Image

കമ്മീഷണറെ വധിക്കാന്‍ ഗൂഢാലോചന നേതാവിനും പങ്കെന്ന് സൂചന

Published on 07 November, 2012
കമ്മീഷണറെ വധിക്കാന്‍ ഗൂഢാലോചന നേതാവിനും പങ്കെന്ന് സൂചന
കൊല്ലം: സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബഹ്‌റയെ വധിക്കാന്‍ കൊല്ലത്തെ മണല്‍ ലോബി ഗൂഢാലോചന നടത്തിയത് കൊല്ലത്തെ ഒരു രാഷട്രീയനേതാവിന്റെകൂടി ഒത്താശയോടെയാണെന്ന് സൂചന. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തായതിനെത്തുടര്‍ന്നാണ് ചില രാഷ്ട്രീയക്കാരുടെ പങ്കുകൂടി വെളിപ്പെട്ടത്. കൊല്ലത്തെ മണല്‍ മാഫിയയെ നിരീക്ഷിക്കാനും അവര്‍ക്ക് രഹസ്യപിന്തുണ നല്‍കുന്ന രാഷ്ട്രീയ നേതൃത്തെപ്പറ്റി വ്യക്തമായ വിവരം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കാനും പോലീസ് തലപ്പത്ത് തീരുമാനമെടുത്തിട്ടുണ്ട്.

ഇന്റലിജന്‍സ് എ.ഡി.ജി.പി. ടി.പി.സെന്‍കുമാറിനാണ് മണല്‍ മാഫിയയുടെ ഗൂഢ നീക്കങ്ങളെപ്പറ്റി രഹസ്യവിവരം കിട്ടിയത്. കുറച്ചുനാള്‍ മുമ്പ് കിട്ടിയ ഈ റിപ്പോര്‍ട്ട് അന്നുതന്നെ അദ്ദേഹം ബന്ധപ്പെട്ടവരെ ഏല്പിക്കുകയും ചെയ്തു. അതിന്മേലുള്ള അന്വേഷണം നടത്തി വരികയാണെന്ന് ദക്ഷിണമേഖല ഏ.ഡി.ജി.പി. എ.ഹേമചന്ദ്രന്‍ മാതൃഭൂമിയോട് പറഞ്ഞു. 

ഒരു ലോറിയുടെ െ്രെഡവര്‍ പോലീസിന്റെ പിടിയിലായതോടെയാണ് മണല്‍ മാഫിയയുടെ പദ്ധതി പൊളിയുന്നത്. കൊല്ലത്തെ ഒരു മണല്‍ ലോബിയുടെ നേതാവും ഒരു ഭരണകക്ഷിനേതാവും ഈ ഗൂഢനീക്കത്തിന് ചുക്കാന്‍ പിടിച്ചതായാണ് രഹസ്യവിവരം. ദേബേഷ് കുമാര്‍ ബഹ്‌റ കൊല്ലത്ത് കമ്മീഷണറായതിനുശേഷം മണല്‍ ലോബിക്കെതിരെ ശക്തമായി പ്രവര്‍ത്തിച്ചിരുന്നു. നിരവധി വള്ളങ്ങള്‍ തകര്‍ക്കുകയും ലോറികള്‍ പിടിച്ചെടുക്കുകയും നിരവധിപ്പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.

മണല്‍ ലോബിയുടെ പണം പറ്റിയിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും പോലീസുകാരെയും കമ്മീഷണര്‍ വിലക്കുകയും കര്‍ശനനടപടിയെടുക്കുമെന്ന് താക്കീത് ചെയ്യുകയും ചെയ്തു . ഇതോടെ രാഷ്ട്രീയക്കാര്‍ വിളിച്ചുപറയുന്ന കേസായാലും നടപ്പിലാക്കാന്‍ പറ്റാതായി. ഒരുതരത്തിലും കമ്മീഷണര്‍ വഴങ്ങുന്നില്ലെന്നായപ്പോള്‍ അദ്ദേഹത്തെ വാഹനാപകടമുണ്ടാക്കി കൊലപ്പെടുത്താനായിരുന്നു മണല്‍ മാഫിയ തീരുമാനം. മാഫിയയിലെ ചിലരെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തി അറസ്റ്റ് ചെയ്തതും മണല്‍ മാഫിയ കമ്മീഷണര്‍ക്കെതിരെ തിരിയാന്‍ കാരണമായെന്നാണ് സൂചന 

ഗൂഢാലോചന പോലീസിലെ ഉന്നതര്‍ അറിഞ്ഞതിനാല്‍ ശ്രമത്തില്‍നിന്ന് മണല്‍ ലോബി പിന്‍വാങ്ങിയെന്നാണ് ഇപ്പോഴത്തെ വിവരം. പക്ഷേ കൊല്ലത്തെ രാഷ്ട്രീയനേതാവ് സിറ്റി പോലീസ് കമ്മീഷണറെ മാറ്റാനും ചരടുവലികള്‍ നടത്തി. കൊല്ലം ജീല്ലയിലെ മണല്‍ ലോബിയെ നിരന്തരം സഹായിച്ചതിന്റെ പേരില്‍ കൊല്ലം റൂറല്‍ എസ്.പി. ബാലചന്ദ്രനെ മാറ്റിയിരുന്നു. മണല്‍ ലോബിയുടെ ഭീഷണി നേരിടാന്‍ പോലീസ് തലപ്പത്തുനിന്ന് നിര്‍ദ്ദേശങ്ങള്‍ എത്തിത്തുടങ്ങി. ഇതിന്റെ ഭാഗമായാണ് നേരത്തേ ശാസ്താംകോട്ട സി.ഐ.യെ സസ്‌പെന്‍ഡ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക