Image

മൂന്ന് മലയാളി അധ്യാപകര്‍ക്ക് വീര്‍മണി പുരസ്കാരം

Published on 10 November, 2012
മൂന്ന് മലയാളി അധ്യാപകര്‍ക്ക് വീര്‍മണി പുരസ്കാരം
മസ്കത്ത്: മികച്ച അധ്യാപകര്‍ക്കുള്ള ഈവര്‍ഷത്തെ ഡോ. എച്ച്.എല്‍. വീര്‍മണി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് വിഭാഗങ്ങളില്‍ മൂന്ന് പുരസ്കാരവും കരസ്ഥമാക്കിയത് മലയാളികളാണ്. രണ്ടാംസ്ഥാനത്തെത്തി സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് നേടിയ അഞ്ചുപേരില്‍ ഒരു മലയാളി അധ്യാപികയും ഉള്‍പ്പെടും. കെ.ജി. വിഭാഗത്തില്‍ ദാര്‍സൈത് ഇന്ത്യന്‍ സ്കൂളിലെ ഷീജ ഫിലിപ്പ്, സെക്കന്‍ഡറി വിഭാഗത്തില്‍ അല്‍ഗൂബ്ര ഇന്ത്യന്‍ സ്കൂളിലെ മലയാളം അധ്യാപകന്‍ ഡോ. ജിതേഷ്കുമാര്‍, പാഠ്യേതരവിഭാഗത്തില്‍ അല്‍ഗൂബ്ര ഇന്ത്യന്‍ സ്കൂളിലെ ഗണിതശാസ്ത്രം അധ്യാപിക ശൈലജ ശ്രീകുമാര്‍ എന്നിവരാണ് മികച്ച അധ്യാപകര്‍ക്കുള്ള പുരസ്കാരം നേടിയ മലയാളികള്‍. പ്രൈമറി വിഭാഗത്തിലെ മികച്ച അധ്യാപികക്കുള്ള പുരസ്കാരം അല്‍ഗൂബ്ര ഇന്ത്യന്‍ സ്കൂളിലെ ഹെലന്‍ ലോബോ, മിഡില്‍സ്കൂള്‍ വിഭാഗത്തില്‍ ദാര്‍സൈത് ഇന്ത്യന്‍ സ്കൂളിലെ വിജയലക്ഷ്മി സതീഷ്കുമാര്‍ എന്നിവര്‍ നേടി.

അല്‍ഗൂബ്ര ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. റണ്ണേഴ്സ് അപ്പിനുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ്് എക്സലന്‍സ് കരസ്ഥമാക്കിയ അഞ്ചുപേരില്‍ ദാര്‍സൈത് ഇന്ത്യന്‍ സ്കൂളിലെ ബീന ഗോവിന്ദരാജും ഉള്‍പ്പെടുന്നു. സെക്കന്‍ഡറി വിഭാഗത്തിലാണ് ഇവര്‍ പുരസ്കാരം നേടിയത്. കെ.ജി. വിഭാഗത്തില്‍ വാദികബീര്‍ ഇന്ത്യന്‍ സ്കൂളിലെ എസ്മരാള്‍ഡ നരോന, പ്രൈമറി വിഭാഗത്തില്‍ മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ റിത പയസ്, മിഡില്‍ സ്കൂള്‍ വിഭാഗത്തില്‍ അല്‍ഗൂബ്ര ഇന്ത്യന്‍ സ്കൂളിലെ ഷെനാസ് കൊതൈജി, പാഠ്യേതരവിഭാഗത്തില്‍ വാദികബീര്‍ ഇന്ത്യന്‍ സ്കൂളിലെ ഡേവിഡ് പോള്‍ എന്നിവരും ഈ ബഹുമതിക്ക് അര്‍ഹതനേടി.

പഠനരംഗത്ത് മക്കളുടെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക് നല്‍കുന്ന പുരസ്കാരത്തിന് അര്‍ഹത നേടിയവരിലും ഒരു മലയാളി അധ്യാപിക ഉള്‍പ്പെടുന്നു. മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ അധ്യാപിക ബിന്ദു ജി മേനോനാണ് ഈ ബഹുമതി. മകള്‍ ശരണ്യ മോനോന്‍െറ കോമേഴ്സ്സ്ര്ട്രീമിലെ പ്രകടനമാണ് അവാര്‍ഡിന് ഇവരെ അര്‍ഹയാക്കിയത്. മകന്‍ അഷുദോഷ് നാഥ് അഗര്‍വാളിന്‍െറ മികച്ച പ്രകടനം കണക്കിലെടുത്ത് അല്‍ ഗൂബ്ര ഇന്ത്യന്‍ സ്കൂളിലെ റീത അഗര്‍വാളിനും ഈ പുരസ്കാരം സമ്മാനിച്ചു.

സ്പെഷ്യല്‍ എഡ്യുക്കേഷന്‍ രംഗത്തെ സംഭാവനകള്‍ക്ക് സെന്‍റര്‍ ഫോര്‍ സ്പെഷ്യല്‍ ഏഡ്യക്കേഷനിലെ വിശാല ലക്ഷ്മി നാരായണന്‍, അധ്യാപകേതര രംഗത്തെ മികവിന് ജി.ഡി.സി. റാവു എന്നിവര്‍ക്കും അവാര്‍ഡ് സമ്മാനിച്ചു. സ്വന്തം മകന്‍െറ മികച്ച അധ്യാപകനുള്ള പുരസ്കാരം ഡെക്കാന്‍ എയര്‍ സ്ഥാപകന്‍ ക്യാപ്റ്റര്‍ ജി. ആര്‍. ഗോപിനാഥിന്‍െറ പിതാവ് ഗുരു രാമസ്വാമി അയ്യങ്കാര്‍ക്ക് ലഭിച്ചു.

ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നടന്ന ഫോട്ടോഗ്രഫി മല്‍സരത്തിനുള്ള അവാര്‍ഡ് നികിത ഗുപ്ത, വൈഭവ് മുരളി, ശ്രേയസ് സാമുവേല്‍ സമുദ്രേ, ഡി. അശ്വന്ത് എന്നിവര്‍ക്ക് വിതരണം ചെയ്തു. ഇന്ത്യന്‍ അംബാസഡര്‍ ജെ.എസ്. മുകുള്‍, ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ടോണി ജോര്‍ജ് അലക്സാന്‍ഡര്‍, സുരേഷ് കെ. വീര്‍മണി, ഡോ. മീനാക്ഷി ഭരത്, എന്‍.ഡി.ടി.വി.യിലെ കാഷിഷ് ഗുപ്ത, അല്‍ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ പ്രസിഡന്‍റ് അഹമ്മദ് റഈസ് എന്നിവര്‍ സംബന്ധിച്ചു. മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ വിദ്യാര്‍ഥികളുടെ നൃത്തവും, അല്‍ഗൂബ്ര ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികളുടെ നിഴല്‍ നൃത്തവും അരങ്ങേറി.

മികച്ച അധ്യാപികക്കുള്ള പുരസ്കാരം നേടിയ ഷൈലജ ശ്രീകുമാര്‍ എറണാകുളം സ്വദേശിനിയാണ്. അല്‍ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ശ്രീകുമാറിന്‍െറ ഭാര്യയാണ്. ഡോ. ജിതേഷ് കുമാര്‍ ചോറ്റാനിക്കര സ്വദേശിയാണ്. ഭാര്യ സന്ധ്യ ജിതേഷ് ദാര്‍സൈത് ഇന്ത്യന്‍ സ്കൂളിലെ രസതന്ത്രം അധ്യാപികയാണ്. ഷീജ ഫിലിപ്പ് കൊല്ലം പത്തനാപുരം സ്വദേശിനിയും ഒമാനിലെ എഞ്ചിനീയര്‍ ഫിലിപ്പിന്‍െറ ഭാര്യയുമാണ്.
മന്‍പ്രീത് ട്രസ്റ്റും ഇന്ത്യന്‍ സ്കൂള്‍ബോര്‍ഡുമാണ് മികച്ച ഇന്ത്യന്‍ സ്കൂള്‍ അധ്യാപകര്‍ക്ക് അവാര്‍ഡ് നല്‍കുന്നത്.
മൂന്ന് മലയാളി അധ്യാപകര്‍ക്ക് വീര്‍മണി പുരസ്കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക