Image

മഹാരാജാവിനെ പിരിച്ചുവിടണം (കൈരളി ന്യൂയോര്‍ക്ക്‌)

Published on 10 November, 2012
മഹാരാജാവിനെ പിരിച്ചുവിടണം (കൈരളി ന്യൂയോര്‍ക്ക്‌)
അയ്യടി മനമെ - കൊത്തി കൊത്തി മുറത്തില്‍ കയറികൊത്താന്‍ തുടങ്ങിയോ ? ഏതു മഹാരാജാവിന്റെ കാര്യമാ ഈ പറയുന്നത്‌ ?

പറയാം - ഇന്‍ഡ്യയില്‍ നിന്നും പറന്നു നടന്നു യാത്രക്കാരെ ശല്യപ്പെടുത്തുന്ന ഒരു മഹാരാജാവുണ്ട്‌ . അതിന്റെ പേര്‌ എയര്‍ ഇന്‍ഡ്യ. ഓര്‍ക്കുന്നില്ലേ. എയര്‍ ഇന്‍ഡ്യയുടെ പാര്‍ശ്വ ഭാഗങ്ങളില്‍ ആലേഖനം ചെയ്‌തിരിക്കുന്ന കുനിഞ്ഞു നില്‍ക്കുന്ന ഒരു ഒരു ചിത്രം... ങാ.. അങ്ങേരു രാജാവാ. മഹാരാജാവ്‌ എന്ന പേരിനുകളങ്കം വരുത്തുന്ന മഹാ രാജാവ്‌....

കഴിഞ്ഞ ആഴ്‌ചകളില്‍ നിങ്ങളെല്ലാം വായിച്ചുകാണും ഈരാജാവിന്റെ പ്രവര്‍ത്തനത്തെപറ്റി; ന്യൂയോര്‍ക്കില്‍ നിന്മും ബോംബെയ്‌ക്ക്‌ ടിക്കറ്റെടുത്താല്‍ ഡല്‍ഹിയില്‍ ഇറക്കിവിടും - ഇനി എങ്ങനാ ബാക്കി യാത്ര എന്നു ചോദിച്ചാല്‍- നടന്നുപൊയ്‌ക്കൊള്ളാന്‍ പറയും. എന്തൊരു മഹാരാജാവാണിവന്‍. ശരിയാണ്‌ - കാറ്റോ മഴയോ എന്തോ മഹാരാജാവിന്റെ മുമ്പില്‍ കുടി കടന്നുപോയിക്കാണും, അതായിരിക്കാം ബോംബെയ്‌ക്ക്‌പോകെണ്‌ച ഫ്‌ളൈറ്റ്‌ ഡല്‍ഹിക്കു പോകാന്‍ കാരണം .അതു മനസ്സിലാക്കാം. എന്നാല്‍ അവിടെ എത്തിക്കഴിയുമ്പോള്‍ ഈ മഹാരാജാവിന്റെ കിങ്കരന്മാര്‍ക്ക്‌ മര്യാദയ്‌ക്ക്‌ വര്‍ത്തമാനം പറഞ്ഞു കൂടെ?പകരം കാര്യമെന്താണെന്ന്‌ ചോദിച്ചാല്‍, പൈലറ്റിനെ ആക്രമിക്കാന്‍ ചെന്നു , കോക്ക്‌പിറ്റില്‍ കയറാന്‍ ശ്രമിച്ചു, ഇങ്ങനെ നുണകൊണ്ട്‌ വേലികെട്ടും .

ഈ യാത്രക്കാരെല്ലാം ഫ്രീയായിട്ടാണോ അതില്‍കയറിക്കൂടിയത്‌. എത്തേണ്ടിടത്ത്‌ എത്തിയില്ലെങ്കില്‍ ചോദിക്കാന്‍ യാതോരു അവകാശവും യാത്രക്കാര്‍ക്കില്ലേ? ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകളില്‍ പ്രതീക്ഷിക്കാത്തതു സംഭവിച്ചെന്നിരിക്കും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ എയര്‍ ലൈന്‍സ്‌ യാത്രക്കാര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചിരിക്കും. പകരം എയര്‍ ഇന്‍ഡ്യ എന്താണ്‌ ചെയ്യുന്നത്‌. വളരെ അപരിഷ്‌കൃതമായല്ലേ പെരുമാറുന്നത്‌? ഇതുകൊണ്ടാണ്‌ മഹാരാജാവിനെ പിരിച്ചുവിടണം എന്നു പറയാന്‍ കാര്യം.

അറുപതുകളില്‍ അമേരിക്കയുടെ പ്രതാപം മറ്റു രാജ്യക്കാരെ അറിയിക്കാന്‍ വേണ്ടി പാന്‍ അമേരിക്കന്‍ എയര്‍വേസ്‌ എന്നുപേരുള്ള ഒരു എയര്‍ലൈന്‍ ഉണ്ടായിരുന്നു. അതും മഹാരാജാവിന്റെ കാര്യം പറഞ്ഞതുപോലെയാ.. ഒരിക്കലും സമയത്ത്‌ എങ്ങും എത്തില്ല, പാതി വഴിക്ക്‌ യാത്രക്കാരെ ഇറക്കി വിടും. ഇനി എന്ത്‌ എന്നു ചോദിച്ചാല്‍-ഷൗട്ടിംഗ്‌ .. അമേരിക്കയുടെ എയര്‍ലൈന്‍ - ആരെ പേടിക്കാനാ? കാട്ടിലെ തടി -തേവരുടെ ആന - വലിയടാ വലി. അങ്ങനെയായി, എയര്‍ലൈന്‍ കടുത്ത നഷ്‌ടത്തിലായപ്പോള്‍ അമേരിക്കന്‍ സര്‍ക്കാര്‍ എയര്‍ലൈന്‍ പിരിച്ചുവിട്ടു .ഷെയര്‍ മുഴുവനും മറ്റ്‌ എയര്‍ ലൈനുകള്‍ക്കു വിറ്റു.

സ്വരം നന്നായപ്പോള്‍ സര്‍ക്കാര്‍ പാട്ടു നിര്‍ത്തി .പാനാം പോയതുകൊണ്ട്‌ യാത്രക്കാരെല്ലാം വീട്ടില്‍ ഇരിക്കുവാണോ? ഇതു തന്നെയാണ്‌ എയര്‍ ഇന്‍ഡ്യയുടെ കാര്യത്തിലും സര്‍ക്കാര്‍ചെയ്യേണ്ടത്‌ .കോടികളുടെ നഷ്‌ടമാണ്‌ ഈ എയര്‍ലൈന്‍ വരുത്തിതീര്‍ക്കുന്നത്‌. ആറുമാസം മുമ്പ ്‌കേന്ദ്ര ഗവണ്‍മെന്റ്‌ ഈ എയര്‍ലൈനിനെ പിടിച്ചു നിര്‍ത്താന്‍ വേണ്ടി നല്ലൊരു തുക നല്‍കി. പക്ഷേ കടുത്ത അഴിമതി മൂലം നഷ്‌ടത്തില്‍ നിന്നും നഷ്‌ടത്തിലേക്കു കുപ്പു കുത്തുന്ന ഈ എയര്‍ ലൈനിനെ എന്തിനു സര്‍ക്കാര്‍ ചിലവില്‍ കൊണ്ടുനടക്കണം? രാജ്യത്തിന്റെ പ്രതാപം കാണിക്കാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന ഇത്തരം വംഗത്തരങ്ങള്‍ അവസാനിപ്പിക്കണം. അമേരിക്കയെ സംബന്ധിച്ചിടത്തോളം ബോയിംഗ്‌ കമ്പനി ഇവരുടെ സ്വന്തമാണ്‌ . ഇവരാണ്‌ ഈ എയര്‍ക്രാഫ്‌റ്റുകളെല്ലാം ഉണ്ടാക്കി മറ്റു രാജ്യങ്ങള്‍ക്ക്‌ വില്‍ക്കുന്നത്‌ . ഇവര്‍ നിര്‍മ്മിക്കുന്ന ഈ ജറ്റുകള്‍ ധൈര്യത്തോടെ വാങ്ങിച്ചുപയോഗിക്കാം എന്നു മറ്റുരാജ്യക്കാരെ ബോധ്യപ്പെടുത്താനാണ്‌ -നഷ്‌ടത്തിലായിരുന്നെങ്കിലും കുറെ വര്‍ഷങ്ങള്‍ പാനമേരിക്കന്‍ എയര്‍ലൈന്‍സ്‌ അന്താരാഷ്‌ട്ര സര്‍വ്വീസുകള്‍ നടത്തിയത്‌, പ്രതാപം മാത്രമായിരുന്നില്ല ഇവരുടെ ലക്ഷ്യം.

പക്ഷേ ഇന്‍ഡ്യയെപ്പോലുള്ള ദരിദ്ര രാജ്യങ്ങള്‍ മറ്റുള്ളവന്‍ നിര്‍മ്മിച്ച ജറ്റുകള്‍ വാങ്ങി ഖജനാവിനു ഭാരിച്ച നഷ്‌ടവും , യാത്രക്കാര്‍ക്ക്‌ പെരുത്ത ദുരിതവും വരുത്തി, പ്രതാപം കാണിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത്‌ ആര്‍ക്കും ഭൂഷണമല്ല .തൊഴിലാളികളുടെ സഹകരണം ഇല്ലെങ്കില്‍ ഒരു വ്യവസായവും ഭംഗിയായി നടത്താന്‍ സാധിക്കില്ല . പ്രത്യേകിച്ച ്‌ഇന്‍ഡ്യയിലെ യൂണിയന്‍ വളരെ കുപ്രസിദ്ധമാണ്‌. അങ്ങനെ ഇരിക്കെ സര്‍ക്കാരിനു ഭാരിച്ചനഷ്‌ടം വരുത്തിവെയ്‌ക്കുന്ന ഈ എയര്‍ലൈനിനെ എന്തിനു തീറ്റി പോറ്റണം?

മന്ത്രി വേണുഗോപാല്‍ വ്യോമയാന സഹ മന്ത്രിയായതിനുശേഷം ശുദ്ധമനസ്സാക്ഷിക്കാരനായ അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി - എയര്‍ ഇന്‍ഡ്യയെ നേരെയാക്കുമെന്ന്‌. കേട്ടപ്പോള്‍ ചിരി വന്നു . പണ്ടു വിവാഹത്തിനുമുമ്പ്‌ വേദപാഠം കേള്‍ക്കാന്‍ ചെന്ന ചെറുപ്പക്കാരനോട ്‌ വികാരിയച്ചന്‍ ചോദിച്ചു -വേദപ്രമാണങ്ങള്‍ എത്രയുണ്ടെന്ന്‌- അവന്‍ പറഞ്ഞു -പതിനഞ്ചെന്ന്‌. അത്രയേ ഉള്ളോ- അപ്പോള്‍ അവന്‍ പറഞ്ഞു -ഇരുപത്‌ . ഹാ നീ പോയി പഠിച്ചിട്ടുവാ , എന്നിട്ടു പെണ്ണുകെട്ടാം എന്നു പറഞ്ഞ്‌ അവനെ തിരിച്ചു വിട്ടു . അവന്‍തിരിച്ചു വീട്ടിലേക്ക്‌ വരുംവഴി വേറൊരുവന്‍ പള്ളിയിലേക്ക്‌ ്‌ഓടി കിതച്ച്‌ പോകുന്നു. അവനോട്‌ ഇവന്‍ ചോദിച്ചു നീ എങ്ങോട്ടാ - വേദപാഠം കേള്‍ക്കാന്‍ പോകുവാ- ഉം.. വേദപ്രമാണം എത്രയുണ്ട്‌-പതിനഞ്ച്‌.. ഹാ നീ അങ്ങുചെല്ല്‌ -ഞാന്‍ ഇരുപതുവരെ പറഞ്ഞിട്ടാ വരുന്നത്‌. എന്നിട്ടും അങ്ങേരു സമ്മതിച്ചില്ല ... എന്നു പറഞ്ഞതു പോലാണ്‌ ബഹു.സഹമന്ത്രി വേണുഗോപാലിന്റെ പ്രഖ്യാപനം. കള്ളനു കഞ്ഞിവച്ചവരാണ്‌ ന്യൂയോര്‍ക്കു മുതല്‍ ഇന്‍ഡ്യവരെ എയര്‍ ഇന്‍ഡ്യയുടെ തലപ്പത്തിരിക്കുന്നവര്‍ . അവരെ മറികടക്കാന്‍ ഈ ചെറിയ മല്ലൂസ്‌ മന്ത്രിക്കു സാധിക്കുമെന്നാ വിചാരിക്കുന്നത്‌?

ഈ വിഷയത്തില്‍ ഇന്‍ഡ്യയുടെ ധനകാര്യ മന്ത്രി ചിദംബരം തന്നെ ഇടപെടണം നഷ്‌ടം വരുത്തിവെയ്‌ക്കുന്ന സകല പബ്ലിക്ക്‌ സെക്‌ടര്‍ ബിസിനസുകളും പ്രൈവറ്റ്‌ സെക്‌ടറിനു വില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം ഇന്‍ഡ്യയുടെ റീട്ടെയ്‌ല്‍ ബിസിനസ്‌ രംഗത്ത്‌ വിദേശ പങ്കാളിത്തം ഉറപ്പുവരുത്തിയിരിക്കുന്ന അവസരം തന്നെ നല്ല മൂഹൂര്‍ത്തം . ബോംബെയ്‌ക്ക്‌ പോകാന്‍ കയറുന്ന യാത്രക്കാരനെ കാഠ്‌മാണ്ഡുവില്‍ ഇറക്കിവിടുന്ന എയര്‍ ഇന്‍ഡ്യ , യാത്രക്കാര്‍ക്ക്‌ ഒരു ഭീഷണിയാണ്‌ . കഴിവതും വേഗം ഈ മഹാരാജാവിന്റെ ദുര്‍നടപ്പിന്‌ തടയിടണം. - ജയ്‌ഹിന്ദ്‌.
മഹാരാജാവിനെ പിരിച്ചുവിടണം (കൈരളി ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക