Image

തകര്‍ന്നത് 101 ഓടുകള്‍; പ്രെയ്‌സിന് ദേശീയ റിക്കാര്‍ഡ്

Published on 11 November, 2012
തകര്‍ന്നത് 101 ഓടുകള്‍; പ്രെയ്‌സിന് ദേശീയ റിക്കാര്‍ഡ്
കാഞ്ഞങ്ങാട്: പ്രെയ്‌സ് പയസ് എന്ന യുവാവിന്റെ പേശീബലത്തിനും മനോധൈര്യത്തിനും മുന്നില്‍ തവിടുപൊടിയായത് 101 ഓടുകള്‍. കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പത്തുമിനിറ്റോളം നീണ്ട പ്രകടനത്തിനൊടുവില്‍ പുതിയ ദേശീയ റിക്കാര്‍ഡും ഈ 25കാരന്‍ കരസ്ഥമാക്കി. ഇരുവശങ്ങളിലുമായിനിന്ന അഞ്ചുപേര്‍ ചേര്‍ന്ന് അഞ്ചുവീതം ഓടുകള്‍ കൈയിലെടുത്തു പ്രെയ്‌സിന്റെ ദേഹത്ത് അടിച്ചുപൊട്ടിക്കുകയായിരുന്നു. അണ്ടര്‍-25 വിഭാഗത്തില്‍ ഈ പ്രകടനം നടത്തുന്ന ആദ്യ ഇന്ത്യക്കാരനാണു പ്രെയ്‌സ്. 

പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ആരംഭിച്ച 17ാമത് കെന്‍ റിയു നാഷണല്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുനടന്ന പ്രദര്‍ശനമത്സരത്തിലാണ് പ്രെയ്‌സിന്റെ ഈ റിക്കാര്‍ഡ് പ്രകടനം അരങ്ങേറിയത്. കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റുള്ള പ്രെയ്‌സ് ഇതാദ്യമായല്ല സാഹസികപ്രകടനം നടത്തുന്നത്. 

കഴിഞ്ഞ വര്‍ഷം ചെറുപുഴയില്‍ 50 ട്യൂബ് ലൈറ്റുകള്‍ ദേഹത്തുവച്ച് അടിച്ചുപൊട്ടിച്ചാണ് ഈ യുവാവ് അന്നു കാണികളെ വിസ്മയിപ്പിച്ചത്. യൂണിഫോം ധരിക്കാതെയാണു ട്യൂബ് ലൈറ്റ് ബ്രേക്കിംഗ് നടത്തിയത്. 

ഓടുകൊണ്ടുള്ള പ്രകടനം ഇതാദ്യമായാണു നടത്തുന്നത്. ഏറെ നാളത്തെ ശാരീരിക മാനസിക തയാറെടുപ്പുകള്‍ക്കൊടുവിലാണ് ഈ പ്രകടനം നടത്തിയത്. 12 വര്‍ഷമായി കരാട്ടേ പഠിക്കുന്ന പ്രെയ്‌സിന്റെ ഗുരുനാഥന്‍ കെ.എം.ഷാജുവാണ്. ദിവസവും രാവിലെ എഴുന്നേറ്റു പരിശീലനത്തിലേര്‍പ്പെടുന്നതിന്റെ കാര്യത്തിലും പ്രെയ്‌സ് വീഴ്ച വരുത്താറില്ല. 

കാസര്‍ഗോഡ് ജില്ലയിലെ എണ്ണപ്പാറ സ്വദേശിയായ പ്രെയ്‌സ് തിരുതാളില്‍ പയസ് ജോര്‍ജ്-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. തിരുവന്തപുരം ലയോള കോളജില്‍ എംഎസ്ഡബ്ല്യു വിദ്യാര്‍ഥിയായ പ്രെയ്‌സിന്റെ ലക്ഷ്യം നല്ലൊരു സാമൂഹ്യപ്രവര്‍ത്തകനാകുക എന്നതാണ്. തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായ കരാട്ടേയും ഒപ്പംകൊണ്ടുപോകാനും ഈ യുവാവ് ആഗ്രഹിക്കുന്നു.

തകര്‍ന്നത് 101 ഓടുകള്‍; പ്രെയ്‌സിന് ദേശീയ റിക്കാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക