Image

ഗള്‍ഫിലെ വിദേശജോലിക്കാരില്‍ പകുതിയോളം അസംതൃപ്തര്‍

Published on 11 November, 2012
ഗള്‍ഫിലെ വിദേശജോലിക്കാരില്‍ പകുതിയോളം അസംതൃപ്തര്‍
ദുബൈ: ഒരുകാലത്ത് മലയാളിയുടെ സ്വപ്‌നലോകമായിരുന്നു ഗള്‍ഫ്. ജീവിതം കരുപ്പിടിപ്പിക്കാനുളള താങ്ങും തണലുമായിരുന്നു അറബിനാടുകളും അവിടുത്തെ എണ്ണപ്പണവും. എന്നാലിപ്പോള്‍ കാര്യങ്ങളെല്ലാം മാറിമറിഞ്ഞിരിക്കുന്നു. യുഎഇയില്‍ ജോലിചെയ്യുന്ന വിദേശികളില്‍ പകുതിയോളം പേരും അസംതൃപ്തരാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. കമ്പനികളിലെ മോശം തൊഴില്‍ സംസ്‌കാരവും മേലുദ്യോഗസ്ഥരുടെ മോശം ഇടപെടലുമാണ്  തൊഴിലാളികളില്‍ അസംതൃപ്തിക്ക് പ്രധാന കാരണം.

ദുബൈ ആസ്ഥാനമായുള്ള അസോസിയേഷന്‍ ഓഫ് എക്‌സിക്യൂട്ടീവ് സേര്‍ച്ച് കണ്‍സള്‍ന്റന്‍സ്  രാജ്യത്തെ തൊഴിലാളികളുടെ മാനസിക സാമ്പത്തിക തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.  തൊഴില്‍മേഖലയില്‍ വളര്‍ച്ചാ സാധ്യതയില്ലെന്നും പരാതി ഉയരുന്നുണ്ട്. തൊഴില്‍ തേടി ലക്ഷ കണക്കിനാളുകള്‍ യുഎഇയിലേക്കും മധ്യ പൂര്‍വ്വദേശത്തേക്കും വരാന്‍ ആഗ്രഹിക്കുമ്പോള്‍, ഇവിടെയുള്ള തൊഴിലാളികളില്‍ പകുതിയോളം പേരും അസംതൃപ്തരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ഗള്‍ഫില്‍ നൂറില്‍ നാല്‍പ്പത്തിയെട്ട് ശതമാനം പേരും നിലവിലുള്ള ജോലിയില്‍ സംതൃപ്തരല്ല. നാലിലൊരു ശതമാനം പേര്‍ മാത്രമാണ് യുഎഇയില്‍തന്നെ മറ്റു ജോലി ലഭിക്കണം എന്നാഗ്രിക്കുന്നത്. മറ്റുള്ളവര്‍ സ്വദേശത്തും യൂറോപ്യന്‍ രാജ്യങ്ങളിലും ജോലി ലഭിക്കണം എന്നാഗ്രഹിക്കുന്നവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സര്‍വ്വെ നടത്തിയവരില്‍ നാല്‍പത്തിയെട്ട് ശതമാനം പേരും തൊഴില്‍ മേഖലയിലെ വളര്‍ച്ചയ്ക്കാണ് പ്രധാന്യം നല്‍കിയത്. ശമ്പളം നോക്കിയാണ് ജോലിയില്‍ തുടരുന്നതെന്ന് 31 ശതമാനം പേര്‍ അഭിപ്രായപ്പെട്ടുവെന്നും സര്‍വ്വെ പറയുന്നു. തൊഴിലാളി ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതികള്‍ കമ്പനികളിലില്ലെന്ന് 76 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 

സ്‌പോര്‍ട്‌സ്, കുടുംബ സംഗമം, ഉല്ലാസയാത്ര തുടങ്ങിയ അവസരങ്ങള്‍ തങ്ങളുടെ കമ്പനികളില്‍ ഇല്ലെന്ന് 69 ശതമാനം പേര്‍ വ്യക്തമാക്കി. ന്യുയോര്‍ക്ക്, ലണ്ടന്‍ തുടങ്ങിയ നഗരങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴില്‍മേഖലയിലെ വളര്‍ച്ച്‌യ്ക്ക് സാധ്യത കൂടുതലാണെന്നും ഇവിടങ്ങളില്‍ ജോലിചെയ്യാനാണ് കൂടുതല്‍ ആഗ്രഹമെന്നുമാണ് തൊഴിലാളികള്‍ സര്‍വ്വെയില്‍ വ്യക്തമാക്കിയത്.

ഗള്‍ഫിലെ വിദേശജോലിക്കാരില്‍ പകുതിയോളം അസംതൃപ്തര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക