Image

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദമാകുന്നു

Published on 07 November, 2012
ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദമാകുന്നു
മുംബയ്: മുംബയിലെ പ്രശസ്തമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് വിവാദമാവുന്നു. ദര്‍ഗയുടെ നിയന്ത്രണച്ചുമതലയുള്ള ട്രസ്റ്റാണ് വിലക്കേര്‍പ്പെടുത്തിയത്. ശരിയത്ത് നിയമമനുസരിച്ച് സ്ത്രീകള്‍ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തുന്നത് മതവിരുദ്ധമാണെന്ന് കാണിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ജാതിമതഭേദമേന്യ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. ഇവിടെ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ട് ആറുമാസമായെങ്കിലും ഇപ്പോള്‍ ഭാരതീയ മുസഌം മഹിള ആന്ദോളന്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ നടപടി വിവാദമാവുകയായിരുന്നു. എന്നാല്‍ വിലക്ക് പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് ട്രസ്റ്റിമാര്‍. 

ദര്‍ഗകള്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് വിലക്കിക്കൊണ്ട് മതപണ്ഡിതന്‍മാര്‍ ഫത്വ ഇറക്കിയിരുന്നു. അത് നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് ട്രസ്റ്റികളിലൊരാളായ റിസ്വാന്‍ മര്‍ച്ചന്റ് പറഞ്ഞു. ദര്‍ഗയിലേയ്ക്കുള്ള പ്രവേശനം മാത്രമേ വിലക്കിയിട്ടുള്ളൂവെന്നും ഇവര്‍ പറയുന്നു. 

സ്ത്രീകള്‍ക്ക് ദര്‍ഗയുടെ പരിസരത്ത് നിന്ന് പ്രാര്‍ത്ഥിക്കുകയും നിസ്‌കരിക്കുകയും ചെയ്യാം. മുംബയിലെ മറ്റു പല ദര്‍ഗകളിലും ഈ നിരോധനം നിലവില്‍ വന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. എന്നാല്‍ അപ്പോഴൊന്നും ആരും ഇതിനെ എതിര്‍ത്ത് രംഗത്ത് വന്നിട്ടില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ സൂഫി വിശുദ്ധനായിരുന്ന ഹാജി അലി ഷാ ബുഖാരിയുടെ ശവകുടീരമായ ഇവിടം പല ബോളിവുഡ് ചിത്രങ്ങളുടേയും ലൊക്കേഷനായിട്ടുണ്ട്.

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് വിവാദമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക