Image

ഇനി കുറിഞ്ഞിപ്പൂക്കളുടെ കാലം; അട്ടപ്പാടി-മഞ്ചൂര്‍ മലനിരകള്‍ നീലപ്പാടങ്ങളായി

Published on 07 November, 2012
ഇനി കുറിഞ്ഞിപ്പൂക്കളുടെ കാലം; അട്ടപ്പാടി-മഞ്ചൂര്‍ മലനിരകള്‍ നീലപ്പാടങ്ങളായി
അഗളി: മഞ്ചൂര്‍ മലനിരകളില്‍ നിറക്കാഴ്ചയൊരുക്കി നീലക്കുറിഞ്ഞി പൂത്തു. 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. മഞ്ചൂര്‍, കിണ്ണക്കര മലനിരകള്‍ വീണ്ടും നീലപ്പാടങ്ങളായി. കുന്നിന്‍ച്ചെരിവുകളും തേയിലക്കാടുകളും വനമേഖലകളും നിറഞ്ഞുപൂത്ത നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരീപ്രവാഹം. മഞ്ചൂരിന് സമീപപ്രദേശങ്ങളായ ബിഹുളി, കെക്കാട്, ഇടക്കാട് മലനിരകളും കിണ്ണക്കരയിലെ വനമേഖലകളും കുറിഞ്ഞിയെ വരവേറ്റു. ഊട്ടിയുടെ കൊടുംതണുപ്പില്‍നിന്ന് മുക്തിനേടാനും ഭംഗി നുകരാനുമെത്തുന്ന സഞ്ചാരികള്‍ കിണ്ണക്കരയില്‍നിന്നുള്ള അട്ടപ്പാടിയുടെ വിദൂരക്കാഴ്ചയില്‍ സംതൃപ്തനായി മടങ്ങുന്നു. 

കേരളതമിഴ്‌നാട് അതിര്‍ത്തിയായ മുള്ളിയില്‍നിന്ന് കാല്‍നടയായി അഞ്ചുകിലോമീറ്റര്‍ കുന്നുകയറിയാലാണ് നീലക്കുറിഞ്ഞിയുടെ വിസ്മയക്കാഴ്ചകളിലേക്കെത്തുക. ഈ വനയാത്രയ്ക്ക് കഴിയാത്തവര്‍ വനംവകുപ്പിന്റെ ചെക്‌പോസ്റ്റ് കടന്ന് 43 ഹെയര്‍പിന്‍ വളവുകളാല്‍ തീര്‍ത്ത ചുരംതാണ്ടി മഞ്ചൂരെത്തുന്നു. ഊട്ടിയുടെ മറ്റൊരനുഭവമാണ് ഇവിടെ. കിണ്ണക്കരയിലെ വനാതിര്‍ത്തിയില്‍ത്തുടങ്ങുന്ന നീലക്കുറിഞ്ഞിപ്പാടം വാസകേന്ദ്രങ്ങള്‍ക്കുസമീപവും വര്‍ണം തീര്‍ക്കുന്നു.

സസ്യജാലങ്ങളുടെ പറുദീസയായ പശ്ചിമഘട്ടമലനിരകളില്‍ വിവിധതരത്തിലുള്ള കുറിഞ്ഞിപ്പൂക്കളുണ്ട്. ഇതില്‍ 12 വര്‍ഷത്തില്‍മാത്രം പൂക്കുന്ന 'സ്രെടാബിലാന്തസ് കുന്തിയാന' ഗണത്തില്‍പ്പെട്ടതാണ് മഞ്ചൂര്‍ മലനിരകളെ അലങ്കരിച്ചത്. അപൂര്‍വ ഔഷധമായാണ് നീലക്കുറിഞ്ഞിപ്പൂക്കളില്‍നിന്നുള്ള തേന്‍ കണക്കാക്കപ്പെടുന്നത്. എട്ടുവര്‍ഷംമുമ്പ് അട്ടപ്പാടിയിലെ ഷോളയൂര്‍ മലനിരകളില്‍ നീലക്കുറിഞ്ഞി പൂത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക