Image

പ്രവാസി ഭാരതീയ ദിവസില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: വയലാര്‍ രവി

Published on 12 November, 2012
പ്രവാസി ഭാരതീയ ദിവസില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: വയലാര്‍ രവി
ഷാര്‍ജ: 2013 ജനുവരി ഏഴ്‌ മുതല്‍ ഒമ്പത്‌ വരെ കൊച്ചിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ പ്രവാസികളുടെ എല്ലാ വിഷയവും ചര്‍ച്ച ചെയ്‌ത്‌ പരിഹാരമുണ്ടാക്കുമെന്ന്‌ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. ഗള്‍ഫ്‌ മലയാളികള്‍ക്കിടയില്‍ തനിക്കറിയാത്ത പ്രശ്‌നങ്ങളൊന്നും ഇല്ല. പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസി ഭാരതീയ ദിവസിന്റെ ആദ്യ ദിവസം ഗള്‍ഫുകാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം നീക്കിവെച്ചിരിക്കുകയാണ്‌. അന്ന്‌ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയോ എഴുതിത്തരികയോ ഒക്കെ ചെയ്യാം. വ്യക്തിപരമായ പ്രശ്‌നങ്ങളല്ല പൊതുവായ കാര്യങ്ങളാണ്‌ അവതരിപ്പിക്കേണ്ടത്‌. മറ്റ്‌ ദിവസങ്ങളിലും ഇതുസംബന്ധിച്ച സെഷനുകള്‍ ഉണ്ടാകും. പ്രവാസി ഭാരതീയ ദിവസില്‍ ഗള്‍ഫിലെ സംഘടനകളെ അവഗണിക്കുന്നെന്ന പരാതിയില്‍ കഴമ്പില്ല. കൂടുതല്‍ ആളുകള്‍ പങ്കെടുക്കണമെന്നാണ്‌ സര്‍ക്കാറിന്‍െറ ആഗ്രഹം. അതുകൊണ്ടാണ്‌ സംഘടനകളെ നേരിട്ട്‌ ക്ഷണിക്കാന്‍ താന്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇത്രയധികം ഇന്ത്യക്കാര്‍ ഉള്ളതിനാല്‍ പ്രശ്‌നങ്ങള്‍ ഒരിക്കലും തീരില്ല. സാധ്യമാകുന്നവയിലെല്ലാം പരിഹാരമുണ്ടാക്കി അവരെ തൃപ്‌തിപ്പെടുത്തുകയാണ്‌ ലക്ഷ്യം. ഗള്‍ഫിലെ മിക്ക മലയാളി സംഘടനകളും എല്ലാ ദിവസവും ഓരോരോ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താറുണ്ട്‌. ഇതെല്ലാം കൃത്യമായി കുറിച്ചുവെച്ച്‌ തുടര്‍നടപടികള്‍ എടുക്കാറുമുണ്ട്‌. പരിഹാരം കാണുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നത്‌ ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

ഷാര്‍ജയിലെ നിര്‍ദിഷ്ട ഹൈന്ദവ, സിഖ്‌ ശ്‌മശാനത്തിന്‍െറ നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

രണ്ട്‌ ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ വയലാര്‍ രവിക്ക്‌ ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക