Image

മണിയടക്കം നാല് സി.പി.എം നേതാക്കള്‍ക്കു നുണ പരിശോധന

Published on 11 November, 2012
മണിയടക്കം നാല്  സി.പി.എം നേതാക്കള്‍ക്കു നുണ പരിശോധന
കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയടക്കം നാലു സി.പി.എം നേതാക്കളെ നുണപരിശോധനയ്‌ക്കു വിധേയരാക്കാന്‍ പോലീസ്‌ ഉന്നതതല യോഗത്തില്‍ തീരുമാനം. മണിയെക്കൂടാതെ സി.പി.എം ഇടുക്കി ജില്ലാ നേതാക്കളായ എ.കെ ദാമോദരന്‍, ഒ.ജി മദനന്‍, കുട്ടന്‍ എന്നിവരെയാണു നുണപരിശോധനയ്‌ക്കു വിധേയരാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്‌. തിരുവനന്തപുരം സെന്‍ട്രല്‍ ഫോറന്‍സിക്‌ ലാബിലായിരിക്കും പരിശോധന.

ഇതിനായി പത്തു ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടു നാലു പേര്‍ക്കും അന്വേഷണസംഘം വ്യാഴാഴ്‌ച നോട്ടീസ്‌ നല്‍കും. 19-നുശേഷം നുണപരിശോധനയ്‌ക്കു വിധേയമാക്കാനാണു തീരുമാനം. അതേസമയം മണിയുടെ വിവാദ മണക്കാട്‌ പ്രസംഗവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഏറെ വൈകാതെ ഈ കേസില്‍ മണിയെ അറസ്‌റ്റ് ചെയ്യുമെന്നും അന്വേഷണ സംഘം സൂചന നല്‍കി.

മണിയടക്കമുള്ള നാലു പേരുടെയും മൊഴി നേരത്തെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നെങ്കിലും ഇവ പരസ്‌പര വിരുദ്ധമായതിനാലാണ്‌ നുണപരിശോധനയ്‌ക്കു വിധേയരാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്‌. ബംഗാളിലെ മിഡ്‌നാപൂര്‍ എന്ന സ്‌ഥലത്തേക്കുള്ള യാത്രയിലാണു താന്‍ അഞ്ചേരി ബേബി കൊല്ലപ്പെട്ട വിവരം അറഞ്ഞതെന്നും തന്നോടൊപ്പം എ.കെ ദാമോദരനും ഉണ്ടായിരുന്നുവെന്നുമാണു മണി അന്വേഷണ സംഘത്തോടു നേരത്തെ പറഞ്ഞതെന്നാണ്‌ അറിയുന്നത്‌. എന്നാല്‍ ബേബി കൊല്ലപ്പെടുന്ന സമയത്തു താന്‍ ഇടുക്കിയിലെ ശാന്തന്‍ പാറയിലായിരുന്നുവെന്നാണത്രേ എ.കെ ദാമോദരന്‍ അന്വേഷണസംഘത്തോടു പറഞ്ഞത്‌.

അഞ്ചേരി ബേബി വധക്കേസില്‍ തന്നെ പ്രതിചേര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട്‌ എം.എം മണി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജികള്‍ നല്‍കിയിരുന്നു. സുപ്രീം കോടതിയില്‍ നല്‍കിയ രണ്ടു ഹര്‍ജികളില്‍ ഒരെണ്ണം കോടതി തള്ളിക്കളഞ്ഞിരുന്നു മറ്റൊരെണ്ണം പരിഗണനയിലാണ്‌. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ ആരെയെങ്കിലും നുണപരിശോധനക്ക്‌ വിധേയനാക്കണമെങ്കില്‍ ആയാളുടെ സമ്മതം ആവശ്യമുണ്ട്‌.

സമ്മതം കൂടാതെ മണിയെ നുണപരിശോധനക്കു വിധേയനാക്കാന്‍ പോലീസിന്‌ കഴിയില്ല. അതിനാല്‍ നുണപരിശോധന നടത്താനുള്ള തീരുമാനം മണിയെ അറിയിച്ച്‌ അദ്ദേഹത്തിന്റെ സമ്മതത്തോടെ പരിശോധന നടത്താനാണു നീക്കം. എന്നാല്‍ നുണപരിശോധനയ്‌ക്കു മണി സമ്മതിക്കുന്നില്ലെങ്കില്‍ കേസില്‍ മണിക്കെതിരായ മറ്റൊരു തെളിവായി അത്‌ ഉയര്‍ത്തിക്കാട്ടാനാണ്‌ അന്വേഷണ സംഘത്തിന്റെ നീക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക