Image

മലയാളത്തോട് എന്നും പ്രിയം: പാര്‍വതി ഓമനക്കുട്ടന്‍

Published on 14 November, 2012
മലയാളത്തോട് എന്നും പ്രിയം: പാര്‍വതി ഓമനക്കുട്ടന്‍
കൊച്ചി: 'മലയാള സിനിമയില്‍ അഭിനയിക്കണമെന്നത് എക്കാലത്തെയും മോഹമായിരുന്നു. സ്വന്തം ഭാഷയില്‍ അഭിനയിക്കണമെന്നത് ഏതൊരു നടന്റെയും നടിയുടെയും ആഗ്രഹമല്ലെ? ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് അതിന് അവസരം ലഭിച്ചത്' - പാര്‍വതി ഓമനക്കൂട്ടന്റെ വാക്കുകളില്‍ മലയാളത്തോടും മലയാള സിനിമയോടുമുള്ള സ്‌നേഹം അണമുറിയാതെയൊഴുകി.

നാട്ടില്‍ നിന്നകന്നാണു ജീവിച്ചതെങ്കിലും നാടിന്റെ നന്മകളൊന്നും മറന്നിട്ടില്ല. കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവുമൊക്കെ ഇവിടെ നിന്ന് അകന്നു ജീവിക്കുമ്പോഴേ കൂടുതല്‍ മനസിലാകുകയുള്ളൂ. മലയാളത്തോടുള്ള സ്‌നേഹത്തില്‍ കുറവു വന്നിട്ടില്ല. താന്‍ മാത്രമല്ല, അച്ഛനും അമ്മയും മലയാള സിനിമകളുടെ സ്ഥിരം പ്രേക്ഷകരാണെന്നു പാര്‍വതി പറഞ്ഞു. 

ആദ്യസിനിമ ബില്ല രണ്ടില്‍ മികച്ച അഭിനയം കാഴ്ച്ചവയ്ക്കാനായെന്നാണു വിശ്വാസം. നിര്‍ഭാഗ്യവശാല്‍ ആ സിനിമയ്ക്കു ജനങ്ങളുടെയിടയില്‍ വലിയ പ്രതികരണമുണ്ടാക്കാനായില്ല. പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കാതെ പോയതില്‍ സങ്കടമൊന്നുമില്ല. എന്തു ചെയ്താലും അത് ആത്മാര്‍ഥതയോടെ ചെയ്യാനെ എന്നും ശ്രമിച്ചിട്ടുള്ളൂ. ഏതു ഭാഷയിലാണെങ്കിലും നന്നായി അഭിനയിക്കാനാണു ശ്രമം. സിനിമയില്‍ തുടര്‍ന്നാലും മോഡലിംഗിനോടു വിട പറയാന്‍ ഉദ്ദേശ്യമില്ലെന്നും പാര്‍വതി ഓമക്കുട്ടന്‍ പറഞ്ഞു. മോഡലിംഗിനും സിനിമയ്ക്കും തുല്യപ്രാധാന്യമാണു നല്‍കുന്നത്. 

സിനിമയിലെത്തിയത് ഫാഷന്‍ രംഗത്തു നിന്നാണ്. അതുകൊണ്ടു ഫാഷന്‍ ഷോകളോട് ഇഷ്ടം കൂടുതലുണെ്ടന്നുമാത്രം. ബില്ല രണ്ടിനു ശേഷം തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും ചില ഓഫറുകള്‍ വന്നിരുന്നു. തെരഞ്ഞെടുത്ത ചിത്രങ്ങളില്‍ അഭിനയിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഒട്ടേറെപ്പേര്‍ കഥകളും അവസരങ്ങളുമായി സമീപിച്ചിരുന്നു. എന്നാല്‍ വേറിട്ടു നില്‍ക്കുന്ന, മികച്ച തുടക്കം നല്‍കാന്‍ സാധിക്കുന്ന ഒരു കഥയ്ക്കു വേണ്ടിയാണു കാത്തിരുന്നത്. കഥാപാത്രത്തിനു ചെയ്യാനെന്തങ്കിലും ഉണ്ടാകണം. ചിത്രത്തില്‍ വെറുതെ വന്നുപോകുന്ന കാരക്റ്റര്‍ ചെയ്യുന്നതിനോടു താത്പര്യമില്ല. യുവാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനോടാണ് കൂടുതല്‍ താത്പര്യം. അതാണ് ന്യൂജനറേഷന്‍ സിനിമകളോടുള്ള പ്രിയമെന്നും പാര്‍വതി ഓമനക്കുട്ടന്‍ പറഞ്ഞു. 

വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ ബൈജു ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ 'കെ ക്യൂ'വിന്റെ ഫോട്ടോ ഷൂട്ടിലെത്തിയതായിരുന്നു പാര്‍വതി. ചിത്രത്തില്‍ സുനൈന എന്ന ജേര്‍ണലിസ്റ്റിന്റെ കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. ചെന്നൈയില്‍ താമസിക്കുന്ന മലയാളി വെട്രിയാണ് നായകന്‍. ജോണ്‍ഫെലിക്‌സിന്റെ ബാനറില്‍ റീനി ബൈജുവാണു ചിത്രം നിര്‍മിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം സ്റ്റീഫന്‍ ദേവസി സംഗീതം നല്‍കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

മലയാളത്തോട് എന്നും പ്രിയം: പാര്‍വതി ഓമനക്കുട്ടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക