Image

നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു? - സതീഷ് പദ്മനാഭന്‍

സതീഷ് പദ്മനാഭന്‍ Published on 09 November, 2012
നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു? - സതീഷ് പദ്മനാഭന്‍
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം ആണ്. പലപ്പോഴും എഴുതണം എന്ന് വിചാരിച്ചെങ്കിലും വേണ്ടെന്നു വച്ചു. പക്ഷെ പിന്നെ ചിന്തിച്ചപ്പോള്‍ എഴുതിയില്ലെങ്കില്‍ അത് ഒരു മുസ്ലീം സഹോദരനോട് കാണിക്കുന്ന നന്ദി കേടാണെന്ന് തോന്നി. അമേരിക്കയില്‍ വന്നു കഴിഞ്ഞാല്‍ എല്ലാവര്‍ക്കും പല ആഗ്രഹങ്ങളാണ്. അതില്‍ പ്രധാനപ്പെട്ട ഒരാഗ്രഹം വലിയ പ്രായം ഒന്നും ആയില്ലെങ്കില്‍ അമേരിക്കയില്‍ ഒരു കുഞ്ഞു ജനിക്കണം. അപ്പം അഥവാ എന്തെങ്കിലും പ്രോബ്ലം വന്നാല്‍ തന്നെ കൊച്ചിന് പതിനെട്ട് വയസ്സ് ആകുന്നതു വരെ അമേരിക്കയില്‍ നിക്കാമല്ലോ മലയാളിയുടെ ചിന്ത പോന്നതങ്ങനെ കാറ്, വീട്, എന്നിങ്ങനെ പോന്നു മറ്റു ആഗ്രഹങ്ങള്‍.

അങ്ങനെ ഞങ്ങളും ഒരു കുഞ്ഞിനായി പ്രാര്‍ത്ഥിച്ചു, ദൈവകൃപയാല്‍ എന്റെ ഭാര്യ ഗര്‍ഭിണി ആയി രണ്ടാമത്തെ കുഞ്ഞു ആദ്യത്തെ കുട്ടിക്ക് മൂന്നു വയസ്സ്. എന്റെ ഭാര്യക്ക് ജോലിയുണ്ട്. ഞാന്‍ റെഡിയോലോജി സ്‌ക്കൂളിലും. അങ്ങനെ ഭാര്യക്ക് പ്രസവം അടുക്കാനയപ്പോള്‍ അടുത്ത പ്ലാന്‍, നാട്ടില്‍ നിന്നും ആരെയെങ്കിലും കൊണ്ടുവരണം എന്നതായിരുന്നു. അമേരിക്കയിലെ ചൈല്‍ഡ് കെയര്‍ ഒത്തിരി കൂടുതല്‍ തുക ആയതിനാല്‍ അവസാനം എന്റെ അമ്മക്ക് നറുക്ക് വീണു. പ്രായം ആയിരിക്കുന്ന അച്ഛനെ വിട്ടിട്ടു വരാന്‍ പറ്റില്ലെന്ന് അമ്മ, എന്നാല്‍ മോന്റെ പഠിത്തം മുടങ്ങരുതെന്നും അമ്മക്ക് ആഗ്രഹം ഉണ്ട്. അച്ഛന്‍ പദ്മനാഭന്‍ പിള്ളക്ക് അമേരിക്കയെന്നു കേള്‍ക്കുന്നതെ അലര്‍ജി. അതിനെക്കാളും പെന്തകോസ്റ്റില്‍ പോന്ന മോന്റെ കൂടെ നിക്കാനും ഇഷ്ടമില്ല(പദ്മനാഭന്‍ പിള്ളയുടെ അമേരിക്കയില്‍ ജീവിതം ഇനിയൊരിക്കല്‍ പറയാം). എന്തായാലും അമ്മയുടെ നിര്‍ബന്ധം മൂലം വരാന്‍ സമ്മതിച്ചു.

പങ്കജാക്ഷി അമ്മക്ക് ഷുഗര്‍ പ്രോബ്ലം. പദ്മനാഭന്‍ പിള്ളക്ക് പണ്ട് സ്മാള്‍ അടിച്ചതിന്റെയം പുകവലിച്ചതിന്റെയും അനന്തരഫലം ആസ്മ. രണ്ടുപേരും പ്രായം ചെന്നവര്‍. പഠനവും ജോലിയും ഒക്കെ വിട്ടു നാട്ടില്‍ പോയി രണ്ടുപേരെയും കൊണ്ടുവരാന്‍ പറ്റില്ല. പലരോടും അന്വേഷിച്ചപ്പോള്‍ വീല്‍ ചെയര്‍ ബുക്ക് ചെയ്താല്‍ പ്രോബ്ലം ഒന്നും ഇല്ലാതെ വരാന്‍ പറ്റും എന്നറിഞ്ഞു. അങ്ങനെ നമ്മുടെ പ്രിയ എയര്‍ ഇന്ത്യയില്‍ തന്നെ രണ്ടുപേരെയും ബുക്ക് ചെയ്തു. 2009 ജൂലൈയില്‍ രണ്ടുപേരും നെടുമ്പാശ്ശേരി ചിക്കാഗോ വഴി
ഫോനിക്‌സ് എത്തി.

വലിയ കുഴപ്പം ഒന്നും ഇല്ലാതെ എത്തി, വീല്‍ചെയര്‍ സര്‍വീസിന് നന്ദി. കണക്ടഡ് ഫ്‌ളൈറ്റ് യൂണൈറ്റഡ് എയര്‍ലൈന്‍സ് ചിക്കാഗോക്കും നന്ദി. ആറുമാസത്തെ അമേരിക്കന്‍ ജീവിതം കഴിഞ്ഞു അമ്മയും അച്ഛനും തിരികെ പോകേണ്ട സമയം. ഇതിനിടയില്‍ പല സംഭവവികാസങ്ങളും ഉണ്ടായി. അതെല്ലാം പിന്നൊരിക്കല്‍ എഴുതാം. ഇപ്പം എന്റെ വിഷയം അതല്ല. തിരികെ പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തതും നമ്മുടെ പ്രിയ എയര്‍ ഇന്ത്യ വഴി, കണക്ടഡ് ഫ്‌ളൈറ്റ് യുണൈറ്റഡ് എയര്‍ലൈന്‍സ്. വീല്‍ ചെയര്‍ സര്‍വീസും കിട്ടി. പക്ഷെ ഇത്തവണ ന്യൂയോര്‍ക്ക് വഴിയാണ് തിരിച്ചു പോന്നത് എന്ന് മാത്രം.

2010 ജനുവരി 23 അച്ഛനും അമ്മയും ഫോനിക്‌സില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറന്നു. പിറ്റേ ദിവസം ക്ലാസ്സ് ഉള്ളതിനാലും കൊച്ചു കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യുന്ന പ്രയാസം കൊണ്ടും, വീല്‍ ചെയര്‍ സര്‍വീസ് എന്ന മഹാ സര്‍വീസ് ഉള്ളതിനാലും പങ്കജാക്ഷി അമ്മയും പദ്മനാഭന്‍ പിള്ളയും തനിച്ചാണ് ന്യൂയോര്‍ക്ക് വരെയും പോയതും. ഫോനിക്‌സില്‍ നിന്നും ലഗേജ് എല്ലാം ഡയറക്റ്റ് ആയി നെടുംബാശ്ശേരിയിലേക്ക് അയച്ചതിനാല്‍ രണ്ടുപേരുടെയും കയ്യില്‍ ആകെ ഉള്ളത് ഓരോ പെട്ടി മാത്രം. അത്യാവശ്യം വേണ്ട ഒരു തോര്‍ത്തും പേസ്റ്റു മറ്റും. അല്പം വേദനയോടെ ആണെങ്കിലും വീല്‍ ചെയര്‍ സര്‍വീസിനു നന്ദി പറഞ്ഞു ഞങ്ങളും തിരികെ വീട്ടിലെത്തി.

ഫ്‌ളൈറ്റ് സമയം ന്യൂയോര്‍ക്ക് ടൈം 9മണി. ന്യൂയോര്‍ക്ക് ഫോനിക്‌സ് തമ്മില്‍ രണ്ടു മണിക്കൂര്‍ സമയ വ്യത്യാസം ഉണ്ട്. നല്ല തണുപ്പ് സമയം. അരിസോണയില്‍ 70 ഡിഗ്രി F ന്യൂയോര്‍ക്കിലെ കഥ ഇതിലും കഠിനം. അതി കഠിനമായ തണുപ്പ്. അരിസോണ സമയം എട്ടു മണി. ഇപ്പോള്‍ അമ്മയും അച്ഛനും ഒക്കെ ഫ്‌ളൈറ്റിലാണെന്ന സമാധാനത്തോടെ ഞങ്ങളും ഉറങ്ങാന്‍ കിടന്നു. അരിസോണ സമയം പന്ത്രണ്ടു മുപ്പത്. ഫോണ്‍ ശബ്ദിക്കുന്നു. രാത്രി ആയതിനാല്‍ എടുത്തില്ല. വീണ്ടും വീണ്ടും ബെല്‍ അടിക്കുന്നത് കേട്ട് ഫോണ്‍ എടുത്തു. മറു തലക്കല്‍ ഒരു പുരുഷ ശബ്ദം.

എന്റെ പേര് മുസ്തഫ. ന്യൂയോര്‍ക്ക് ടൈം രാത്രി രണ്ടു മണി സമയം. ഇത് സതീഷ് ആണോ, എന്റെ പേര് മുസ്തഫ. ന്യൂയോര്‍ക്ക് ടൈം രാത്രി രണ്ടു മണി സമയം. ഇത് സതീഷ് ആണോ, എന്റെ കൂടെ നിങ്ങളുടെ അമ്മയും അച്ഛനും ഉണ്ട്. അവര്‍ക്ക് ഫ്‌ളൈറ്റ് കേറാന്‍ പറ്റിയില്ല. ഞാനും ഭാര്യയും ഞെട്ടിപോയി. എന്താണ് സംഭവിച്ചത്? നിങ്ങള്‍ക്ക് ന്യൂയോര്‍ക്കിലേക്ക് വരാന്‍ പറ്റുമോ? രണ്ടുപേര്‍ക്കും ഇംഗ്ലീഷ് അറിയില്ല, സംസാരിക്കുന്നതു മനസ്സിലാവുന്നില്ല. ഫോണ്‍ അമ്മയുടെ കയ്യിലേക്ക് അദ്ദേഹം കൊടുത്തു. അമ്മ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞങ്ങള്‍ ഞെട്ടി.

 ന്യൂയോര്‍ക്ക് എന്ന മഹാനഗരം, വലിയ എയര്‍പോര്‍ട്ട്, യുണൈറ്റഡ് എയര്‍ലൈന്‍സ് ടെര്‍മിനലില്‍ നിന്നും എയര്‍ ഇന്ത്യ ടെര്‍മിനലിലേക്ക് ട്രെയിന്‍ കയറി വേണം ചെല്ലാന്‍. വീല്‍ ചെയര്‍ തള്ളിക്കൊണ്ട് വന്നയാള്‍ രണ്ടുപേരെയും വഴിയില്‍ വിട്ടു. എയര്‍ ഇന്ത്യ ടെര്‍മിനലിലേക്ക് കൊണ്ടുപോകുന്നത് അവരുടെ ജോലി അല്ല എന്നാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് ജോലിക്കാരുടെ വാദം. ഭാഷ അിറയാന്‍ വയ്യാത്ത അമ്മയും അച്ഛനും എന്തുചെയ്യണം എന്നറിയാതെ വിഷമിച്ചു. ഏതാണ്ട് അരമണിക്കൂര്‍ അവിടെ കഴിഞ്ഞു ആരുടെയോ കാരുണ്യം കൊണ്ട് എയര്‍ ഇന്ത്യ ടെര്‍മിനലില്‍ എത്തി.
ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യക്ക് ഓഫീസില്ല, അല്‍പസമയം വേറൊരു എയര്‍ലൈന്‍സിന്റെ ഓഫീസിലാണ് എയര്‍ ഇന്ത്യ ഓഫീസിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റ് പോയാലുടനെ ആ സ്ഥലം വേറെ ഒരു എയര്‍ലൈന്‍സ് ഓഫീസ് ഷെയര്‍ ചെയ്യും. ഇതാണ് പരിപാടി. അച്ഛനും അമ്മയും എയ്ര# ഇന്ത്യ ടെര്‍മിനല്‍ എത്തിയപ്പോഴേക്കും എയര്‍ ഇന്ത്യ നാട്ടിലേക്കുള്ള വിമാനം പറത്തി കഴിഞ്ഞിരുന്നു. കോണ്‍ടാക്റ്റ് നമ്പര്‍ ഉണ്ടായിരുന്നിട്ടും, പാസഞ്ചര്‍ എത്തിയില്ല എന്നറിഞ്ഞിട്ടും എയര്‍ ഇന്ത്യ ഞങ്ങളെ വിവരം അറിയിച്ചില്ല. അച്ഛനും അമ്മയും എയര്‍ ഇന്ത്യ ടെര്‍മിനല്‍ എത്തുമ്പോള്‍ അവിടെ എയര്‍ ഇന്ത്യ യുടെ ഒരാള് പോലും ഇല്ലായിരുന്നു എന്നതാണ് രസം. പാവം അച്ഛനും അമ്മയും തണുത്തു വിറച്ചു എയര്‍പോര്‍ട്ടില്‍ ഇരുന്നത് മൂന്നു മണിക്കൂര്‍.
ഇംഗ്ലീഷ് അ
റിയാന്‍ വയ്യാത്തതിനാല്‍ ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും കഴിഞ്ഞില്ല. അമ്മ പറഞ്ഞു നിറുത്തി. ഫോണ്‍ മുസ്തഫ വാങ്ങി. അദ്ദേഹം ചോദിച്ചു ഞാന്‍ എന്ത് ചെയ്യണം? ശരി ഞാന്‍ തിരിച്ചു വിളിക്കാം. ഞാനും എന്റെ ഭാര്യയും ഉടനെ തന്നെ യുണൈറ്റഡ് എയര്‍ലൈന്‍സിലേക്ക് ഫോണ്‍ ചെയ്തു. അവരുടെ ടെര്‍മിനലില്‍ നിന്നും എയര്‍ ഇന്ത്യ ടെര്‍മിനലിലേക്ക് കൊണ്ട് പോകുന്നത് വീല്‍ ചെയര്‍ ഉണ്ടെങ്കില്‍ പോലും അവരുടെ ഉത്തരവാദിത്വം അല്ല എന്നായിരുന്നു അവരുടെ നിലപാട്. എന്നാലും സംഭവിച്ചതിനു അവര്‍ മാപ്പ് ചോദിച്ചു. എയര്‍ ഇന്ത്യയിലേക്കായി അടുത്ത വിളി. പതിനഞ്ച് മിനിട്ട് നേരത്തെ കാത്തിരിപ്പിനു ശേഷം ഒരു പെണ്‍കുട്ടി ഫോണ്‍ എടുത്തു. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
എയര്‍ ഇന്ത്യയുടെ ഒരാള് പോലും കൗണ്ടറില്‍ ഇല്ല എന്ന് പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു. വീണ്ടും വീണ്ടും വിളിയോട് വിളി. അവസാനം ഒരു യുവാവ് ഫോണ്‍ എടുത്തു. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ലീഗല്‍ ആക്ഷന്‍ എടുക്കുമെന്ന് പറഞ്ഞു സംഭാഷണം റെക്കോര്‍ഡ് ചെയ്തു. അപ്പോള്‍ അവര്‍ തിരികെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞു എയര്‍ ഇന്ത്യ ഓഫീസില്‍ നിന്നും വിളിച്ചു. മാനേജര്‍ ആണെന്ന് പറഞ്ഞു. ഞാന്‍ സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു.
രണ്ടുപ്രായം ചെന്ന ആള്‍ക്കാര്‍, അസുഖം ഉള്ള ആളുകള്‍ കൊടുംതണുപ്പില്‍ മൂന്ന് മണിക്കൂര്‍ എയര്‍ ഇന്ത്യ ഓഫീസിനു മുന്നില്‍ ഇരിക്കേണ്ടി വന്നതിന്റെ ഉത്തരവാദിത്വം ആര് എറ്റെടുക്കും എന്ന് ചോദിച്ചു.എയര്‍ ഇന്ത്യുടെ കണക്ടഡ് ഫ്‌ളൈറ്റ് ആയ യൂണൈറ്റഡ് എയര്‍ലൈന്‍സ് ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ആര്‍ക്കാണ്? മാനേജര്‍ സോറി പറഞ്ഞു. അടുത്ത ദിവസം അതെ സമയം നാട്ടിലേക്കുള്ള ഫ്‌ളൈറ്റ് ബുക്ക് ചെയ്യാം എന്ന് പറഞ്ഞു. ഞാന്‍ തിരികെ വിളിച്ചു. പിറ്റേ ദിവസം നാട്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. അപ്പോഴേക്കും അര്‍ദ്ധരാത്രിയായി.

ഞാന്‍ മുസ്തഫയെ തിരികെ വിളിച്ചു. അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം അപ്പോഴും എന്റെ മാതാപിതാക്കളോട് കൂടെ എയര്‍ ഇന്ത്യ ഓഫീസിന്റെ മുന്നില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ ന്യൂയോര്‍ക്കിലേക്ക് പോകാന്‍ ടിക്കറ്റ് നോക്കുകയാണെന്നും പറഞ്ഞു. അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞതെന്നെ അതിശയിപ്പിച്ചു. നിങ്ങള്‍ ഇപ്പം ഇനി ന്യൂയോര്‍ക്കിലേക്ക് വരണമെങ്കില്‍ കുറഞ്ഞത് ആറു മണിക്കൂര്‍ ആകും. ഞാന്‍ താമസിക്കുന്നത് ന്യൂജേഴ്‌സിയില്‍ ആണ് നിങ്ങള്‍ക്ക് എന്നെ വിശ്വാസം ഉണ്ടെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളെ ഞാന്‍ എന്റെ വീട്ടില്‍ കൊണ്ടുപോകാം. നാളെ തിരികെ കൊണ്ടുവന്നു ഫ്‌ളൈറ്റ് കേറ്റി വിടാം. എനിക്ക് ശബ്ദിക്കാന്‍ കഴിഞ്ഞില്ല.
അനേക മലയാളികള്‍ ന്യൂയോര്‍ക്കില്‍ എന്റെ മാതാപിതാക്കളുടെ മുന്നിലൂടെ കടന്നുപോയി. ഹിന്ദുക്കളും, ക്രിസ്ത്യന്‍സും, പെന്തെക്കോസ്ത്കാരും ഒക്കെ കടന്നുപോയി. തണുത്തു മരവിച്ചിരിക്കുന്ന ഇവരെ കണ്ടിട്ട് എന്താണെന്നോ ആരാണെന്നോ തിരക്കിയില്ല. മുസ്ലീം എന്ന് കേട്ടാല്‍ തീവ്രവാദികള്‍ എന്ന് ചിന്തിക്കുന്ന നമ്മുടെ സമൂഹത്തിനു ഒന്ന് മനസ്സിലാക്കാന്‍ കൂടിയാണ് ഞാന്‍ ഇതെഴുതുന്നത്. ഈ സഹോദരന്‍ എന്റെ മാതാപിതാക്കളെ അദ്ദേഹത്തിന്റെ ന്യൂജേഴ്‌സിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. ഒരു മകന്‍ അമ്മയെയും അച്ഛനെയും നോക്കുന്ന മാതിരി അവരെ സല്‍ക്കരിച്ചു. പിറ്റേന്ന് രാവിലെ എന്നെ വിളിച്ചു ഒന്നും ഭയപ്പെടേണ്ട എന്ന് പറഞ്ഞു. ഭാര്യയെയും കുട്ടികലെയും പരിചയപ്പെടുത്തി. വൈകുന്നേരം തിരികെ അച്ഛനെയും അമ്മയെയും എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് കയറ്റി യാത്രയാക്കി. അമ്മയും അച്ഛനും സുഖമായി എത്തി. അത് വിളിച്ചു പറയാനായി ഞാന്‍ അദ്ദേഹത്തെ വിളിച്ചു.
അദ്ദേഹത്തിന് ഒരു താങ്ക്‌സ് പറയാനും കുട്ടികള്‍ക്ക് ഒരു സമ്മാനം അയ്ക്കാനും വേണ്ടി ഞാന്‍ അദ്ദേഹത്തോട് അഡ്രസ് തിരക്കി. അദ്ദേഹം പറഞ്ഞതിങ്ങനെ, ഞാന്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ഒരു സഹായം ചെയ്തു. എനിക്ക് അതിനു സര്‍വ്വശക്തനായ ദൈവം പ്രതിഫലം തരും. അത് മതി. അദ്ദേഹം ഒരു ഡോക്ടര്‍ ആണെന്ന് അമ്മയും അച്ഛനും പറഞ്ഞു മനസ്സിലായി. അവര്‍ക്ക് വേണ്ടുന്ന മരുന്നെല്ലാം അദ്ദേഹം കൊടുത്തു എന്നറിഞ്ഞു. എന്നാല്‍ ഏതു രാജ്യക്കാരനെന്നോ ന്യൂജേഴ്‌സിയില്‍ എവിടെയാണെന്നോ ഇന്നും എനിക്കറിയില്ല.
ആകെ അറിയാവുന്നത് അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ മാത്രം. അമേരിക്കയിലെ പ്രൈവസി മൂലം ആ നമ്പര്‍ പബ്ലിഷ് ചെയ്യാനും സാധിക്കുന്നില്ല. എന്നാല്‍ ആരെങ്കിലും വ്യക്തിപരമായി അദ്ദേഹത്തിന് ഒരു നന്ദി പറയാന്‍ ആഗ്രഹിക്കുന്നെങ്കില്‍ എന്നെ അറിയിച്ചാല്‍ ഞാന്‍ നമ്പര്‍ തരാം. പാട്ട്കാരന്‍ ചോദിച്ചപോലെ ആരോട് ഞാന്‍ ചൊല്ലേണ്ടു, നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു? മുസ്തഫയെ അവിടെ അയച്ച സര്‍വ്വശക്തനായ ദൈവത്തിനോ? മുസ്തഫക്കോ? അതോ രണ്ടു പേര്‍ക്കുമോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക