Image

'ചോഖേര്‍പാനി' പ്രദര്‍ശിപ്പിക്കാത്തതില്‍ കൊല്‍ക്കത്ത മേളയില്‍ പ്രതിഷേധം

രവി പാലൂര്‍,കൊല്‍ക്കത്ത Published on 11 November, 2012
'ചോഖേര്‍പാനി' പ്രദര്‍ശിപ്പിക്കാത്തതില്‍ കൊല്‍ക്കത്ത മേളയില്‍ പ്രതിഷേധം
കൊല്‍ക്കത്ത: നന്ദിഗ്രാം കര്‍ഷക പ്രക്ഷോഭത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച 'ചോഖേര്‍ പാനി' (കണ്ണുനീര്‍) എന്ന സിനിമയ്ക്ക് ശനിയാഴ്ച ആരംഭിച്ച പതിനെട്ടാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇടം കിട്ടിയില്ല. ഇതില്‍ പ്രതിഷേധിച്ച് ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയായ നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനു പുറത്ത് 'അഖിലേന്ത്യാ ക്രാന്തികാരി സാംസ്‌കൃതിക് പരിഷദിന്റെയും' 'നന്ദിഗ്രാം രക്തസാക്ഷി സ്മാരകസമിതി'യുടെയും നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി. 

മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ ചിത്രീകരിച്ചതാണ് സിനിമയ്ക്ക് കൊല്‍ക്കത്ത ചലച്ചിത്രമേള യില്‍ ഇടം ലഭിക്കാതിരുന്നതെന്നാണ് സൂചന. എന്നാല്‍ മമത ബാനര്‍ജി മുഖ്യമന്ത്രിയായി അധികാരത്തിലേറാന്‍ നന്ദിഗ്രാം സമരം മുഖ്യ പങ്കുവഹിചിട്ടുണ്ടെന്നും സമരത്തിലെ രക്തസാക്ഷികളോടുള്ള അനാദരവാണ് ചോഖേര്‍പാനിയ്ക്ക് പ്രദര്‍ശനം നിഷേധിച്ചതിലൂടെ മേളയുടെ സംഘാടകര്‍ കൂടിയായ സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിച്ചതെന്നും പ്രതിഷേധം സംഘടിപ്പിച്ചവര്‍ പറഞ്ഞു. 

മുഖ്യമന്ത്രി മമത ബാനര്‍ജിക്കും സര്‍ക്കാറിനുമെതിരെ മുദ്രാവാക്യം മുഴക്കിയും കരിങ്കൊടി കാണിച്ചുമാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. ഉദ്ഘാടന വേദിയിലേക്ക് നീങ്ങിയ പ്രതിഷേധ ജാഥയെ പിന്നീട് പോലിസ് തടഞ്ഞു. നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ മണിക്ക് മണ്ഡല്‍ ജയില്‍വാസത്തിന് ശേഷം എഴുതിയ ചോഖേര്‍പാനി എന്ന നോവലിനെ ആസ്പദമാക്കി ശ്യാമള്‍ കര്‍മകാര്‍ സംവിധാനം ചെയ്ത ഈ സിനിമ നിര്‍മ്മിച്ചത് സര്‍ഫറാസ് ആലം ആണ്. സിനിമയുടെ പ്രദര്‍ശനം തടയാന്‍ തിരഞ്ഞെടുപ്പു കമ്മീഷനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് സി.പി.എം. സമീപിച്ചിരുന്നു. ചോഖേര്‍പാനി തിരുവനന്തപുരത്തെയും മുംബൈയിലെയും മടക്കം വിവിധ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക