Image

തിരുനെല്ലിയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍

Published on 11 November, 2012
തിരുനെല്ലിയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍
മാനന്തവാടി: മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസിന്റെ പ്രത്യേക വിഭാഗം തിരുനെല്ലി ബ്രഹ്മഗിരി മലനിരകളില്‍ തെരച്ചില്‍ നടത്തി.

ഡെ. കമാന്‍ഡന്റ് ബിജുകുമാര്‍, അസി. കമാന്‍ഡന്റ് കെ.എസ്. ജയരാജ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ റിസര്‍വ്ഡ് ബെറ്റാലിയനിലെ 250ഓളം വരുന്ന സംഘമാണ് നവംബര്‍ മൂന്നുമുതല്‍ പരിശോധന തുടങ്ങിയത്. 'ജംഗ്ള്‍ വാര്‍ ഫയര്‍' എന്ന പേരില്‍ ടെന്റടിച്ച് താമസിച്ചാണ് പരിശോധന . സമാപന ദിവസമായ ഞായറാഴ്ച കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി ജോസ് ജോര്‍ജ്, വയനാട് പൊലീസ് മേധാവി എ.വി. ജോര്‍ജ്, മാനന്തവാടി ഡിവൈ.എസ്.പി എ.ആര്‍. പ്രേംകുമാര്‍, മാനന്തവാടി സി.ഐ പി.എല്‍. ഷൈജു എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പേരില്‍ മുമ്പും ലോക്കല്‍ പൊലീസ് തിരുനെല്ലി കാട്ടില്‍ തെരച്ചില്‍ നടത്തിയിരുന്നു. കര്‍ണാടകയിലെ കുടക് മലനിരകളില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷ്, ഭാര്യ ഷൈന എന്നിവര്‍ താമസിച്ചിരുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് കര്‍ണാടക പൊലീസ് വ്യാപകതെരച്ചില്‍ നടത്തിയതോടെ ഇവര്‍ ബ്രഹ്മഗിരി മലനിരകളിലേക്ക് മാറിയെന്ന സംശയം ബലപ്പെട്ടിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ള ചിലര്‍ തിരുനെല്ലിയിലെ വനത്തിനുള്ളിലെ ആദിവാസി കുടിലുകളില്‍ താമസിച്ചതായി കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എഫ്.എ.ടിയുടെ പ്രത്യേകസംഘവും തിരുനെല്ലിയിലെത്തിയിരുന്നു. എന്നാല്‍, ഇതുവരെ മാവോയിസ്റ്റുകളെയൊന്നും കണ്ടെത്താനായില്ല.

തിരുനെല്ലിയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക