Image

താഹിര്‍ തക്ലിയയെ വെള്ളിയാഴ്ച കൊച്ചിയില്‍ എത്തിക്കും

Published on 07 November, 2012
താഹിര്‍ തക്ലിയയെ വെള്ളിയാഴ്ച കൊച്ചിയില്‍ എത്തിക്കും
കൊച്ചി: കൊണ്ടോട്ടി കള്ളനോട്ട് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദാവൂദ് ഇബ്രാഹിമിന്റെ അനുയായി താഹിര്‍ തക്ലിയയെ വെള്ളിയാഴ്ച കൊച്ചിയില്‍ എത്തിക്കും. ഇയാളെ കൊച്ചി എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കാന്‍ മുംബെ ടാഡാ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്.

്മുംബെ സ്‌ഫോടന കേസിലെ 57ാം പ്രതിയായ താഹിര്‍ തക്ലിയയെ കൊണ്ടോട്ടി കള്ളനോട്ട് കേസില്‍ വിട്ടുകിട്ടുന്നതിനുള്ള തടസ്സങ്ങളാണ് ടാഡാ കോടതി ഉത്തരവോടെ നീങ്ങിയിരിക്കുന്നത്. കൊച്ചി എന്‍.ഐ.എ. കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടിനെ തക്ലിയയുടെ അഭിഭാകന്‍ എതിര്‍ത്തെങ്കിലും മുംബൈ ടാഡാ കോടതി ഇത് തള്ളി. ആര്‍തര്‍ റോഡ് ജയിലിലെ ചീഫ് മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടെ തക്ലിയയെ കൊച്ചിയിലേക്ക് കൊണ്ടുപോകാമെന്നാണ് ടാഡാ കോടതി ഉത്തരവിട്ടിരിക്കുന്നത്. 

ആറു മാസം മുന്‍പാണ് താഹിര്‍ തക്ലിയെയ കൊണ്ടോട്ടി കേസില്‍ എന്‍.ഐ.എ പ്രതി ചേര്‍ത്തത്്. എന്നാല്‍ മുംബെ സ്‌ഫോടന കേസിന്റെ വിചാരണ നടക്കുന്നതിനാല്‍ ഇയാളെ വിട്ടുകിട്ടുന്നത് നീണ്ടു പോകുകയായിരുന്നു. 2008 ല്‍ കരിപ്പൂര്‍ വിമാനതാവളത്തില്‍ ഡി.ആര്‍.ഐ പിടികൂടിയ 72.5 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍് നല്‍കിയത് അന്ന് അബുദാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന താഹിറാണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എയുടെ ഉന്നത ഉദ്യോഗസ്ഥര്‍ മാതൃഭൂമിയോട് പറഞ്ഞു.

തക്ലിയയെ ചോദ്യം ചെയ്യുന്നതിലൂടെ സംസ്ഥാനത്തെ ഹവാല കള്ളനോട്ട് ഇടപാടുകളെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ അതീവ സുരക്ഷയില്‍ കഴിയുന്ന താഹിര്‍ തക്ലിയയെ കൊച്ചിയിലെത്തിക്കേണ്ട ചുമതല ഇനി മുംബെ പോലീസിനാണ്.

റാസല്‍ഖൈമയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് അല്‍ഷാദ് എന്ന യാത്രക്കാരനില്‍നിന്ന് 72.5 ലക്ഷം രൂപയുടെ കള്ളനോട്ട് 2008 ഓഗസ്റ്റ് 16നാണ് ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടുന്നത്. കൊണ്ടോട്ടി പോലീസിന് കൈമാറിയ കേസില്‍ തീവ്രവാദബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം കഴിഞ്ഞ ജനുവരിയില്‍ എന്‍.ഐ.എയ്ക്ക് കൈമാറുകയായിരുന്നു. എന്‍.ഐ.എ അന്വേഷണത്തിലാണ് കൊണ്ടോട്ടി കള്ളനോട്ട് കേസില്‍ ദാവൂദ് ഇബ്രാഹിമിന്റെ കാഷ്യര്‍ എന്നറിയപ്പെടുന്ന താഹിര്‍ തക്ലിയയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തുന്നത്. ഇതേ കേസില്‍ അബുദാബിയില്‍നിന്നു കൈമാറ്റം ചെയ്യപ്പെട്ട മലയാളിയായ അബൂബക്കറിനെ കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിലെ എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക