Image

അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ വിനീതദാസന്‍ : പിണറായി

Published on 08 November, 2012
അമിക്കസ്‌ക്യൂറി രാജകുടുംബത്തിന്റെ വിനീതദാസന്‍ : പിണറായി
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമിക്കസ്‌ക്യൂറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. അമിക്കസ്‌ക്യൂറി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ക്ഷേത്രഭരണം രാജകുടുംബത്തിന് കൈമാറാനുള്ള ഉദ്ദേശശുദ്ധിയോട് കൂടിയുള്ളതാണ്. കേവലം ഒരു അഭിഭാഷകന്‍ എന്നതിലുപരി വിനീതവിധേയനായ രാജദാസനായി മാറുകയായിരുന്നു അമിക്കസ്‌ക്യൂറി.

ക്ഷേത്രഭരണം രാജകുടുംബത്തെ ഏല്‍പ്പിക്കാനുള്ള സ്ഥാപിത താത്പര്യമാണ് അമിക്കസ്‌ക്യൂറിയുടേത്. ഇതിനായി കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ക്ഷേത്രനിധി രാജകുടുംബത്തിന്റെ അവകാശമാണെന്ന നിലപാട് അംഗീകരിക്കാനാകില്ല. ക്ഷേത്രസ്വത്തില്‍ രാജകുടുംബത്തിന് ചെറിയൊരു അവകാശം മാത്രമേയുള്ളൂ. ക്ഷേത്രത്തിന് ആവശ്യമുള്ളത് ക്ഷേത്രത്തിലിരിക്കണം. ക്ഷേത്ര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത നിധി രാഷ്ട്ര സ്വത്താണെന്നും പിണറായി വിജയന്‍ പറഞ്ഞു.
പത്മനാഭ സ്വാമി ക്ഷേത്രത്തിന് ഇപ്പോഴുള്ള സ്വത്ത് ജനങ്ങളില്‍ നിന്ന് സമാഹരിച്ചതാണ്. അതിനാല്‍ അത് ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ക്ഷേത്രത്തിന്‍െറ ആചാരങ്ങള്‍ക്കും ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്വത്തുക്കള്‍ ബാക്കി നിര്‍ത്തി മറ്റ് സ്വത്ത് വകകള്‍ രാഷ്ട്രത്തിന്‍െറ ക്ഷേമത്തിനായി ഉപയോഗിക്കണമെന്നാണ് സി.പി.എമ്മിന്‍െറ നിലപാടെന്നും പിണറായി വ്യക്തമാക്കി.

ക്ഷേത്രത്തിന്‍െറ ചരിത്രം പരിശോധിച്ചാല്‍ രാജകുടുംബത്തിന് ഈ ക്ഷേത്രത്തില്‍ വലിയ അവകാശമൊന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകും. മാര്‍ത്താണ്ഡ വര്‍മയുടെ കാലം മുതല്‍ക്കാണ് അതില്‍ മാറ്റം വരുന്നത്. ‘തൃപ്പടി ദാനം’ വഴിയാണ് ഇത് രാജകുടുംബം സാധിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക