Image

ഓസ്‌ട്രേലിയയില്‍ മലയാളി ഡോക്ടര്‍ക്ക് അവാര്‍ഡ്

തോമസ് ടി. ഓണാട്ട് Published on 12 November, 2012
ഓസ്‌ട്രേലിയയില്‍ മലയാളി ഡോക്ടര്‍ക്ക് അവാര്‍ഡ്
ബ്രിസ്ബന്‍: റോയല്‍ ഓസ്‌ട്രേലിയന്‍ കോളേജിന്റെ ഫെലോഷിപ്പ് പരീക്ഷയില്‍ മലയാളി ഡോക്ടര്‍ക്ക് ഉന്നത ബഹുമതി. ക്യൂന്‍സ്‌ലാന്‍ഡ് സംസ്ഥാനത്തെ 2012 ലെ എഫ്.ആര്‍.എ.സി.ജി.പി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് തിരുവനന്തപുരം, കാഞ്ഞിരംകുളം മാവിളവീട്ടില്‍ ഡോ. വിജയന്‍ എസ്. കുമാര്‍ നേടി. ഉന്നത വിജയം നേടുന്നവര്‍ക്കുള്ള മേരി മഹോണി അവാര്‍ഡ് കഴിഞ്ഞ ദിവസം ഗോള്‍ഡ്‌കോസ്റ്റില്‍ നടന്ന ചടങ്ങില്‍ സമ്മോനിച്ചു. ഈ അവാര്‍ഡ് നേടുന്ന പ്രഥമ ഇന്ത്യക്കാരനാണ് ഡോ. വിജയന്‍.

ഗോള്‍ഡ്‌കോസ്റ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ഫെലോഷിപ്പ് - അവാര്‍ഡ് ദാനസമ്മേളനത്തില്‍ റോയല്‍ കോളേജ് പ്രസിഡന്റ് ഡോ. ക്ലെയര്‍ ജാക്‌സണ്‍, വിജയന് പുരസ്‌കാരം സമ്മാനിച്ചു. ഓസ്‌ട്രേലിയന്‍ ജനറല്‍ പ്രാക്ടീസിന്റെ തലതൊട്ടപ്പന്‍ ഡോ. ജോണ്‍ മുര്‍ട്ട അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

1998 ല്‍ ദാവന്‍ഗരെ മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയതിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്തു. തുടര്‍ന്ന് പുല്ലുവിള ഹെല്‍ത് സെന്റര്‍, നെയ്യാറ്റിങ്കര നിംസ് എന്നിവടങ്ങളില്‍ സേവനം അനുഷ്ടിച്ചു. ഇതിനിടെ കാഞ്ഞിരംകുളത്ത് നാട്ടുകാര്‍ക്ക് വേണ്ടി വിജയീസ് ഹോസ്പിറ്റല്‍ ആരംഭിച്ചു.

പിതാവ് കുമാര്‍ മഹാദേവന്‍ അമേരിക്കയില്‍ ശാസ്ത്രഞ്ജനാണ്. പരേതനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കുഞ്ഞുകൃഷ്ണ നാടാരുടെ മകള്‍ സോമവല്ലിയാണ് അമ്മ. കൊല്ലം ആശ്രമം ശാരദാമന്ദിരം ശശിധരന്റെ മകള്‍ വന്ദനയാണ് ഭാര്യ. ഏകമകള്‍ കല്യാണി ആഷ്‌മോള്‍ ട്രിനിറ്റി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.



ഓസ്‌ട്രേലിയയില്‍ മലയാളി ഡോക്ടര്‍ക്ക് അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക