്ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു
അഡലെയ്ഡ്: മലങ്കര സഭയുടെ പരിശുദ്ധന്‍ പരുമല മോര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 110-ാമത് ഓര്‍മ്മപ്പെരുന്നാളും അഡലെയ്ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ അഞ്ചാമത് വാര്‍ഷികവും നവംബര്‍ ഒന്‍പത്, പത്ത് തീയതികളില്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

വുഡ്‌വില്ലിലെ മാസിഡോണിയന്‍ ചര്‍ച്ചില്‍ നടന്ന പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. ഷിനു കെ. തോമസ്, ട്രസ്റ്റി വിജു സക്കറിയ, സെക്രട്ടറി മാത്യു എം. സാമുവല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

നവംബര്‍ ഒന്‍പതിന് (വെള്ളി) വൈകുന്നേരം ആറിന് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് ഫാ. ഷിനു കെ. തോമസിന്റെ പ്രബോധന ശുശ്രൂഷയും നടന്നു. 

വിശുദ്ധീകരണത്തിലൂടെ എങ്ങനെ ഒരു വിശ്വാസിക്ക് ദൈവിക ചൈതന്യം ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നു എന്നതിനെക്കുറിച്ച് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഗാനശുശ്രൂഷയ്ക്ക് മനോജ് ബേബി നേതൃത്വം നല്‍കി. അഡ്‌ലൈഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ജോസഫ് ആശംസ അര്‍പ്പിച്ചു. 

നവംബര്‍ 10ന് രാവിലെ ഏഴിന് പ്രഭാത നമസ്‌കാരവും എട്ടിന് ഫാ. ഷിനു കെ. തോമസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടന്നു. പരുമല തിരുമേനിയുടെ പുണ്യജീവിതത്തില്‍ ദൈവത്തേയും മനുഷ്യരേയും ഒരേപോലെ പ്രതീപ്പെടുത്തി ജീവിതം നയിച്ചപോലെ നമ്മള്‍ക്കും എങ്ങനെ ശ്രേഷ്ഠകരമായ ക്രിസ്തീയ ജീവിതം നയിക്കാമെന്ന് അച്ചന്‍ പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.

വിശുദ്ധ കുര്‍ബാനക്കുശേഷം ഭക്തിനിര്‍ഭരമായ റാസ, കൈമുത്ത് നേര്‍ച്ച, സ്‌നേഹവിരുന്ന് എന്നിവ നടന്നു. സഹോദര ഇടവകകളില്‍നിന്നും പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത ഏവര്‍ക്കും സെക്രട്ടറി മാത്യു എം. സാമുവല്‍ നന്ദി പറഞ്ഞു.



അഡലെയ്ഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക