Image

ഇന്ത്യയുടെ ശാപം മത്സരാധിഷ്‌ഠിത വര്‍ഗ്ഗീയത: ആര്‍ ബി ശ്രീകുമാര്‍

എം.കെ. ആരിഫ്‌ Published on 12 November, 2012
ഇന്ത്യയുടെ ശാപം മത്സരാധിഷ്‌ഠിത വര്‍ഗ്ഗീയത: ആര്‍ ബി ശ്രീകുമാര്‍
ദോഹ: മത്സരാധിഷ്‌ഠിത വര്‍ഗ്ഗീയതയാണ്‌ ഇന്ത്യയുടെ ശാപമെന്ന്‌ ഗുജറാത്ത്‌ മുന്‍ ഡി ജി പി ആര്‍ ബി ശ്രീകുമാര്‍. കേരളപ്പിറവിയോടനുബന്ധിച്ച്‌ ഫോക്കസ്‌ സംഘടിപ്പിച്ച മതേതര കേരളം മാറുന്ന പ്രതിഛായ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹിന്ദു വര്‍ഗ്ഗീയതയോ മുസ്‌ലിം വര്‍ഗ്ഗീയതയോ ഇന്ത്യയില്‍ വേരുപിടിച്ചാല്‍ വര്‍ഗ്ഗീയതയില്ലാത്തവരെയാണ്‌ അവര്‍ ആദ്യം തല്ലിക്കൊല്ലുക. അതുകൊണ്ടുതന്നെ ഇത്തരം വര്‍ഗ്ഗീയവാദികളെ തല്ലിക്കൊല്ലണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിന്ദു വര്‍ഗ്ഗീയത, ഗുജറാത്തി ഉപദേശീയത, വന്‍ അഴിമതി എന്നിവയിലൂന്നിയാണ്‌ നരേന്ദ്രമോഡി പ്രവര്‍ത്തിക്കുന്നത്‌. മാമോക്രസിയും മണിയോക്രസിയും മാഫിയോക്രസിയുമാണ്‌ മോഡി ഭരണത്തില്‍ ഗുജറാത്തില്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ മതമൗലികവാദത്തിനെതിരെ ദൈവത്തിന്‌ നേരിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ അതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാന്‍ ദൈവം സന്നദ്ധമാണ്‌. തന്നെപ്പോലുള്ളവരുടെ വിജയം ദൈവത്തിന്റെ സഹായമാണെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട്‌ പ്രസംഗിക്കുന്നതിന്‌ പകരം പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌.

ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ചില കാലഘട്ടങ്ങളില്‍ മുസ്‌ലികള്‍ പിറകോട്ടു പോവുകയുണ്ടായി. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയ്‌ക്കും വര്‍ഗ്ഗീയത വ്യാപനത്തിനും ഇത്തരം പിറകോട്ടു പോകല്‍ കാരണമായിട്ടുണ്ട്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടയില്‍ ലോകത്തിലെ മികച്ച കണ്ടുപിടുത്തങ്ങളുടെ പേറ്റന്റുകളൊന്നും ഇന്ത്യയ്‌ക്ക്‌ ലഭിച്ചിട്ടില്ല.

ഇന്ത്യയിലെ കഴിവുള്ള യുവാക്കള്‍ അമേരിക്കയിലേക്ക്‌ പറന്ന്‌ അവിടെയാണ്‌ സംഭാവന ചെയ്യുന്നത്‌. പുതിയ അറിവുകള്‍ തേടാന്‍ ഇന്ത്യയിലെ മതനേതാക്കള്‍ പ്രേരിപ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ കണ്ടുപിടുത്തങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന്‌ പറയുന്നത്‌ ശരിയല്ല. പുതിയ അറിവുകള്‍ തേടാന്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ പ്രേരിപ്പിക്കുന്നുണ്ട്‌. പുതിയ അറിവുകളിലൂടെയാണ്‌ ദൈവത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുക.

ഇന്ത്യയിലാകനമുള്ള വര്‍ഗ്ഗീയതയുടെ വളര്‍ച്ചയ്‌ക്ക്‌ അനുകൂലമായ രീതികള്‍ കേരളത്തിലുമുണ്ടായിട്ടുണ്ടെന്ന്‌ ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. ഏതെങ്കിലുമൊരിടത്ത്‌ വര്‍ഗ്ഗീയ കലാപം നടക്കുകയാണെങ്കില്‍ അവിടുത്തെ പൊലീസ്‌ ഓഫിസര്‍മാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുന്നതുപോലെ തന്നെ പ്രാദേശിക മത നേതാക്കളുടെ വീടുകളിലേക്ക്‌ മാര്‍ച്ച്‌ നടത്താനും പൊതുജനങ്ങള്‍ തയ്യാറാവണം.

കാരണം ശരിയായ മതബോധവും വിജ്ഞാനവും നല്‌കാനുള്ള ബാധ്യത ഓരോ സ്ഥലങ്ങളിലേയും മതനേതാക്കള്‍ക്കാണ്‌. അവര്‍ ഉത്തരവാദിത്വം നിര്‍വഹിക്കാത്തതുകൊണ്ടും പുറമേ പറയുന്ന കാര്യങ്ങള്‍ക്ക്‌ വിരുദ്ധമായി അവരുടെ മതക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതുകൊണ്ടുമാണ്‌ കലാപങ്ങള്‍ ഉണ്ടാവുന്നത്‌.

ജനസംഘത്തിന്റെ ഭരണകാലത്ത്‌ എല്ലാ കേന്ദ്രങ്ങളിലും ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകരെ തിരുകിക്കയറ്റിയതാണ്‌ ഇന്ത്യയില്‍ വര്‍ഗ്ഗീയത ഇത്രയേറെ വളരാന്‍ കാരണമെന്നും ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞു. പ്രോഗ്രാം ചെയ്യപ്പെട്ട യന്ത്രമനുഷ്യരെ പോലെയാണ്‌ കലാപങ്ങളില്‍ ജനങ്ങള്‍ പ്രതികരിക്കുന്നത്‌. വര്‍ഗ്ഗീയതയില്‍ മതവും ആത്മീയതയുമില്ലെന്ന്‌ പറഞ്ഞ ശ്രീകുമാര്‍ അതില്‍ മുഴുവന്‍ അധികാര രാഷ്‌ട്രീയമാണ്‌ നിലനില്‍ക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

രാജ്യത്തെ നിയമങ്ങള്‍ നടപ്പാക്കേണ്ടി വരുമ്പോള്‍ ഹിന്ദുവോ മുസ്‌ലിമോ എന്നു നോക്കുന്നതില്‍ അര്‍ഥമില്ല. താന്‍ ഹിന്ദുമത വിശ്വാസിയാണെങ്കിലും ഗുജറാത്ത്‌ കലാപത്തെ അംഗീകരിക്കാന്‍ തന്നിലെ ഹിന്ദുവിന്‌ സാധിക്കാത്തതുപോലെ രാജ്യസേവക മനസ്സിനും സാധിച്ചിട്ടില്ലെന്നും അതുകൊണ്ടാണ്‌ നരേന്ദ്ര മോഡിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോവുന്നതെന്നും ആര്‍ ബി ശ്രീകുമാര്‍.

നിരവധി തവണകളിലായി ജയിച്ചു കയറുന്നതിന്‌ പിന്നില്‍ നരേന്ദ്ര മോഡിയുടെ രാഷ്‌ട്രീയ കഴിവുകളാണുള്ളത്‌. ശരീരത്തിലും മനസ്സിലും മുഴുവന്‍ ഹിന്ദു വര്‍ഗ്ഗീയത കൊണ്ടുനടക്കുന്ന നരേന്ദ്ര മോഡി ഒറ്റ രാത്രികൊണ്ട്‌ മാറുമെന്ന്‌ വിശ്വസിക്കാന്‍ പ്രയാസമാണ്‌. ഇന്ത്യയിലെ മതേതരവാദികള്‍ ഉറങ്ങുമ്പോഴും വര്‍ഗ്ഗീയവാദികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ്‌ നാട്‌ ഇത്രയേറെ വര്‍ഗ്ഗീയവത്‌ക്കരിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

പുരാണങ്ങളിലെ വിഷകന്യകമാരെ പോലെ ശരീരത്തില്‍ വിഷം വഹിച്ച്‌ നടക്കുന്ന പുരുഷന്മാരാണ്‌ വര്‍ഗ്ഗീയവാദികള്‍. അവരുടെ തലവനാണ്‌ നരേന്ദ്ര മോഡിയെന്നും ആര്‍ ബി ശ്രീകുമാര്‍ ആരോപിച്ചു.

സമാധാനമില്ലാത്ത സ്ഥലങ്ങളിലൊന്നും മതവും സംസ്‌കാരവും വ്യവസായവും വാണിജ്യവുമുണ്ടാവില്ലെന്ന്‌ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഒറ്റക്കാണ്‌ പൊരുതേണ്ടി വരുന്നതെങ്കില്‍ പോലും വര്‍ഗ്ഗീയതയ്‌ക്കെതിരെ യുള്ള നിലപാടുകള്‍ സ്വീകരിക്കണമെന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്‌തു. വര്‍ഗ്ഗീയതിയിലേക്ക്‌ ക്ഷണിക്കുന്നവരും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും മരിക്കുന്നവരും നമ്മില്‍പ്പെട്ടവനല്ല എന്നാണ്‌ മുഹമ്മദ്‌ നബി പറഞ്ഞത്‌.

വിശ്വാസത്തേയും മതത്തേയും ഭൗതിക കാര്യങ്ങള്‍ക്ക്‌ വേണ്ടി ഉപയോഗപ്പെടുത്തരുതെന്നും വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള ദൗത്യ നിര്‍വഹണം ഒന്നേ രണ്ടോ ദിവസത്തേക്ക്‌ മാത്രമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ധര്‍മം ഉപദേശിക്കാന്‍ അര്‍ഹതയില്ലാത്ത വിധം ധാര്‍മിക രംഗത്തുള്ളവര്‍ അധഃപതിച്ചു പോയിരിക്കുകയാണ്‌. ദൈവത്തിന്റെ പേരില്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരെ അതാത്‌ മതവിഭാഗങ്ങളിലുള്ളവര്‍ തന്നെയാണ്‌ പ്രതികരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തലശ്ശേരി കലാപം ഒഴിച്ചാല്‍ സ്വാതന്ത്ര്യത്തിന്‌ ശേഷം തൊണ്ണൂറുകള്‍ വരെ കേരളത്തില്‍ എടുത്തുപറയത്തക്ക വര്‍ഗ്ഗീയ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്ന്‌ സമകാലിക കേരളീയ സമൂഹം പ്രശ്‌നങ്ങളും പ്രതീക്ഷകളും എന്ന വിഷയം അവതരിപ്പിച്ച വര്‍ത്തമാനം അസോസിയേറ്റ്‌ എഡിറ്റര്‍ ആസിഫലി കണ്ണൂര്‍ പറഞ്ഞു. എന്നാല്‍ തൊണ്ണൂറുകള്‍ക്ക്‌ ശേഷം നിരവധി വര്‍ഗ്ഗീയ കലാപങ്ങളാണ്‌ കേരളത്തിലുണ്ടായത്‌. തലശ്ശേരിയില്‍ പള്ളി സംരക്ഷിക്കാന്‍ ഹിന്ദുമത വിശ്വാസിയായ കുഞ്ഞിരാമനാണ്‌ കൊല്ലപ്പെട്ടത്‌. എന്നാല്‍ പിന്നീട്‌ കേരളത്തിലെ സ്ഥിതി മാറുകയായിരുന്നു.

മനസ്സിനകത്ത്‌ മുറിവുകള്‍ സൂക്ഷിക്കുന്നവരായി മലയാളികള്‍ മാറിയിരിക്കുകയാണ്‌. സാംസ്‌ക്കാരികമായും ഘടനാപരമായും കേരളീയര്‍ക്ക്‌ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ഗ്ഗീയതയ്‌ക്കൊപ്പം കേരളത്തില്‍ മദ്യവും പിടിമുറുക്കി. മദ്യപാനികളുടെ നാട്‌ എന്ന പേരിലാണ്‌ ഈയിടെ കേരളത്തെ കുറിച്ച്‌ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കണ്ടുനില്‍ക്കുന്നതിന്‌ പകരം കേരളീയ ജീവിതത്തില്‍ ഇടപെടലുകളാണ്‌ ആവശ്യമെന്നും ആസിഫലി കണ്ണൂര്‍ പറഞ്ഞു.

ഇന്ത്യന്‍ എംബസി ഫസ്റ്റ്‌ സെക്രട്ടറി പി എസ്‌ ശശികുമാര്‍ കേരള സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഫോക്കസ്‌ ഖത്തര്‍ സി ഇ ഒ ഷമീര്‍ വലിയ വീട്ടില്‍ അധ്യക്ഷത വഹിച്ചു. ഇക്കോ ഫോക്കസ്‌ ഫോട്ടോഗ്രഫി മത്സരത്തില്‍ സമ്മാനം നേടിയ ഇഹ്‌സാന്‍ കമാലിന്‌ ശൈഖ്‌ അബു ഒബൈദ അല്‍ ബജറാവി പുരസ്‌ക്കാരം വിതരണം ചെയ്‌തു. ഹാദി റഷാദ്‌, നൗഷാദ്‌ പയ്യോളി, അഡ്വ. ഇസ്‌മാഈല്‍ നന്മണ്ട, ഡോ. നിഷാന്‍ പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. ബംഗാള്‍ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്‌ സെക്രട്ടറി മൗലാനാ അമീനുദ്ദീന്‍ സാഹിബ്‌, സലഫി ട്രസ്റ്റ്‌ സെക്രട്ടറി അബ്‌ദുല്‍ ഗഫൂര്‍ ഫാറൂഖി, പി എസ്‌ എച്ച്‌ തങ്ങള്‍, കെ എന്‍ സുലൈമാന്‍ മദനി, അലി ചാലിക്കര, ശംസുദ്ദീന്‍ ഒളകര, നസീര്‍ പാനൂര്‍, അനീസ്‌ നന്മണ്ട, അബ്‌ദുല്‍ വാരിസ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇന്ത്യയുടെ ശാപം മത്സരാധിഷ്‌ഠിത വര്‍ഗ്ഗീയത: ആര്‍ ബി ശ്രീകുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക